വില്യം ബ്ലെയ്ക്ക്

ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്നു വില്യം ബ്ലെയ്ക്ക് (28 നവംബർ 1757 – 12 ഓഗസ്റ്റ് 1827). ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലെയ്ക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിൻറെ പ്രവചനസ്വഭാവമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല എന്ന് നോർഥ്രോപ് ഫ്രൈ എന്ന സാഹിത്യവിമർശകൻ അഭിപ്രായപ്പെടുകയുണ്ടായി.[1] ബ്ലെയ്ക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമർശകൻ "ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ കലാകരൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ജീവിതകാലത്ത് ലണ്ടണിൽ നിന്ന് ഒരുദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്,[3] വൈവിദ്ധ്യവും പ്രതീകാത്മകതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കർത്താവായി.

വില്യം ബ്ലെയ്ക്ക്
1807-ൽ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലെയ്ക്കിന്റെ ചിത്രം.
1807-ൽ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലെയ്ക്കിന്റെ ചിത്രം.
തൊഴിൽകവി, ചിത്രകാരൻ, പ്രിന്റ് നിർമ്മാതാവ്
Genreവെളിപാടിന്റെ കവിത
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
ശ്രദ്ധേയമായ രചന(കൾ)നിഷ്കളങ്കതയുടെയും അനുഭവത്തിന്റേയും കവിതകൾ, സ്വർഗ്ഗ-നരകങ്ങളുടെ വിവാഹം, നാലു സോവമാർ, യെരുശലേം, മിൽട്ടൺ

അസാധരണമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് സമകാലീനർ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലെയ്ക്കിനെ പിൽക്കാലനിരൂപകർ അതുല്യമായ സർഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തർധാരയായ നിഗൂഢദാർശനികതയുടേയും പേരിൽ വിലമതിച്ചു. ബ്ലെയ്ക്കിന്റെ കവിതകളും ചിത്രങ്ങളും കാല്പനികപ്രസ്ഥാനത്തേയും പൂർവകാല്പനികതയേയും പുണർന്നുനിൽക്കുന്നു.[4]ബൈബിളിനെ ബഹുമാനിച്ചിരുന്നെങ്കിലും ആംഗ്ലിക്കൻ സഭയോട് ശത്രുതപുലർത്തിയ ബ്ലെയ്ക്കിനെ, ഫ്രഞ്ച് വിപ്ലവത്തിന്റേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റേയും ആശയങ്ങളും ആകാംക്ഷകളും [5], ജേക്കബ് ബേമ, ഇമ്മാനുവേൽ സ്വീഡൻബർഗ്ഗ് തുടങ്ങിയ ചിന്തകന്മാരും[6] സ്വാധീനിച്ചിരുന്നു.

എന്നാൽ മുൻപ്രസ്ഥാനങ്ങളും മുൻഗാമികളും സ്വാധീനിച്ചിരിക്കാമെങ്കിലും, ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ അതുല്യതമൂലം അദ്ദേഹത്തെ ഏതെങ്കിലും പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നവനായി കണക്കാക്കുക ബുദ്ധിമുട്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പണ്ഡിതൻ വില്യം റോസെറ്റി ബ്ലെയ്ക്കിനെ വിശേഷിപ്പിച്ചത് "ഉജ്ജ്വല തേജസ്,[7] മുൻഗാമികളുടെ വിലക്കുകൾക്ക് വഴങ്ങാത്തവൻ, സമകാലീനർക്ക് സമനല്ലാത്തവൻ, എളുപ്പം കണ്ടെത്താവുന്ന പിന്മുറക്കാർ ഇല്ലാത്തവൻ" എന്നൊക്കെയാണ്.[8]

ആദ്യകാലജീവിതം

സ്രഷ്ടാവിന്റെ ആദിരൂപം ബ്ലെയ്ക്കിന്റെ കൃതികളിൽ ഏറെയുള്ള ഒരു ബിംബമാണ്. ഇവിടെ, ജ്ഞാനവാദപാരമ്പര്യത്തിലെ സൃഷ്ടിമൂലമായ പ്രതിദൈവത്തെ അനുസ്മരിപ്പിക്കുന്ന 'ഉറിസൻ', താൻ തീർത്ത വിശ്വത്തെ പ്രണമിക്കുന്നു. ഈ ചിത്രം അടങ്ങുന്ന ലോസിന്റെ പാട്ട്, ബ്ലെയ്ക്ക് ദമ്പതിമാർ ചേർന്ന് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കോണ്ടിനെന്റൽ പ്രോഫസി എന്ന പരമ്പരയിൽ മൂന്നാമത്തേതാണ്.

ലണ്ടണിലെ ഗോൾഡൻ സ്ക്വയറിലുള്ള ബ്രോഡ് സ്ട്രീറ്റിൽ 1757 നവംബർ 28-ന്, ഇടത്തരം സാമ്പത്തികനിലയുള്ള കുടുംബത്തിൽ വില്യം ബ്ലെയ്ക്ക് ജനിച്ചു. ഏഴുമക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.[9][10] സഹോദരങ്ങളിൽ രണ്ടുപേർ, ശൈശവത്തിലേ മരിച്ചിരുന്നു. പിതാവ് ജെയിംസ് തുന്നൽക്കാരനായിരുന്നു.[10] വില്യം സ്കൂളിൽ പോയിട്ടില്ല. വീട്ടിൽ വച്ച് അമ്മയാണ് മകനെ പഠിപ്പിച്ചത്.[11] മതവിശ്വാസത്തിൽ വിമതന്മാരായിരുന്ന ബ്ലെയ്ക്കുമാർ മൊറാവിയൻ സഭയിലെ അംഗങ്ങളായിരുന്നെന്ന് കരുതപ്പെടുന്നു. ചെറുപ്രായത്തിലേ ബൈബിളിന്റെ തീവ്രസ്വാധീനത്തിൽ വന്ന ബ്ലെയ്ക്കിന്, ജീവിതകാലമത്രയും ആ ഗ്രന്ഥം പ്രചോദനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു.

ഗ്രീക്ക് പൗരാണികതയുടെ ചിത്രീകരണങ്ങളുടെ പകർപ്പുകൾ ബ്ലെയ്ക്കിന്റെ പിതാവ് മകനു വാങ്ങിക്കൊടുത്തിരുന്നു. ആ ചിത്രങ്ങൾ ബ്ലെയ്ക്ക് മുദ്രണം ചെയ്യാൻ തുടങ്ങി. ചിത്രരചനയേക്കാൾ അദ്ദേഹം അക്കാലത്ത് ഇഷ്ടപ്പെട്ടത് അതായിരുന്നു. റഫായേൽ, മൈക്കെലാഞ്ജലോ, മാർട്ടൻ ഹീംസ്കെർക്ക്, ആൽബ്രെച്റ്റ് ഡൂറർ തുടങ്ങിയവരുടെ സൃഷ്ടികളിലൂടെ പൗരാണികകലയിലെ രൂപങ്ങളുമായി പരിചയപ്പെടാൻ ബ്ലെയ്ക്കിന് അവസരം കിട്ടിയത് അങ്ങനെയാണ്. മകന്റെ സ്വതന്ത്രപ്രകൃതി നന്നായി മനസ്സിലാക്കിയിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിനയയ്ക്കാതെ ചിത്രരചന പഠിക്കാൻ ചേർത്തു. ഇഷ്ടപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ഏറെ വായിച്ചിരുന്നു. അക്കാലത്ത് ബ്ലെയ്ക്ക് തന്റെ പര്യവേക്ഷണം കവിതയുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ബെൻ ജോൺസണേയും എഡ്മണ്ട് സ്പെൻസറേയുമൊക്കെ അദ്ദേഹത്തിന് പരിചയമായിരുന്നെന്ന് ആദ്യകാലസൃഷ്ടികളിൽ നിന്ന് മനസ്സിലാക്കാം.

ബാസയറുടെ കീഴിൽ പരിശീലനം

1772 ഓഗസ്റ്റ് നാലാം തിയതി ബ്ലെയ്ക്ക് ക്വീൻ തെരുവിലെ ജെയിംസ് ബാസിയറിന്റെ കീഴിൽ മുദ്രണകലയിൽ(Engraving) ഏഴുവർഷത്തെ പരിശീലനത്തിനു ചേർന്നു. പരിശീലനത്തിനൊടുവിൽ മുദ്രണകല ജീവനോപാധിയാക്കാനായിരുന്നു തീരുമാനം.[10] പരിശീലനകാലത്ത് ബ്ലെയ്ക്കും ബാസിയറുമായി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. എന്നാൽ പീറ്റർ ആക്രോയ്ഡ് എഴുതിയ ബ്ലെയ്ക്കിന്റെ ജീവചരിത്രം അനുസരിച്ച്, കലയുടെ ലോകത്തെ തന്റെ എതിരാളികളുടെ പട്ടികയിൽ ബ്ലെയ്ക്ക് ബാസിയറുടെ പേര് എഴുതിച്ചേർത്തിട്ട് വെട്ടിക്കളഞ്ഞു.[12] അക്കാലത്ത് പോതുവേ പഴഞ്ചനെന്ന് കരുതപ്പെട്ടിരുന്ന ശൈലിയാണ് മുദ്രണകലയിൽ ബാസിയർ പിന്തുടർന്നിരുന്നത് എന്നും ഈ പഴഞ്ചൻ ശൈലിയിൽ പരിശീലിക്കപ്പെട്ടുവെന്നത്, മുദ്രണകലയിൽ പൂർണ്ണ അംഗീകാരം നേടുന്നതിൽ പിൽക്കാലത്ത് ബ്ലെയ്ക്കിന് തടസ്സമുണ്ടാക്കിയിരിക്കാമെന്നും പറയപ്പെടുന്നു.[13]


രണ്ടുവർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ ബാസിയർ ബ്ലെയ്ക്കിനെ ലണ്ടണിലെ ഗോത്തിക് പള്ളികളിലെ ശില്പങ്ങളുടെ രൂപം പകർത്താൻ നിയോഗിച്ചു. ബ്ലെയ്ക്കും അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിരുന്ന പീറ്റർ പാർക്കറും തമ്മിൽ ചേർന്നുപോകാൻ ബുദ്ധിമുട്ടായിരുന്നതായിരിക്കാം ഈ നിയോഗത്തിന് കാരണം. ലണ്ടണിലെ വെസ്റ്റ് മിൻസ്റ്റർ പള്ളിയിലെ അനുഭവങ്ങൾ ബ്ലെയ്ക്കിന്റെ കലാസങ്കല്പത്തേയും ശൈലിയേയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ കാലത്തെ വെസ്റ്റ്മിൻസ്റ്റർ പള്ളി പടച്ചട്ടകളും, ചായം തേച്ച ശവസംസ്കാരക്കോലങ്ങളും(funeral effigies), ബഹുവർണ്ണമായ മെഴുകുരൂപങ്ങളും കൊണ്ട് അലങ്കരിച്ചതായിരുന്നു. ആദ്യം ബ്ലെയ്ക്കിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുക "തിളക്കത്തിന്റേയും നിറപ്പകിട്ടിന്റേയും മങ്ങൽ" ആയിരിക്കുമെന്ന് ആക്രോയ്ഡ് പറയുന്നു.[14] പള്ളിയിൽ വരയിൽ മുഴുകി ചെലവഴിച്ച നീണ്ട സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ വെസ്റ്റ്മിൻസ്റ്റർ വിദ്യാലയത്തിലെ കുട്ടികൾ ബ്ലെയ്ക്കിനെ ശല്യപ്പെടുത്തിയിരുന്നു. അവരിലൊരാളുടെ 'പീഡനം' അസഹ്യമായപ്പോൾ, ബ്ലെയ്ക്ക് അവനെ ഒരു ദിവസം മുകൾത്തട്ടിൽ നിന്ന് ഇടിച്ചു താഴെയിടുകയും അവൻ "വലിയ കോലാഹലത്തോടെ താഴെ വീഴുകയും ചെയ്തു".[15] വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ ബ്ലെയ്ക്കിന് ഏറെ സങ്കല്പക്കാഴ്ചകൾ(visions) ഉണ്ടായി. സന്യാസികളുടേയും പുരോഹിതന്മാരുടേയും ഒരു വലിയ പ്രദക്ഷിണം, വിവിധയിനം ആരാധനാഗാനങ്ങളുടെ ആലാപനം തുടങ്ങിയവ ഈ സ്വപ്നദർ‍ശനങ്ങളിൽ ചിലതായിരുന്നു.

