മനോരഞ്ജൻ ബ്യാപാരി

ഇന്ത്യയിലെ ഒരു ബംഗാളി എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകനുമാണ് മനോരഞ്ജൻ ബ്യാപാരി (ജനനം 1950-നടുത്ത്)[൧]. ബംഗാളിഭാഷയിൽ ദലിതസാഹിത്യത്തിന്റെ തുടക്കക്കാരനായി ബ്യാപാരി കണക്കാക്കപ്പെടുന്നു. പഴയ കിഴക്കൻ പാകിസ്താനിൽ ജനിച്ച്, ശിശുപ്രായത്തിൽ കുടുംബത്തോടൊപ്പം അഭയാർത്ഥിയായി ഇന്ത്യയിലെത്തിയ അദ്ദേഹം വിദ്യാഭ്യാസത്തിന് അവസരം കിട്ടാതെ ആദ്യകാലജീവിതം, കാലിമേയ്പ്പുകാരനും, ഹോട്ടൽ തൊഴിലാളിയും, ശ്മാശാനം കാവൽക്കാരനും, റിക്ഷാവലിക്കാരനും ജയിൽപ്പുള്ളിയും മറ്റുമായി ചെലവഴിച്ചു. ജെയിലിൽ വച്ച് അക്ഷരാഭ്യാസം നേടിയ അദ്ദേഹം തുടർന്നു വായനയിൽ തല്പരനായി. ഒടുവിൽ ജയിൽമുക്തനായശേഷം റിക്ഷാവലിക്കാരനായിരിക്കെ, വിഖ്യാത ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയുമായി ആകസ്മികമായുണ്ടായ ഒരു കൂടിക്കാഴ്ചയെ തുടർന്നു സാഹിത്യരചനയിലേയ്ക്കു തിരിഞ്ഞ് ബംഗാളിഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരനായി. ഒരു ഡസനിലധികം നോവലുകൾക്കും നൂറ്റിയൻപതു ചെറുകഥകൾക്കും പുറമേ ഒട്ടേറെ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.[1][2][3] [4]

പ്രമാണം:Manoranjan Byapari.jpg
മനോരഞ്ജൻ ബ്യാപാരി

ജീവിതാരംഭം

പിന്നീടു ബംഗ്ലാദേശിന്റെ ഭാഗമായി മാറിയ പഴയ കിഴക്കൻ ബംഗാളിലെ ബാരിസാൽ ജില്ലയിൽ, പിരിച്ച്പൂർ ഗ്രാമത്തിനടുത്തുള്ള തുരുക്ഖാലി എന്ന സ്ഥലത്ത്[5] മീൻപിടുത്തം തൊഴിലാക്കിയ കുടുംബത്തിൽ 1950-നടുത്താണു മനോരഞ്ജൻ ബ്യാപാരി ജനിച്ചത്. മാതാപിതാക്കളഉടെ അഞ്ചുകുട്ടികളിൽ മൂത്തവനായിരുന്നു അദ്ദേഹം. സാമൂഹ്യശ്രേണിയുടെ കീഴേക്കിടയിലുള്ള 'നാമശൂദ്രർ' എന്ന ദളിതവിഭാഗത്തിൽ പെട്ട അദ്ദേഹത്തിന്റെ കുടുംബം തീരെ ദരിദ്രമായിരുന്നു. ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടപ്പോൾ കിഴക്കൻ പാകിസ്ഥാനിൽ പെട്ടുപോയ നാമശൂദ്രന്മാർക്ക് പിന്നീട് അവിടെ തുടരുക ബുദ്ധിമുട്ടായതിനെത്തുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലേക്കു പോരേണ്ടിവന്നു. ബ്യാപാരിയുടെ കുടുംബം മറ്റു മുപ്പതു കുടുംബങ്ങൾക്കൊപ്പം അഭയാർത്ഥികളായി ഒരു ട്രക്കിൽ ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിനു മൂന്നു വയസ്സുണ്ടായിരുന്നു. ആ ട്രക്കു യാത്രയുടെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ അദ്ദേഹത്തിന്റെ സ്മൃതിസഞ്ചയത്തിന്റെ ഭാഗമായിരുന്ന് എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.[1]

