അഹ്മദ് ഷാ അബ്ദാലി

(Ahmad Shah Durrani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് അഹമ്മദ് ഷാ അബ്ദാലി (പഷ്തു: احمد شاه ابدالي) എന്നും അറിയപ്പെടുന്ന അഹമ്മദ് ഷാ ദുറാനി (c.1723-1773) (പേർഷ്യൻ: احمد شاه دراني). ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു.[1][2] [3][4] നാദിർ ഷാ അഫ്ഷറിന്റെ മരണശേഷം അദ്ദേഹം വിശാല ഖുറാസാന്റെ ഭരണാധികാരിയും[5][6] പിന്നീട് സ്വന്തം സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായി. അഫ്ഗാനിസ്ഥാനിലെ പഷ്തൂണുകൾ അഹ്മദ് ഷാ അബ്ദാലിയെ ബാബാ ("പിതാവ്") എന്നുവിളിക്കുന്നു.

അഹ്മദ് ഷാ ദുറാനി
അഹ്മദ് ഷാ അബ്ദാലി
അഹ്മദ് ഷാ ദുറാനിയുടെ ഛായാചിത്രം
ഭരണകാലം1747 - 1773
സ്ഥാനാരോഹണംഒക്ടോബർ, 1747
പൂർണ്ണനാമംഅഹ്മദ് ഖാൻ അബ്ദാലി
പദവികൾദുറാനി സാമ്രാജ്യത്തിന്റെ പാദ്ഷാ, ബഹാദുർ, പാദ്ഷാ-ഇ-ഘാസി, ദുർ-ഇ-ദുറാൻ (മുത്തുകളുടെ മുത്ത്)
മുൻ‌ഗാമിനാദിർ ഷാ
പിൻ‌ഗാമിതിമൂർ ഷാ ദുറാനി
രാജകൊട്ടാരംദുറാനി
രാജവംശംദുറാനി സാമ്രാജ്യം
പിതാവ്മുഹമ്മദ് സമാൻ ഖാൻ അബ്ദാലിi
മാതാവ്സർഖൂന അലകോസൈ

കിഴക്ക് സിന്ധു മുതൽ പടിഞ്ഞാറ്‌ മശ്‌ഹദ് വരെയും വടക്ക് അമു ദര്യ മുതൽ തെക്ക് അറബിക്കടൽ വരെയും ഉള്ള പ്രദേശങ്ങൾ അഹമ്മദ് ഷായുടെ സാമ്രാജ്യത്തിന് കീഴിൽ വന്നിരുന്നു. ഭരിക്കപ്പെടാൻ താല്പര്യമില്ലാത്ത പഷ്തൂൺ ജനതയെ തന്റെ പിന്നിൽ അണിനിരത്താൻ സാധിച്ച അഹമ്മദ് ഷാ ഒരു ആരേയും ആകർഷിക്കുന്ന ഒരു നേതാവായിരുന്നു. അഫ്ഗാനിസ്താനിൽ അതുവരെ ആധിപത്യം പുലർത്തിയിരുന്ന ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെയും ഇറാനിലെ സഫവി സാമ്രാജ്യത്തിന്റേയും അധഃപതനത്തെ ഫലപ്രദമായി മുതലെടുക്കാൻ സാധിച്ചതും മികച്ച പോരാളികളായ പഷ്തൂണുകളുടെ സൈന്യവുമായിരുന്നു അഹ്മദ് ഷായുടെ വിജയത്തിന്റെ പിന്നിലെ മുഖ്യഘടകങ്ങൾ[7].

ആദ്യ വർഷങ്ങൾ

1722-ൽ വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്തിലാണ് അഹ്മദ് ഖാൻ ജനിച്ചത്[7][8]. അബ്ദാലി പഷ്തൂണുകളുടെ പോപത്സൈ ഗോത്രത്തിലെ സദോസൈ വിഭാഗത്തിൽ നിന്നാണ് അഹ്മദ് ഖാൻ. 1720-കളോടടുപ്പിച്ച് ഹെറാത്തിലെ അബ്ദാലി പഷ്തൂണുകളുടെ നേതൃസ്ഥാനത്തെത്തിയ മുഹമ്മദ് സമാൻ ഖാന്റെ പുത്രനായിരുന്നു അഹ്മദ് ഖാൻ. മുഹമ്മദ് സമാൻ ഖാന്റെ കാലത്ത് ഹെറാത്തിലെ അബ്ദാലികൾ, ഇറാനിലെ സഫവികളിൽ നിന്നും സ്വാതന്ത്യം പ്രാപിച്ചിരുന്നു. 1722-നു മുൻപേ തന്നെ മുഹമ്മദ് സമാൻ ഖാന്‌ ഹെറാത്തിലെ അധികാരം നഷ്ടപ്പെട്ടിരുന്നു.

1720കളിൽ അഹ്മദ് ഖാന്റെ മൂത്ത സഹോദരൻ സുൾഫിക്കർ ഖാൻ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഫറായിലെ ഭരണാധികാരിയായിരുന്നു. 1726- നവംബറിൽ സഫവി ഷാ താഹ്മാസ്പ് രണ്ടാമന്റെ സൈന്യാധിപനായിരുന്ന നാദിർ ഖാൻ (നാദിർ ഷാ) 1729-ൽ അബ്ദാലികളെ പരാജയപ്പെടുത്തി. സുൾഫിക്കർ ഖാൻ തങ്ങളുടെ മുൻ ശത്രുവും ഹോതകി ഘൽജികളുടെ കന്ദഹാറിലെ നേതാവുമായിരുന്ന ഹുസൈൻ സുൽത്താനുമായി സഖ്യമുണ്ടാക്കി. ഇവർ ഹെറാത്തിൽ സഫവികളുടെ പ്രതിനിധിയായിരുന്ന അള്ളാ യാർ ഖാനെ തോൽപ്പിക്കുകയും മശ്‌ഹദിലേക്കെത്തുകയും ചെയ്തു. ഇതോടെ നാദിർ ഖാൻ പടനയിച്ച് മശ്‌ഹദിലെത്തി ഇവരെ പരാജയപ്പെടുത്തി. 1732-ൽ പത്തുമാസക്കാലത്തെ യുദ്ധത്തിനുശേഷം നാദിർഖാൻ, സുൾഫിക്കർ ഖാനെ ഹെറാത്തിൽ നിന്നും തുരത്തുകയും ചെയ്തു. ഇതോടെ ഹെറാത്ത് പൂർണ്ണമായും സഫവി നിയന്ത്രണത്തിലാകുകയും സുൾഫിക്കറിന് കന്ദഹാറിലേക്ക് പിൻ‌വാങ്ങേണ്ടതായും വന്നു. എന്നാൽ തിരിച്ചെത്തിയ സുൾഫിക്കറേയും അയാളുടെ ഇളയ സഹോദരൻ അഹ്മദ് ഖാനേയും സുൽത്താൻ ഹുസൈൻ കന്ദഹാറിൽ തടവുകാരനാക്കി[9].

