ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക

(List of countries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്നതിന്റെ വിവക്ഷ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ (General Assembly) അംഗങ്ങൾ എന്നാണ്.[2]

A political map of the world with all member states of the United Nations shaded blue, observer states green, non-member states orange, non-self-governing territories grey, and international Antarctica light grey
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെയും ആശ്രിതപ്രദേശങ്ങളെയും നീലനിറത്തിൽ കാണിച്ചിരിക്കുന്നു. [1]

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്:[3]

  1. സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്. സഭയുടെ കാഴ്ച്ചപ്പാടിൽ രാജ്യം ഈ കടമകൾ ഏറ്റെടുത്തു നടത്താൻ പ്രാപ്തമാണ് എന്നു തോന്നിയാൽ അംഗത്വം നൽകാം.
  2. ഐക്യരാഷ്ട്രസഭയിലേയ്ക്ക് ഒരു രാജ്യത്തെ ഉൾപ്പെടുത്തണമെങ്കിൽ സുരക്ഷാ സഭയിൽ (സെക്യൂരിറ്റി കൗൺസിൽ) ഇക്കാര്യം ശുപാർശ ചെയ്യുകയും പൊതുസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയും വേണം.

സുരക്ഷാ സഭയുടെ ശുപാർശ ലഭിക്കണമെങ്കിൽ പതിനഞ്ച് അംഗങ്ങളിൽ ഒൻപത് രാജ്യങ്ങളെങ്കിലും നിർദ്ദേശത്തെ പിന്തുണയ്ക്കണം. ഇതുകൂടാതെ അഞ്ച് സ്ഥിരാംഗങ്ങളിലാരും ഈ നിർദ്ദേശത്തിനെതിരായി വോട്ട് ചെയ്യാനും പാടില്ല. ഇതിനുശേഷം പൊതുസഭ ഇക്കാര്യം വോട്ടിനിട്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടേ ഇതംഗീകരിക്കുകയും വേണം. [4]

തത്ത്വത്തിൽ പരമാധികാര രാഷ്ട്രങ്ങൾക്ക് മാത്രമേ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളാകാൻ സാധിക്കൂ. ഇപ്പോഴുള്ള എല്ലാ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളും പരമാധികാര രാജ്യങ്ങളാണ്. ചില രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിക്കുന്ന സമയത്ത് പരമാധികാരമില്ലാത്തവയായിരുന്നുവെങ്കിലും പിന്നീട് പരമാധികാരരാഷ്ട്രങ്ങളാവുകയാണുണ്ടായത്. വത്തിക്കാൻ സിറ്റി മാത്രമാണ് പരക്കെ അംഗീകാരമുള്ളതും പരമാധികാരമുള്ളതും എന്നാൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്തതുമായ ഒരു രാജ്യം. സുരക്ഷാ സഭയും പൊതുസഭയും അംഗീകരിച്ചാൽ മാത്രം അംഗത്വം ലഭിക്കുന്നതിനാൽ മോണ്ടെവീഡിയോ കൺ‌വെൻഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യങ്ങൾ എന്ന് വിളിക്കാവുന്ന പല പ്രദേശങ്ങളും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ല.

അംഗങ്ങളെക്കൂടാതെ മറ്റു രാജ്യങ്ങൾക്കും രാജ്യങ്ങളുടെ സംഘടനകൾക്കും, മറ്റു കൂട്ടായ്മകൾക്കും പൊതുസഭയിൽ നിരീക്ഷകപദവിയും പ്രസംഗിക്കാനുള്ള അവസരവും മറ്റും നൽകാറുണ്ട്. പക്ഷേ ഇവർക്ക് വോട്ടവകാശമില്ല.

സ്ഥാപകാംഗങ്ങൾ

നിലവിലുള്ള ഐക്യരാഷ്ട്ര സഭാ അംഗങ്ങളെ സഭയിൽ ചേർന്ന വർഷം വച്ച് തരം തിരിക്കുന്ന ഭൂപടം. [5]
  1945 (സ്ഥാപകാംഗങ്ങൾ)
  1946–1959
  1960–1989
  1990–മുതൽ ഇപ്പോൾ വരെ
  അംഗത്വമില്ലാത്ത നിരീക്ഷകരാജ്യങ്ങൾ

1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളും (റിപ്പബ്ലിക്ക് ഓഫ് ചൈന, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ) ചാർട്ടറിൽ ഒപ്പിട്ട മറ്റു രാജ്യങ്ങളിൽ ഭൂരിപക്ഷവും അംഗീകരിച്ചതായിരുന്നു സഭ നിലവിൽ വന്നതിനാസ്പദമായ സംഭവം. [6] ആ വർഷം 51 സ്ഥാപകാംഗങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി. ഇതിൽ 50 രാഷ്ട്രങ്ങൾ സാൻ ഫ്രാൻസിസ്കോയിൽ വച്ച് 1945 ജൂൺ 26-ന് നടന്ന ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര രൂപീകരണത്തെപ്പറ്റിയുള്ള സമ്മേളനത്തിൽ വച്ച് ചാർട്ടറിൽ ഒപ്പുവച്ചു. പോളണ്ട് ഈ സമ്മേളനത്തിൽ പ്രതിനിധിയെ അയച്ചിരുന്നില്ല. 1945 ഒക്ടോബർ 15-നാണ് പോളണ്ട് സഭയുടെ ചാർട്ടറിൽ ഒപ്പുവച്ചത്. [7]

സ്ഥാപകാംഗങ്ങളിൽ 49 രാജ്യങ്ങൾ ഇപ്പോഴും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നിലനിർത്തുന്നവരോ മറ്റൊരു രാജ്യത്തിന്റെ അംഗത്വത്തിലൂടെ തുടർച്ചയായി പ്രാതിനിദ്ധ്യം നിലനിർത്തുന്നവരോ ആണ്. ഉദാഹരണത്തിന് സോവിയറ്റ് യൂണിയനു പകരം റഷ്യൻ ഫെഡറേഷനാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ളത്. ചെക്കോസ്ലോവാക്യ യൂഗോസ്ലാവ്യ എന്നിവ ഇല്ലാതാവുകയും അവയുടെ അംഗത്വം ഒരു രാജ്യത്തിന് തുടർച്ചയെന്നോണം ലഭിക്കാതിരിക്കുകയുമാണുണ്ടായത്.

ഐക്യരാഷ്ട്രസഭ രൂപീകരിച്ച സമയത്ത് ചൈനയുടെ അംഗത്വം തായ്‌വാന്റെ കൈവശമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ 2758-ആം നമ്പർ പ്രമേയത്തിന്റെ ഫലമായി ഈ അംഗത്വം ഇപ്പോൾ ചൈനയ്ക്കാണ്.

അംഗരാജ്യങ്ങളിൽ പലതും ഐക്യരാഷ്ട്രസഭയിൽ ചേരുമ്പോ‌ൾ പരമാധികാരമുള്ളവയായിരുന്നില്ല. പിന്നീടാണ് ഇവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്:[8]

  • ബെലാറൂസ് ഐക്യരാഷ്ട്രസഭയുടെ രൂപീകരണസമയത്ത് ബൈലോറൂസ്സിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയിരുന്നു. ഉക്രൈനും ഇപ്രകാരം സോവിയറ്റ് യൂണിയനു കീഴിലായിരുന്നു. ഈ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1991-ലാണ്.
  • ഇന്ത്യ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്ന സമയത്ത് സ്വതന്ത്ര രാഷ്ട്രമായിരുന്നില്ല എന്നു മാത്രമല്ല, ഇപ്പോൾ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ഇന്ത്യയുടെ ഭാഗവുമായിരുന്നു. 1947-ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പരമാധികാരം ലഭിച്ചത്.
  • ഫിലിപ്പീൻസ് 1946-ൽ സ്വാതന്ത്ര്യം കിട്ടും വരെ അമേരിക്കൻ ഐക്യനാടുകളുടെ കീഴിൽ ഒരു കോമൺവെൽത്തിലായിരുന്നു.
  • ന്യൂസിലാന്റ്, ആ സമയത്ത് യഥാർത്ഥത്തിൽ സ്വതന്ത്രരാജ്യമായിരുന്നുവെങ്കിലും മറ്റു രാജ്യങ്ങളുമായി ഉടമ്പടികളിലേർപ്പെടാനുള്ള അധികാരം നേടിയെടുത്തത് 1947-ലായിരുന്നു. "[9]

ഇപ്പോഴുള്ള അംഗങ്ങൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ എന്ന താളിലുണ്ട്.