റോയൽ അക്കാദമി

1778-ൽ ബ്ലെയ്ക്ക് ലണ്ടണിലെ സ്ട്രാൻഡിനടുത്തുള്ള റോയൽ അക്കാദമിയിൽ ചേർന്നു. അവിടെ ആറുവർഷം വിദ്യാർത്ഥിയായിരുന്നപ്പോൾ, അക്കാദമിക്ക് ഫീസൊന്നും കൊടുക്കേണ്ടിയിരുന്നില്ലെങ്കിലും പഠനസാമിഗ്രികൾ സ്വന്തം ചെലവിൽ വാങ്ങേണ്ടിയിരുന്നു. അക്കാദമിയിൽ അദ്ദേഹം പീറ്റർ പോൾ റൂബൻസിനേയും മറ്റും പോലുള്ളവരുടെ കലാശൈലിയുടെ അപൂർണ്ണതക്കെതിരെ കലാപമുയർത്തി. അന്ന് സ്വീകാര്യമായി കണക്കാക്കപ്പെട്ടിരുന്ന ആ ശൈലിയെ പിന്തുണച്ചിരുന്നവരിൽ പ്രമുഖൻ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന പ്രഖ്യാതചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സായിരുന്നു. ബ്ലെയ്ക്ക് റെയ്നോൾസിന്റെ കലാവീക്ഷണത്തെ, പ്രത്യേകിച്ച്, കലയിൽ 'പൊതുസത്യവും' 'പൊതുസൗന്ദര്യവും' തേടാനുള്ള അദ്ദേഹത്തിന്റെ പ്രവണതയെ വെറുത്തു. "അമൂർത്തീകരിക്കാനും സാമാന്യവൽക്കരിക്കാനുമുള്ള പ്രവണത മനുഷ്യമനസ്സിന്റെ മഹത്ത്വങ്ങളിൽ ഒന്നാണ്" എന്ന് തന്റെ 'പ്രഭാഷണങ്ങളിൽ' റെയ്നോൾഡ്സ് എഴുതിയിരുന്നു; പ്രഭാഷണങ്ങളുടെ പ്രതിയുടെ മാർജിനിൽ, അതിനോട് പ്രതികരിച്ച് ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു: "സാമാന്യവത്‍കരിക്കുകയെന്നാൽ മൂഢനാവുക എന്നാണ്. സവിശേഷവത്കരണം മാത്രമാണ് മേന്മയുടെ ഏക അടയാളം."[16] റെയ്നോൾസ് പ്രകടിപ്പിച്ച വിനയവും ബ്ലെയ്ക്കിന്‌ ഇഷ്ടമായില്ല. ഒരുതരം കാപട്യമായാണ് അദ്ദേഹം അതിനെ കണ്ടത്. റെയ്നോൾഡ്സിന്റെ ഏറെ പ്രശംസിക്കപ്പെട്ടിരുന്ന എണ്ണച്ചായച്ചിത്രങ്ങളേക്കാൾ ബ്ലെയ്ക്ക് ഇഷ്ടപ്പെട്ടത്, തന്നെ ആദ്യം സ്വാധീനിച്ച മൈക്കെലാഞ്ജലോയുടേയും റഫേലിന്റേയും സൃഷ്ടികളിലെ ക്ലാസിക്കൽ കൃത്യതയാണ്.

ഗോർഡൻ കലാപം

1780 ജൂണിൽ ഒരു ദിവസം ബാസിയറുടെ സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന ബ്ലെയ്ക്ക്, ലണ്ടണിലെ ന്യൂഗേറ്റ് ജയിൽ ആക്രമിക്കാൻ പോയ ഒരു പുരുഷാരത്തിനിടയിൽ പെട്ടുപോയെന്ന് ബ്ലെയ്ക്കിന്റെ ആദ്യത്തെ ജീവചരിത്രകാരനായ അലക്സാണ്ടർ ഗിൽക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.[17] കോടാലിയും മറ്റും ഉപയോഗിച്ച് ജയിൽ തല്ലിപ്പൊളിച്ച പുരുഷാരം കെട്ടിടത്തിന് തീവക്കുകയും അകത്തുണ്ടായിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു. റോമൻ കത്തോലിക്കർക്കെതിരായ നിയന്ത്രണങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പാർലമെന്റിന്റെ നടപടിയോട് പ്രതികരിച്ചുള്ള ഈ ലഹള ഗോർഡൻ കലാപം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. ഒരുപരമ്പര പുതിയനിയമങ്ങൾക്ക് രൂപംകൊടുക്കാൻ ഈ കലാപം ജോർജ്ജ് മൂന്നാമൻ രാജാവിന്റെ സർക്കാരിനെ പ്രേരിപ്പിച്ചു. ബ്രിട്ടണിലെ ആദ്യത്തെ പോലീസ് സൈന്യം രൂപം കൊണ്ടതും ഈ ലഹളയുടെ പശ്ചാത്തലത്തിലാണ്.

ബ്ലെയ്ക്ക് ലഹളയിൽ കൂടിയത് നിർബ്ബന്ധത്തിനുവഴങ്ങിയാണെന്ന് ഗിൽക്രൈസ്റ്റ് പറയുന്നുണ്ടെങ്കിലും അദ്ദേഹം പെട്ടെന്നുള്ള ആവേശത്തിന് അതിൽ പങ്കെടുത്തതാണെന്നും വിപ്ലവമുന്നേറ്റമായി കരുതി പിന്തുണച്ചതാകാമെന്നുമൊക്കെ പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[18] ഇതിനുവിപരീതമായി ജെറോം മക്ഗാൻ വാദിക്കുന്നത് ലഹള ഒരു പ്രതിലോമ പ്രസ്ഥാനമായിരുന്നെന്നും അത് ബ്ലെയ്ക്കിന് അറപ്പുണ്ടാക്കുമായിരുന്നെന്നുമാണ്.[19]

വിവാഹം, കലാസപര്യയുടെ തുടക്കം

ഒബറോണും, ടിറ്റേനിയയും പക്കും, നൃത്തം ചെയ്യുന്ന കിന്നരിമാർക്കൊപ്പം - ഷേക്സ്പിയറുടെ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം അവസാനരംഗം - ബ്ലെയ്ക്കിന്റെ 1786-ലെ സൃഷ്ടി)

1782-ൽ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീർന്ന ജോൺ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. പിന്നീട് തന്റെ ഭാര്യയായിത്തീർന്ന കാഥറിൻ ബൗച്ചറെ ബ്ലെയ്ക്ക് കണ്ടുമുട്ടിയതും ആ വർഷമാണ്. തകർന്ന ഒരു ബന്ധം ഉളവാക്കിയ ഞടുക്കം വിട്ടുമാറുന്നതിനു മുൻപായിരുന്നു അത്. അതിനെപ്പറ്റി ബ്ലെയ്ക്കിൽ നിന്നുകേട്ട കാഥറിനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചു. അപ്പോൾ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ?" എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാഥറിന്റെ മറുപടി കേട്ടപ്പോൾ ബ്ലെയ്ക്ക് അവളോട് "എങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കാൾ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാഥറിനെ ബ്ലെയ്ക്ക് 1782 ഓഗസ്റ്റ് 18-ന് ബട്ടേർസീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാഥറിൻ വിവാഹ ഉടമ്പടിയിൽ ഒപ്പായി ഗുണനചിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവർ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തിൽ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന ഏറെ കഷ്ടതകളിൽ ആത്മധൈര്യം പകർന്ന് അവർ ഒപ്പമുണ്ടായിരുന്നു.

അക്കാലത്ത് ലണ്ടണിലെ ദേശീയഗാലറിയുടെ സ്ഥാപകന്മാരിൽ ഒരാളായിരുന്ന ജോർജ്ജ് കുംബർലാൻഡ് ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ ആരാധകനായി. കാവ്യശകലങ്ങൾ (Poetic sketches) എന്ന ആദ്യകവിതാസമാഹാരം 1783-നടുത്താണ് പ്രസിദ്ധീകരിച്ചത്. 1784-ൽ പിതാവിന്റെ മരണത്തെ തുടർന്ന് ബ്ലെയ്ക്കും സഹോദരൻ റോബർട്ടും ചേർന്ന് ഒരു മുദ്രണശാല തുടങ്ങി. വിപ്ലവാത്മകമായ ചിന്തകളുടെപേരിൽ അറിയപ്പെട്ടിരുന്ന പ്രസാധകൻ ജോസഫ് ജോൺസണുമായി അവർ സഹകരിച്ചു. ജോൺസന്റെ വീട്, മുൻകിടയിലെ വിമതന്മാരിൽ പലരുടേയും സംഗമസ്ഥാനമായിരുന്നു: ശാസ്ത്രജ്ഞൻ ജോസഫ് പ്രീസ്റ്റ്ലി; തത്ത്വചിന്തകൻ റിച്ചാർഡ് പ്രൈസ്; കലാകാരൻ, ജോൺ ഹെൻട്രി ഫുസേലി;[20] ആദ്യകാല സ്ത്രീസ്വാതന്ത്ര്യവാദി, മേരി വോൾസ്റ്റോൺക്രാഫ്റ്റ്; അമേരിക്കൻ വിപ്ലവകാരി, തോമസ് പെയ്ൻ തുടങ്ങിയവർ അവരിൽ ചിലരായിരുന്നു. വേഡ്സ്‌വർത്തിനേയും, വില്യം ഗോഡ്‌വിനേയും പോലെ, ബ്ലെയ്ക്കും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലും ഫ്രഞ്ചുവിപ്ലവത്തിലും ഏറെ പ്രതീക്ഷവച്ചിരുന്നു. ഫ്രഞ്ച് വിപ്ലവകാരികളോട് അനുഭാവം പ്രകടിപ്പിക്കാൻ അദ്ദേഹം വിപ്ലവത്തിന്റെ ഛിഹ്നമായ ഫ്രിജിയൻ തൊപ്പി അണിഞ്ഞു. എന്നാൽ റോബ്സ്പിയേറുടെ ഉയർച്ചയും അദ്ദേഹത്തിനുകീഴിൽ വിപ്ലവം ഭീകരവാഴ്ചയായി മാറിയതും ബ്ലെയ്ക്കിനെ നിരാശപ്പെടുത്തി. 1784-ൽ തന്നെ അദ്ദേഹം തന്റെ പൂർത്തിയാകാതെപോയ "ചന്ദ്രനിലെ ഒരു ദ്വീപ്" (An island in the Moon) എന്ന കഥ രചിച്ചു.