1736-ൽ പേർഷ്യയിൽ ഷാ ആയി അധികാരത്തിലെത്തിയനാദിർ ഷാ 1738 മാർച്ച് 12-ന് കന്ദഹാർ പിടിച്ചടക്കി. കന്ദഹാറിന്റെ പതനം, തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ ഘൽജികളുടെ ആധിപത്യത്തിനും വിരാമമിട്ടു. നാദിർ ഷാ, കന്ദഹാർ മേഖലയിലെ ഹോതകി ഘൽജികളിൽ നിരവധി പേരെ ഖുറാസാനിലേക്ക് നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസിക്കാനനുവദിക്കുകയും ചെയ്തു. ഹോതകി ഘൽജികളുടെ നേതാവായിരുന്ന സുൽത്താൻ ഹുസൈനോടും സഹോദരൻ സുൾഫിക്കർ ഖാനോടുമൊപ്പം അഹ്മദ് ഖാനേയും നാദിർഷാ മസന്ദരാനിലേക്ക് നാടുകടത്തി[9][10] അഹ്മദ് ഖാനെ പിൽക്കാലത്ത് നാദിർ ഷാ മസന്ദരാനിലെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു[7].

നാദർ ഷായെ സേവിക്കുന്നു

അബ്ദാലിയുടെ ചെറുപ്പവും സൌന്ദര്യവും കാരണം നാദിർ ഷാ അബ്ദാലിയോട് വാത്സല്യം കാണിച്ചു. നാദിർ ഷാ അബ്ദാലിക്ക് ദുർ-ഇ-ദുറാൻ (മുത്തുകളുടെ മുത്ത്) എന്ന പദവി നൽകി[അവലംബം ആവശ്യമാണ്], ഇതിനാൽ അഹ്മദ് ഖാൻ അബ്ദാലി ഗോത്രത്തിന്റെ പേര് ദുര്രാനി ഗോത്രം എന്ന് മാറ്റി. നാദിർ ഷായുടെ സേവനത്തിൽ സ്വയം തെളിയിച്ച അഹ്മദ് ഖാനെ ഒരു സ്വകാര്യ സേവകൻ (യസാവൽ) എന്ന പദവിയിൽ നിന്നും അബ്ദാലി ഗോത്ര അംഗങ്ങളുടെ ഒരു കുതിരപ്പടയുടെ അധിപനായി നിയമിച്ചു. സൈനിക ശ്രേണിയിൽ പെട്ടെന്ന് ഉയർന്ന അഹ്മദ് നാദിർ ഷാ ഇന്ത്യ ആക്രമിച്ചപ്പോൾ, പ്രധാനമായും അബ്ദാലികൾ ഉൾപ്പെട്ട നാലായിരം വരുന്ന ഒരു കുതിരപ്പടയുടെ തലവനായി.[11].

ബുദ്ധിമാനും എന്നാൽ അധികാരമത്തനുമായ നാദിർ ഷായ്ക്ക് തന്റെ യുവ സേനാനായകന്റെ കഴിവുകൾ കാണാൻ കഴിഞ്ഞു എന്ന് ഐതിഹ്യങ്ങൾ പറയുന്നു. ഒരു പസ്തൂൺ ഐതിഹ്യമനുസരിച്ച്, പിന്നീട് ദില്ലിയിൽ നാദിർ ഷാ അഹ്മദ് ഖാൻ അബ്ദാലിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു. "മുന്നോട്ടു വരൂ അഹ്മദ് അബ്ദാലി. ഓർക്കൂ, അഹ്മദ് ഖാൻ അബ്ദാലി, എനിക്കു ശേഷം രാജഭരണം നിന്നിലേയ്ക്ക് മാറും. പക്ഷേ നീ നാദർ ഷായുടെ പിൻഗാമികളോട് കരുണയോടെ പെരുമാറണം." ഇതിന് യുവാവായ അഹ്മദ് ഷായുടെ മറുപടി ഇങ്ങനെയായിരുന്നു. "ഞാൻ താങ്കൾക്കുവേണ്ടി ബലികൊടുക്കപ്പെടട്ടെ. മഹാരാജാവ് എന്നെ വെട്ടിവീഴ്ത്താൻ താല്പര്യപ്പെട്ടാൽ ഞാൻ താങ്കളുടെ ആജ്ഞാനുവർത്തിയാണ്. ഇത്തരം വാക്കുകൾ പറയേണ്ട ഒരു കാരണവുമില്ല!".[12]