നിലവിലുള്ള അംഗങ്ങളുടെ പേരും അവ ഐക്യരാഷ്ട്ര സഭയിൽ ചേർന്ന വർഷവും താഴെ പട്ടികയിൽ കൊടുത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഉപയോഗിക്കുന്ന ഔദ്യോഗിക നാമങ്ങളാണ് പട്ടികയിൽ കൊടുത്തിട്ടുള്ളത്. [10][11]

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ പട്ടിക ക്രമീകരിച്ചിരിക്കുന്നത് അംഗരാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭയിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിനനുസരിച്ചാണ്. എല്ലാവർഷവും നറുക്കെടുപ്പിലൂടെ ആദ്യസ്ഥാനത്തിരിക്കുന്ന അംഗത്തെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.[12] പല അംഗങ്ങളും പൂർണ്ണ ഔദ്യോഗിക നാമമാണ് ഐക്യരാഷ്ട്രസഭയിൽ ഉപയോഗിക്കുന്നത് ഇതിനാൽ അക്ഷരമാലാക്രമത്തിന് അസാധാരണത്വമുണ്ട്. ഉദാഹരണത്തിന് ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയ, യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നിവ.

അംഗരാജ്യങ്ങളെ ഔദ്യോഗികനാമങ്ങളും ചേർന്ന തീയതിയും മറ്റുമനുസരിച്ച് ക്രമീകരിക്കാവുന്നതരത്തിലാണ് പട്ടിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയകാല അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇതും കാണുക എന്ന കള്ളി നോക്കുക.

സ്ഥാപകാംഗങ്ങളെ നീല പശ്ചാത്തലത്തിൽ ബോൾഡ് അക്ഷരങ്ങളിലാണ് കാണിച്ചിരിക്കുന്നത്.

