മാങ്കുളം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബർ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മൂന്നാർ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകൾ റബ്ബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.

മാങ്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°4′25″N 77°0′15″E, 10°7′16″N 76°56′41″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾആനക്കുളം നോർത്ത്, ശേവൽകുടി, അമ്പതാംമൈൽ, മുനിപാറ, ആറാംമൈൽ, മാങ്കുളം, പാമ്പുംകയം, വിരിപാറ, വേലിയാംപാറ, താളുംകണ്ടം, പെരുമ്പൻകുത്ത്, വിരിഞ്ഞപാറ, ആനക്കുളം സൌത്ത്
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD• 221138
LSG• G060207
SEC• G06012
Map

സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  വൈദ്യുതി ഗ്രിഡിലേക്ക്  വിൽക്കുന്ന സംസ്ഥാനത്തിലെ ആദ്യത്തെ പഞ്ചായത്ത്  ആണ് മാങ്കുളം ഗ്രാമപഞ്ചായത്ത്.

ഭൂപ്രകൃതിയും വിനോദ സഞ്ചാരവും

മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തിൽ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാർവ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത്, ചിന്നാർ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലൻ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാൽ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു.

ഭാരതത്തിന്റെ സുഗന്ധവ്യഞ്ജന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാർഷികവിളകൾ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപർവ്വതനിരകൾക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാർഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകർ 3000 കൊല്ലങ്ങൾക്ക് മേൽ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവൻമാരുടെ പുണ്യപാദധൂളികളാൽ അനുഗൃഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാർ വിശ്വസിക്കുന്നു.

മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാർത്ഥത്തിൽ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാൽ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പർശനത്താൽ കുളിരണിഞ്ഞ് നിൽക്കുന്ന മാങ്കുളം മൂന്നാറിനോട് ചേർന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാൽ അറിയാൻ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.

യാത്ര സൗകര്യം

കല്ലാറ്റിൽ നിന്നു തുടങ്ങിയ യാത്രയിൽ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റർ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയിൽ നിന്നും ഇടുങ്ങിയതും ഗട്ടറുകൾ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റർ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാൽ മറ്റൊരു ലോകമായി. മാനം മുട്ടെ വളർന്നു നിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികൾക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സിൽ എണ്ണമറ്റ പൂക്കൾ വിരിയിക്കും. വലിയ മരങ്ങൾ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിർത്തിയിരിക്കുന്ന തേയില ചെടികൾക്കിടയിൽ വളർന്നു നിൽക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാൻ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ മാമരങ്ങൾക്കിടയിൽ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓർമകൾക്കൊപ്പം ചേർത്ത് നിർത്താൻ മത്സരിച്ച് ചിത്രങ്ങൾ പകർത്തുന്ന സഞ്ചാരികളെ വഴിയരികുകളിൽ കാണാം.

മൂന്നാറിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്റെ വലിയ റിസോർട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തിൽ കാണാൻ കഴിയില്ല. പകരം എവിടേക്ക് നോക്കിയാലും മാനം മുട്ട ഉയർന്നു നിൽക്കുന്ന മലകളും മലകൾക്കപ്പുറം മാനത്തെ തഴുകുന്ന മേഘ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാൽ ചെയ്യേണ്ട ആദ്യ ജോലി. ദീർഘ നേരത്തെ യാത്രാക്ഷീണം ഒഴിവാക്കാൻ ഗ്രാമത്തിലെ തണുത്ത വായു മാത്രം ശ്വസിച്ചാൽ മതിയാവും. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ഗ്രാമത്തിൽ 12000 ജനസംഖ്യ മാത്രമാണുള്ളത്. ചരിത്രം പരിശോധിച്ചാൽ പൂഞ്ഞാർ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്നു മനസ്സിലാക്കാം. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഢത്വം വിളിച്ചോതുന്ന അവശേഷിപ്പുകൾ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തിൽ അധികമായുളളത് എന്നതാണ് മാങ്കുളത്തിന്റെ വലിയ സവിശേഷതകളിൽ ഒന്ന്.