നാദിർ ഷായുടെ കൊലപാതകം

നാദിർഷായുടെ മരണസമയത്ത് പേർഷ്യൻ സൈന്യത്തിലെ അബ്ദാലി പഷ്തൂൺ വിഭാഗത്തിന്റെ സേനാനായകനുമായിരുന്നു അഹമ്മദ് ഖാൻ[7]. നാദിർ ഷാ 1747 ജൂണിൽ കൊല്ലപ്പെടുമ്പോൾ, ഈ കൊലപാതകത്തിൽ ഉൾപ്പെട്ട തുർക്കോമൻ കാവൽക്കാർ, അബ്ദാലികൾ നാദിർഷായുടെ രക്ഷയ്ക്കു വരാതിരിക്കാനായി വളരെ രഹസ്യമായി ആണ് കൊല നടത്തിയത്. എന്നാൽ അഹ്മദ് ഖാനിനോട് പറഞ്ഞത് നാദിർ ഷായുടെ ഭാര്യമാരിലൊരാൾ ആണ് നാദിർ ഷായെ കൊന്നത് എന്നാണ്. ആക്രമിക്കപ്പെടും എന്ന അപകടം ഉണ്ടായിരുന്നിട്ടും അഹ്മദ് ഖാനിന്റെ നേതൃത്വത്തിൽ അബ്ദാലി വിഭാഗം നാദിർ ഷായെ രക്ഷിക്കുന്നതിനോ നടന്ന സംഭവം സ്ഥിരീകരിക്കുന്നതിനോ പാഞ്ഞെത്തി. രാജാവിന്റെ പാളയത്തിലെത്തിയ അവർക്ക് നാദിർ ഷായുടെ ശരീരവും മുറിച്ചുമാറ്റിയ തലയും മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. നാദിർ ഷായെ വിശ്വസ്തതയോടെ സേവിച്ചിരുന്ന അബ്ദാലികൾ തങ്ങളുടെ നേതാവിനെ സംരക്ഷിക്കാൻ പരാജയപ്പെട്ടതിൽ കരഞ്ഞുകൊണ്ട്[13] കാണ്ടഹാറിലേക്ക് തിരിച്ചുപോയി. പേർഷ്യൻ സൈന്യത്തിൽ ഒറ്റപ്പെട്ട അഹ്മദ് ഷാ, ജീവരക്ഷാർത്ഥം കന്ദഹാറിലേക്ക് തന്റെ 4000-ത്തോളം വരുന്ന സൈനികരുമായി രക്ഷപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വ്യാപാരസംഘത്തെ കൊള്ളയടിച്ചതിലൂടെ ഇവരുടെ ധനസ്ഥിതിയും മെച്ചപ്പെട്ടു. കുറച്ചുകാലങ്ങൾക്കകം അഹ്മദ് ഖാന്റെ നേതൃത്വത്തിൽ ഇവർ മികച്ച ഒരു സൈന്യമായി രൂപാന്തരപ്പെട്ടു[7].

കാണ്ടഹാറിലേക്കുള്ള വഴിയിൽ അബ്ദാലികൾ അഹ്മദ് ഖാൻ തങ്ങളുടെ പുതിയ നേതാവായിരിക്കും എന്ന് തീരുമാനിക്കുകയും അദ്ദേഹത്തെ അഹ്മദ് ഷാ എന്ന് വിളിച്ചുതുടങ്ങുകയും ചെയ്തു.[10]

അധികാരത്തിലേക്ക്

നാദിർഷായുടെ മരണം, അബ്ദാലികളും ഘൽജികളുമടങ്ങുന്ന പഷ്തൂണുകൾക്ക് പേർഷ്യൻ നിയന്ത്രണത്തിൽ നിന്നും മോചനം നേടാൻ സഹായകരമായി. പേർഷ്യക്കാർക്കു മുൻപിൽ കന്ദഹാറിന്റെ പതനത്തിനു ശേഷം ഘൽജികളുടെ ശക്തി ക്ഷയിച്ചിരുന്നതിനാൽ ഇത്തവണ അബ്ദാലികളാണ് പഷ്തൂൺ വംശജരുടെ നേതൃത്വം ഏറ്റെടുത്തത്. തന്റെ സൈന്യബലം കൊണ്ടും സാദോസായ് പാരമ്പര്യം കൊണ്ടും അഹ്മദ് ഖാൻ പഷ്തൂണുകൾക്കിടയിൽ നേതൃസ്ഥാനത്തെത്തി[7].

ഇതേ വർഷം (1747 ഒക്ടോബറിൽ‍) അബ്ദാലി ഗോത്രത്തലവന്മാർ കന്ദഹാറിന് പടിഞ്ഞാറുള്ള കുഷ്ഖ് ഇനാഖുദിലെ, ഷേഖ് സുർഖിന്റെ ശവകുടീരത്തിനടുത്ത്[7] അവരുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഒരു ലോയ ജിർഗ കൂടി. ഒൻപതു ദിവസത്തേക്ക് അർഗയിൽ സ്ഥാനാർത്ഥികൾ തമ്മിൽ ഗൗരവമായ ചർച്ചകൾ നടന്നു. അഹ്മദ് ഷാ തനിക്കുവേണ്ടി പ്രചരണം നടത്താതെ നിശ്ശബ്ദനായിരുന്നു. അവസാനം ഒരു മത നേതാവായ സബീർ ഷാ തന്റെ കൂടാരത്തിൽ നിന്നും പുറത്തുവന്ന് ജിർഗയുടെ മുന്നിൽ നിന്ന് പറഞ്ഞു. "താൻ അഹ്മദ് ഷായെ ഒഴിച്ച് മറ്റാരെയും നേതൃത്വത്തിന് യോഗ്യനായി കണ്ടില്ല. ഈ സ്ഥാനത്തിന് ഏറ്റവും കഴിവുറ്റവനും വിശ്വസ്തനും അഹ്മദ് ഷാ ആണ്. അദ്ദേഹത്തിന്റെ തോളുകൾക്കു മാത്രമേ ഈ ഉത്തരവാദിത്തം ചുമക്കാൻ കഴിയൂ എന്നതുകൊണ്ട് അഹ്മദ് ഷായ്ക്ക് സബീറിന്റെ ആശീർവാദമുണ്ട്". ഗോത്രത്തലവന്മാർ ഐക്യകണ്ഠേന ഇത് സമ്മതിച്ചു. ഗോത്രങ്ങളെ നയിക്കാനായി അഹ്മദ് ഷായെ തിരഞ്ഞെടുത്തു. 1747 ഒക്ടോബറിൽ നാദിർ അബദ് കോട്ടയുടെ പാർശ്വത്തിൽ ഷെയ്ഖ് സൂർഖിന്റെ ശവകുടീരത്തിനടുത്തുവെച്ച് രാജാവായി അഹ്മദ് ഷായുടെ കിരീട ധാരണം നടക്കുകയും ഇത് മുദ്രണം ചെയ്ത് നാണയങ്ങൾ അച്ചടിക്കുകയും ചെയ്തു.

മറ്റ് സ്ഥാനാർത്ഥികളെക്കാളും ചെറുപ്പമായിരുന്നെങ്കിലും, തനിക്ക് അനുകൂലമായി അഹ്മദ് ഷാ അബ്ദാലിയ്ക്ക് പല പ്രധാന ഘടകങ്ങളുമുണ്ടായിരുന്നു.