അംഗരാജ്യംചേർന്ന തീയതിഇതും കാണുക
 അഫ്ഗാനിസ്ഥാൻ19 നവംബർ 1946
 അൽബേനിയ14 ഡിസംബർ 1955
 അൾജീരിയ8 ഒക്ടോബർ 1962
 അൻഡോറ28 ജൂലൈ 1993
 അംഗോള1 ഡിസംബർ 1976
 ആന്റിഗ്വ ബർബുഡ11 നവംബർ 1981
 അർജന്റീന24 ഒക്ടോബർ 1945
 അർമേനിയ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ഓസ്ട്രേലിയ1 നവംബർ 1945ഓസ്ട്രേലിയയും ഐക്യരാഷ്ട്രസഭയും
 ഓസ്ട്രിയ14 ഡിസംബർ 1955
 അസർബൈജാൻ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 Bahamas18 സെപ്റ്റംബർ 1973
 ബഹ്റൈൻ21 സെപ്റ്റംബർ 1971
 ബംഗ്ലാദേശ്17 സെപ്റ്റംബർ 1974
 Barbados9 ഡിസംബർ 1966
 ബെലാറുസ്24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ബെൽജിയം27 ഡിസംബർ 1945
 ബെലീസ്25 സെപ്റ്റംബർ 1981
 ബെനിൻ [കുറിപ്പ് 1]20 സെപ്റ്റംബർ 1960
 ഭൂട്ടാൻ21 സെപ്റ്റംബർ 1971
 ബൊളീവിയ (പ്ലൂറിനേഷണൽ സ്റ്റേറ്റ് ഓഫ്) [കുറിപ്പ് 2]14 നവംബർ 1945
 ബോസ്നിയ ഹെർസെഗോവിന22 മേയ് 1992പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 ബോട്സ്വാന17 ഒക്ടോബർ 1966
 ബ്രസീൽ24 ഒക്ടോബർ 1945ബ്രസീലും ഐക്യരാഷ്ട്രസഭയും
 ബ്രൂണൈ ദാരുസ്സലാം21 സെപ്റ്റംബർ 1984
 ബൾഗേറിയ14 ഡിസംബർ 1955
 ബർക്കിനാ ഫാസോ [കുറിപ്പ് 3]20 സെപ്റ്റംബർ 1960
 ബറുണ്ടി18 സെപ്റ്റംബർ 1962
 കംബോഡിയ [കുറിപ്പ് 4]14 ഡിസംബർ 1955
 കാമറൂൺ [കുറിപ്പ് 5]20 സെപ്റ്റംബർ 1960
 കാനഡ9 നവംബർ 1945കാനഡയും ഐക്യരാഷ്ട്രസഭയും
 കേപ്പ് വേർഡ്16 സെപ്റ്റംബർ 1975
 സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് [കുറിപ്പ് 6]20 സെപ്റ്റംബർ 1960
 ഛാഡ്20 സെപ്റ്റംബർ 1960
 ചിലി24 ഒക്ടോബർ 1945
 ചൈന (പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ്)24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന. ചൈനയും ഐക്യരാഷ്ട്രസഭയും
 കൊളംബിയ5 നവംബർ 1945
 കൊമോറസ്12 നവംബർ 1975
 കോംഗോ, റിപ്പബ്ലിക്ക് ഓഫ് [കുറിപ്പ് 7]20 സെപ്റ്റംബർ 1960
 കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് [കുറിപ്പ് 8]20 സെപ്റ്റംബർ 1960
 കോസ്റ്റ റീക്ക2 നവംബർ 1945
 കോട്ടെ ഡി'ഐവോയ്ർ [കുറിപ്പ് 9]20 സെപ്റ്റംബർ 1960
 ക്രൊയേഷ്യ22 മേയ് 1992പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 ക്യൂബ24 ഒക്ടോബർ 1945
 സൈപ്രസ്20 സെപ്റ്റംബർ 1960
 ചെക്ക്‌ റിപ്പബ്ലിക്ക്‌19 ജനുവരി 1993പഴയ അംഗങ്ങൾ: ചെക്കോസ്ലോവാക്യ
 ഡെന്മാർക്ക്24 ഒക്ടോബർ 1945
 Djibouti20 സെപ്റ്റംബർ 1977
 ഡൊമനിക്ക18 ഡിസംബർ 1978
 ഡൊമനിക്കൻ റിപ്പബ്ലിക്24 ഒക്ടോബർ 1945
 ഇക്വഡോർ21 ഡിസംബർ 1945
 ഈജിപ്ത്24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്
 എൽ സാൽവദോർ24 ഒക്ടോബർ 1945
 ഇക്വറ്റോറിയൽ ഗിനി12 നവംബർ 1968
 എരിട്രിയ28 മേയ് 1993
 എസ്റ്റോണിയ17 സെപ്റ്റംബർ 1991പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 എത്യോപ്യ13 നവംബർ 1945
 ഫിജി13 ഒക്ടോബർ 1970ഫിജിയും ഐക്യരാഷ്ട്രസഭയും
 ഫിൻലാന്റ്14 ഡിസംബർ 1955
 ഫ്രാൻസ്24 ഒക്ടോബർ 1945ഫ്രാൻസും ഐക്യരാഷ്ട്രസഭയും
 ഗാബോൺ20 സെപ്റ്റംബർ 1960
 Gambia [കുറിപ്പ് 10]21 സെപ്റ്റംബർ 1965
 ജോർജ്ജിയ31 ജൂലൈ 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ജർമ്മനി18 സെപ്റ്റംബർ 1973പഴയ അംഗങ്ങൾ: ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും, ജർമനിയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക
 ഘാന8 മാർച്ച് 1957
 ഗ്രീസ്25 ഒക്ടോബർ 1945
 ഗ്രനേഡ17 സെപ്റ്റംബർ 1974
 ഗ്വാട്ടിമാല21 നവംബർ 1945
 ഗിനി12 ഡിസംബർ 1958
 ഗിനി-ബിസൗ17 സെപ്റ്റംബർ 1974
 ഗയാന20 സെപ്റ്റംബർ 1966
 Haiti24 ഒക്ടോബർ 1945
പ്രമാണം:Flag of Honduras (2008 Olympics).svg ഹോണ്ടുറാസ്17 ഡിസംബർ 1945
 ഹംഗറി14 ഡിസംബർ 1955
 ഐസ്‌ലാന്റ്19 നവംബർ 1946
 ഇന്ത്യ30 ഒക്ടോബർ 1945ഇന്ത്യയും ഐക്യരാഷ്ട്രസഭയും
 ഇന്തോനേഷ്യ28 സെപ്റ്റംബർ 1950ഇന്തോനീഷ്യയുടെ പിന്മാറ്റം (1965–1966), ഇന്തോനീഷ്യയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക
 ഇറാൻ (ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ്) [കുറിപ്പ് 11]24 ഒക്ടോബർ 1945
 ഇറാഖ്21 ഡിസംബർ 1945
 അയർലണ്ട്14 ഡിസംബർ 1955
 ഇസ്രയേൽ11 മേയ് 1949ഇസ്രായേലും പാലസ്തീനും ഐക്യരാഷ്ട്രസഭയും
 ഇറ്റലി14 ഡിസംബർ 1955
 ജമൈക്ക18 സെപ്റ്റംബർ 1962
 ജപ്പാൻ18 ഡിസംബർ 1956ജപ്പാനും ഐക്യരാഷ്ട്രസഭയും
 ജോർദാൻ14 ഡിസംബർ 1955
 കസാഖിസ്ഥാൻ [കുറിപ്പ് 12]2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 കെനിയ16 ഡിസംബർ 1963
 കിരീബാസ്14 സെപ്റ്റംബർ 1999
 ഡെമൊക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കൊറിയ17 സെപ്റ്റംബർ 1991
 റിപ്പബ്ലിക്ക് ഓഫ് കൊറിയ17 സെപ്റ്റംബർ 1991
 കുവൈറ്റ്‌14 മേയ് 1963
 കിർഗിസ്താൻ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് [കുറിപ്പ് 13]14 ഡിസംബർ 1955
 ലാത്‌വിയ17 സെപ്റ്റംബർ 1991പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ലെബനാൻ24 ഒക്ടോബർ 1945
 ലെസോത്തോ17 ഒക്ടോബർ 1966
 ലൈബീരിയ 2 നവംബർ 1945
 ലിബിയ[13][കുറിപ്പ് 14]14 ഡിസംബർ 1955
 ലിച്ചൻസ്റ്റൈൻ18 സെപ്റ്റംബർ 1990
 ലിത്വാനിയ17 സെപ്റ്റംബർ 1991പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 ലക്സംബർഗ്24 ഒക്ടോബർ 1945
 ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസിഡോണിയ8 ഏപ്രിൽ 1993പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 മഡഗാസ്കർ [കുറിപ്പ് 15]20 സെപ്റ്റംബർ 1960
 മലാവി1 ഡിസംബർ 1964
 മലേഷ്യ [കുറിപ്പ് 16]17 സെപ്റ്റംബർ 1957പഴയ അംഗങ്ങൾ: ഫെഡറേഷൻ ഓഫ് മലയ
 മാൽഡീവ്സ് [കുറിപ്പ് 17]21 സെപ്റ്റംബർ 1965
 മാലി28 സെപ്റ്റംബർ 1960
 മാൾട്ട1 ഡിസംബർ 1964
 മാർഷൽ ഐലന്റ്സ്17 സെപ്റ്റംബർ 1991മാർഷൽ ദ്വീപുകളും ഐക്യരാഷ്ട്രസഭയും
 മൗറിത്താനിയ27 ഒക്ടോബർ 1961
 മൗറീഷ്യസ്24 ഏപ്രിൽ 1968
 മെക്സിക്കോ7 നവംബർ 1945
 മൈക്രോനേഷ്യ (ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ്)17 സെപ്റ്റംബർ 1991ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയും ഐക്യരാഷ്ട്രസഭയും
 റിപ്പബ്ലിക്ക് ഓഫ് മോൾഡോവ [കുറിപ്പ് 18]2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 Monaco28 മേയ് 1993
 മംഗോളിയ27 ഒക്ടോബർ 1961
 മോണ്ടിനെഗ്രോ28 ജൂൺ 2006പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 മൊറോക്കൊ12 നവംബർ 1956
 മൊസാംബിക്16 സെപ്റ്റംബർ 1975
 മ്യാന്മാർ [കുറിപ്പ് 19]19 ഏപ്രിൽ 1948
 നമീബിയ23 ഏപ്രിൽ 1990
 നൗറു14 സെപ്റ്റംബർ 1999
 നേപ്പാൾ14 ഡിസംബർ 1955
 നെതർലാന്റ്സ്10 ഡിസംബർ 1945
 ന്യൂസിലാന്റ്24 ഒക്ടോബർ 1945ന്യൂസിലാന്റും ഐക്യരാഷ്ട്രസഭയും
 നിക്കരാഗ്വ24 ഒക്ടോബർ 1945
 നൈജർ20 സെപ്റ്റംബർ 1960
 നൈജീരിയ7 ഒക്ടോബർ 1960
 നോർവെ27 നവംബർ 1945
 ഒമാൻ7 ഒക്ടോബർ 1971
 പാകിസ്താൻ30 സെപ്റ്റംബർ 1947പാകിസ്താനും ഐക്യരാഷ്ട്രസഭയും
 പലാവു15 ഡിസംബർ 1994
 പനാമ13 നവംബർ 1945
 പാപ്പുവ ന്യൂ ഗിനിയ10 ഒക്ടോബർ 1975
 പരഗ്വെ24 ഒക്ടോബർ 1945
 പെറു31 ഒക്ടോബർ 1945
 ഫിലിപ്പീൻസ് [കുറിപ്പ് 20]24 ഒക്ടോബർ 1945
 പോളണ്ട്24 ഒക്ടോബർ 1945
 പോർച്ചുഗൽ14 ഡിസംബർ 1955
 ഖത്തർ21 സെപ്റ്റംബർ 1971
 റൊമാനിയ14 ഡിസംബർ 1955
 റഷ്യൻ ഫെഡറേഷൻ24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്, സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്രസഭയും, റഷ്യയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക
 റുവാണ്ട18 സെപ്റ്റംബർ 1962
 സെന്റ് കീറ്റ്സ് ആന്റ് നെവിസ് [കുറിപ്പ് 21]23 സെപ്റ്റംബർ 1983
 സെയിന്റ് ലൂസിയ18 സെപ്റ്റംബർ 1979
 സൈന്റ് വിൻസന്റ് ആൻഡ് ദി ഗ്രെനേഡൈൻസ്16 സെപ്റ്റംബർ 1980
 സമോവ15 ഡിസംബർ 1976
 San Marino2 മാർച്ച് 1992
 സാവോ ടോം ആൻഡ് പ്രിൻസിപ്പെ [കുറിപ്പ് 22]16 സെപ്റ്റംബർ 1975
 സൗദി അറേബ്യ24 ഒക്ടോബർ 1945
 സെനെഗൽ28 സെപ്റ്റംബർ 1960
 സെർബിയ1 നവംബർ 2000പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 സെയ്ഷെൽസ്21 സെപ്റ്റംബർ 1976
 സിയറ ലിയോൺ27 സെപ്റ്റംബർ 1961
 സിംഗപ്പൂർ21 സെപ്റ്റംബർ 1965പഴയ അംഗങ്ങൾ: മലേഷ്യ
 സ്ലോവാക്യ19 ജനുവരി 1993പഴയ അംഗങ്ങൾ: ചെക്കോസ്ലോവാക്യ
 സ്ലൊവീന്യ22 മേയ് 1992പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ
 സോളമൻ ഐലന്റ്സ്19 സെപ്റ്റംബർ 1978
 സൊമാലിയ20 സെപ്റ്റംബർ 1960
 സൗത്ത് ആഫ്രിക്ക [കുറിപ്പ് 23]7 നവംബർ 1945
 സൗത്ത് സുഡാൻ14 ജൂലൈ 2011
 സ്പെയിൻ14 ഡിസംബർ 1955
 ശ്രീലങ്ക [കുറിപ്പ് 24]14 ഡിസംബർ 1955
 സുഡാൻ12 നവംബർ 1956
 സുരിനാം [കുറിപ്പ് 25]4 ഡിസംബർ 1975
 സ്വാസിലാന്റ്24 സെപ്റ്റംബർ 1968
 സ്വീഡൻ19 നവംബർ 1946
  സ്വിറ്റ്സർലാന്റ്10 സെപ്റ്റംബർ 2002
 സിറിയൻ അറബ് റിപ്പബ്ലിക്ക്24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്
 താജിക്കിസ്ഥാൻ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ14 ഡിസംബർ 1961പഴയ അംഗങ്ങൾ: ടാങ്കാനിക്കയും സാൻസിബാറും
 തായ്‌ലാന്റ് [കുറിപ്പ് 26]16 ഡിസംബർ 1946
 ടിമോർ ലെസ്റ്റെ27 സെപ്റ്റംബർ 2002
 ടോഗോ20 സെപ്റ്റംബർ 1960
 ടോങ്ക14 സെപ്റ്റംബർ 1999
 ട്രിനിഡാഡ് ആൻഡ് ടൊബാഗോ18 സെപ്റ്റംബർ 1962ട്രിനിഡാഡ് ആൻഡ് ടൊബാഗോയും ഐക്യരാഷ്ട്രസഭയും
 ടുണീഷ്യ12 നവംബർ 1956
 ടർക്കി24 ഒക്ടോബർ 1945
 തുർക്ക്മെനിസ്താൻ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 തുവാലു5 സെപ്റ്റംബർ 2000തുവാലുവും ഐക്യരാഷ്ട്രസഭയും
 ഉഗാണ്ട25 ഒക്ടോബർ 1962
 ഉക്രൈൻ24 ഒക്ടോബർ 1945പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 യുനൈറ്റഡ് അറബ് എമിറേറ്റ്സ്9 ഡിസംബർ 1971
 യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർതേൺ അയർലന്റ്24 ഒക്ടോബർ 1945ബ്രിട്ടനും ഐക്യരാഷ്ട്രസഭയും
 യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക24 ഒക്ടോബർ 1945അമേരിക്കൻ ഐക്യനാടുകളും ഐക്യരാഷ്ട്രസഭയും
 ഉറുഗ്വേ18 ഡിസംബർ 1945
 ഉസ്ബെകിസ്താൻ2 മാർച്ച് 1992പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്
 വാനുവാടു15 സെപ്റ്റംബർ 1981വാനുവാടുവും ഐക്യരാഷ്ട്രസഭയും
 വെനിസ്വേല (ബൊളിവാറിയൻ റിപ്പബ്ലിക്ക് ഓഫ്) [കുറിപ്പ് 27]15 നവംബർ 1945
 വിയറ്റ് നാം20 സെപ്റ്റംബർ 1977
 യെമൻ30 സെപ്റ്റംബർ 1947പഴയ അംഗങ്ങൾ: യെമനും ഡെമോക്രാറ്റിക് യെമനും
 സാംബിയ1 ഡിസംബർ 1964
 സിംബാബ്‌വെ25 ഓഗസ്റ്റ് 1980
പേരിലെ മാറ്റങ്ങൾ സംബന്ധിച്ചുള്ള കുറിപ്പുകൾ[14]