കാലാവസ്ഥ

വ്യത്യസ്തങ്ങളായ മൂന്ന് തരത്തിലുളള കാലാവസ്ഥയാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവംബർ-ഡിസംബർ മാസങ്ങളിൽ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവ് എത്തുന്ന വിരിപ്പാറ, തണുപ്പും ചൂടും സമിശ്രമായ മാങ്കുളം, ചൂടേറെയുളള ആനക്കുളം; ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ ദൂരത്തിനുളളിൽ തന്നെ വ്യത്യസ്തങ്ങളായ ഈ മൂന്നു കാലാവസ്ഥയും അനുഭവിക്കാൻ കഴിയും. മാങ്കുളത്തെത്തിയാൽ ആശ്രയിക്കാവുന്ന ഏറ്റവും നല്ല വാഹനം ജീപ്പ് തന്നെയാണ്. മണ്ണും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ ഇതിലും ഉചിതമായ മറ്റൊരു വാഹനം അവിടെ കിട്ടാനില്ലായെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. മാങ്കുളത്തിന്റെ വിവിധ മേഖലകളിലേക്കു സഞ്ചരിക്കാൻ തയ്യാറായി കിടക്കുന്ന ടാക്‌സി ജീപ്പുകൾ അവിടെ കാണാം.

വെളളച്ചാട്ടങ്ങൾ

അതിശയിപ്പിക്കുന്ന ഉയരത്തിൽ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെളളച്ചാട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം. ചിന്നാർ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെളളച്ചാട്ടങ്ങൾ മാങ്കുളത്തുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേൽ ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. കലർപ്പില്ലാത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല ശരീരം കോച്ചുന്നത്ര തണുപ്പുമാണ് അതിന്. വെളളച്ചാട്ടങ്ങളാൽ സമ്പന്നമായതിനാലാവണം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിനുണ്ട്. നക്ഷത്രകുത്തിനോട് ചേർന്നാണ് ഇത്തരത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പവർഹൗസും മറ്റ് അനുബന്ധ ഉപകരണങ്ങളും.

ആനക്കുളം

കാട്ടാനക്കൂട്ടം പതിവായി വെളളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ ഏറ്റവും ആകർഷീയമായ കേന്ദ്രം. ഈ അപൂർവ സുന്ദര കാഴ്ച കാണാൻ ദിവസവും ഒട്ടേറെ സഞ്ചാരികൾ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേർന്നു കിടക്കുന്ന പുഴയിലാണ് ഗജവീരന്മാറരുടെ നീരാട്ട.വേനൽക്കാലമാകുന്നതോടെ ഉൾവനങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. ഈ സമയത്ത് കുടിക്കാനും കുളിക്കാനുമുളള വെളളം തേടിയാണ് കാട്ടാനക്കൂട്ടം ആനക്കുളത്തെത്താറുളളത്. പുഴയിലെ ഒരു പാറയുടെ കീഴിൽ നിന്നുയരുന്ന കുമിളകൾക്ക് ഉപ്പ് രസം ഉണ്ടെന്നും ഓര് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഈ ഓര് വെളളം ആനകൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് കുടിക്കുവാനായാണ് ദിവസേന നിരവധിയായ ആനകൾ ഇവിടേക്ക് എത്തുന്നതെന്നും പറയപ്പെടുന്നു. മുപ്പത് ആനകൾ വരെ കൂട്ടമായി എത്തിയ ദിവസങ്ങൾ ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. ഈ കാട്ടാന കൂട്ടത്തിന്റെ സാമീപ്യം മൂന്ന് നാല് മാസത്തോളം ഇവിടെയുണ്ടാകും. മഴക്കാലം ആരംഭിക്കുമ്പോൾ മാത്രമാണ് ഇവ തിരികെ ഉൾവനങ്ങളിലേക്ക് പോകാറുളളത്രേ. കുട്ടിയാനകൾ മുതൽ കൊലകൊമ്പന്മാാർ വരെ പുഴയിൽ കളിച്ച് തിമിർക്കുമ്പോൾ പുഴയോട് ചേർന്നുളള വലിയ മൈതാനത്ത് കുട്ടികൾ കാൽപ്പന്ത് കളിക്കുന്നത് ഏറെ കൗതുകത്തോടെ മാത്രമേ കാണാൻ കഴിയൂ. വെളളം കുടിക്കാൻ എത്തുന്ന ആനകൾ പുഴ കടന്ന് ജനവാസ മേഖലയിലേക്ക് വരികയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്യാറില്ല എന്നും ഇവിടുത്തുകാർ പറഞ്ഞു. ആനക്കൂട്ടം വിഹരിക്കുന്ന ആനക്കുളം ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുളള ഈ വനമേഖലയും സഞ്ചാരികളെ ത്രസിപ്പിക്കുതാണ്. പച്ചപ്പ് നിറഞ്ഞ പുൽമൈതാനത്താണ് ആനകളെ കാണാൻ സഞ്ചാരികൾ തമ്പടിക്കാറ്. വൻ മരങ്ങളാലും ജൈവസമ്പത്താലും അനുഗൃഹീതമായ ഈ വന മേഖലയിൽ അപൂർവ ഇനത്തിൽപ്പെട്ട വേഴാമ്പൽ ഉൾപ്പെടെയുളള പക്ഷികളുടെ സംരക്ഷിത മേഖല കൂടിയാണ്.