മേരി വോൾസ്റ്റോൺക്രാഫ്റ്റിന്റെ യഥാർത്ഥജീവിതത്തിൽ നിന്നുള്ള സത്യകഥകൾ(1788; 1791) എന്ന പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചത് ബ്ലെയ്ക്കാണ്. വോൾസ്റ്റോൺക്രാഫ്റ്റും ബ്ലെയ്ക്കും സ്ത്രീപുരുഷസമത്വം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ഒരേ അഭിപ്രായങ്ങൾ പങ്കിട്ടിരുന്നുവെന്ന് കരുതണം. എന്നാൽ അവർ കണ്ടുമുട്ടിയിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാൻ രേഖകളില്ല. 1793-ൽ സ്വന്തം ചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച അൽബിയോണിന്റെ പെണ്മക്കളുടെ ദർശനങ്ങൾ എന്ന കവിതയിൽ, ബ്ലേക്ക് നിർബ്ബന്ധിത പാതിവ്രത്യത്തേയും സ്നേഹരഹിതമായ വിവാഹത്തേയും വിമർശിക്കുകയും സമ്പൂർണ്ണ ആത്മസാക്ഷാത്കാരത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ന്യായീകരിക്കുകയും ചെയ്തു.

ഉദ്ദീപ്ത മുദ്രണം

1738-ൽ 31 വയസ്സുള്ളപ്പോൾ ബ്ലെയ്ക്ക് ഉദ്ദീപ്തമുദ്രണം(Illuminated Printing), റിലീഫ് എച്ചിങ്ങ് എന്നൊക്കെ അറിയപ്പെട്ട ആലേഖനവിദ്യയിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ബ്ലെയ്ക്കിന്റെ മിക്കവാറും പുസ്തകങ്ങളും, ചിത്രങ്ങളും, ലഘുലേഖകളും, ദീർഘമായ പ്രവചനങ്ങളടക്കമുള്ള കവിതകളും, ബൈബിളിനെ വിഷയമാക്കിയുള്ള നായകശില്പങ്ങളും വെളിച്ചം കണ്ടത് ഈ സാങ്കേതികവിദ്യയുടെ ആശ്രയത്തിലാണ്. ഈ വിദ്യ ഉപയോഗിച്ച് നിർമ്മിച്ച പുസ്തകങ്ങൾ ഉദ്ദീപ്തഗ്രന്ഥങ്ങൾ എന്നറിയപ്പെട്ടു. കവിതയുടേയും മറ്റും പാഠവും ഒപ്പമുള്ള ചിത്രങ്ങളും ചെമ്പുതകിടിന്മേൽ അമ്ലനിർമ്മമമായ (acid resistant) മാധ്യമത്തിൽ പേനയോ ബ്രഷോ ഉപയോഗിച്ച് എഴുതുകയാണ് ഇതിന് ആദ്യം ചെയ്തിരുന്നത്. തുടർന്ന് തകിടിന്മേൽ അമ്ലം പ്രയോഗിച്ച് എഴുത്തും ചിത്രങ്ങളും ഇല്ലാത്ത പശ്ചാത്തലത്തിലെ ചെമ്പിനെ ലയിപ്പിക്കുമ്പോൾ ആ ഭാഗം താഴ്ന്നും എഴുത്തും ചിത്രങ്ങളും ആ പശ്ചാത്തലത്തിൽ ഉയർന്നും വരുന്നു.


അമ്ലത്തിന്റെ പ്രവർത്തനം ചിത്രങ്ങളുടെയും മറ്റും വരകളിന്മേൽ നടക്കുന്ന സാധാരണ എച്ചിങ്ങ് രീതിക്ക് നേർവിപരീതമാണിത്. ബ്ലെയ്ക്ക് കണ്ടുപിടിച്ച റിലീഫ് എച്ചിങ്ങ് എന്ന ഈ സാങ്കേതികവിദ്യ വ്യാവസായിക മുദ്രണത്തിലെ ഒരു പ്രധാനരീതിയായി മാറി. ഈ മാർഗ്ഗം ഉപയോഗിച്ച് മുദ്രണം ചെയ്യപ്പെട്ട താളുകളിൽ പിന്നീട് കൈകൊണ്ട് ജലവർണ്ണങ്ങൾ തേച്ചശേഷം തുന്നിക്കെട്ടി പുസ്തകരൂപത്തിലാക്കുകയാണ് ചെയ്തിരുന്നത്. ഉദ്ദീപ്തമുദ്രണരീതി ഉപയോഗിച്ചാണ് ബ്ലെയ്ക്ക് തന്റെ നിഷ്കളങ്കതയുടെ പാട്ടുകൾ, അറിവിന്റെ പാട്ടുകൾ, തെലിന്റെ പുസ്തകം സ്വർഗ്ഗ-നരകങ്ങളുടെ വിവാഹം, യെരുശലേം എന്നിവ ഉൾപ്പെടെയുള്ള ഏറെ അറിയപ്പെടുന്ന രചനകളെല്ലാം പ്രസിദ്ധീകരിച്ചത്.

പിൽക്കാലജീവിതവും കലയും

ഭാര്യ കാഥറിനുമായി ബ്ലെയ്ക്ക് മരണം വരെ സ്നേഹവും വിശ്വസ്തതയും പുലർത്തി. കാഥറിനെ ബ്ലെയ്ക്ക് എഴുത്തും വായനയും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ കവിതകൾക്കൊപ്പമുള്ള ചിത്രങ്ങൾക്ക് ചായം കൊടുക്കുന്നതിൽ അവർ സഹകരിച്ചു.[21] വിവാഹത്തിന്റെ ആദ്യഘട്ടത്തിലെ "കൊടുങ്കാറ്റുദിനങ്ങളെക്കുറിച്ച്" ഗിൽക്രൈസ്റ്റ് പറയുന്നുണ്ട്.[22] വിവാഹത്തെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങൾ പിന്തുടർന്നിരുന്ന സ്വീഡൻബർഗ്ഗ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ബലത്തിൽ, ഒരു വെപ്പാട്ടിയെ വിവാഹത്തിലേക്കും കിടക്കയിലേക്കും കൊണ്ടുവരാൻ ബ്ലെയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[23] എന്നാൽ മറ്റു പണ്ഡിതന്മാർ ഈ കഥകളെ ഊഹാപോഹങ്ങളായി തള്ളിക്കളയുന്നു.[24]

ഈ ദമ്പതിമാർക്ക് സന്താനങ്ങളില്ലായിരുന്നു. വില്യമിന്റേയും കാഥറീന്റേയും ആദ്യപുത്രിയും അവസാനസന്താനവും തെലിന്റെ പുസ്തകം എന്ന രചനയിൽ മൃതാവസ്ഥയിൽ ഗർഭം ധരിക്കപ്പെട്ടതായി പറയുന്ന തെൽ ആണെന്നുപറയാം.[25]

ഫെൽഫാം

മന്ത്രവാദത്തിന്റേയും അധോലോകത്തിന്റേയും ഗ്രീക്ക് ദേവതയായ ഹിക്കേറ്റ് ബ്ലെയ്ക്കിന്റെ ദർശനത്തിൽ - 1795-ലെ രചന

1800-ൽ, വില്യം ഹെയ്‌ലി എന്ന ചെറുകിട കവിയുടെ രചനകൾക്ക് ചിത്രം വരക്കുന്ന ജോലി ഏറ്റെടുത്ത് ബ്ലെയ്ക്ക് സസക്സിലെ ഫെൽഫാമിൽ ഒരു കുടിലിൽ താമസമാക്കി. ഈ കുടിലിലാണ് അദ്ദേഹം, 1805-നും 1808-നും ഇടക്ക് പ്രസിദ്ധീകരിച്ച മിൽട്ടൻ എന്ന കവിത എഴുതിയത്. ക്രമേണ ബ്ലെയ്ക്ക് തന്റെ പുതിയ രക്ഷാധികാരിയുമായി അകൽച്ചയിലായി. ഹെയ്‌ലിയുടെ താത്പര്യം കലാസപര്യയിൽ അല്ല അന്തസ്സാരശ്ശൂന്യമായ വിരസവൃത്തിയിലാണെന്ന് അദ്ദേഹത്തിനു തോന്നി.[26] മിൽട്ടൻ എന്ന കവിതയിലെ "ഭൗതികസുഹൃത്തുക്കൾ ആത്മീയശത്രുക്കളാണ്(3:26)" എന്ന വരിക്ക് പ്രചോദനമായത് ഹെയ്‌ലിയുമായുള്ള ബന്ധം നൽകിയ അനുഭവങ്ങളാണെന്നു കരുതുന്നവരുണ്ട്.[26]

അധികാരികളുമായുള്ള ബ്ലെയ്ക്കിന്റെ കലഹം, 1803 ആഗസ്റ്റിൽ ജോൺ ഷോഫീൽഡ് എന്ന പട്ടാളക്കാരനുമായുള്ള അദ്ദേഹത്തിന്റെ മല്പിടിത്തത്തെ തുടർന്ന് മൂർദ്ധന്യത്തിലായി.[27] ബ്ലെയ്ക്കിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കയ്യേറ്റത്തിനുപുറമേ രാഷ്ട്രവിരോധവും രാജദ്രോഹപരവുമായ ജല്പനങ്ങളും ഉൾപ്പെട്ടിരുന്നു. "രാജാവ് തുലയട്ടെ. പട്ടാളക്കാരൊക്കെ അടിമകളാണ്" എന്ന് ബ്ലെയ്ക്ക് വിളിച്ചുപറഞ്ഞതായി ഷോഫീൽഡ് അവകാശപ്പെട്ടിരുന്നു.[28] ഒടുവിൽ ബ്ലെയ്ക്ക് കുറ്റവിമുക്തനാക്കപ്പെട്ടു. സസക്സിലെ ഒരു പ്രാദേശിക പത്രത്തിലെ റിപ്പോർട്ടനുസരിച്ച്, "ഉന്നയിക്കപ്പെട്ട തെളിവുകൾ ചമച്ചുണ്ടാക്കിയവയാണെന്ന് വളരെ വ്യക്തമായിരുന്നതിനാൽ സംഗതി കുറ്റവിമുക്തിയിൽ അവസാനിച്ചു".[29] പിന്നീട് യെരുശലേം എന്ന കവിതയോടൊപ്പം ചേർത്ത ഒരു ചിത്രത്തിൽ ഷോഫീൽഡ് "മനോനിർമ്മിതമായ വിലങ്ങ്" (Mind-forged manacles) ധരിച്ച് പ്രത്യക്ഷപ്പെട്ടു.[30]

ലണ്ടണിൽ തിരികെ

വലിയ ചുവന്ന വ്യാളിയും സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും (1805) ബൈബിളിലെ വെളിപാടു പുസ്തകത്തെ ആധാരമാക്കിയുള്ള ബ്ലെയ്ക്കിന്റെ ചിത്രീകരണപരമ്പരയിൽ പെടുന്നതാണ്(വെളിപാട്-12).