പഴയ അംഗങ്ങൾ

റിപ്പബ്ലിക്ക് ഓഫ് ചൈന

1945 ഒക്ടോബർ 24-ന് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ (ROC) ഭരണത്തിൻ കീഴിലാണ് ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടരിന്റെ, അഞ്ചാമതദ്ധ്യായത്തിലെ, 23-ആം ആർട്ടിക്കിൾ പ്രകാരം സുരക്ഷാ കൗൺസിലിന്റെ സ്ഥിരാംഗമാകുകയും ചെയ്തു. [15] 1949-ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തിൽ കുമിംഗ്‌താങ് കക്ഷിയുടെ കീഴിലുള്ള റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തിന് ചൈനയുടെ വൻകരപ്രദേശത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഭരണകൂടം തായ്‌വാനിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം 1949 ഒക്ടോബർ 1-ന് ചൈനീസ് വൻകരയുടെ നിയന്ത്രണം ഏറ്റെടുത്തു. ഐക്യരാഷ്ട്രസഭയെ 1949 നവംബർ 18-ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ രൂപീകരണം നടന്ന കാര്യംഊദ്യോഗികമായി അറിയിക്കപ്പെടുകയുണ്ടായി. എങ്കിലും റിപ്പബ്ലിക് ഓഫ് ചൈനയുടെ സർക്കാരായിരുന്നു ചൈനയെ ഐക്യരാഷ്ട്രസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. രണ്ട് സർക്കാരുകളും ചൈനയുടെ ഏക പ്രതിനിധി തങ്ങളാണെന്ന് വാദിച്ചിരുന്നതിനാൽ അടുത്ത രണ്ട് പതിറ്റാണ്ട് സമയം ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യം റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നെടുത്തുമാറ്റി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് നൽകാനുള്ള നീക്കങ്ങൾക്ക് പിന്തുണയുണ്ടായിരുന്നില്ല. ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും റിപ്പബ്ലിക് ഓഫ് ചൈനയെയായിരുന്നു ചൈനയുടെ യധാർത്ഥ പ്രതിനിധിയായി അംഗീകരിച്ചിരുന്നത്.

1970 കളിൽ അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ഒരു മാറ്റം പ്രകടമായി. രാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് ആദ്യമായി മുൻതൂക്കം ലഭിച്ചുതുടങ്ങി. 1971 ഒക്ടോബർ 25 -ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യം നൽകുന്ന കാര്യം 21‌-ആം തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചർച്ച ചെയ്ത സമയത്താണ്,[16] 2758-ആം പ്രമേയത്തിലൂടെ "ചൈനയുടെ നിയമപരമായ പ്രാതിനിദ്ധ്യം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കാണെന്നും അവർക്കാണ് സുരക്ഷാ കൗൺസിലിലെ ഒരു സ്ഥിരാംഗം എന്ന സ്ഥാനം അവകാശപ്പെട്ടതെന്നും" തീർപ്പാക്കപ്പെട്ടത്. ഈ പ്രമേയം "എല്ലാ അവകാശങ്ങളും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് നൽകാനും അവരുടെ പ്രതിനിധിയെ ചൈനയുടെ ഏക അംഗീകൃത പ്രതിനിധിയായി കണക്കാക്കാനും തീരുമാനിച്ചത്. ചിയാംഗ് കൈ-ഷകിന്റെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെയും അതിനു കീഴിലുള്ള സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാനും തീരുമാനിച്ചു". [17] ഈ നടപടിയിലൂടെ ഐക്യരാഷ്ട്രസഭയിലെ സീറ്റ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് കൈമാറ്റം ചെയ്തു ലഭിച്ചു. ഇതോടൊപ്പം റിപ്പബ്ലിക് ഓഫ് ചൈനയെ ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

തായ്‌വാന്റെ പ്രതിനിധി എന്ന നിലയിൽ അംഗത്വം ലഭിക്കാനുള്ള ശ്രമങ്ങൾ

മാ യിൻ-ജിയോ പ്രസിഡന്റായപ്പോഴാണ് 40 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ഓഫ് ചൈന ഐക്യരാഷ്ട്രസഭയുടെ ഒരു സംഘടനയിൽ അംഗമാവുന്നത്.

1993 മുതൽ 2007 വരെ റിപ്പബ്ലിക് ഓഫ് ചൈന തായ്‌വാന്റെ പ്രതിനിധിയായി (ചൈനയുടെ ഭൂഖണ്ഡപ്രദേശങ്ങളുടെയല്ല) ഐക്യരാഷ്ട്രസഭയിൽ പുനഃപ്രവേശം ചെയ്യാൻ പലവട്ടം ശ്രമിച്ചു. "റിപ്പബ്ലിക് ഓഫ് ചൈന ഓൺ തായ്‌വാൻ" എന്ന പേരിലോ റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ) എന്ന പേരിലോ തായ്‌വാൻ എന്ന പേരിലോ പ്രവേശനം ലഭിക്കാനായിരുന്നു ശ്രമം നടന്നത്. പ്രവേശനത്തിനായുള്ള കത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ സർക്കാർ "തായ്‌വാനിലെ 2.3 കോടി ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രാതിനിദ്ധ്യം ലഭിക്കാനുള്ള അവകാശം അംഗീകരിക്കാൻ" അന്താരാഷ്ട്രസമൂഹത്തിനോടഭ്യർത്ഥിക്കുകയുണ്ടായി. [18] ഇവർ നടത്തിയ പതിനഞ്ച് ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. പ്രധാന അജണ്ടയിൽ പെടുത്താൻ ആവശ്യമായ വോട്ടുകൾ ലഭിക്കാതിരിക്കുകയോ ചൈനയുടെ സമ്മർദ്ദത്താൽ ഐക്യരാഷ്ട്രസഭ ഈ അഭ്യർത്ഥനകൾ തള്ളിക്ക‌ളയുകയോ ചെയ്തതാണ് കാരണം.