ആദിവാസികൾ

പ്രകൃതിയുമായി ഏറെ അടുത്തിടപ്പഴകുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിയാൻ മാങ്കുളത്തേക്കുളള യാത്ര സഹായിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ജനസാന്ദ്രത നന്നേ കുറഞ്ഞ മാങ്കുളത്ത് ഏകദേശം ഇരുപത്തഞ്ച് ശതമാനത്തോളം ആദിവാസി ജനതയാണ് ഉളളത്. പ്ലാമലക്കുടി, താളുകണ്ടം കുടി, വിരിപാറ ആദിവാസി സെറ്റിൽമെന്റ്, കോഴിയിളക്കുടി, ചിക്കണംകുടി, ശേവലുക്കുടി, കളളക്കൂട്ടി കുടി തുടങ്ങിയ മേഖലകളിലാണ് ആദിവാസി ജനത ജീവിച്ച് വരുന്നത്. മുതുവാൻ, മാൻ സമുദായത്തിൽപ്പെടുന്ന ‘ ആദിവാസി വിഭാഗങ്ങളെയാണ് ഇവിടെ കണ്ട് വരുന്നത്. ഉൾക്കാടുകളിൽ തങ്ങളുടേതായ പാരമ്പര്യ ജീവിത ശൈലി നയിക്കുന്ന ഇവർ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാറ്. ഭാഷ, വസ്ത്രധാരണ രീതി, ആചാരങ്ങൾ, ഭക്ഷണം, പണ സമ്പാദനം എന്നിവയിലൊക്കെ ഏറെ കൗതുകകരമായ കാഴ്ചകളാണ് ഈ ആദിവാസി ജനത കാണിച്ച് തരുന്നത്. തമിഴ് മിശ്രമായ മലയാള ഭാഷയാണ് പൊതുവായി ഇവർ ഉപയോഗിക്കുന്നത് എങ്കിൽ കൂടിയും ഈ വിഭാഗത്തിന്റെ തനതായ ഭാഷയ്ക്ക് ലിപി ഇല്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കടുംനിറത്തിലുളള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇവർ ധാരാളമായി ആഭരണങ്ങളും അണിയാറുണ്ട്. വെറ്റില കൂട്ടി മുറുക്കുക എന്നത് ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാർ പലരും മുടി നീട്ടി വളർത്തിയിട്ടുണ്ടാകും. വന വിഭവങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാർഗം. മൂർച്ചയുള്ള ഒരായുധം ഇവർ എപ്പോഴും കൈയ്യിൽ കരുതും. പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും വീടുകളിൽ നിന്നും മാറി വനത്തിനുള്ളിൽ വെവ്വേറെ വീടുകൾ നിർമ്മിച്ചാണ് താമസിക്കാറ്. ഗോത്രത്തിനുള്ളിലെ പ്രശ്‌ന പരിഹാരത്തിനായി ഊരു മൂപ്പൻ ഇവർക്കു ണ്ടായിരിക്കും. ആർത്തവ സമയങ്ങളിൽ ഈ വിഭാഗത്തിലെ സ്ത്രീകൾ ‘വാലായ്മപ്പുരകൾ’ എന്നു പേരിട്ടിരിക്കുന്ന കുടിലുകളിൽ മാറിയാണ് താമസിക്കാറ്. ഗോത്രത്തിനകത്തും ഗോത്രത്തിനുപുറത്തും ഉള്ള അന്യപുരുഷന്മാരുടെ മുമ്പിൽ കഴിവതും ഈ വിഭാഗത്തിലെ സ്ത്രീകൾ വരാറില്ല. മരച്ചീനി, ചേമ്പ് ,തിന ,ചോളം , തുവര എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികൾ. ഈറ്റ ഉപയോഗിച്ച് തീർത്ത വയായിരിക്കും ഇവരുടെ കുടിലുകൾ. തെറ്റ് ചെയ്താൽ ഊര് വിലക്കുൾപ്പെടെയുള്ള ശക്തമായ ശിക്ഷാവിധികളും ഈ ജനവിഭാഗം പിന്തുടർന്നു വരുന്നുണ്ട്. ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു ജനവിഭാഗത്തെ അടുത്തറിയാനുള്ള ഒരു സാഹചര്യവും മാങ്കുളത്തേക്കുള്ള യാത്രയിലൂടെ സാധിച്ചെടുത്തു.