  • അന്നത്തെ കാലത്തെ പഷ്തൂണുകൾക്കിടയിൽ ഏറ്റവും പ്രബല ഗോത്രമായ സദോസായി ഗോത്രത്തിന്റെ പിതാമഹനായ സാദോയുടെ നേരിട്ടുള്ള വംശജനായിരുന്നു അഹ്മദ് ഷാ അബ്ദാലി.
  • വ്യക്തിപ്രഭാവമുള്ള നേതാവും തഴക്കമുള്ള യോദ്ധാവുമായ അഹ്മദ് ഷാ അബ്ദാലിയുടെ കീഴിൽ പരിശീലിതരായ ആയിരക്കണക്കിന് കുതിരപ്പടയാളികളുണ്ടായിരുന്നു.
  • നാദിർ ഷായുടെ രാജ്യത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അവകാശിയായിരുന്നു അഹ്മദ് ഷാ അബ്ദാലി.
  • സാദോസായ് വിഭാഗക്കാരുടെ പ്രധാന എതിരാളികളായ ബാരക്സായ് വംശത്തിലെ മുഹമ്മദ് സായ് വിഭാഗത്തിന്റെ തലവനായ ഹാജി അജ്മൽ ഖാൻ (ജീവിതകാലം:1719-70/71) തിരഞ്ഞെടുപ്പിൽ നിന്നും മുന്നേ പിന്മാറിയിരുന്നു. [10]

അഹ്മദ് ഷായുടെ ആദ്യ പ്രവർത്തികളിലൊന്ന് ദുർ-ഇ-ദുറാനി എന്ന പദവി സ്വീകരിക്കുകയായിരുന്നു. നാദിർഷാ എപ്പോഴും അഹ്മദ് ഷാ അബ്ദാലിയെ ഈ പദവി ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതുകൊണ്ടാണ് ആദ്യ പ്രവൃത്തിയായി ഈ പദവി സ്വീകരിച്ചത്[അവലംബം ആവശ്യമാണ്]. പിൽക്കാലത്ത് അബ്ദാലി പഷ്തൂണുകൾ അവരുടെ വംശത്തിന്റെ പേര് തന്നെ ദുറാനി എന്ന് മാറ്റുകയും ചെയ്തു. മുഹമ്മദ്സായ് നേതാവായിരുന്ന ഹജ്ജി ജമാൽ ഖാൻ ഇക്കാലത്ത് ഷായുടെ ഉപദേഷ്ടാവായും നിയമിക്കപ്പെട്ടു[7].

പടയോട്ടങ്ങൾ

നാദിർഷായുടെ പിങാമിയായി സ്വയം കരുതിയ അഹ്മദ് ഷാ, തന്റെ മുൻഗാമിയെപ്പോലെ, താജിക്കുകൾ, ഖിസിബാഷുകൾ, യൂസഫായികൾ എന്നിവർ പ്രധാനമായും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സൈന്യത്തെ രൂപവത്കരിച്ചു. [10]

കിഴക്കോട്ടുള്ള ആക്രമണങ്ങൾ

അധികാരമേറ്റ അതേ വർഷം (1747) ഡിസംബറീൽ അഹ്മദ് ഷാ കന്ദഹാറിൽ നിന്ന് കിഴക്കോട്ട് യാത്രയായി. അഹ്മദ് ഷാ തന്റെ സൈനിക വിജയങ്ങൾ തുടങ്ങിയത് ഘിൽസായി പഷ്തൂണുകളിൽ നിന്നും ഗസ്നി പിടിച്ചടക്കിക്കൊണ്ടായിരുന്നു. പിന്നാലെ ഒരു തദ്ദേശീയ ഭരണാധികാരിയിൽ നിന്നും കാബൂൾ പിടിച്ചടക്കി,[7] കാബൂൾ പിടിക്കാനൊരുങ്ങിയപ്പോൾ, നാദിർഷാ ഏർപ്പെടുത്തിയിരുന്ന ഖ്വിസിൽബാഷുകളുടെ നേരിയ പ്രതിരോധം നേരിടേണ്ടി വന്നിരുന്നു.[14] പിന്നീട് പെഷവാറും കീഴടക്കിയ അദ്ദേഹം കിഴക്കേ ഖോറാസാനിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും) തന്റെ ആധിപത്യം ശക്തമാക്കി. വിവിധ അഫ്ഗാൻ ഗോത്രങ്ങളുടെ നേതൃത്വം പ്രധാനമായും ഗോത്രത്തിന് ധനം (കൊള്ളമുതൽ) നൽകുന്നതിനുള്ള നേതാക്കളുടെ കഴിവിനെ ആശ്രയിച്ചിരുന്നു, തന്റെ അനുയായികൾക്ക് കൊള്ളമുതലും ഭൂപ്രദേശവും നൽകുക വഴി അഹ്മദ് ഷാ ഇതിൽ വളരെ വിജയിച്ചു.

കിരീടധാരണത്തിന് ഒരു വർഷത്തിനുശേഷം, 1748-ൽ ആണ് അഹ്മദ് ഷാ ആദ്യമായി സിന്ധു നദി മുറിച്ചുകടക്കുന്നത്. അഹമദ് ഷായുടെ 30,000-ത്തോളം വരുന്ന കുതിരപ്പട തുടർന്ന് പഞ്ചാബിന്റെ തലസ്ഥാനമായിരുന്ന ലഹോറും പിടിച്ചെടുത്തു. ലഹോറിൽ നിന്നും ഇവർ ദില്ലിയിലേക്ക് നീങ്ങിയെങ്കിലും 1748 മാർച്ച് 11-ന് ദില്ലിക്കടുത്തുള്ള മാനുപൂറിൽ വച്ച് മുഗൾ സൈന്യം ഇവരെ പരാജയപ്പെടുത്തി. ഇതേ സമയം ആസ്ഥാനമായിരുന്ന കന്ദഹാറിൽ ഒരുകലാപം പൊട്ടിപ്പുറപ്പെട്ടു. ഉടൻ തന്നെ കന്ദഹാറിലേക്ക് തിരിച്ച് ഷാ, അവിടത്തെ കലാപം അടിച്ചമർത്തുകയും തന്റെ ഒരു മകനടക്കമുള്ള വിമതനേതാക്കളെയെല്ലാം വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. 1749-ന്റെ രണ്ടാം പകുതിയിൽ അഹമ്മദ് ഷാ ദുറാനി ലഹോറിൽ വീണ്ടുമെത്തി അധികാരം സ്ഥാപിച്ചു. തുടർന്ന് സിന്ധുവിന്റെ വലത്തേ തീരത്തുള്ള ദേര ഇസ്മാഈൽ ഖാൻ, ദേര ഘാസി ഖാൻ എന്നീ പട്ടണങ്ങളിലെ പഷ്തൂൺ നേതാക്കളെ തന്റെ അധീനതയിലാക്കി. ബലൂചിസ്താനിലെ കലാട്ടിലെ ബ്രഹൂയി ഖാനേയും തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചു. തുടർന്ന് കന്ദഹാറിലെ ഒരു കലാപം അടിച്ചമർത്തി, പടിഞ്ഞാറോട്ട് തന്റെ ശ്രദ്ധ തിരിച്ചു[7].