2007-ൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് [19] ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഇപ്രകാരം പറഞ്ഞു:[20]

ഗവർണറുടെയും ചെയർമാന്റെയും അറിവോടുകൂടിയാണ് ഞാൻ ഇത് പറയുന്നത്. അന്തിമമായി ഐക്യരാഷ്ട്രസഭയിലെ അംഗത്വം നിർണയിക്കുന്നത് അംഗരാജ്യങ്ങൾ തന്നെയാണ്. പരമാധികാരരാഷ്ട്രങ്ങൾക്കാണ് അംഗത്വം നൽകുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ് ചൈനയുടെ ഭരണകൂടത്തിന്റെ നിയമവിധേയ പ്രതിനിധി എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. തായ്‌വാൻ ജനതയുടെ ഐക്യരാഷ്ട്രസഭയിൽ ചേരാനുള്ള ആഗ്രഹം സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തുപോരുന്നത് ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഐക്യരാഷ്ട്രസഭയിലെ 2758-ആം പ്രമേയം വ്യവസ്ഥ ചെയ്തിരിക്കുന്നത് ചൈനയുടെ ഭരണകൂടമാണ് നിയമപരമായി ചൈനയെ പ്രതിനിധീകരിക്കുന്നതെന്നും തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നുമാണ്.

ഐക്യരാഷ്ട്രസഭ തങ്ങളുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞതിനെപ്പറ്റി റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം അഭിപ്രായപ്പെട്ടത് തങ്ങൾ ഒരിക്കലും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പരമാധികാരത്തിൻ കീഴിലായിരുന്നില്ല എന്നാണ്. പൊതുസഭയുടെ 2758-ആം പ്രമേയം തായ്‌വാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യത്തെപ്പറ്റി ഒന്നും വ്യക്തമാക്കാത്തതിനാൽ തങ്ങൾ ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്രപരമാധികാര രാഷ്ട്രമായി ചേരുന്നതിന് തടസ്സമില്ല എന്നാണ്. [21] ചൈനയുടെ ഭാഗമാണ് തായ്‌വാൻ എന്ന് ബാൻ കി മൂൺ പ്രസ്താവിച്ചതിനെയും സെക്യൂരിറ്റി കൗൺസിലിലേയ്ക്കോ ജനറൽ അസംബ്ലിയിലേയ്ക്കോ അയക്കാതെ തങ്ങളുടെ അഭ്യർത്ഥന നിരാകരിച്ചതിനെയും റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ അപലപിച്ചു. [22] ഇതല്ലത്രേ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന പ്രവർത്തനരീതി. [23] മറുവശത്ത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ പ്രകീർത്തിച്ചു. ഇത് "ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും 2758-ആമത് പ്രമേയത്തിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഐക്യരാഷ്ട്രസഭയും അതിലെ അംഗരാജ്യങ്ങളും ഒരു-ചൈന എന്ന നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം" ചൈന പ്രസ്താവിച്ചു.[24]

2009 മേയ് മാസത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ആരോഗ്യവകുപ്പിനെ 62-ആം ലോകാരോഗ്യ സമ്മേളനത്തിൽ ചൈനീസ് തായ്പേയ് എന്ന പേരിൽ നിരീക്ഷകനായി പങ്കെടുക്കാൻ ക്ഷണിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള സംഘടനകളിലൊന്നിൽ 1971-നു ശേഷം ആദ്യമായായിരുന്നു റിപ്പബ്ലി ഓഫ് ചൈന പങ്കെടുക്കുന്നത്. [25]

വത്തിക്കാനും 22 ഐക്യരാഷ്ട്രസഭാ അംഗങ്ങളും റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കുന്നുണ്ട്.

ചെക്കോസ്ലോവാക്യ

1945 ഒക്ടോബർ 24-നാണ് ചെക്കോസ്ലോവാക്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. 1990 ഏപ്രിൽ 20-ന് ചെക്ക് ആൻഡ് സ്ലോവാക്ക് ഫെഡറൽ റിപ്പബ്ലിക്ക് എന്ന് ഇതിന്റെ പേരുമാരി. 1992 ഡിസംബർ 31-ന് ചെക്ക് ആൻഡ് സ്ലോവാക്ക് ഫെഡറൽ റിപ്പബ്ലിക്ക് ഇല്ലാതെയാവും എന്ന് ഈ രാജ്യത്തിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി 1992 ഡിസംബർ 10-നു നൽകിയ ഒരു കത്തിലൂടെ അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും പ്രത്യേകമായി ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തിനപേക്ഷിച്ചു. ഈ രണ്ട് രാജ്യങ്ങളും ചെക്കോസ്ലോവാക്യയുടെ അംഗത്വത്തിന്റെ പിൻതുടർച്ച അവകാശപ്പെട്ടില്ല. ഈ രാജ്യങ്ങൾക്ക് 1993 ജനുവരി 19-ന് അംഗത്വം നൽകപ്പെട്ടു. [14]

ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും

ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി (പശ്ചിമജർമനി), ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (പൂർവ ജർമനി) എന്നീ രാജ്യങ്ങൾക്ക് 1973 സെപ്റ്റംബർ 18-ന് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകപ്പെട്ടു. 1990 ഒക്ടോബർ 3-ന് നടന്ന ജർമനിയുടെ പുനരേകീകരണത്തിലൂടെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ ഭാഗമായി മാറി. ഇന്ന് ജർമനി എന്നു മാത്രമാണ് ഈ രാജ്യം അറിയപ്പെടുന്നത്. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി ഐക്യരാഷ്ട്രസഭയുടെ ഭാഗമായി തുടർന്നപ്പോൾ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇല്ലാതെയാവുകയാണുണ്ടായത്. [14]

മലേഷ്യ

1957 സെപ്റ്റംബർ 17-നാണ് ഫെഡറേഷൻ ഓഫ് മലേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. 1963 സെപ്റ്റംബർ 16-ന് രാജ്യത്തിന്റെ പേര് മലേഷ്യ എന്നാക്കി മാറ്റി. സിങ്കപ്പൂർ, സാബ (നോർത്ത് ബോർണിയോ), സാരവാക് എന്നിവ ഫെഡറേഷനുമായി ലയിച്ചതിനെത്തുടർന്നായിരുന്നു ഇത്. 1965 ഓഗസ്റ്റ് 9-ന് സിങ്കപ്പൂർ സ്വതന്ത്രരാജ്യമാവുകയും 1965 സെപ്റ്റംബർ 21-ന് ഐക്യരാഷ്ട്രസഭയുടെ അംഗമാവുകയും ചെയ്തു.

ടാങ്കാനിക്കയും സാൻസിബാറും

1961 ഡിസംബർ 14-നാണ് ടാങ്കാനിക്കയ്ക്ക് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകിയത്. 1963 ഡിസംബർ 16-ന് സാൻസിബാർ ഐക്യരാഷ്ട്രസഭയിൽ അംഗമായി. 1964 ഏപ്രിൽ 26-ന് രണ്ട് രാജ്യങ്ങളും ലയിച്ച് "യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാങ്കാനിക്ക ആൻഡ് സാൻസിബാർ" എന്ന രാജ്യം രൂപീകൃതമായി. 1964 നവംബർ 1ന് രാജ്യത്തിന്റെ പേര് യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നാക്കി മാറ്റി. [14][26]

യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്

1945 ഒക്ടോബർ 24-ന് സ്ഥാപകാംഗമായാണ് സോവിയറ്റ് യൂണിയൻ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ അഞ്ചാം അദ്ധ്യായത്തിലെ 23-ആം ആർട്ടിക്കിൾ പ്രകാരം സോവിയറ്റ് യൂണിയൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിലൊന്നായി. [15] സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപായി 1991 ഡിസംബർ 24-ന് ബോറിസ് യെൽറ്റ്സിൻ ഐക്യരാഷ്ട്രസഭയിലെയും സുരക്ഷാകൗൺസിലിലെയും മറ്റു സംഘടനകളിലെയും അംഗത്വം റഷ്യയ്ക്കായിരിക്കുമെന്നും ഇക്കാര്യം സ്വതന്ത്ര രാജ്യങ്ങ‌ളുടെ കോമൺ‌വെൽത്തിലെ 11 അംഗരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.[14]

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മറ്റു 14 രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു:

യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്

ഈജിപ്റ്റിന്റെ പ്രസിഡന്റ് ഗമാൽ നാസർ (വലത് വശത്തിരിക്കുന്നു), സിറിയൻ പ്രസിഡന്റ് ഷുക്രി അൽ കുവാത്‌ലി എന്നിവർ യുനൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കുന്ന ഉടമ്പടിയിൽ 1958-ൽ ഒപ്പുവയ്ക്കുന്നു. ഈ രാഷ്ട്രീയ കൂട്ടായ്മ കുറച്ചുനാൾ രണ്ടുരാജ്യങ്ങ‌ളെയും പ്രതിനിധീകരിച്ചെങ്കിലും സിറിയ 1961-ൽ പിന്മാറി. ഇതിനു ശേഷം ഈജിപ്റ്റ് ഈ പേര് ഉപയോഗിച്ചുവന്നിരുന്നു.