'മേൽ'-ജാതികളിൽപെട്ട അഭയാർത്ഥികൾക്കു സർക്കാർ ഭൂമി അനുവദിച്ചു സ്ഥിരമായ പുനരധിവാസം ഒരുക്കികൊടുത്തപ്പോൾ നാമശൂദ്രന്മാരുടെ സംഘത്തെ ആദ്യം ബങ്കുര ജില്ലയിലെ ശിരോമണിപ്പൂരിൽ, ക്യാൻവാസ് കൊണ്ടുണ്ടാക്കിയ ജയിൽ-സദൃശമായ ക്യാമ്പുകളിലും പിന്നെ ഒഡീഷയിലെ ദണ്ഡകാരണ്യത്തിലും താമസിപ്പിക്കുകയാണു ചെയ്തത്. വിട്ടുമാറാത്ത ദുർഗ്ഗന്ധവും, രോഗങ്ങളും എല്ലാ രാത്രികളിലുമുള്ള മരണങ്ങളും ക്യാമ്പിൽ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ഭാഗമായിരുന്നു. ക്യാമ്പിനോടു ചേർന്നുള്ള ചുടലയിൽ നിന്നു മരിച്ച കുഞ്ഞുങ്ങളുടെ ചിതകളിലെ പുക, കാറ്റിൽ പറന്നു ക്യാമ്പിൽ എത്തിയിരുന്നു. ഒരു രാത്രി, മരിച്ചെന്നു കരുതി പുലർച്ചെ ദഹിപ്പിക്കാനായി ഉപേക്ഷിക്കപ്പെട്ട താൻ, വെളുക്കാറായപ്പോൾ ജീവലക്ഷണങ്ങൾ തിരികെ വന്നു രക്ഷപെട്ട കഥയും ബ്യാപാരി ഓർമ്മിക്കുന്നുണ്ട്. [1]

ബ്യാപാരിയുടെ ബാല്യകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന്, ഒരഭയാർത്ഥി ക്യാമ്പിൽ നിന്നു മറ്റൊന്നിലേക്കു നിരന്തരം മാറി കഴിയേണ്ടിവന്നു. ഇക്കാലത്ത് അദ്ദേഹം, കന്നുകാലി മേയ്ക്കൽ, തൂപ്പ്, പാത്രംകഴുകൽ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടു.[6][3] ആ ജീവിതം മടുത്ത അദ്ദേഹം കൗമാരപ്രായത്തിൽ വീടുവിട്ടിറങ്ങി ആദ്യം കൊൽക്കത്തയിലും തുടർന്നു ന്യൂജല്പായ്ഗുരിയിലും എത്തി. റിക്ഷാവലിയും ചായക്കടവേലയും റെയിൽവേ സ്റ്റേഷനുകളിൽ ചുമടെടുപ്പും ഉൾപ്പെടെയുള്ള വിവിധ പണികൾ ഇക്കാലത്ത് അദ്ദേഹം ചെയ്തു. ജൽപായ്ഗുരിയിൽ ഒരു ചായക്കടയിൽ ജോലിചെയ്യുമ്പോൾ, നക്സൽവാദത്തെ കുറിച്ചു കേട്ടറിഞ്ഞ ബ്യാപാരി അതിൽ ആകൃഷ്ടനായി. താമസിയാതെ അദ്ദേഹം ചായക്കടയിലെ ജോലിവിട്ട് വടക്കും വടക്കു കിഴക്കും ഇന്ത്യകളിൽ പലതരം ജോലികൾ ചെയ്തു നാടോടിയായി കുറേക്കാലം കഴിഞ്ഞശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തി.[1]