കാർഷികവൃത്തി

സമ്പൂർണ്ണ ജൈവഗ്രാമം കൂടിയാണ് മാങ്കുളം. കാർഷികവൃത്തിയുടെ കാര്യത്തിൽ ഈ ഗ്രാമം ഏതാണ്ട് സ്വയംപര്യാപ്തമാണ്. ഏലം, റബ്ബർ, കാപ്പി ,കുരുമുളക്, തേയില എന്നിവയ്ക്കു പുറമെ വാഴ, മരച്ചീനി, നെല്ല് ,ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടുത്തെ കർഷകർ ഉത്പാദിപ്പിച്ചുവരുന്നു. മാങ്കുളത്തെ ജനസംഖ്യയിൽ 99 ശതമാനം ആളുകളും കർഷകരാണ് എതാണ് ഇവിടുത്തെ പ്രത്യേകത. ജൈവകൃഷി പിന്തുടരുന്ന മാങ്കുളത്തെ കർഷകർക്ക് 100 മേനി വിജയമാണ് ഇവിടുത്തെ മണ്ണും കാലാവസ്ഥയും സമ്മാനിക്കുന്നത്. 100 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള വാഴക്കുലകളും ഒറ്റക്കെടുത്തുയർത്താൻ പറ്റാത്ത മരച്ചീനിയുടെ കിഴങ്ങുകളും ഈ ജൈവഗ്രാമത്തിൻെ്‌റ പ്രത്യേകതകളാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കർഷക വിപണിയും ഇവിടെയുണ്ട്. കാർഷിക മേഖലയോടും മൃഗപരിപാലനത്തോടും ചേർന്നു നിന്നുകൊണ്ടുള്ള വിനോദസഞ്ചാരത്തേയും ഇവിടുത്തുകാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിരവധിയായ സ്‌പൈസസ് ഗാർഡനുകളും ഫാമുകളും സഞ്ചാരികൾക്കായി ഇവിടെ തുറന്നിട്ടുണ്ട്. മീൻ പിടിക്കുക എന്ന തനി നാടൻ ശൈലിയെ തന്നെ ഇവിടുത്തുകാർ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നിശ്ചിത തുകയടച്ച് സഞ്ചാരികൾക്ക് ചൂണ്ടയിട്ടു രസിച്ച് യാത്ര അവിസ്മരണീയമാക്കാവുന്നതാണ്. ഇവിടുത്തെ കുടുംബങ്ങളിലധികവും വിഷമയമല്ലാത്ത പച്ചക്കറികളാണ് ഏറെയും ഉപയോഗിക്കുന്നത് അവയൊക്കെ തന്നെയും അവരവരുടെ തൊടികളിൽ വിളഞ്ഞവയുമാണ്.