അടുത്ത വർഷം (1749-ൽ) മുഗൾ ഭരണാധികാരി സിന്ധും, സിന്ധു നദി ഉൾപ്പെട്ട പഞ്ചാബ് പ്രദേശം മുഴുവനും അഹ്മദ് ഷായ്ക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതനായി, തന്റെ തലസ്ഥാനത്തെ അഹ്മദ് ഷാ ആക്രമിക്കാതിരിക്കുന്നതിനായിരുന്നു ഈ പ്രവർത്തി.

പടിഞ്ഞാറൻ ആക്രമണങ്ങൾ

ഇങ്ങനെ ഒരു യുദ്ധം കൂടാതെതന്നെ കിഴക്ക് വലിയ അളവ് ഭൂവിഭാഗങ്ങൾ പിടിച്ചെടുത്തതിനു ശേഷം അഹ്മദ് ഷാ പടിഞ്ഞാറോട്ട് ശ്രദ്ധതിരിച്ച് ഹെറാത്ത് ആക്രമിച്ചു. നാദിർ ഷായുടെ പൗത്രനായിരുന്ന മിർസ ഷാ രൂഖ് ആയിരുന്നു ഇക്കാലത്ത് മശ്‌ഹദ് ഭരിച്ചിരുന്നത്. ഹെറാത്ത് അടക്കം ഖുറാസാന്റെ മിക്കവാറും പ്രദേശങ്ങളും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു.[7] 14 മാസത്തെ യുദ്ധത്തിനു ശേഷം 1750-ൽ ഹെറാത്ത് നഗരം അഹ്മദ് ഷായുടെ നിയന്ത്രണത്തിലായി.[14]

ഇതിനു പിന്നാലെ മിർസ ഷാരൂഖിന്റെ ആസ്ഥാനമായ മശ്‌ഹദിലേക്ക് പടനയിച്ചു. ആദ്യവട്ടം അഹമ്മദ് ഷാക്ക് മശ്‌ഹദ് പിടിക്കാനായെങ്കിലും നിഷാപൂർ പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. എന്നാൽ ഒരു വർഷത്തിനു ശേഷം 1751-ൽ ഇതിൽ വിജയം വരിക്കുകയും ചെയ്തു[൧]. ഇതോടെ അഹ്മദ് ഷായുടെ മേൽകോയ്മ അംഗീകരിച്ച മിർസ ഷാ രൂഖ്, ഖുറാസാനിലെ ഭരണകർത്താവായി തുടർന്നു. നാദിർ ഷാ, മുഗളരിൽ നിന്നും കൊള്ളയടിച്ച കോഹിനൂർ രത്നം, ഷാ രൂഖ്, അഹ്മദ്ഷാക്ക് കൈമാറി.

വടക്കൻ അഫ്ഗാനിസ്താനിലെ തുർക്ക്മെൻ, ഉസ്ബെക്, താജിക് വിഭാഗക്കാരെ അഹ്മദ് ഷായുടെ സൈന്യം തോൽപ്പിക്കുകയും വടക്കൻ അഫ്ഗാനിസ്താനിലെ മൈമാൻ, ബാൾഖ്, ഖുന്ദുസ്, ബദാഖ്ശാൻ എന്നിവ പിടിച്ചെടുത്ത് അഹ്മദ് ഷാ സ്വന്തം സാമ്രാജ്യത്തോട് ചേർത്തു. ഇക്കാലത്ത് ബാമിയാനിലെ ഹസാരകളും അഹ്മദ്ഷായുടെ മേൽക്കോയ്മ അംഗീകരിച്ചു. ഇതോടെ സിന്ധുവിനും അമു ദര്യക്കും ഇടയിലുള്ള പ്രദേശങ്ങൾ മുഴുവൻ അഹ്മദ് ഷായുടെ കീഴിലായി.

അഹ്മദ് ഷാ വീണ്ടും പടിഞ്ഞാറേക്ക് സൈന്യത്തെ നയിച്ചെങ്കിലും കാസ്പിയൻ കടലിന്റെ തൊട്ടു കിഴക്കായുള്ള ഗുർഗാൻ നഗരത്തിനടുത്തുവച്ച് ഇറാനിയർ ഇവരെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് തന്റെ പടീഞ്ഞാറേക്കുള്ള അധിനിവേശശ്രമങ്ങൾ അവസാനിപ്പിച്ച് തുടർന്നുള്ള 20 വർഷക്കാലം ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചു[7].

ഇന്ത്യയിലേക്ക്

ദുറാനി സാമ്രാജ്യത്തിന്റെ അഫ്ഗാൻ രാജഭടന്മാർ

പടിഞ്ഞാറൻ ദിശയിലെ ആക്രമണങ്ങൾ പൂർത്തിയാക്കി അഹ്മദ് ഷാ പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് നീങ്ങി. 1751 ഡിസംബറിൽ, അഹ്മദ് ഷാ ഇന്ത്യയിലേക്കെത്തി. ഇതേ സമയം സിഖുകാർ ലാഹോർ നഗരം പിടിച്ചടക്കിയിരുന്നു. ഇക്കാലത്ത് പഞ്ചാബിൽ അഹമദ് ഷാ പിടിച്ചെടൂത്ത പ്രദേശങ്ങളിലെ ഭരണകർത്താവ് മുഗളരുടെ പക്ഷം ചേർന്നിരുന്നു. അഹ്മദ് ഷായുടെ സൈന്യം ഇയാളെ പരാജയപ്പെടുത്തുകയും സ്വന്തം പക്ഷത്തേക്ക് ചേർക്കുകയും ചെയ്തു. ഇതേ സമയം മുഗൾ ചക്രവർത്തി പഞ്ചാബിലെ അഫ്ഗാൻ നിയന്ത്രണം അംഗീകരിച്ചു. 1752-ൽ അഹ്മദ് ഷാ കാശ്മീർ ആക്രമിച്ച് നിലം‌പരിശാക്കി.