ജയിൽവാസം

കൊൽക്കത്തയിൽ, നക്സൽ-സി.പി.എം അനുഭാവികൾ തമ്മിൽ ചുവരെഴുത്തിനെക്കുറിച്ചു നടന്ന ഒരു അടികലശലിനു സാക്ഷിയായത് അദ്ദേഹത്തെ കുഴപ്പത്തിലക്കി. നക്സൽ അനുഭാവമല്ലാതെ, ആ പ്രസ്ഥാനവുമായി ബന്ധമില്ലാതിരുന്നിട്ടും തീവ്രവാദപ്രവർത്തനം ആരോപിക്കപ്പെട്ടു അദ്ദേഹം ജയിലിലായി പോലീസ് മർദ്ദനം നേരിട്ടു. ജയിൽമുക്തനായ ബ്യാപാരിയുടെ കഥ കേട്ടറിഞ്ഞ നക്സൽവാദികൾ അദ്ദേഹത്തെ തേടിയെത്തി പരിക്കുകൾ ചികിത്സിച്ചു ഭേദമാക്കുകയും പാർട്ടി അംഗമാക്കുകയും ചെയ്തു. കുഴൽതോക്കും (Pipe Gun) ബോംബും കത്തിയും മറ്റായുധങ്ങളുമായി രാത്രികളിൽ ഒരുതരം 'റോബിൻ ഹുഡായി' ചുറ്റിനടന്ന അദ്ദേഹം ഒടുവിൽ അറസ്റ്റു ചെയ്യപ്പെട്ട് കൊൽക്കത്തയിലെ അലിപ്പൂർ സ്പെഷ്യൽ ജെയിലിലായി.[1]

ജെയിലിൽ, എല്ലാവരും 'മാസ്റ്റർമശായ്' എന്നു വിളിച്ചിരുന്ന സഹതടവുകാരൻ, ബ്യാപാരിയെ എഴുത്തും വായനയും പഠിക്കാൻ നിർബ്ബന്ധിച്ചു. ആദ്യമൊക്കെ ആ നിർബ്ബന്ധം വകവയ്ക്കാതിരുന്ന ബ്യാപാരി ഒടുവിൽ അതിനു വഴങ്ങി 24-ആം വയസ്സിൽ അക്ഷരം പഠിക്കാൻ തുടങ്ങി. ജെയിലിന്റെ നടുമുറ്റത്തെ മണലിൽ, ചുള്ളിക്കമ്പുകൾ കൊണ്ടെഴുതി, 'മാസ്റ്റർമശായ്' ബ്യാപാരിയെ ആദ്യം ബംഗാളി അക്ഷരമാലയും പിന്നെ വാക്കുകളും പഠിപ്പിച്ചു. പഠനം പുരോഗമിച്ചപ്പോൾ, എഴുത്തുസാമഗ്രികൾ ഇല്ലാതെ വിഷമിക്കുന്ന തന്റെ അവസ്ഥയിൽ അലിവുതോന്നിയ ജെയിലിലെ ഒരു പോലീസുകാരൻ രഹസ്യമായി ഒരുപെട്ടി ചോക്കുപെൻസിലുകൾ എത്തിച്ചുകൊടുത്തതിന്റേയും, മറ്റൊരവസരത്തിൽ ജെയിൽപുള്ളിയെന്ന നിലയിൽ നടത്തിയ രക്തദാനത്തിനു പ്രതിഫലമായ ഇരുപതു രൂപക്കു പകരം ഇരുപതു കെട്ടു കടലാസും ഒരു പേനയും ആവശ്യപ്പെട്ടു വാങ്ങിയതിന്റെയും കഥകൾ, ബ്യാപാരി തന്റെ 'ചണ്ഡാളജീവിതം' എന്ന തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.[7] 26 മാസത്തെ ആ ജെയിൽ വാസത്തിനിടെ[3] ക്രമേണ നന്നായി എഴുത്തുപഠിച്ച ബ്യാപാരിക്ക്, ജയിലിൽ ലൈബ്രറി ഇല്ലാതിരുന്നെങ്കിലും, വെളിയിൽ നിന്നു സംഘടിപ്പിച്ചു പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും കിട്ടി. ഒടുവിൽ ജയിൽമുക്തനാകുമ്പോൾ, അദ്ദേഹം ജെയിലിൽ എല്ലാവരുടേയും മതിപ്പു നേടിയിരുന്നു.[1]