ഈജിപ്റ്റ്, സിറിയ എന്നീ രാജ്യങ്ങൾ 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭയിൽ സ്ഥാപകാംഗങ്ങളായി ചേരുകയുണ്ടായി. 1958 ഫെബ്രുവരി 21-ന് നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പിന്റെ ഫലത്തിനെ അടിസ്ഥാനമാക്കി ഈജിപ്റ്റും സിറിയയും കൂടിച്ചേർന്ന് യുനൈറ്റഡ് അറബ് റിപ്പബ്ലിക് എന്ന കൂട്ടായ്മ രൂപീകരിച്ചു. ഇവർ ഒറ്റ അംഗമായി ഐക്യരാഷ്ട്രസഭയിൽ തുടർന്നു. 1961 ഒക്ടോബർ 13-ന് സിറിയ ഈ കൂട്ടായ്മയിൽ നിന്ന് പിന്മാറുകയും സ്വതന്ത്ര രാഷ്ട്രമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു. സിറിയയുടെ ഐക്യരാഷ്ട്രസഭയിലെ അംഗത്വം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 1971 സെപ്റ്റംബർ 2 വരെ ഈജിപ്റ്റ് യുനൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്ന പേരിൽ തുടർന്നുവെങ്കിലും അതിനുശേഷം പഴയപേര് വീണ്ടും സ്വീകരിച്ചു. 1971 സെപ്റ്റംബർ 14-ന് സിറിയ സ്വന്തം പേര് സിറിയൻ അറബ് റിപ്പബ്ലിക്ക് എന്നാക്കി മാറ്റി. [14]

യെമനും ഡെമോക്രാറ്റിക് യെമനും

യെമൻ (ഉത്തര യെമൻ) 1947 സെപ്റ്റംബർ 30-നാണ് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നേടിയത്. ദക്ഷിണ യെമന് 1967 ഡിസംബർ 14-ന് അംഗത്വം ലഭിച്ചു. ദക്ഷിണ യെമന്റെ പേര് 1970 നവംബർ 30-ന് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് യെമൻ എന്ന് മാറ്റുകയുണ്ടായി. ഡെമോക്രാറ്റിക് യെമൻ എന്നായിരുന്നു ഈ രാജ്യത്തെ വിളിച്ചുവന്നിരുന്നത്. 1990 മേയ് 22-ന് രണ്ട് യെമനുകളും ലയിച്ച് ഒറ്റരാജ്യമായി. ഇങ്ങനെയുണ്ടായ രാജ്യം റിപ്പബ്ലിക്ക് ഓഫ് യെമൻ (യെമൻ) എന്ന പേരിൽ ഐക്യരാഷ്ട്രസഭയിലെ അംഗമായി തുടർന്നു.[14]

യൂഗോസ്ലാവിയ

1990-കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ പല രാജ്യങ്ങളായി ശിധിലമായി. 2006-ൽ പഴയ യൂഗോസ്ലാവ്യൻ പ്രദേശത്ത് ആറ് ഐക്യരാഷ്ട്രസഭാംഗങ്ങളുണ്ടായിരുന്നു. 2008-ൽ റിപ്പബ്ലിക്ക് ഓഫ് കൊസോവ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടില്ല.

1945 ഒക്ടോബർ 24-ന് സ്ഥാപകാംഗമായാണ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. 1992-ഓടെ യൂഗോസ്ലാവ്യ ഫലത്തിൽ അഞ്ച് രാജ്യങ്ങളായി മുറിഞ്ഞുപോയിരുന്നു. ഇവയെയെല്ലാം ഐക്യരാഷ്ട്രസഭയിൽ പിന്നീട് അംഗങ്ങളാക്കുകയുണ്ടായി:

  • ബോസ്നിയ ആൻഡ് ഹെർസെഗോവിന, ക്രോയേഷ്യ, സ്ലോവേനിയ എന്നീ രാഷ്ട്രങ്ങളെ 1992 മേയ് 22-ന് ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു.[27]
  • മാസഡോണിയയ്ക്ക് 1993 ഏപ്രിൽ 8-ന് യു.എൻ. അംഗത്വം ലഭിച്ചു. ഈ രാജ്യത്തിന്റെ പേരിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം തീർപ്പാകുന്നതുവരെ "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസഡോണിയ" എന്നായിരിക്കും ഫലത്തിൽ മാസഡോണിയ അറിയപ്പെടുന്നത്. [28]
  • സെർബിയ ആൻഡ് മോണ്ടനെഗ്രോ എന്ന രാജ്യത്തെ 2000 നവംബർ 1-ന് അംഗമായി പ്രവേശിപ്പിച്ചു. [29]

പഴയ രാജ്യത്തിന്റെ അംഗത്വത്തിന്റെ പിന്തുടർച്ചാവകാശം ആർക്കാണെന്ന തർക്കമുണ്ടായിരുന്നതുകാരണം യൂഗോസ്ലാവ്യ എന്ന പേര് രാജ്യമില്ലാതായശേഷവും ഐക്യരാഷ്ട്രസഭയുടെ രേഖകളിൽ കുറേക്കാലം നിലനിന്നിരുന്നു. [14] അഞ്ച് രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയിൽ ചേർത്തശേഷമാണ് ഈ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്തത്.

അവശേഷിച്ച യൂഗോസ്ലാവ് റിപ്പബ്ലിക്കുകളായ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന് 1992 ഏപ്രിൽ 28-ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്ഥാപിക്കുകയും തങ്ങളാണ് യൂഗോസ്ലാവ്യയുടെ പിന്തുടർച്ചാവകാശമുള്ളവർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. [30][31] പക്ഷേ 1992 മേയ് 30-ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ 757-ആം നമ്പർ പ്രമേയം പാസായി. ഇതനുസരിച്ച് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്കെതിരേ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തപ്പെട്ടു. യൂഗോസ്ലാവ് യുദ്ധങ്ങളിൽ ഈ രാജ്യത്തിന്റെ പങ്കായിരുന്നു കാരണം. പഴയ യൂഗോസ്ലാവ്യയുടെ പിന്തുടർച്ച ഈ രാജ്യത്തിനു നൽകണം എന്ന ആവശ്യത്തിന് പൊതുസ്വീകാര്യത ഇല്ല എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. [32] 1992 സെപ്റ്റംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ എ/ആർഇഎസ്/47/1 നമ്പർ പ്രമേയം അംഗീകരിച്ചു. പൊതുസഭയുടെ തീരുമാനം "ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്ക് (സെർബിയയും മോണ്ടിനെഗ്രോയും) പഴയ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് യൂഗോസ്ലാവ്യയുടെ അംഗത്വം പിന്തുടർച്ചയായി ലഭിക്കാൻ സാധിക്കില്ല" എന്നായിരുന്നു. "ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ (സെർബിയയും മോണ്ടിനെഗ്രോയും) പുതുതായി അംഗത്വത്തിനപേക്ഷിക്കണം" എന്നും അതുവരെ "പൊതുസഭയിൽ പ്രവർത്തിക്കാൻ പാടില്ല" എന്നും പ്രമേയം വ്യവസ്ഥ ചെയ്തു. [33][34] ഈ തീരുമാനം അംഗീകരിക്കാൻ വർഷങ്ങളോളം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ തയ്യാറായില്ല. പ്രസിഡന്റ് സ്ലോബോദാൻ മിലോസേവിക് അധികാരത്തിൽ നിന്നും പുറത്തായശേഷം ഫെഡറ‌ൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ അംഗത്വത്തിനപേക്ഷിച്ചു. ഈ രാജ്യത്തിന് പുതുതായി അംഗത്വം ലഭിച്ചത് 2000 നവംബർ 1-നായിരുന്നു. [29] 2003 ഫെബ്രുവരി 4-ന് പുതിയ ഭരണഘടന നിലവിൽ വന്നതിനൊപ്പം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്വന്തം പേര് സെർബിയ ആൻഡ് മോണ്ടിനെഗ്രോ എന്നാക്കി മാറ്റി. [35]