ട്രീഹൗസുകൾ

വലിയ മരങ്ങളുടെ ശിഖരങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ഏറുമാടങ്ങൾ അഥവ ട്രീ ഹൗസുകളാണ് മാങ്കുളത്തെ മറ്റൊരു ആകർഷണ കേന്ദ്രം. ആദ്യകാലത്ത് ഈ മേഖലയിൽ ട്രീഹൗസുകൾ നിർമ്മിച്ചിരുന്നത് കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷനേടാനായിരുന്നു എങ്കിൽ ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കാനാണ് ഇത്തരം വീടുകൾ നിർമ്മിക്കുന്നത്. നിലത്തുനിന്നും ഗോവണികയറി മുകളിലെത്തിയാൽ ഒരുകൊച്ചു വീടിനു സമാനമായ എല്ലാക്രമീകരണങ്ങളും ഈ ട്രീഹൗസുകളിൽ ഒരുക്കിയിട്ടുണ്ട്. ഭൂമിക്കും ആകാശത്തിനുമിടയിൽ മാമരങ്ങൾക്ക് മുകളിൽ അങ്ങനെ നിൽക്കുമ്പോൾ മനസ്സിൽ അൽപ്പം ഭയം കയറിപ്പറ്റാതില്ല. എങ്കിലും ഇളം കാറ്റേറ്റ് ഇലകളുടെ മർമ്മരങ്ങൾക്ക് കാതോർത്ത് വനത്തിനുള്ളിലെ പറുദീസയിൽ ദൂരേക്ക് കണ്ണും നട്ടങ്ങനെ നിൽക്കുക എന്നത് ഏറെ ആസ്വദ്യകരം തന്നെ. വലിയ കാട്ടാറിനു കുറുകെ ബലിഷ്ഠമായ കമ്പികൾ ബന്ധിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന പാലങ്ങളാണ് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു വസ്തു. ‘ആട്ടുപാല’മെന്നും ‘തൂക്കുപാല’മെന്നുമൊക്കെ പ്രദേശവാസികൾ പേരിട്ടുവിളിക്കുന്ന ഈ പാലത്തിലൂടെയുള്ള സാഹസികയാത്രക്ക് അൽപം മനോധൈര്യം തന്നെ വേണം. പാലത്തിൽ കാലെടുത്തുവയ്ക്കുമ്പോൾ മുതൽ പാലം താഴേക്കും മുകളിലേക്കും ഒരു താളത്തിൽ ആടാൻ തുടങ്ങും. ആ താളത്തിനൊത്ത് കാലുകൾ പറിച്ച് വച്ച് മറുകര എത്തുക എന്നത് ഏറെ ശ്രമകരം തന്നെ. ഇടക്കെങ്ങാനും വെള്ളത്തിലേക്ക് നോക്കിയാൽ പാലമുൾപ്പെടെ ഒഴുകിപ്പോകുന്നതായി തോന്നും അതിനാൽ പാലത്തിൽ കയറുമ്പോൾ മുതൽ മുമ്പോട്ടു മാത്രമെ നോക്കാവു എന്ന് പ്രദേശവാസികൾ മുറിയിപ്പ് തരുന്നു. കാര്യങ്ങൾ ഇത്തരത്തിലൊക്കെയാണെങ്കിലും സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെ യാതൊരു സങ്കോചവുമില്ലാതെ കൈകൾപോലും പിടിക്കാതെ പാലത്തിലൂടെ അക്കരയിക്കരെ യാത്ര ചെയ്യുന്നത് ഏറെ അത്ഭുതത്തോടെ നോക്കിനിന്നു.