എഴുത്തിലേക്ക്

ജയിൽമുക്തനായ ബ്യാപാരി, മുൻപു ചെയ്തിട്ടുള്ള തൊഴിലായ റിക്ഷാഓടിക്കൽ വീണ്ടും തുടങ്ങി. 1980-ൽ ഒരുദിവസം, കൊൽക്കത്തയിൽ ബിജയ്ഗഡിലെ ജ്യോതിഷ് റോയ് കോളജിനു മുൻപിലെ റിക്ഷാസ്റ്റാൻഡിൽ ഒരു പുസ്തകം വായിച്ചുകൊണ്ടു യാത്രക്കാരെ കാത്തുനിന്നിരുന്ന അദ്ദേഹത്തിന്, അവിടെ അദ്ധ്യാപികയായിരുന്ന വിഖ്യാത ബംഗാളി എഴുത്തുകാരി മാഹാശ്വേത ദേവിയെ യാത്രക്കാരിയായി കിട്ടി. അവരെ തിരിച്ചറിയാതിരുന്ന അദ്ദേഹം, യാത്രാമധ്യേ അവരോട്, ബംഗാളിയിഭാഷയിലെ 'ജിജീബിഷ' (জিজীবিস/ജീവിതേച്ഛ) എന്ന വാക്കിന്റെ അർത്ഥം ആരാഞ്ഞു. റിക്ഷാവലിക്കാരന്റെ മുഖത്തുനിന്നു സാമാന്യഭാഷയിൽ ഉപയോഗത്തിലില്ലാതിരുന്ന ആ വാക്കും അതിന്റെ അർത്ഥമറിയാനുള്ള കൗതുകവും കേട്ട അവർ, വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുത്തശേഷം എവിടെയാണ് അതു പരിചയപ്പെട്ടതെന്നു ചോദിക്കുകയും, തുടർന്നു ബ്യാപരിയുടെ പുസ്തകകൗതുകവും ജീവിതകഥയും മനസ്സിലാക്കുകയും ചെയ്തു. അന്നേവരേ, നാനൂറോളം പുസ്തകങ്ങൾ വായിച്ചിരുന്ന[൨] ബ്യാപാരിക്ക്, മഹാശ്വേതാ ദേവിയുടെ കൃതികളും പരിചയമുണ്ടായിരുന്നു. അപ്പോൾ വായിച്ചുകൊണ്ടിരുന്ന അവരുടെ 'അഗ്നിഗർഭ' എന്ന നോവൽ, ആ റിക്ഷാവണ്ടിയുടെ സീറ്റിനു താഴെ ഉണ്ടായിരുന്നു. താൻ സംശോധന ചെയ്തിരുന്ന 'ബർത്തിക' എന്ന ബംഗാളി പത്രികയിൽ എഴുതാൻ അവർ ബ്യാപാരിയോട് ആവശ്യപ്പെട്ടു. റിക്ഷാവലിക്കാരനെന്ന നിലയിലുള്ള അനുഭവത്തെക്കുറിച്ചു വേണമെങ്കിൽ എഴുതാമെന്ന നിർദ്ദേശവും കൊടുത്തു. അങ്ങനെ എഴുതി, ബർത്തികയിൽ 1981-ന്റെ തുടക്കത്തിൽ ബർത്തികയിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനത്തിലായിരുന്നു ബ്യാപാരിയുടെ എഴുത്തിന്റെ തുടക്കം.[2]