2006 മേയ് 21-ന് നടന്ന സ്വാതന്ത്ര്യത്തിനായുള്ള അഭിപ്രായവോട്ടെടുപ്പിനെത്തുടർന്ന് മോണ്ടെനെഗ്രോ സെർബിയ ആൻഡ് മോണ്ടെനെഗ്രോ എന്ന രാജ്യത്തിൽ നിന്ന് 2006 ജൂൺ 3-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആ ദിവസം തന്നെ സെർബിയ ആൻഡ് മോണ്ടിനെഗ്രോ എന്ന രാജ്യത്തിന്റെ അംഗത്വം തങ്ങൾക്കാണെന്ന് സെർബിയയുടെ പ്രസിഡന്റ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെ ഒരു കത്തിലൂടെ അറിയിച്ചു. [36] 2006 ജൂൺ 28-ന് മോണ്ടിനെഗ്രോ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചു.[37]

കൊസോവോ യുദ്ധത്തെത്തുടർന്ന്, കൊസോവോ എന്ന സ്വയംഭരണാവകാശമുള്ള പ്രദേശം 1999 ജൂൺ 10-ന് ഐക്യരാഷ്ട്രസഭയുടെ ഇടക്കാല ഭരണത്തിൻ കീഴിലായി. 2008 ഫെബ്രുവരി 17-ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സെർബിയ ഇതംഗീകരിച്ചിട്ടില്ല. റിപ്പബ്ലിക് ഓഫ് കൊസോവോ ഐക്യരാഷ്ട്രസഭയിലെ അംഗമല്ലെങ്കിലും അന്താരാഷ്ട്ര നാണ്യനിധി[38] ലോകബാങ്ക്,[39] എന്നിവയിലംഗമാണ്. ഇവ രണ്ടും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസികളാണ്. 93 ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങൾ കൊസോവോയെ അംഗീകരിച്ചിട്ടുണ്ട്. ഇതിൽ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ മൂന്നംഗങ്ങളും പെടും (ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ). 2010 ജൂലൈ 22-ന് അന്താരാഷ്ട്ര നീതിന്യായകോടതി കൊസോവൊയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമല്ല എന്ന് വിധിച്ചു. [40]

അംഗത്വം സസ്പെന്റ് ചെയ്യലും പുറത്താക്കലും പിന്മാറ്റവും

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരമേ ഒരംഗരാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാനോ സസ്പെൻഡ് ചെയ്യാനോ സാധിക്കുകയുള്ളൂ. ചാർട്ടറിന്റെ രണ്ടാമദ്ധ്യായത്തിലെ അഞ്ചാമത്തെ ആർട്ടിക്കിൾ കാണുക: [3]

ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ സമിതി നടപടിയെടുത്തിട്ടുള്ള അംഗരാജ്യത്തെ ആവശ്യമെങ്കിൽ അതിന്റെ അവകാശങ്ങളും അധികാരങ്ങളും വിനിയോഗിക്കുന്നതിൽ നിന്ന് താൽകാലികമായി വിലക്കാവുന്നതാണ്. ഇത് സുരക്ഷാസമിതിയുടെ ശുപാർശയനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. ഈ അവകാശങ്ങൾ സുരക്ഷാസമിതിക്ക് ആവശ്യമെന്ന് തോന്നിയാൽ പുനസ്ഥാപിക്കാം.

ആറാമത്തെ ആർട്ടിക്കിൾ

ചാർട്ടറിലെ തത്ത്വങ്ങൾ ഒരു അംഗരാഷ്ട്രം സ്ഥിരമായി ലംഘിക്കുകയാണെങ്കിൽ ആ രാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാവുന്നതാണ്. സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേശപ്രകാരം പൊതുസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

സംഘടനയുടെ ചരിത്രത്തിൽ ഒരു രാജ്യത്തെയും അഞ്ചാമത്തെയോ ആറാമത്തെയോ ആർട്ടിക്കിൾ പ്രകാരം സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചില രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്:

  • 1971 ഒക്റ്റോനർ 25-ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2758-ആംത് പ്രമേയം പാസ്സാക്കി. ഇത് ചൈനയുടെ പ്രതിനിധിയായി റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു പകരം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചു. ഇത് ഫലത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ പുറത്താക്കലിലാണ് കലാശിച്ചത്. (പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന വിഭാഗം കൂടി കാണുക). ഇത് ആർട്ടിക്കിൾ 6 അനുസരിച്ച് ഒരംഗത്തെ പുറത്താക്കലായിരുന്നില്ല. ആ നടപടിക്രമത്തിൽ സുരക്ഷാ കൗൺസിലിന്റെ അനുവാദം വേണ്ടിവരുമായിരുന്നു. സ്ഥിരാംഗങ്ങൾക്ക് ഇത്തരമൊരു നീക്കത്തെ വീറ്റോ അധികാരമുപയോഗിച്ച് തടയുകയും ചെയ്യാമായിരുന്നു. അന്നത്തെ സുരക്ഷാ കൗൺസിലിൽ റിപ്പബ്ലിക് ഓഫ് ചൈന സ്ഥിരാംഗമായിരുന്നതിനാൽ ഇത് അസാദ്ധ്യമാവുമായിരുന്നു. [41]
  • 1974 ഒക്ടോബറിൽ വർണ്ണവിവേചന നയം കാരണം ആർട്ടിക്കിൾ ആറനുസരിച്ച് ദക്ഷിണാഫ്രിക്കയെ പുറത്താക്കാനുള്ള പ്രമേയത്തിന്റെ കരട് സുരക്ഷാ സമിതി ചർച്ച ചെയ്യുകയുണ്ടായി.[14] ഈ പ്രമേയം ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ സ്ഥിരാംഗങ്ങളുടെ വീറ്റോ കാരണം സ്വീകരിക്കപ്പെട്ടില്ല. ഇതിനു പകരമായി ദക്ഷിണാഫ്രിക്കയെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് 1974 നവംബർ 12-ന് വിലക്കാനുള്ള തീരുമാനം ജനറൽ അസംബ്ലി സ്വീകരിച്ചു. 1994 ജൂൺ 23-ന് ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയെ തിരികെ സ്വീകരിക്കും വരെ ഈ സസ്പെൻഷൻ നീണ്ടുനിന്നു. ആ വർഷം നടന്ന ജനാധിപത്യതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഈ തിരിച്ചുവിളിക്കൽ. തിരിച്ചെടുക്കുന്നതുവരെ ആർട്ടിക്കിൾ അഞ്ചോ ആറോ പ്രകാരമുള്ള സസ്പെൻഷൻ ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. .[42]
  • 1992 ഏപ്രിൽ 28-ന് അവശേഷിച്ച യൂഗോസ്ലാവ് റിപ്പബ്ലിക്കുക‌ളായ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്ഥാപിച്ചു. 1992 സെപ്റ്റംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ എ/ആർഇഎസ്/47/1 നമ്പർ പ്രമേയമനുസരിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവ്യയ്ക്ക് സ്വാഭാവികമായി യൂഗോസ്ലാവ്യയുടെ അംഗത്വം അവകാശപ്പെടാൻ സാധിക്കില്ല എന്നും അവർ പുതിയ അംഗത്വത്തിനപേക്ഷിക്കണം എന്നും തീരുമാനമെടുത്തു. സ്ലോബോദാൻ മിലോസേവിക് അധികാരത്തിൽ നിന്ന് പുറത്താകുന്നതുവരെ ഇവർ അംഗത്വത്തിനപേക്ഷിച്ചിരുന്നില്ല. 2000 നവംബർ 1-നാണ് ഇവർക്ക് അംഗത്വം ലഭിച്ചത്. (പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ എന്ന വിഭാഗം കാണുക).