1756 ആയപ്പോഴേക്കും മുഗളർ വീണ്ടും പഞ്ചാബിന്റെ പല പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി. ഇതിന്റെത്തുടർന്ന് അഹ്മദ് ഷാ വീണ്ടും ഉപഭൂഖണ്ഡത്തിലെത്തുകയും 1756 ഡിസംബറിൽ ലാഹോർ പിടിച്ചടക്കി. 1757 ജനുവരിയിൽ ദില്ലിയും പിടിച്ചടക്കി. ദില്ലി, ആഗ്ര, മഥുര എന്നീ നഗരങ്ങൾ കൊള്ളയടിച്ചു. ഇതേ സമയം അഹ്മദ് ഷായുടെ മകൻ തിമൂർ, അമൃത്സറും കൊള്ളയടിച്ചു. ഇതിനെത്തുടർന്ന് പഞ്ചാബിലേയും സിന്ധിലേയും കശ്മീരിലേയും അഫ്ഗാൻ ആധിപത്യത്തെ മുഗളർ അംഗീകരിച്ചു[7].

എന്നാൽ അദ്ദേഹം മുഗൾ രാജവംശത്തെ സ്ഥാനഭ്രഷ്ടരാക്കിയില്ല. പഞ്ചാബ്, സിന്ധ്, കശ്മീർ എന്നിവിടങ്ങളിൽ അഹ്മദ് ഷായുടെ ആധിപത്യം അംഗീകരിക്കുന്നിടത്തോളം മുഗൾ രാജാക്കന്മാർക്ക് നാമമാത്രമായ അധികാരം ഉണ്ടായിരുന്നു. ഒരു പാവ ചക്രവർത്തിയായി അലംഗീർ രണ്ടാമനെ മുഗൾ സിംഹാസനത്തിൽ അഹ്മദ് ഷാ അവരോധിച്ചു.

ഇതോടൊപ്പം ആലംഗീർ രണ്ടാമന്റെ മകളെ തിമൂറും, മുൻ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെ മകളെ അഹ്മദ് ഷാ ദുറാനിയും വിവാഹം ചെയ്തു[7]. അഹ്മദ് ഷാ സിന്ധുവിന് കിഴക്ക് ഒരു പ്രവിശ്യ രൂപീകരിക്കുകയും അവിടെ മകൻ തിമൂറിനെ ഭരണമേൽപ്പിക്കുകയും ചെയ്തു.[14]

തുടർന്ന് ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച അഹ്മദ് ഷാ, തിരിച്ചുപോകുംവഴി അമൃത്സറിലെ സുവർണ്ണക്ഷേത്രം ആക്രമിച്ചു[അവലംബം ആവശ്യമാണ്], സരോവർ (ക്ഷേത്രത്തിലെ വിശുദ്ധ കുളം) കൊലചെയ്യപ്പെട്ട മനുഷ്യരുടെയും പശുക്കളുടെയും രക്തം കൊണ്ട് നിറച്ചു. അഹ്മദ് ഷാ 1757-ൽ അമൃത്സർ പിടിച്ചടക്കി, ഹർമന്ദിർ സാഹിബ് (പൊതുവായി സുവർണ്ണക്ഷേത്രം എന്ന് അറിയപ്പെടുന്നു) ആക്രമിച്ചത് സിഖുകാരും അഫ്ഗാനികളും തമ്മിൽ വളരെക്കാലം നീണ്ടുനിൽക്കുന്ന ശത്രുതയുടെ തുടക്കമായിരുന്നു.[15]

മൂന്നാം പാനിപ്പത്ത് യുദ്ധം

അഹ്മദ് ഷാ കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനായ തിമൂറിനെ സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി.മറാഠകളുടേയും സിഖുകളുടേയും സഖ്യസേന ലാഹോറിൽ നിന്നും അഫ്ഗാനികളെ തുരത്തി. തുടർന്ന് മറാഠകൾ പെഷവാറും അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി[7].

മറാഠർക്കെതിരെ പോരാടുന്നതിന് അഹ്മദ് ഷാ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. ബലൂചികൾ, താജിക്കുകൾ, ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരേയും തന്റെ കൂട്ടത്തിൽ അണിചേർത്തു. 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോർ എത്തി, മറാഠരെ നേരിടാൻ സജ്ജരായി നിന്നു. 1747-ൽ അധികാരമേറ്റതിനു ശേഷം അഹ്മദ് ഷായുടെ നാലാമത്തെ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണം ഏറ്റവും പ്രധാന്യമേറിയതും ഏറ്റവുമധികം കാലം നീണ്ടുനിന്നതുമായിരുന്നു. 1761 ജനുവരിയിൽ നടന്ന യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം കൈവരിക്കാനായി. ഈ യുദ്ധം മൂന്നാം പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്നു.

സിഖുകാരുമായുള്ള പിൽക്കാലയുദ്ധങ്ങൾ

മൂന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം ശേഷം അഹമ്മദ് ഷാ വീണ്ടും കന്ദഹാറിലേക്ക് മടങ്ങി. എങ്കിലും സിഖുകാർ വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു.1762-നും 67-നുമിടക്ക് മൂന്നു വട്ടം, അഹ്മദ് ഷാ ഇന്ത്യയിലേക്ക് ആക്രമണം നടത്തി. 1762-ൽ ലാഹോർ തിരിച്ചു പിടിച്ച് ഷാ, സിഖുകാരെ പരാജ്യപ്പെടുത്തുകയും അമൃത്സർ പട്ടണം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീടും 1764-ലും 1766-67-ലും ഇന്ത്യയിലെത്തി സിഖുകാരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നു.[7].കശ്മീരും കൈയടക്കിയതോടെ, അഹ്മദ് ഷായുടെ സാമ്രാജ്യം, ആട്രെക് നദി മുതൽ ദില്ലി വരെയും തിബറ്റൻ അതിർത്തി മുതൽ അറബിക്കടൽ വരെയും വിസ്തൃതമായി. എന്നാൽ കന്ദഹാറിൽ നിന്ന് വിദൂരമായ ദില്ലി നിയന്ത്രിക്കാൻ സാധിക്കില്ലെന്നതിനാൽ, ദില്ലിയിലെ മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമനെ 1761-ൽത്തന്നെ അഹ്മദ് ഷാ അംഗീകരിച്ചു. 1767-ൽ മദ്ധ്യ പഞ്ചാബ്, സിഖുകാരുടെ നിയന്ത്രണത്തിൽ വിട്ട്, തന്റെ നിയന്ത്രണം വടക്കൻ പഞ്ചാബിലെ പെഷവാർ വരെ ചുരുക്കി.[14] 1767-ലെ വേനൽക്കാലത്ത് കന്ദഹാറിലേക്ക് മടങ്ങിക്കൊണ്ട് അഹ്മദ് ഷാ തന്റെ സുദീർഘമായ ഇന്ത്യൻ അധിനിവേശത്തിന് വിരാമമിട്ടു[7].