ആ ലേഖനത്തിന്റെ ഒരു നിരൂപണം 'യുഗാന്തർ' മാസികയിൽ വന്നതോടെ, ബ്യാപാരി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും ബർത്തികയിൽ വീണ്ടും എഴുതാനുള്ള സാഹചര്യം അദ്ദേഹത്തിനു ലഭിച്ചില്ല. ബ്യാപാരി പിന്നീടെഴുതിയതു കഥകളായിരുന്നു. ബർത്തികയാകട്ടെ, കഥകൾ പ്രസിദ്ധീകരിക്കുക പതിവില്ലായിരുന്നു. അതിനാൽ ബ്യാപാരി തന്റെ നാലു കഥകൾ, 'ജിജീബിഷ' എന്ന തൂലികാനാമത്തിൽ നാലു വാരികകൾക്കു അയച്ചു കൊടുത്തു. ആ നാലു കഥകളും പ്രസിദ്ധീകരിക്കപ്പെട്ടപ്പൊൾ ബ്യാപാരിയുടെ ആത്മവിശ്വാസം കൂടി.[8]

കൃതികൾ

പിന്നീട് ഛത്തീസ്ഗഡിലെക്കു പോയ ബ്യാപാരി, അവിടെ തൊഴിലാളി നേതാവ് ശങ്കർ ഗുഹാ നിയോഗിയുടെ രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കുചേരുകയും ഒരു ചുടലപ്പറമ്പിൽ കാവൽക്കാരനും ചായക്കടയിൽ പാത്രം കഴുക്കുകാരനുമായി ജോലി ചെയ്യുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം എഴുതിയ "എന്റെ ചണ്ഡാളജീവിതത്തിന്റെ ഇതിവൃത്തം" (ഇതിബ്രിത്തെ ചണ്ഡാൽ ജിബോൻ/ইতিবৃথে চন্ডাল জীবন) എന്ന ജീവിതകഥ 2012-ൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പൊൾ വ്യാപകമായ നിരൂപകപ്രശംസ നേടി. 1991-ൽ നിയോഗി വധിക്കപ്പെട്ടതിനെ തുടർന്നു ബ്യാപാരി കൊൽക്കത്തയിൽ മടങ്ങിയെത്തി. തുടർന്നുള്ള എഴുത്തിൽ ബ്യാപാരിയുടെ തൂലികയിൽ പതിനഞ്ചു പുസ്തകങ്ങളും നൂറ്റിയൻപതോളം ചെറുകഥകളും ഒട്ടേറെ ലേഖനങ്ങളും പിറന്നു. 2013-ൽ പ്രസിദ്ധീകരിച്ച "വായുവിൽ വെടിമരുന്നുണ്ട്" (There is Gun-powder in the Air/বাতাসে বারুদের গন্ধ) എന്ന നോവൽ, ഇന്ത്യയിലെ ജെയിൽ സംവിധാനത്തിന്റെ ഇരുണ്ട ഹാസ്യം നിറഞ്ഞ ആക്ഷേപവും, പശ്ചിമബംഗാളിലെ നക്സൽബാരി മുന്നേറ്റത്തെ അനുഭാവപൂർവം വിലയിരുത്തുന്ന ചരിത്രരേഖയുമാണ്.[9] 'ചണ്ഡാളജീവിതത്തിന്റെ' ഇംഗ്ലീഷ് പരിഭാഷ 2018-ലും 'വെടിമരുന്നിന്റെ' പരിഭാഷ 2019-ലും പ്രസിദ്ധീകരിക്കപ്പെട്ടു.[10] ബ്യാപാരിയുടെ കഥകളിലെ കഥാപാത്രങ്ങളേറെയും ലൈംഗികതൊഴിലാളികളും, കള്ളന്മാരും, കിടപ്പാടമില്ലാത്തവരും, ചില്ലറ ജോലികൾ ചെയ്യുന്നവരും സമൂഹവ്യവസ്ഥയുടെ പുറമ്പോക്കുകളിലുള്ള മറ്റുള്ളവരുമാണ്.[8]

എഴുത്തുകാരനായി പേരെടുത്തശേഷവും, ബ്യാപാരിയുടെ സാമ്പത്തികപരാധീനത തുടർന്നു.[11] എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ട ജീവിതസുരക്ഷ നൽകുന്ന ഒരു ജോലി ഇല്ലാതിരുന്നത്, ബ്യാപാരിക്ക് എന്നും പ്രശ്നമായിരുന്നു. 21 വർഷം അദ്ദേഹം, കൊൽക്കത്തയിൽ മുകുന്ദപുരത്തെ ഹെലൻ കെല്ലർ ബധിരവിദ്യാലയത്തിന്റെ ഹോസ്റ്റലിലെ പാചകക്കാരനായിരുന്നു. 2018-ലാണ് അദ്ദേഹം ആ ജോലി രാജിവച്ചത്. [12]