ഇന്തോനീഷ്യയുടെ പിന്മാറ്റം (1965–1966)

1965-ൽ ഇന്തോനീഷ്യയുടെ പ്രസിഡന്റ് സുകാർണോ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതാണ് സംഘടനയുടെ ചരിത്രത്തിലെ ഒരേയൊരു പിന്മാറ്റം. ഇന്തോനീഷ്യ ഒരുവർഷത്തിനുശേഷം ഐക്യരാഷ്ട്രസഭയിൽ വീണ്ടും ചേരുകയുണ്ടായി.

ശിധിലമായ രാജ്യങ്ങളോ മറ്റു രാജ്യങ്ങളുമായി കൂടിച്ചേർന്നവയോ അല്ലാതെ സ്വയമേവ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിരിഞ്ഞുപോയ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയും മലേഷ്യയും തമ്മിലുള്ള ബന്ധം മോശമായിരുന്ന സമയത്ത് മലേഷ്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ താൽക്കാലികാംഗമാക്കിയതിനാലാണ് പിന്മാറ്റം ഉണ്ടായത്. 1965 ജനുവരി 20 തീയതിയിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനയച്ച ഒരു കത്തിൽ "ഇന്നത്തെ സാഹചര്യത്തിൽ" ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തങ്ങൾ തീരുമാനിക്കുന്നു എന്ന് ഇന്തോനീഷ്യ അറിയിക്കുകയാണുണ്ടായത്. പ്രസിഡന്റ് സുകാർണോയുടെ ഭരണകൂടത്തിനെ അട്ടിമറിച്ചതിനെത്തുടർന്ന് 1966 സെപ്റ്റംബർ 19-ന് സെക്രട്ടറി ജനറലിനയച്ച ഒരു കമ്പിസന്ദേശത്തിലൂടെ തങ്ങൾ "ഐക്യരാഷ്ട്രസഭയുമായി പൂർണ്ണമായി സഹകരിച്ച് മുന്നോട്ടുപോകാനും പൊതുസഭയുടെ ഇരുപത്തൊന്നാം സെഷൻ മുതൽ പരിപാടികളിൽ പങ്കെടുക്കാനും തയ്യാറാണ്" എന്നറിയിച്ചു. 1966 സെപ്റ്റംബർ 28-ന് ഐക്യരാഷ്ട്രസഭ ഈ തീരുമാനം പരിഗണിച്ച് ഇന്തോനേഷ്യയുടെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു. [14]

അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും വകുപ്പുകളുണ്ടെങ്കിലും ഒരംഗം സ്വയമേവ എങ്ങനെ പുറത്തുപോകണം എന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ വ്യവസ്ഥകളൊന്നുമില്ല. ലീഗ് ഓഫ് നേഷൻസിനെ ദുർബലപ്പെടുത്തിയത് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി വിലപേശാനും രാജ്യങ്ങൾ പിന്മാറ്റത്തെ ഉപയോഗിച്ചതായിരുന്നുവത്രേ. [41] ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ എടുത്ത നിലപാട് നിയമപരമായി ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[43]

നിരീക്ഷകപദവിയുള്ള രാജ്യങ്ങളും അംഗത്വമില്ലാത്ത രാജ്യങ്ങളും

ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യങ്ങളുമുണ്ട്. വത്തിക്കാൻ നിയന്ത്രിക്കുന്ന ഹോളി സീക്ക് 1964 ഏപ്രിൽ 6 മുതൽ നിരീക്ഷകപദവിയുണ്ട്. [44] വോട്ടവകാശമൊഴികെയുള്ള അവകാശങ്ങൾ വത്തിക്കാന് 2004 ജൂലൈ 1-ന് ലഭിക്കുകയുണ്ടായി. [45] ധാരാളം രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകുന്നതിനുമുൻപ് നിരീക്ഷകപദവി നൽകിയിട്ടുണ്ട്. [46][47][48] സ്വിറ്റ്സർലാന്റാണ് ഏറ്റവും അടുത്തകാലത്ത് അംഗത്വം നേടിയ നിരീക്ഷകരാജ്യം. 2002-ലാണ് സ്വിറ്റ്സർലാന്റിന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിച്ചത്.[49]

പാലസ്തീൻ വിമോചനസംഘടനയ്ക്ക് 1974 നവംബർ 22-ന് നിരീക്ഷകപദവി ലഭിച്ചു. [50] 1988 നവംബർ 15-ന് പാലസ്തീൻ രാജ്യപ്രഖ്യാപനം നടത്തിയതു കണക്കിലെടുത്ത് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്ന പ്രയോഗത്തിനു പകരം പാലസ്തീൻ എന്ന് ഔദ്യോഗികമായി ഉപയോഗിക്കാൻ തീരുമാനിച്ചു. [51] അംഗരാജ്യമല്ലാത്ത അസ്തിത്വം (non-member entity) എന്നതാണ് ഇപ്പോൾ പാലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനം. [52] പാലസ്തീൻ പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ അധിനിവേശത്തിലിരിക്കുന്ന പാലസ്തീൻ പ്രദേശം എന്നാണ് വിവക്ഷിക്കുന്നത്. [53] 2011 സെപ്റ്റംബർ 23-ന് പാലസ്തീനിയൻ ദേശീയ അതോറിറ്റിയുടെ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് അംഗത്വത്തിനായുള്ള പാലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് സമർപ്പിച്ചു. [54] ഇക്കാര്യത്തിലുള്ള വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണുണ്ടായത്. 2011 ഒക്ടോബർ 31-ന് യുനസ്കോയുടെ പൊതുസഭ പാലസ്തീനെ അംഗമാക്കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കി. [55] ഐക്യരാഷ്ട്രസഭയിലെ 130 അംഗരാജ്യങ്ങൾ പാലസ്തീനെ അംഗീകരിക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയന്റെ സ്ഥാപനമായ യൂറോപ്യൻ കമ്മീഷന് 1974-ൽ 3208-ആം പ്രമേയത്തിലൂടെ അംഗത്വം നൽകുകയുണ്ടായി. [56] ഇതിന് വോട്ടുചെയ്യാനും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുമുള്ള അവകാശമൊഴിച്ച് മറ്റവകാശങ്ങൾ എ/ആർഇഎസ്/65/276 എന്ന പ്രമേയം വഴി 2011 മേയ് 10-ന് നൽകുകയുണ്ടായി. [57] രാജ്യമല്ലെങ്കിലും 50-ലധികം ഉഭയകക്ഷി ഉടമ്പടികളിലേർപ്പെട്ടിട്ടുള്ള ഒരേയൊരു കൂട്ടായ്മ യൂറോപ്യൻ യൂണിയനാണ്. [58]

വെസ്റ്റേൺ സഹാറയുടെ പരമാധികാരം മൊറോക്കോയും പോലിസാരിയോ ഫ്രണ്ടും തമ്മിൽ തർക്കത്തിലിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ നിയന്ത്രണത്തിലാണ്. ബാക്കി ഭാഗം പോലിസാരിയോ ഫ്രണ്ട് പ്രഖ്യാപിച്ച രാജ്യമായ സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണത്തിലുമാണ്. പടിഞ്ഞാറൻ സഹാറ സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസഭ പെടുത്തിയിരിക്കുന്നത്. [59]

കുക്ക് ദ്വീപുകൾ, നിയുവേ എന്നിവ ന്യൂസിലാന്റിന്റെ അധീനതയിലുള്ള രാജ്യങ്ങളാണ്. ഇവ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ലെങ്കിലും സംഘടനയുടെ പ്രത്യേക ഏജൻസികളിൽ അംഗങ്ങളാണ്. ഉദാഹരണത്തിന് ലോകാരോഗ്യസംഘടന [60] യുനെസ്കോ,[61] എന്നിവ. ഈ രാജ്യങ്ങൾ യുനൈറ്റഡ് നേഷൻസ് ഫ്രേംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, [62] യുനൈറ്റഡ് നേഷൻസ് കൺ‌വെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികളിലും അംഗമാണ്. [63] ഇവയെ അംഗത്വമില്ലാത്ത രാജ്യങ്ങളായാണ് കണക്കാക്കുന്നത്. [64][65]

ഇവയും കാണുക

  • ഐക്യരാഷ്ട്രസഭയുടെ വികാസം
  • ലീഗ് ഓഫ് നേഷൻസിലെ അംഗങ്ങൾ
  • ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധികളുടെ പട്ടിക
  • സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ ഐക്യരാഷ്ട്രസഭാ പട്ടിക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