1804-ൽ ലണ്ടണിൽ മടങ്ങിയെത്തിയ ബ്ല്യെക്ക്, അദ്ദേഹം ഏറ്റവും പ്രതീക്ഷവച്ച പുസ്തകമായ യെരുശലേമിന്റെ രചനയിലും ചിത്രീകരണത്തിലും മുഴുകി. ചോസറുടെ കാന്റർബറി കഥകളിലെ തീർത്ഥാടകരുടെ ചിത്രീകരണം നടത്താൻ തീരുമാനിച്ച അദ്ദേഹം, അതിന്റെ വില്പ്നയുടെ ചുമതല ഏറ്റെടുക്കാൻ റോബർട്ട് ക്രോമക്ക് എന്ന കച്ചവടക്കാരനോടാവശ്യപ്പെട്ടു. 'കിറുക്കൻ' പ്രകൃതിയായ ബ്ലെയ്ക്ക് ജനസമ്മതി കിട്ടത്തക്കവണ്ണം ചിത്രീകരണം നിർവഹിക്കാനിടയില്ലെന്നു വിശ്വസിച്ച ക്രോമക്ക്, ബ്ലെയ്ക്കിന്റെ ആശയം തോമസ് സ്റ്റോട്ട്‌ഹാർഡിന് കൈമാറി. താൻ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ ബ്ലെയ്ക്ക്, സ്റ്റോട്ട്‌ഹാർഡുമായി പിണങ്ങി. സ്വന്തം ചോസർ ചിത്രീകരണവും മറ്റുചിത്രങ്ങളും ഉൾപ്പെട്ട ഒരു സ്വതന്ത്രപ്രദർശനം സഹോദരന്റെ കടയിൽ അദ്ദേഹം ഒരുക്കുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹം തന്റെ വിവരണപ്പട്ടിക(Descriptive Catalogue-1809), എഴുതി. ആന്തണി ബ്ലണ്ട്, ചോസർ സാഹിത്യത്തിന്റെ ഉജ്ജ്വലവിശകലനം എന്നുവിശേഷിപ്പിച്ച ഒരു ഭാഗവും അതിലുണ്ട്. ചോസർ നിരൂപണങ്ങളുടെ സമഹാരങ്ങളിൽ ഒരു ക്ലാസിക്കായി അതുൾപ്പെടുത്താറുണ്ട്.[31] തന്റെ മറ്റുചിത്രങ്ങളുടെ വിശദീകരണങ്ങളും ബ്ലെയ്ക്ക് വിവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോർജ്ജ് കുംബർലാൻഡ് ബ്ലെയ്ക്കിനെ ജോൺ ലിന്നൽ എന്ന യുവകലാകാരനു പരിചയപ്പെടുത്തി. ലിന്നൽ വഴി അദ്ദേഹം പുരാതനകലാസമൂഹം എന്ന് സ്വയം വിശേഷിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മയിൽ അംഗമായിരുന്ന സാമുവൽ പാമറെ പരിചയപ്പെട്ടു. ഈ സമൂഹം ബ്ലെയ്ക്കിനെപ്പോലെ ആധുനികതയുടെ പ്രവണതകളെ തള്ളിപ്പറയുകയും, ആത്മീയവും കലാപരവുമായ ഒരു നവയുഗത്തെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ വിശ്വാസത്തിൽ പങ്കുപറ്റുകയും ചെയ്തിരുന്നു. അറുപത്തഞ്ചാമത്തെ വയസ്സിൽ ബ്ലെയ്ക്ക് ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണപരമ്പര തുടങ്ങി. ആ പരമ്പരയെ പിന്നീട് ജോൺ റസ്കിൻ റെംബ്രാൻഡിന്റെ സൃഷ്ടികളോട് താരതമ്യപ്പെടുത്തി പ്രശംസിച്ചു. വ്വാൻ വില്യംസ് ജോബിനെക്കുറിച്ചുള്ള തന്റെ ബാലെക്ക് ആധാരമാക്കിയതും ബ്ലെയ്ക്കിന്റെ പരമ്പരയിലെ ചിത്രങ്ങളെയാണ്.

ജീവിതാവസാനത്തിനടുത്ത് ബ്ലെയ്ക്ക് തന്റെ സൃഷ്ടികളിൽ ഏറെയെണ്ണം, പ്രത്യേകിച്ച് ബൈബിൾ ചിത്രീകരണങ്ങൾ, തോമസ് ബട്ട്‌സ് എന്നയാൾക്ക് വിറ്റു. ബ്ലെയ്ക്കിന് ആശ്രയമായ ബട്ട്‌സ് അദ്ദേഹത്തെ കലാമൂല്യമുള്ള സൃഷ്ടികളുടെ കർത്താവെന്നതിനുപകരം സുഹൃത്തായാണ് വിലമതിച്ചത്; ബ്ലെയ്ക്കിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പലരുടേയും മനോഭാവത്തിന് ഇത് മാതൃകയാണ്.

ഡിവൈൻ കോമഡി

ഡാന്റേയുടെ ഡിവൈൻ കോമഡി ചിത്രീകരിക്കാനുള്ള നിയോഗം ബ്ലെയ്ക്കിനു കിട്ടിയത് ജോൺ ലിന്നെൽ മുഖാന്തരം 1826-ലാണ്. 1827-ൽ മുദ്രണങ്ങളിൽ ഏഴെണ്ണം മാത്രം പൂർത്തീകരണത്തിന് അടുത്തെത്തിയിരുന്നപ്പോഴായിരുന്നു ബ്ലെയ്ക്കിന്റെ മരണം. ഒരുപിടി ജലച്ചായച്ചിത്രങ്ങൾ മാത്രമേ അകാലത്തിൽ അവസാനിച്ച ആ സം‌രംഭത്തിന്റെ ഭാഗമായുള്ളു. എന്നാൽ അവപോലും കാര്യമായ പ്രശംസ നേടിയിട്ടുണ്ട്. 'ഡാന്റേ പരമ്പരയിലെ ജലവർണ്ണചിത്രങ്ങൾ ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ പെടുന്നു. ഇത്ര സങ്കീർണ്ണമായ ഒരു കാവ്യത്തെ ചിത്രീകരിക്കുന്നതിലുള്ള പ്രശ്നങ്ങളെ അത് മുഖാമുഖം നേരിടുന്നു. ജലവർണ്ണത്തിലെ കരവിരുത് അത്യുന്നതി പ്രാപിച്ച്, കവിതയിലെ ഉണ്മയുടെ മൂന്നവസ്ഥകളെ വ്യത്യസ്തതകളെ ചിത്രീകരിക്കുന്നതിൽ അസാമാന്യസഫലത കൈവരിച്ചിരിക്കുന്നുവെന്ന് ഡേവിഡ് ബൈൻഡ്മാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[32]

ബ്ലെയ്ക്കിന്റെ കമിതാക്കാളുടെ ചുഴലിക്കാറ്റ് ഡിവൈൻ കോമഡി നരകഖണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിന്റെ ചിത്രീകരണമാണ്.


കോമഡി പരമ്പര പൂർത്തിയാകാതെപോയതു കൊണ്ട്, ബ്ലെയ്ക്കിന്റെ പദ്ധതിയുടെ അന്തിമസ്വഭാവം ഊഹിക്കുകയേ നിവൃത്തിയുള്ളു. എന്നാൽ ലഭ്യമായ സൂചനകൾ വച്ചുനോക്കുമ്പോൾ, ബ്ലെയ്ക്കിന്റെ പരമ്പര അതിന്റെ പൂർണ്ണതയിൽ അതിനാധാരമായ പാഠത്തെ ചോദ്യംചെയ്യുമായിരുന്നെന്ന് വ്യക്തമാണ്: വാളേന്തിയ ഹോമറുടേയും സഹചരന്മാരുടേയും ചിത്രത്തിന്റെ മാർജിനിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: "ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി കോമഡിയിലാകെ, ഡാന്റേ പരിശുദ്ധാത്മാവിനുപകരം ലോകത്തേയും പ്രകൃതീദേവിയേയും അടിസ്ഥാനമാക്കിയെന്നു വ്യക്തമാണ്". പുരാതനഗ്രീസിലെ കാവ്യരചനകളോടുള്ള ആരാധനയിൽ ബ്ലെയ്ക്ക് ഡാന്റേക്കൊപ്പം കൂടിയില്ല. നരകത്തിലെ പീഡകൾ പെരുപ്പിക്കുന്നതിൽ ഡാന്റേ കാണിച്ച ഉത്സാഹത്തിലും ബ്ലെയ്ക്ക് പങ്കുചേർന്നില്ല. അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു. ഡാന്റേയെപ്പോലെ, അധികാരത്തിന്റെ ദൂഷണശക്തിയെക്കുറിച്ച് ബോധവാനായിരുന്ന ബ്ലെയ്ക്ക് ഡിവൈൻ കോമഡിയിലെ അന്തരീക്ഷവും ബിംബങ്ങളും ചിത്രീകരിക്കാൻ കിട്ടിയ അവസരം വിലമതിച്ചു. മരണത്തോടടുക്കുമ്പോഴും ജ്വരബാധിതമായ തന്റെ നരകചിത്രീകരണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിനു വ്യഗ്രത; കയ്യിലുണ്ടായിരുന്ന അവസാന ഷില്ലിങ്ങ് വരെ ആ വരക്കുവേണ്ട പെൻസിൽ വാങ്ങാൻ അദ്ദേഹം ചെലവഴിച്ചു.[33]

കോമഡിക്ക് ബ്ലെയ്ക്ക് നിർമ്മിച്ച ചിത്രീകരണങ്ങൾ കേവലം അനുബന്ധസൃഷ്ടികളല്ല. ഗ്രന്ഥപാഠത്തിന്റെ ആത്മീയവും ധാർമ്മികവുമായ വശങ്ങളെ വിമർശനബുദ്ധിയോടെ തിരുത്തിയെഴുതുകയും നിരൂപണം ചെയ്യുകയുമാണ് അവ. മിൽട്ടന്റെ പറുദീസനഷ്ടത്തിന് ബ്ലെയ്ക്ക് വരച്ച ചിത്രങ്ങളുടെ കാര്യത്തിലും ഇതുശരിയാണ്. പറുദീസനഷ്ടത്തിൽ സാത്താനെ നായകനാക്കിയ മിൽട്ടന്റെ തെറ്റ് തിരുത്തി ക്രിസ്തുവിനെ ആ കവിതയുടെ നായകനാക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്ന് ചില വിമർശകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[34]