കിഴക്കൻ തുർക്കിസ്ഥാനും ഉയ്ഘറുകളും

ക്വിങ്ങ് രാജവംശത്തിന്റെ യുദ്ധനീക്കങ്ങൾ കൊണ്ട് കഷ്ടതയിലായ ഉയ്ഘറുകളുടെ അവസ്ഥകണ്ട് അഹ്മദ് ഷാ മുസ്ലീം രാജ്യങ്ങളെ അണിനിരത്തി ക്വിങ്ങ് രാജ്യ വികസനത്തെ ചെറുക്കാൻ ശ്രമിച്ചു.[16] അഹ്മദ് ഷാ ക്വിങ്ങ് ചൈനയുമായുള്ള വ്യാപാരം നിർത്തുകയും കോകണ്ടിലേക്ക് സൈന്യത്തെ അയക്കുകയും ചെയ്തു.[17] എന്നാൽ, ഇന്ത്യയിലെ ആക്രമണങ്ങൾ അഹ്മദ് ഷായുടെ ഖജനാവ് കാലിയാക്കി, അഹ്മദ് ഷായുടെ സൈന്യം മദ്ധ്യേഷ്യയിലെമ്പാടും വ്യാപിച്ചുകിടന്നതുകൊണ്ട് ക്വിങ്ങ് ശക്തികളെ ചെറുക്കാൻ വേണ്ട സൈന്യങ്ങൾ അഹ്മദ് ഷായ്ക്ക് ഇല്ലായിരുന്നു. കിഴക്കേ തുർക്കിസ്ഥാനിലെ ഉയ്ഘറുകളുടെ അവസ്ഥ പരിഹരിക്കുന്നതിനായി അഹ്മദ് ഷാ ബീജിങ്ങിലേക്ക് ദൂതരെ അയച്ചു, പക്ഷേ സംഭാഷണങ്ങൾ ഉയ്ഘറുകൾക്ക് അനുകൂലമായ ഭലം ഉണ്ടാക്കിയില്ല.

പേർഷ്യൻ ഉസ്ബെക് വെല്ലുവിളികൾ

1760-കളിൽ അഹ്മദ് ഷാ ഇന്ത്യയിൽ ആക്രമണങ്ങൾ നടത്തുന്ന കാലത്ത്, ഖുറാസാനിൽ പേർഷ്യക്കാർ അഫ്ഗാനികൾക്കെതിരെ ഒരു ശക്തിയായി ഉയർന്നു വന്നു എങ്കിലും മശ്‌ഹദിനടുത്ത് വച്ച് നടന്ന യുദ്ധത്തിൽ അഹമ്മദ് ഷായുടെ മകൻ തിമൂറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാനികൾ പേർഷ്യക്കാരെ പരാജയപ്പെടുത്തി മശ്‌ഹദ് നഗരം അധീനതയിലാക്കി. ഈ സമയം മറ്റൊരു അഫ്ഗാൻ സേന തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീങ്ങി, മദ്ധ്യ ഇറാനിലെ താബസ് നഗരവും കൈപ്പിടിയിലാക്കി. പരാജയം സമ്മതിച്ച ഖുറാസാനിലെ ഷാ രൂഖ്, തന്റെ മകളെ തിമൂറീന് വിവാഹം ചെയ്തുകൊടുത്ത് സന്ധി ചെയ്തു.

ബുഖാറ അമീറത്തിലെ ഉസ്ബെക്കുകൾ ഇക്കാലത്ത് അഫ്ഗാനിസ്താന്റെ വടക്കൻ ഭാഗങ്ങളിൽ അവകാശം ഉന്നയിച്ചെങ്കിലും പഷ്തൂണുകളുമായി സന്ധിയിലെത്തിയ അവർ, അമു ദര്യയെ അതിരായി അംഗീകരിച്ചു. ഈ കരാർ പ്രകാരം ബുഖാറയുടെ അമീർ, ഖിർഖ്വാ-യി മുബാറകാ എന്നറിയപ്പെടുന്ന മുഹമ്മദ് നബിയുടെ മേലങ്കിയുടെ ഒരു കഷണം അഹമ്മദ് ഷാക്ക് സമ്മാനിച്ചു. കന്ദഹാറിലെ അഹമ്മദ് ഷായുടെ ശവകുടീരത്തിനടുത്ത് പ്രത്യേകമായി പണിതീർത്ത പള്ളിയിൽ ഈ വിശിഷ്ടവസ്തു സൂക്ഷിച്ചിട്ടുണ്ട്[7].