ചരിത്രം

മുമ്പ് സൂചിപ്പിച്ച പോലെ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അവശേഷിപ്പുകൾ കൂടികണ്ടശേഷമേ മാങ്കുളത്തു നിന്നും മടങ്ങാൻ മനസ് അനുവദിക്കുകയുള്ളു. പൂഞ്ഞാർ രാജഭരണ കാലത്ത് നിർമിച്ച ബംഗ്ലാവുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും മാങ്കുളത്തുണ്ട്.’ബംഗ്ലാവ് തറ’ എന്ന സ്ഥലവാസികൾ പേരിട്ടു വിളിക്കുന്ന ഈ ചരിത്ര ഭൂമിയിൽ നിന്നു പ്രദേശവാസികൾക്ക് വളരെ വിലപ്പെട്ട’ മുത്തുകളും സ്വർണ്ണ മണികളും ദ്രവിച്ച് തീർന്ന ആയുധങ്ങളും അടുത്ത കാലത്ത് ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കുതിര കുളമ്പടികളാൽ മുഖരിതമായിരുന്ന പഴയ ആലുവ-മൂന്നാർ റോഡിന്റെ ഭാഗങ്ങളും യാത്രക്കിടയിൽ കാണാൻ സാധിക്കും. നൂറ് വർഷങ്ങൾക്കപ്പുറം ഉണ്ടായ ശക്തമായ വെള്ളലപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലിനെയും അതിജീവിച്ച പാലങ്ങളുടെയും കലുങ്കുകളുടെയും ബാക്കിപത്രം ഇപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് പോലും ഭീമാകാരമായ കരിങ്കല്ലുകൾ കീറി ഉണ്ടാക്കിയ വലിയ കരിങ്കൽ പാളികൾ ഉപയോഗിച്ചാണ് കലുങ്കുകളും പാലങ്ങളും അക്കാലത്ത് നിർമ്മിച്ചിരുന്നത്. ആലുവ മുതൽ മൂന്നാർ വരെയുളള രാജപാതയിൽ ഒരിടത്തും കാര്യമായ കയറ്റിറക്കങ്ങൾ ഇല്ല എന്നതും കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നു.

പ്രകൃതിയുടെ മടിത്തട്ടിൽ പശ്ചിമഘട്ട മലനിരകളോട് ചേർന്നു കിടക്കുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളെ മാടിവിളിക്കുകയാണ്. കാറ്റിന്റെ ഇളം സ്പർശനത്തിൽ നിന്നും ഇലകളുടെ മർമ്മരങ്ങളിൽ നിന്നും അകന്ന് തേയില കാടുകൾക്കിടയിലൂടെ തിരികെ മൂന്നാറിലേക്ക് മടങ്ങുമ്പോൾ മനസ്സ് മാത്രം ഒപ്പമെത്തിയില്ല. വീണ്ടും ഒരു മടങ്ങി വരവിനായി കാതോർക്കുന്ന നിശ്ശബ്ദതക്കൊപ്പം മനസ്സും അലിഞ്ഞ് ചേർന്നിരുന്നു.

അതിരുകൾ

  • വടക്ക് - മൂന്നാർ പഞ്ചായത്ത്
  • തെക്ക് - അടിമാലി പഞ്ചായത്ത്
  • കിഴക്ക് - മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകൾ

വാർഡുകൾ

  1. ആനക്കുളം നോർത്ത്
  2. ശേവൽകുടി
  3. അന്പതാം മൈൽ
  4. ആറാംമൈൽ
  5. മാങ്കുളം
  6. മുനിപാറ
  7. വിരിപാറ
  8. പാമ്പുംകയം
  9. താളുംകണ്ടം
  10. വേലിയാംപാറ
  11. വിരിഞ്ഞപാറ
  12. പെരുംപന്കുത്ത്
  13. ആനക്കുളം സൌത്ത്

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