ദർശനങ്ങൾ

വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്ലെയ്ക്ക് തനിക്ക് ദർശനങ്ങൾ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. ഇവയിൽ ആദ്യത്തേത് നാലുവയസ്സിനടുത്തുമാത്രം ഉള്ളപ്പോഴായിരുന്നിരിക്കണം നടന്നത്. ഒരു കഥയനുസരിച്ച്, ദൈവം ജനാലയിൽ കൂടി തല വെളിയിലിട്ടപ്പോൾ ബ്ലെയ്ക്ക് ദൈവത്തെ കണ്ട ബ്ലെയ്ക്ക് അലറിക്കരഞ്ഞു.[35] എട്ടോ-പത്തോ വയസ്സുള്ളപ്പോൾ, ലണ്ടണിലെ പെക്കാം റൈയിൽ വച്ച്, ബ്ലെയ്ക്ക് മാലാഖമാർ തിങ്ങിനിറഞ്ഞ ഒരു മരം കണ്ടുവെന്നവകാശപ്പെട്ടു. "മരത്തിന്റെ ഓരോ ചില്ലയിലും മാലാഖമാരുടെ വെൺചിറകുകൾ നക്ഷത്രങ്ങളെപ്പോലെ മിന്നുന്നുണ്ടായിരുന്നു."[35] ബ്ലെയ്ക്കിന്റെ വിക്ടോറിയൻ ജീവചരിത്രകാരനായ ഗിൽക്രൈസ്റ്റ് പറയുന്നത്, ഈ ദർശനത്തിന്റെ കാര്യം വീട്ടിൽ പറഞ്ഞ പിതാവിന്റെ ബ്ലെയ്ക്ക് അടികൊള്ളാതെ രക്ഷപെട്ടത് അമ്മയുടെ ഇടപെടൽ മൂലമാണ്. ലഭ്യമായ തെളിവുകളനുസരിച്ച് മാതാപിതാക്കന്മാരിരുവരും, മകന്റെ വിചിത്രപ്രതിഭയെ പിന്തുണച്ചെങ്കിലും, അമ്മയാണ് ഏറെ പിന്തുണച്ചതെന്ന് കരുതണം. മകന്റെ ആദ്യകാല കവിതകളിലും ചിത്രങ്ങളിലും പലതും അമ്മയുടെ മുറിയുടെ ഭിത്തിയെ അലങ്കരിച്ചിരുന്നു. മറ്റൊരവസരത്തിൽ, ബ്ലെയ്ക്ക് വൈക്കോൽ കൂനയിടുന്നവരെക്കണ്ട് ബ്ലെയ്ക്കിന് അവർ മാലാഖമാരാണെന്നു തോന്നി.[35]

ചെള്ളിന്റെ പ്രേതം, 1819-1820. ബ്ലെയ്ക്കിന്റെ ദർശനങ്ങളേക്കുറിച്ച് അദ്ദേഹത്തിൽ നിന്നുകേട്ട ചിത്രകാരനും ജ്യോതിഷിയുമായ ജോൺ വാർളി, അവയിലൊന്നിനെ ചിത്രീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.[36] ബ്ലെയ്ക്കിന്റെ ദർശനത്തെക്കുറിച്ചുള്ള വാർളിയുടെ കഥയും ദർശനത്തിലെ ചെള്ളുപ്രേതത്തിന്റെ ഈ ചിത്രീകരണവും പ്രശസ്തിനേടി.[36]

ജീവിതകാലമത്രയും ബ്ലെയ്ക്ക് ദർശനങ്ങൾ ലഭിക്കുന്നതായി അവകാശപ്പെട്ടു. പലപ്പോഴും സുന്ദരമായ മതവിഷയങ്ങളും ബിംബങ്ങളുമായി ബന്ധപ്പെട്ടിരുന്ന അവ, ആത്മീയ രചനകളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ കേന്ദ്രസ്ഥാനത്ത് ധാർമ്മിക സങ്കല്പങ്ങളും ബിംബങ്ങളുമാണ്. ദൈവവും ക്രിസ്തുമതവും അദ്ദേഹത്തിന്റെ രചനകളുടെ ബൗദ്ധികകേന്ദ്രമായിരുന്നു. അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. കൂടാതെ കലാസൃഷ്ടികളുടെ കാര്യത്തിൽ, തന്നെ ദൈവദൂതന്മാർ നേരിട്ട് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ബ്ലെയ്ക്ക് വിശ്വസിച്ചു. മാലാഖമാർ ആ സൃഷ്ടികൾ വായിച്ചുരസിക്കുന്നെന്നും അദ്ദേഹം വിശ്വസിച്ചു. വില്യം ഹെയ്‌ലിക്ക് 1800 മേയ് 6-നെഴുതിയ കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു:

നമ്മുടെ പരേതരായ സുഹൃത്തുക്കൾ ജീവിച്ചിരുന്നപ്പോഴത്തേക്കാൾ യഥാർത്ഥമായ അർത്ഥത്തിൽ നമ്മോടൊത്തുണ്ടെന്ന് എനിക്കറിയാം. പതിമൂന്നുവർഷം മുൻപ് മരിച്ച എന്റെ സഹോദരന്റെ ആത്മാവുമായി ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറും ആത്മാവിൽ സല്ലപിക്കുന്നു. അവനെ ഞാൻ എന്റെ ഓർമ്മയിലും സങ്കല്പലോകത്തിലും കാണുന്നു. ഞാൻ അവന്റെ ഉപദേശം ശ്രവിക്കുന്നു. ഇപ്പോൾ എഴുതുന്നതുപോലും അവൻ പറഞ്ഞതു കേട്ടെഴുതുന്നതാണ്.

1800 സെപ്റ്റംബർ 21-ന് ജോൺ ഫ്ലാക്സ്മാന് അയച്ച കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി:

ഫെൽഫാം(പട്ടണം) പഠനത്തിന് തികച്ചും പറ്റിയ സ്ഥലമാണ്. ലണ്ടനേക്കാൾ ആത്മീയത അതിനുണ്ട്. ഇവിടെ സ്വർഗ്ഗം അതിന്റെ വാതിലുകൾ എല്ലാവശങ്ങളിലും തുറക്കുന്നു; അതിന്റെ ജനാലകളിൽ മൂടൽ വീണിട്ടില്ല; ഇവിടെ സ്വർഗ്ഗവാസികളുടെ സ്വരം കൂടുതൽ വ്യക്തമായി കേൾക്കാനും രൂപം കൂടുതൽ വ്യക്തമായി കാണാനും കഴിയുന്നു; എന്റെ കുടിലും അവരുടെ ഭവനത്തിന്റെ നിഴലിലാണ്. എന്റെ ഭാര്യയും സഹോദരിയും സുഖമായിരിക്കുന്നു: സമുദ്രദേവന്റെ ആശ്ലേഷം തേടുകയാണവർ... എന്റെ സൃഷ്ടികൾ സ്വർഗ്ഗത്തിൽ, എനിക്ക് സങ്കല്പിക്കാനാവുന്നതിലധികം മതിക്കപ്പെടുന്നു. എന്റെ തലച്ചോറിൽ മർത്ത്യജീവിതം തുടങ്ങുന്നതിനുമുൻപ്, നിത്യതയുടെ യുഗങ്ങളിൽ ഞാൻ തീർത്ത പുസ്തകങ്ങളും ചിത്രങ്ങളും നിറഞ്ഞ പഠനമുറികളും അറകളുമുണ്ട്; ആ കൃതികൾ ദൈവദൂതന്മാരുടെ ആനന്ദവും ഉപാസനയുമാണ്.

1803 ഏപ്രിൽ 25-ന് തോമസ് ബട്ട്‌സിനെഴുതിയ കത്തിൽ ഇങ്ങനെ കാണാം:

മറ്റൊരാളോടും പറയാൻ ധൈര്യപ്പെടാത്തൊരു കാര്യം ഞാൻ നിങ്ങളോടിപ്പോൾ പറയാം: ലണ്ടണിൽ ഏകാന്തതയിലേ എനിക്ക് എന്റെ ദർശനപാഠങ്ങൾ ആസ്വദിക്കാൻ കഴിയുകയുള്ളു: നിത്യതയിലെ കൂട്ടുകാരുമായി സല്ലപിക്കാനും, പ്രത്യക്ഷങ്ങൾക്ക് സാക്ഷിയാകാനും, സ്വപ്നം കാണാനും, പ്രവചിക്കാനും ഉപമകളിലൂടെ സംസാരിക്കാനും മറ്റു മർത്ത്യജീവികളുടെ സംശയങ്ങളുടെ അലട്ടലില്ലാതിരിക്കണം. അവരുടെ സംശയങ്ങൾ ഒരുപക്ഷേ ദയയിൽ നിന്ന് ഉറവെടുക്കുന്നതാകാം; പക്ഷേ സംശയങ്ങൾ എപ്പോഴും വിനാശകരമാണ്, പ്രത്യേകിച്ച് നാം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുമ്പോൾ.

അന്ത്യവിധിയുടെ ദർശനം എന്ന രചനയിൽ നിന്നെടുത്തതാണിത്:

സൃഷ്ടിക്കപ്പെട്ടത് തിന്മയാണ്. സത്യം സനാതനമാണ്. തിന്മ, അതായത് സൃഷ്ടി ദഹിപ്പിക്കപ്പെടും; അപ്പോൾ, അപ്പോൾ മാത്രമേ സത്യവും നിത്യതയും പ്രത്യക്ഷമാവുകയുള്ളു. മനുഷ്യന്റെ കാഴ്ചയിൽ നിന്നു മറയുന്ന നിമിഷം സൃഷ്ടിയുടെ ദഹനം നടക്കും. സൃഷ്ടലോകം എന്റെ കാഴ്ചയിലില്ലെന്ന് എനിക്കറിയാം. എനിക്ക് അതൊരു പ്രക്രിയയല്ല, തടസ്സം മാത്രമാണ്; എനിക്ക് എന്റെ ഭാഗമല്ലാത്ത പാദധൂളിപോലെയാണത്. "എന്ത്," നിങ്ങൾ ഒരുപക്ഷേ ചോദിച്ചേക്കാം, "സൂര്യനുദിക്കുമ്പോൾ ഏതാണ്ട് ഒരു നാണയം പോലെയുള്ള ഒരഗ്നിവൃത്തം നിങ്ങൾ കാണാറില്ലേ?" ഓ ഇല്ലേയില്ല. ഞാൻ ആകെ കാണുന്നത് എണ്ണമറ്റ സ്വർഗ്ഗീയദൂതന്മാരുടെ ഒരു ഗണം, 'പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവശക്തനും കർത്താവുമായ ദൈവം പരിശുദ്ധൻ' എന്നു പാടുന്നതാണ്.' എന്റെ ശാരീരികനയനങ്ങളെ ഞാൻ സംശയിക്കുന്നില്ല. വെളിയിലെ ഒരു ദൃശ്യം കാണാൻ സഹായിക്കുന്ന ജനാല പോലെയാണ് എനിക്കവ. ഞാൻ ജനാലയിൽക്കൂടി കാണുന്നു, ജനാലകൊണ്ടല്ല.[37]

വില്യം വേഡ്സ്‌വർത്ത് ബ്ലെയ്ക്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്: "ഈ പാവം മനുഷ്യന് ഭ്രാന്തായിരുന്നെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ ഈ മനുഷ്യന്റെ ഭ്രാന്തിൽ ബൈറന്റേയും വാൾട്ടർ സ്കോട്ടിന്റേയും സുബോധത്തേക്കാൾ എന്നെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ട്.[38]

ലോകത്തെ വിമർശനബുദ്ധിയോടെ നിരീക്ഷിച്ച കാല്പനികനാണ് ബ്ലെയ്ക്കെന്ന് ഡി.സി.വില്യംസ് (1899-1983) അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്ലെയ്ക്കിന്റെ നിഷ്കളങ്കതയുടെ പാട്ടുകൾ അദ്ദേഹം കണ്ട ആദർശലോകത്തിന്റെ ചിത്രവും, അനുഭവങ്ങളുടെ പാട്ടുകൾ സമൂഹവ്യവസ്ഥയും ലോകവും സൃഷ്ടിച്ച സഹന-നഷ്ടങ്ങളുടെ ചിത്രവും ആണെന്നും വില്യംസ് കരുതി.