അന്ത്യം

മുഖത്ത് അർബുധം ബാധിച്ചതിനെത്തുടർന്നാണ് 1772-ഓടെ തന്റെ പടയോട്ടങ്ങൾ നിർത്തി വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങിയത്. തുടർന്ന് ഭരണം, തന്റെ രണ്ടാമത്തെ പുത്രൻ തിമൂർ ഷായെ ഏൽപ്പിച്ച്, സുലൈമാൻ മലയിലെ ഒരു കോട്ടയിൽ അദ്ദേഹം, പിൽക്കാലജീവിതം കഴിച്ചുകൂട്ടി.[14] 1773 ജൂൺ മാസം കന്ദഹാറിന് കിഴക്കുള്ള അചാക്സായ് തോബ കുന്നിലെ മുർഘായിൽ വച്ച് അഹമ്മദ് ഷാ ദുറാനി മരണമടഞ്ഞു. കന്ദഹാറിലെ കോട്ടക്ക് എതിർവശമുള്ള അഷ്ടഭുജാകൃതിയിലുള്ള ശവകുടീരം ഇദ്ദേഹത്തിന്റേതാണ്. ഖിർഖ്വാ-യി മുബാരക സൂക്ഷിച്ചിരിക്കുന്ന മോസ്കും ഇതിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. 1979 വരെയെങ്കിലും രാജാവിന്റെ കിരീടവും ചെങ്കോലും ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്.[7]

ഭരണനടപടികൾ

അഹമ്മദ് ഷാ, ഭരണത്തിലെ പ്രധാന തസ്തികകളിലെല്ലാം തന്റെ വംശത്തിലെ (അബ്ദാലി/ദുറാനി) ആളുകളെ നിയമിച്ചു. ഇതിനു പുറമേ തന്റെ സൈന്യത്തിലേക്ക് കുതിരപ്പടയാളികളെ നൽകുന്നതിന് പ്രതിഫലമായി ദുറാനികൾക്ക് കന്ദഹാർ പ്രദേശത്ത് ഭൂമിയും നൽകി. അങ്ങനെ കന്ദഹാർ മേഖലയിലെ ആദ്യകാലനിവാസികൾക്ക് ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായി വരുകയും കന്ദഹാറിൽ ദുറാനികൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ കന്ദഹാറിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ദുറാനി കുടുംബങ്ങളുണ്ടായിരുന്നു എന്നാണ് കണക്ക്. ഇവിടെ നിന്ന് 6000-ത്തോളം കുതിരപ്പടയാളികൾ അഹമ്മദ് ഷായുടെ സൈന്യത്തിലുണ്ടായിരുന്നു.

ഭരണത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് സഹായിക്കുന്നതിനായി ഒമ്പത് പേരടങ്ങുന്ന ഒരു ഉപദേശകസമിതിയേയും അഹമ്മദ് ഷാ നിയോഗിച്ചിരുന്നു. ഇതിൽ ഏഴുപേർ ദുറാനികളും രണ്ടു പേർ ഘൽജികളുമായിരുന്നു.

പുരാതന കന്ദഹാർ നഗരത്തിന് ഏതാണ്ട് 5 കിലോമീറ്റർ കിഴക്കും പഴയ് പേർഷ്യൻ സൈനികകേന്ദ്രത്തിന് തൊട്ടുവടക്കുമായി പുതിയ കന്ദഹാർ നഗരം അഹമ്മദ് ഷാ സ്ഥാപിച്ചു. അതുകൊണ്ട് ഈ നഗരം അഹമ്മദ് ശാഹി എന്നും അറിയപ്പെടുന്നു. നഗരത്തിന്റെ മഹിമ വർദ്ധിപ്പിക്കുന്നതിന് ഇവിടെ ഒരു പുതിയ പള്ളി പണിത്, ഖിർഖ്വാ-യി മുബാറകാ എന്ന മുഹമ്മദ് നബിയുടെ മേലങ്കിക്കഷണം ഇതിൽ സ്ഥാപിച്ചു[7].

വരുമാനം

അഹമ്മദ് ഷാക്ക് തന്റെ വംശീയരായ പഷ്തൂണുകളിൽ നിന്ന് കരം ഈടാക്കാൻ സാധിക്കാത്തതിനാൽ ധനത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ദുറാനികളുടെ വരുമാനത്തിന്റെ സിംഹഭാഗവും സിന്ധൂനദിയുടെ തീരത്തുള്ള പ്രവിശ്യകളിൽ നിന്നും കശ്മീരിൽ നിന്നുമായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗം തനിക്ക് പോരാളികളെത്തന്നപ്പോൾ, കിഴക്കുഭാഗത്തുനിന്ന് ധനം ലഭിച്ചു എന്ന് അഹമ്മദ് ഷാ തന്നെ പറഞ്ഞതായിപ്പറയുന്നു. താൻ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണം, അഹമ്മദ് ഷാ നേരിട്ട് നടത്തിയിരുന്നില്ല. മറിച്ച് തദ്ദേശീയരെ ഭരിക്കാൻ വിടുകയും അഹമ്മദ് ഷാ, അവരിൽ നിന്ന് കപ്പം സ്വീകരിക്കുകയും ചെയ്തു[7].

കഴിവുകേടുകൾ

ഒരു സൈനികശക്തി മാത്രമായിരുന്ന അഹമ്മദ് ഷായുടെ സാമ്രാജ്യത്തിന് പൊതുജനഭരണം അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. സൈന്യത്തെ പരിപാലിക്കുന്നതിലുള്ള ധനസമാഹരണം മാത്രമായിരുന്നു അഹമ്മദ് ഷായുടെ ലക്ഷ്യം. കേന്ദ്രീകൃതമായ ഭരണസംവിധാനത്തിന്റെ അപര്യാപ്തത, പഷ്തൂൺ വിഭാഗങ്ങൾക്കിടയിൽപ്പോലും ഭരണസ്വാധീനം ചെലുത്താൻ അഹമ്മദ് ഷാക്കായിട്ടില്ല. ഇതൊക്കെ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിവച്ചു. എന്നിരുന്നാലും പഷ്തൂണുകളുടെ പരമ്പരാഗത അവകാശങ്ങളിൽ അഹമ്മദ് ഷാ കൈകടത്താൻ മിനക്കെട്ടില്ല എന്നത്, അവർക്കിടയിൽ ഒരു സൈനികനേതാവ് എന്ന സ്ഥാനം കൈവരിക്കാൻ അയാൾക്കായി. ദുറാനികളെയല്ലാതെ മറ്റു പഷ്തൂൺ വംശജരെ നിയന്ത്രിക്കാനും അഹമ്മദ് ഷാക്കായില്ല.[7]

കുറിപ്പുകൾ

  • ^ അഹ്മദ് ഷായുടെ സൈന്യത്തിന്റെ 500 പൗണ്ട് വരുന്ന പീരങ്കിയുണ്ടകളുടെ പതനം ഭയന്ന് നിഷാപൂർ നിവാസികൾ കീഴടങ്ങുകയായിരുന്നു.[14]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഹ്മദ്_ഷാ_അബ്ദാലി&oldid=3839563" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