മരണം

ലണ്ടണിൽ ബ്ലെയ്ക്കിന്റെ സൂചകങ്ങളൊന്നുമില്ലാത്ത സംസ്കാരസ്ഥാനത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്മാരകഫലകം

മരണദിവസം ബ്ലെയ്ക്ക് ഡാന്റേ പരമ്പരയിന്മേൽ തുടർച്ചയായി പണിചെയ്തു. ഒടുവിൽ അദ്ദേഹം ജോലിനിർത്തി, സമീപത്ത് കണ്ണീരോടെ നോക്കി നിന്നിരുന്ന ഭാര്യയുടെ നേർക്കുതിരിഞ്ഞു. അവളെ പിടിച്ചുകൊണ്ട് അദ്ദേഹം "നിൽക്കൂ കെയ്റ്റ്! നീ ഇങ്ങനെ തന്നെ നിൽക്കുക – ഞാൻ നിന്റെ ചിത്രം വരക്കാം – നീ എനിക്ക് എന്നും മാലാഖയായിരുന്നു" എന്നു പറഞ്ഞതായി പറയപ്പെടുന്നു. ഇപ്പോൾ നഷ്ടപ്പെട്ട ആ ചിത്രം പൂർത്തിയാക്കിയശേഷം, ബ്ലെയ്ക്ക് പണിയായുധങ്ങൾ തഴെവച്ചിട്ട് സ്തോത്രങ്ങളും തിരുദൈവവചനങ്ങളും ആലപിക്കാൻ തുടങ്ങി.[39] അന്നു വൈകിട്ട് ആറുമണിക്ക് താൻ അവർക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തശേഷം ബ്ലെയ്ക്ക് മരിച്ചു. സമീപത്തുണ്ടായിരുന്ന ഒരയൽക്കാരി, "ഞാൻ മനുഷ്യന്റെയല്ല ഒരു വിശുദ്ധമാലാഖയുടെ മരണത്തിനാണ് സാക്‌ഷ്യം വഹിച്ചത്" എന്നു പറഞ്ഞതായി ഗിൽക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്."[40]

1965-നുശേഷം, വില്യം ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം സൂചനയില്ലാതെ വിസ്മൃതമായി. നേരത്തേയുണ്ടായിരുന്ന സ്മാരകഫലകം നീക്കംചെയ്യപ്പെട്ടു. ഇപ്പോൾ കുഴിമാടത്തിന്റെ സ്മരണികയായുള്ള ശിലാഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "കവിയും ചിത്രകാരനുമായ വില്യം ബ്ലെയ്ക്കിന്റേയും( 1757-1827) പത്നി കാഥറിൻ സോഫിയായുടേയും(1762-1831) ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്നത് ഇതിനടുത്താണ്.". ഈ സ്മരണികാശില സൂചകങ്ങളില്ലാത്ത യഥാർത്ഥ സംസ്കാരസ്ഥാനത്തുനിന്ന് ഏതാണ്ട് ഇരുപത് മീറ്ററോളം അകലെയാണെന്ന് പറയപ്പെടുന്നു. എന്നാൽ വില്യം ബ്ലെയ്ക്കിന്റെ സുഹൃത്തുക്കൾ എന്നറിയപ്പെടുന്ന ഒരു സംഘത്തിലെ അംഗങ്ങൾ ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം കണ്ടെത്തിയതായും അവിടെ ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളതായും പറയപ്പെടുന്നു.[41][42]

ജോർജ്ജ് റിച്ച്‌മോണ്ട്, സാമുവൽ പാമറിനെഴുതിയ ഒരു കത്തിൽ ബ്ലെയ്ക്കിന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ എഴുതി:

ലിന്നെലിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് കാഥറിൻ ഭർത്താവിന്റെ ശവസംസ്കാരം നടത്തിയത്. മരണം കഴിഞ്ഞ് അഞ്ചാം ദിവസം, അവരുടെ 45-ആം വിവാഹവാർഷികത്തിന്റെ തലേന്ന്, ബൺഹിൽ ഫീൽഡിലെ വിമതക്രൈസ്തവരുടെ സിമിത്തേരിയിലായിരുന്നു സംസ്കാരം. ബ്ലെയ്ക്കിന്റെ മാതാപിതാക്കന്മാരെ സംസ്കരിച്ചിരുന്നതും അവിടെയായിരുന്നു. ചടങ്ങുകളിൽ കാഥറിനു പുറമേ, ചിത്രകാരൻ എഡ്‌വേർഡ് കാൽവർട്ട്, ജോർജ്ജ് റിച്ച്‌മോണ്ട്, ഫ്രെഡെറിക് താത്താം, ജോൺ ലിന്നെൽ എന്നിവരും ഉണ്ടായിരുന്നു. താമസിയാതെ കാഥറിൻ താത്താമിന്റെ വീട്ടിൽ വീട്ടുകാര്യസ്ഥയായി ചേർന്നു. അക്കാലത്ത് ബ്ലെയ്ക്കിന്റെ ആത്മാവ് തന്നെ ഇടക്കിടെ സന്ദർശിക്കാറുണ്ടെന്ന് അവർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു. പക്ഷേ എല്ലാ കച്ചവടവും "മിസ്റ്റർ ബ്ലെക്കിന്റെ അഭിപ്രായം ആരാഞ്ഞതിനുശേഷം" മാത്രമേ ഉറപ്പിക്കൂ എന്നായിരുന്നു അവരുടെ നിലപാട്.[44] 1831 ഒക്ടൊബറിലെ സ്വന്തം മരണദിവസം, ഭർത്താവിനെപ്പോലെ അവരും ശാന്തയും സന്തുഷ്ടയും ആയിരുന്നു. ഭർത്താവ് ഏറെ അകലെയല്ലാതെ ഉണ്ടെന്നും താൻ വൈകാതെ ഒപ്പം ചേരാൻ പോവുകയാണെന്നുമുള്ള മട്ടിൽ അവർ അദ്ദേഹത്തെ ഇടക്കിടെ വിളിച്ചുകൊണ്ടിരുന്നു.[45]

കാഥറിന്റെ മരണത്തിനുശേഷം ബ്ലെയ്ക്കിന്റെ കൈയെഴുത്തുപ്രതികളും മറ്റും ഫ്രെഡറിക്ക് താത്താമിന്റെ നിയന്ത്രണത്തിൽ വന്നു. അവയിൽ മതവിരുദ്ധമെന്നോ വിമതരാഷ്ട്രീയനിലപാടുകൾ പ്രകടിപ്പിച്ചതെന്നോ തോന്നിച്ചവയൊക്കെ, താത്താം അഗ്നിക്കിരയാക്കി. അദ്ദേഹം ഏഡ്‌വേർഡ് ഇർവിങ്ങിന്റെ ആശയങ്ങൾ പിന്തുടരുന്ന ഇർവിങ്ങൈറ്റ് വിഭാഗത്തിലെ അംഗമായിരുന്നു. ദൈവദൂഷണപരമെന്ന് സംശയിക്കപ്പെടുന്ന കലാസൃഷ്ടികളെ എതിർത്തിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ അനേകം മൗലികവാദപ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഇർവിങ്ങിന്റേത്.[46] ബ്ലെയ്ക്കിന്റെ ചിത്രങ്ങളിൽ പലതിലും ഉണ്ടായിരുന്ന ലൈംഗികബിംബങ്ങൾ ജോൺ ലിന്നെൽ തുടച്ചുമാറ്റുകയും ചെയ്തു.[47] ഇന്ന് ജ്ഞാനവാദ കത്തോലിക്കാസഭ (Ecclesia Gnostica Catholica) ബ്ലെയ്ക്കിനെ പുണ്യവാനായി കണക്കാക്കുന്നു. ഓസ്ട്രേലിയ 1949-ൽ ബ്ലെയ്ക്കിന്റെ ബഹുമാനാർത്ഥം, "മതപരമായ കലയ്ക്കുള്ള ബ്ലെയ്ക്ക് സമ്മാനം" ഏർപ്പെടുത്തി. 1957-ൽ വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ ബ്ലെയ്ക്കിനും പത്നിക്കും സ്മാരകങ്ങൾ സ്ഥാപിക്കപ്പെട്ടു.[48]

നിലപാടുകൾ

തന്റെ ശക്തമായ നിലപാടുകളിൽ ബ്ലെയ്ക്ക് പുലർത്തിയ സ്ഥിരതയെ പരാമർശിക്കുന്ന നോർത്രോപ്പ് ഫ്രൈ, "50 വയസ്സുള്ളപ്പോൾ ജോഷ്വാ റെയ്നോൾഡ്സിനെക്കുറിച്ചെഴുതിയ കുറിപ്പുകൾ വളരെ ചെറുപ്പത്തിൽ ജോൺ ലോക്കിനെയും ഫ്രാൻസിസ് ബേക്കണേയും കുറിച്ചെഴുതിയവയെപ്പോലെ തന്നെയായിരുന്നു" എന്ന ബ്ലെയ്ക്കിന്റെ തന്നെ നിരീക്ഷണം ഏടുത്തുകാട്ടുന്നു. ബ്ലെയ്ക്കിന്റെ സൃഷ്ടികളിൽ,ശൈലികളും കവിതകളിലെ വരികളും പോലും നാല്പതിലേറെ വർഷം കഴിഞ്ഞും അതേപടി പുനരവതരിക്കുന്നതുകാണാം. ശരിയെന്നു താൻ കരുതിയ ആദർശങ്ങളിലുള്ള സ്ഥിരത തന്നെ ബ്ലെയ്ക്കിന്റെ മുഖ്യ ആദർശങ്ങളിലൊന്നായിരുന്നു....പരസ്പരവിരുദ്ധമായ നിലപാടുകളെ അവജ്ഞാപൂർവം വിമർശിച്ച അദ്ദേഹത്തിന്റെ മുഖ്യതാത്പര്യമായിരുന്നു അഭിപ്രായസ്ഥിരത.[49]

മതവീക്ഷണം

ബ്ലെയ്ക്കിന്റെ പുരാതനൻ(Ancient of Days). ബൈബിളിലെ ദാനിയേലിന്റെ പുസ്തകം ഏഴാം അദ്ധ്യായത്തെ പിന്തുടർന്നാണിത്.

വ്യവസ്ഥാപിതമതങ്ങളെ ബ്ലെയ്ക്ക് ദാക്ഷിണ്യമില്ലാതെ ആക്രമിച്ചെങ്കിലും അവയുടെ തിരസ്കാരം മതത്തിന്റെ തന്നെ തിരസ്കാരമായിരുന്നില്ല. മതയാഥാസ്ഥിതികതയോടുള്ള ബ്ലെയ്ക്കിന്റെ നിലപാട്, ബൈബിളിലെ പ്രവചനങ്ങളെ അനുകരിച്ചെഴുതിയ സ്വർഗ്ഗനരകങ്ങളുടെ വിവാഹം എന്ന രചനയിൽ പ്രകടമാണ്. അതിൽ അദ്ദേഹം, നരകച്ചൊല്ലുകളുടെ(Proverbs of Hell) ഒരു പട്ടിക അവതരിപ്പിക്കുന്നുണ്ട്. അവയിൽ ചിലത് ഇവയാണ്:

കാരാഗൃഹങ്ങൾക്ക് നിയമം പണിക്കല്ല്; വേശ്യാലയങ്ങൾക്ക് മതവും.
പുഴു ഇലകളിൽ സുന്ദരമായതിനെ മുട്ടയിടാൻ തെരഞ്ഞെടുക്കുന്നതുപോലെ,
പുരോഹിതൻ സുഖങ്ങളിൽ സുന്ദരമായതിനെ ശാപത്തിന്റെ ലക്‌ഷ്യമാക്കുന്നു.

നിത്യതയുടെ സുവിശേഷം, എന്ന രചനയിൽ ബ്ലെയ്ക്ക് യേശുവിനെ തത്ത്വചിന്തകനോ, പരമ്പരാഗരീതിയിലുള്ള രക്ഷാപുരുഷനോ ആയി ചിത്രീകരിക്കന്നില്ല. അതിലെ യേശു, സിദ്ധാന്തങ്ങൾക്കും, യുക്തിക്കും, സദാചാരനിയമങ്ങൾക്കുംപോലും ഉപരിനിൽക്കുന്ന ഒരു സർഗ്ഗധനനാണ്:

അവൻ അന്തിക്രിസ്തുവോ, ഇഴയുന്ന യേശുവോ ആയിരുന്നെങ്കിൽ,
നമ്മുടെ പ്രീതിനേടാനായി എന്തും ചെയ്യുമായിരുന്നു:
സിനഗോഗുകളിൽ ഒളിസന്ദർശനം നടത്തുമായിരുന്നു,
മൂപ്പന്മാരോടും പുരോഹിതന്മാരോടും നായ്ക്കളോടെന്നെപോലെ പെരുമാറുമായിരുന്നില്ല,
ആട്ടിൻകുട്ടിയുടെയോ കഴുതയുടെയോ സൗമ്യതയോടെ,
കയഫാസിന് കീഴ്‌വഴങ്ങുമായിരുന്നു.
മനുഷ്യൻ സ്വയം താഴ്ത്തണമെന്ന് ദൈവം ആവശ്യപ്പെടുന്നില്ല.

ദൈവികതയുമായി മനുഷ്യവംശത്തിനുള്ള ഒരുമയുടേയും ജീവബന്ധത്തിന്റേയും പ്രതീകമായിരുന്നു യേശു ബ്ലെയ്ക്കിന്: "എല്ലാവർക്കും ആദിയിൽ ഒരു ഭാഷയും മതവും ആയിരുന്നു: യേശുവിന്റെ മതം, നിത്യതയുടെ സുവിശേഷം അതായിരുന്നു. പൗരാണികത പ്രഘോഷിക്കുന്നത് യേശുവിന്റെ സുവിശേഷമാണ്."[11]

ബ്ലെയ്ക്ക് സ്വന്തം മിത്തോളജി മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്. ഊറിസൻ, എനിത്താർമൺ, ബ്രോമിയൻ, ലൂവാ തുടങ്ങിയവർ ആ ലോകത്തിലെ കഥാപാത്രങ്ങളാണ്. ബൈബിളിനേയും ഗ്രീക്ക് പുരാണങ്ങളേയുമാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്.[50] നിത്യതയുടെ സുവിശേഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഈ സങ്കല്പലോകത്തിന്റെ അകമ്പടിയുണ്ട്.

എനിക്ക് ഒരു വ്യവസ്ഥിതി സൃഷ്ടിക്കാതെ വയ്യ, അല്ലെങ്കിൽ മറ്റൊരാളുടെ വ്യവസ്ഥിതി എന്നെ അടിമയാക്കും. ഞാൻ യുക്തിവാദമോ താരതമ്യമോ നടത്തുകയില്ല; സൃഷ്ടിയാണ് എന്റെ ധർമ്മം.

ബ്ലെയ്ക്കിന്റെ യെരുശലേം എന്ന രചനയിൽ ലോസിന്റെ പ്രഖ്യാപനം.

യാഥാസ്ഥിതിക ക്രിസ്തുമതത്തിനെതിരായുള്ള ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ വിമർശനം അത് മനുഷ്യരുടെ സ്വാഭാവികാഭിലാഷങ്ങളെ അടിച്ചമർത്തുകയും ലൗകികസന്തോഷങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു എന്നതായിരുന്നു. അന്ത്യവിധി ദർശനം എന്ന രചനയിൽ ബ്ലെയ്ക്ക് ഇങ്ങനെ പറയുന്നു:

സ്വർഗ്ഗനരകങ്ങളുടെ വിവാഹത്തിൽ മതത്തെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്:

ആബേലിന്റെ ശരീരം ആദവും ഹവ്വയും കണ്ടെത്തുന്നു., c. 1825. തടിയിൽ ജലവർണ്ണത്തിൽ തീർത്തത്.

ആത്മാവിൽ നിന്ന് വ്യത്യസ്തമായ അത്മാവിന്റെ നിയന്ത്രണത്തിനു വഴങ്ങേണ്ട ഒരു ശരീരം എന്ന സങ്കൽപം ബ്ലേയ്ക്കിനു സ്വീകാര്യമായില്ല. ശരീരത്തെ പഞ്ചേന്ദ്രിയങ്ങൾക്കു തിരിച്ചറിയാനാകുന്ന ആത്മാവിന്റെ തന്നെ അംശമായി അദ്ദേഹം കണക്കാക്കി. അതിനാൽ ശാരീരികാഭിലാഷങ്ങളുടെ നിയന്ത്രണത്തിന് പരമ്പരാഗതമതങ്ങൾ കൊടുക്കുന്ന പ്രാധാന്യം ശരീരാത്മാവുകളുടെ ബന്ധത്തെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടുണ്ടായ ദ്വൈതചിന്തയിൽ നിന്നു ജനിച്ചതാണെന്ന് ബ്ലെയ്ക്ക് വാദിച്ചു; മറ്റൊരിടത്ത് സാത്താനെ അദ്ദേഹം 'അബദ്ധാവസ്ഥ' എന്നും രക്ഷയുടെ പരിധിക്കുപുറത്തുള്ളവനെന്നും വിശേഷിപ്പിക്കുന്നു.[51]

വേദനയ്ക്ക് ഒഴിവുകഴിവുകൾ കണ്ടെത്തുകയും, തിന്മയുടെ സാന്നിദ്ധ്യം അംഗീകരിക്കുകയും അനീതികൾക്ക് മാപ്പുചോദിക്കുകയും ചെയ്യുന്ന പരമ്പരാഗത ദൈവശാസ്ത്രത്തിന്റെ യുക്തികൗശലത്തെ(sophistry)ബ്ലേയ്ക്ക് എതിർത്തു. ആത്മത്യാഗത്തെ അദ്ദേഹം ഭയന്നു.[52] അത്, പ്രത്യേകിച്ചും ലൈഗികതയുടെ കാര്യത്തിൽ, ഒരുതരം മതപീഡനമാണെന്ന് അദ്ദേഹം കരുതി:[53] "വകതിരിവ്, വൃത്തികെട്ട ഒരു വൃദ്ധകന്യകയാണ്. ഷണ്ഡതയാണ് അവളുടെ കാമുകൻ. / കാമിച്ചിട്ട് നിഷ്ക്രിയനായിരിക്കുന്നവൻ, മഹാമാരി ജനിപ്പിക്കുന്നു."[54] മനുഷ്യരുടെ ആഗ്രഹങ്ങളെ കുടുക്കിവക്കുന്ന കെണിയായി പാപസങ്കല്പത്തെ കണ്ട (പ്രേമാരാമം) അദ്ദേഹം, വെളിയിൽ നിന്നടിച്ചേല്പ്പിക്കപ്പെട്ട സദാചാരനിയമത്തെ ഭയന്നുള്ള ആത്മനിയന്ത്രണം, ജീവന്റെ ചൈതന്യത്തിനു വിരുദ്ധമാണെന്നു വാദിച്ചു:

വിരക്തി എല്ലാത്തിന്മേലും മണ്ണുവാരിയിടുന്നു;
ര‍ക്താഭമായ അംഗങ്ങളിലും ജ്വലിക്കുന്ന രോമങ്ങളിലും എല്ലാം.
സം‌പ്രാപ്തിയിലെത്തിയ കാമം;
ഫലവും സൗന്ദര്യവും സൃഷ്ടിക്കുന്നു.

മനുഷ്യവംശത്തിൽ നിന്ന് വ്യതിരിക്തനും ഉപരിയും അവർക്ക് കർതൃസ്ഥാനിയുമായ ഒരു ദൈവം അദ്ദേഹത്തിന്റെ സങ്കല്പത്തിൽ ഇല്ലായിരുന്നു.[55]; യേശുക്രിസ്തുവിനെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ ഈ വാക്കുകൾ അത് വെളിവാക്കുന്നു: "അവനാണ് ഏകമാത്രദൈവം ... ഞാനും അതുതന്നെ; അതുപോലെ നിങ്ങളും." സ്വർഗ്ഗനരകങ്ങളുടെ വിവാഹത്തിലെ വാചാലമായ ഒരു പ്രസ്താവം "എല്ലാ ദൈവങ്ങളും തങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്നത് മനുഷ്യർ മറന്നു" എന്നാണ്. സ്വാതന്ത്ര്യവും സമത്വവുമുള്ള സമൂഹത്തിലും സ്ത്രീ-പുരുഷതുല്യതയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമായി ഇണങ്ങിപ്പോകുന്ന ആശയമാണിത്.

തെല്ലിന്റെ പുസ്തകം എന്ന കവിതയിൽ, ബ്ലെയ്ക്ക് ജീവന്റെ തന്നെ ആവശ്യകതയെ ചോദ്യം ചെയ്യുന്നു. ചാപിള്ളയായി ജനിച്ച പുത്രിയുടെ സ്മരണയിൽ എഴുതിയതാണ് ഈ കവിതയെന്ന് കരുതപ്പെടുന്നു.[56]

'ഹോ! നമ്മുടെ ഈ ജീവിതവസന്തത്തിൽ ജലത്തിലെ താമര വാടുന്നതെന്ത്?
ചിരിച്ചുപൊഴിയാൻ (മാത്രം)ജനിച്ച്, വസന്തത്തിന്റെ കുഞ്ഞുങ്ങൾ മങ്ങുന്നതെന്ത്?

ബ്ലെയ്ക്കും ജ്ഞാനോദയചിന്തയും

ജ്ഞാനോദയചിന്തയുമായി (Enlightenment Philosophy) ബ്ലെയ്ക്കിനുണ്ടായിരുന്ന ബന്ധം അതിസങ്കീർണ്ണമായിരുന്നു. അദ്ദേഹത്തിന്റെ ദർശനാധിഷ്ഠിത മതവിശ്വാസം, ഐസക്ക് ന്യൂട്ടന്റെ പ്രപഞ്ചവീക്ഷണവുമായി ചേർന്നുപോകുന്നതായിരുന്നില്ല. ബ്ലെയ്ക്കിന്റെ യെരുശലേം എന്ന കവിതയിലെ ഒരു ഭാഗം ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു:

ബ്ലെയ്ക്കിന്റെ 1795-ലെ ന്യൂട്ടൻ ആ ശാസ്ത്രജ്ഞന്റെ ശാസ്ത്രീയഭൗതികവാദത്തിലെ ഏകാത്മകദർശനത്തിനെതിരെയുള്ള വിമർശനം ഉൾക്കൊള്ളുന്നു. ഇവിടെ ന്യൂട്ടൻ, മിൽട്ടൺ ഏറെ പ്രാധാന്യം കല്പിച്ച [57]ബൈബിളിലെ സുഭാഷിതങ്ങളിലൊന്നിനെ(8:27) അനുസ്മരിപ്പിക്കും വിധം, ഒരു ദൂരമാപിനിയിൽ കണ്ണുറപ്പിച്ച് സ്വന്തം തലയിൽ നിന്ന് പുറപ്പെട്ടുവരുന്നതെന്നു തോന്നിക്കുന്ന ചുരുളിൽ എഴുതുന്നു.[58]
യൂറൊപ്പിലെ വിദ്യാശാലകളിലേക്ക് കണ്ണുതിരിച്ച ഞാൻ,
(ജോൺ)ലോക്കിന്റെ നെയ്ത്തുയന്ത്രത്തിൽ,
ന്യൂട്ടന്റെ ജലച്ചക്രങ്ങൾ നനച്ച ഇഴകളുടെ സം‌ഹാരപ്പാച്ചിൽ കണ്ടു.
ഓരോ ദേശത്തിനുംമേൽ കനത്ത മടക്കുകളിൽ കരിമ്പുതപ്പ്;
ക്രൗര്യം നിറഞ്ഞ ചക്രവേലകൾ: ചക്രത്തിനുപുറത്ത് ചക്രം
പേടിപ്പെടുത്തുന്ന പല്ലുകൾ കൊണ്ട് പരസ്പരം ബലം‌പ്രയോഗിച്ച് തിരിക്കുന്നു;
ഏദേനിലെപ്പോലെയല്ല: അവിടെ ചക്രത്തിനുള്ളിൽ ചക്രം
സ്വാതന്ത്ര്യത്തിൽ, ശാന്തിയിൽ, ഒരുമയിൽ തിരിയുന്നു.[59]

വസ്തുക്കളിന്മേലുള്ള പ്രകാശത്തിന്റെ സ്വാഭാവികപതനം ചിത്രീകരിച്ച ജോഷ്വാ റെയ്നോൾസിന്റെ ചിത്രങ്ങൾ ജഡികനയനങ്ങളുടെ മാത്രം സൃഷ്ടിയാണേന്ന് ബ്ലെയ്ക്ക് വിശ്വസിച്ചു. റെയ്നോൾസിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ പിതൃത്വം, തത്ത്വചിന്തകനായ ജോൺ ലോക്കിനും ശാസ്ത്രജ്ഞൻ ഐസക്ക് ന്യൂട്ടണും അവകാശപ്പെട്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു.[60] അക്കാലത്തെ ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് ചെറുബിന്ദുക്കൾ ചേർന്ന് ചിത്രത്തിന്റെ അനുഭൂതിയുണ്ടാക്കിയ മെസ്സോട്ടിന്റുകളുടെ മുദ്രണവിദ്യ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതിനും പ്രകാശത്തെ സംബന്ധിച്ച ന്യൂട്ടന്റെ കണികാസിദ്ധാന്തത്തിനും ഇടയിൽ ബ്ലെയ്ക്ക് സമാനതകൾ കണ്ടു.[61] അതിനാൽ ഈ സങ്കേതം തന്റെ കലയിൽ ബ്ലെയ്ക്ക് ഒരിക്കലും പ്രയോഗിച്ചില്ല. ഒഴുക്കുള്ള രേഖകളിലെ മുദ്രണമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ബ്ലെയ്ക്കിന്റെ നായകശില്പമായി പലരും കരുതുന്ന ഇയ്യോബ് പരമ്പരയെ പരാമർശിച്ച് ജോർജ്ജ് കുംബർലാൻഡിനയച്ച കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി:

രേഖയോ രൂപമോ ആകസ്മികതയിൽ ജനിക്കുന്നതല്ല; വര അതിന്റെ
അംശാംശത്തിൽ പോലും, നേരോ വളഞ്ഞതോ ആകട്ടെ, അതുതന്നെയാണ്;
മറ്റെന്തിനെങ്കിലുമൊപ്പമോ എന്തെങ്കിലും കോണ്ടോ അതിനെ അളക്കാനാവില്ല: അതാണ് ഇയ്യോബ്[62]

ജ്ഞാനോദയസിദ്ധാന്തങ്ങളെ എതിരുന്നിട്ടും ആ എതിർപ്പ് ബ്ലെയ്ക്കിനെ എത്തിച്ചത്, അദ്ദേഹത്തിന് സമാനരെന്ന് കരുതപ്പെടുന്ന കാല്പനികരുടെ കൂട്ടത്തിലല്ല, ജോൺ ഫ്ലാക്സ്മാന്റെ നിയോക്ലാസ്സിക്കൽ മുദ്രണങ്ങളിൽ പ്രകടമാവുന്നതുപോലെയുള്ള ലാവണ്യസങ്കല്പത്തിലാണ്.

അതിനാൽ ബ്ലെയ്ക്ക് ഒരു ജ്ഞാനോദയകവിയും കലാകാരാനും കൂടിയായി പരിഗണിക്കപ്പെടുന്നു. പാരമ്പര്യസിദ്ധമായ ആശയങ്ങളോടും വ്യവസ്ഥകളോടും, അധികാരങ്ങളോടുമുള്ള ജ്ഞാനോദയത്തിന്റെ എതിർപ്പിൽ അദ്ദേഹം പങ്കുപറ്റിയിരുന്നു എന്നാണ് ഇതിനർത്ഥം. അതേസമയം യുക്തിയെ സർവശക്തികളും കയ്യാളുന്ന അധികാരത്തിന്റെ പദവിയിലേക്കുയർത്തുന്നതിനേയും അദ്ദേഹം എതിർത്തു. യുക്തി, നിയമം, ഏകതാനത(Uniformity) തുടങ്ങിയവയോടുള്ള വിമർശനത്തിൽ, ബ്ലെയ്ക്ക് ജ്ഞാനോദയത്തിന്റെ മറുപക്ഷത്തായിരുന്നുവെന്ന് കരുതപ്പെടുന്നു. അതേസമയം, സം‌വാദാത്മകമായി നോക്കിയാൽ, ബാഹ്യാധികാരങ്ങളോടുള്ള ജ്ഞാനോദയത്തിന്റെ എതിർപ്പിൽ നിന്ന് പ്രചോദിതനായി, ജ്ഞാനോദയത്തിന്റെ തന്നെ ഇടുങ്ങിയ സങ്കല്പങ്ങളെ തിരസ്കരിക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[63]

സമത്വവാദി

"വാരിയെല്ലിൽ കെട്ടി കഴുമരത്തിൽ തൂക്കപ്പെട്ട ഒരു നീഗ്രോ", ജെ.ജി. സ്റ്റെഡ്മാന്റെ സുരിനാമിൽ കലാപമുയർത്തിയ നീഗ്രോകൾക്കെതിരെ അഞ്ചുവർഷത്തെ സംഘടിതമുന്നേറ്റം(1796)" എന്ന ഗ്രന്ഥത്തിനു വരച്ച ചിത്രം.

ആടിമവ്യവസ്ഥയെ കഠിനമായ വെറുത്ത ബ്ലെയ്ക്ക്, വംശീയവും ലൈംഗികവുമായ സമത്വത്തിൽ വിശ്വസിച്ചു.[64] അദ്ദേഹത്തിന്റെ പല കവിതകളും ചിത്രങ്ങളും വിശ്വമാനവികതയിലുള്ള വിശ്വാസം പ്രഖ്യാപിച്ചു: "അന്തമില്ലാത്ത വൈവിദ്ധ്യത്തിനിടയിലും എല്ലാമനുഷ്യരും ഒരുപോലെയാണെന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞ ന്യായം. ഒരു കറുത്ത കുട്ടി പാടുന്ന മട്ടിലുള്ള ഒരു കവിതയിൽ, വെളുപ്പം കറുപ്പുമായ മനുഷ്യശരീരങ്ങളെ തണൽമൂടിയ കാവുകളായും മേഘങ്ങളായും വിവരിച്ചിരിക്കുന്നു. "പ്രേമത്തിന്റെ രശ്മികൾ, ഏറ്റുവാങ്ങാൻ അവർ പ്രാപ്തരാകും വരെയേ അവയ്ക്ക് നിലനില്പ്പുള്ളു ":

കറുത്ത മേഘത്തിൽ നിന്ന് ഞാനും വെളുത്തതിൽ നിന്ന് അവനും സ്വതന്ത്ര്യം നേടുമ്പോൾ,
ദൈവകൂടാരത്തിനു ചുറ്റും കുഞ്ഞാടുകളെപ്പോലെ ഞങ്ങൾ സന്തോഷിക്കും,
ഞങ്ങളുടെ പിതാവിന്റെ മുട്ടിൽ അനന്ദത്തോടെ ചാരി നിൽക്കാൻ ശീലിക്കുവോളം
ചൂടിൽ ഞാൻ അവന് തണൽ നൽകി നിൽക്കും;
പിന്നെ ഞാൻ അവന്റെ വെള്ളിത്തലമുടിയിൽ കയ്യോടിക്കും,
ഞാൻ അവനെപ്പോലെയാകും, അവൻ എന്നെ സ്നേഹിക്കും.[65]

ജീവിതകാലമത്രയും സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളിൽ ബ്ലെയ്ക്ക് താത്പര്യം നിലനിർത്തി. പലപ്പോഴും സാമൂഹ്യപ്രസക്തിയുള്ള അഭിപ്രയങ്ങളെ അദ്ദേഹം ഗൂഢാത്മകമായ ഉപമകളിൽ (mystical allegories)മറച്ചു. അടിച്ചമർത്തലും അർഹതകളുടെ നിയന്ത്രണവുമെന്ന് തോന്നിയവയുടെ വിമർശനത്തിൽ ക്രൈസ്തവസഭകളും ലക്‌ഷ്യമായി. അനുഭവങ്ങളുടെ പാട്ട്(1794) എന്ന രചനയിൽ ബ്ലെയ്ക്കിന്റെ അത്മീയനിലപാടുകൾ പ്രകടമാവുന്നു. വിലക്കുകൾ നിഷ്കർഷിച്ച പഴയനിയമത്തിലെ ദൈവത്തെ തിരസ്കരിക്കുകയും, ത്രിത്വവാദവിശ്വാസം അനുസരിച്ചുള്ള പുതിയനിയമത്തിലെ ദൈവമായ യേശുക്രിസ്തുവിനെ ഗുണാത്മകസ്വാധീനമായി സ്വീകരിക്കുകയുമാണ് അദ്ദേഹം ആ കവിതയിൽ ചെയ്യുന്നത്.

ഗ്രന്ഥസൂചി

ബ്ലെയ്ക്കിനെക്കുറിച്ചുള്ളവ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വില്യം_ബ്ലെയ്ക്ക്&oldid=3987665" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