വീക്ഷണങ്ങൾ

സമൂഹത്തിലെ അനീതികൾക്കു നേരേയുള്ള രോഷമാണു മനോരഞ്ജൻ ബ്യാപാരിയുടെ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്. തനിക്ക് ആരേയും കൊല്ലാൻ കഴിയാത്തതിനാൽ താൻ എഴുതുന്നു ('I write because I can't kill') എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.[12] ഇന്ത്യൻ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും വിശപ്പും, അവരെ ചൂഷണം ചെയ്യുന്ന ഉപരിവർഗ്ഗത്തിനു നേരെയുള്ള രോഷവുമാണ് അദ്ദേഹത്തിന്റെ എഴുത്തിലെ മുഖ്യവ്യഗ്രതകൾ. ഉപരിവർഗ്ഗത്തിൽപെട്ട എഴുത്തുകാർ ഇക്കാര്യങ്ങളിൽ പ്രകടിപ്പിക്കുന്ന നിസ്സംഗതയിൽ അദ്ദേഹം അമർഷം കൊള്ളുന്നു. കമ്മ്യൂണിസ്റ്റുകൾ ദലിതർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. വിദേശത്തെഴുതിയ പുസ്തകങ്ങളേയും സിദ്ധന്താങ്ങളേയും മാത്രം ആശ്രയിച്ചതു കൊണ്ടാണു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു ഇന്ത്യയിൽ വേരോട്ടം കിട്ടാതെ പോയതെന്നാണ് ബ്യാപാരിയുടെ വിലയിരുത്തൽ. വർഗ്ഗസമരത്തിന്റെ സങ്കീർണ്ണതകൾ വിശകലനം ചെയ്യുന്ന തിരക്കിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയും ദളിതാവസ്ഥയുടെ കയ്ക്കുന്ന സത്യങ്ങളും കണ്ടില്ലെന്നു നടിച്ചതിനും കമ്മ്യൂണിസ്റ്റുകളെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.[6]

ഒരു കാലത്തു താൻ ഭാഗഭാക്കായിരുന്ന നക്സലൈസ്റ്റ് പ്രസ്ഥാനവും അദ്ദേഹത്തിന്റെ വിമർശനത്തിനു വിഷയമാകുന്നുണ്ട്. "ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ" എന്നൊരു മുദ്രാവാക്യം അവർക്ക് എങ്ങനെ വിളിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു.[൩][6]

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്, ദളിതരുരേയും ആദിവാസികളേയും മുസ്ലിങ്ങളേയും ലൈംഗികന്യൂനപക്ഷങ്ങളേയും മറ്റും ഉൾക്കൊള്ളുന്ന ഒരു നവാഖ്യാനം കണ്ടെത്താൻ സമയമായി എന്നു ബ്യാപാരി കരുതുന്നു.[6]

പുരസ്കാരങ്ങൾ

2014-ൽ, പശ്ചിമബംഗ്ല സാഹിത്യ അക്കാദമി മനോരഞ്ജൻ ബ്യാപരിക്ക് സുപ്രഭ മജൂംദാർ പുരസ്കാരം നൽകി.[13] 2015-ൽ അദ്ദേഹത്തിനു ശർമ്മിള ഘോഷിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സാഹിത്യസമ്മാനം ലഭിച്ചു. ചണ്ഡാളജീവിതം എന്ന ആത്മകഥക്ക് 2019-ൽ അദ്ദേഹത്തിനു ഹിന്ദു സാഹിത്യസമ്മാനം നേടി[14] കൊൽക്കത്ത സർവകശാലയുടെ രബീന്ദ്രപുരസ്കാരം, സൂര്യദത്ത ദേശീയ പുരസ്കാരം, ഗേറ്റ്-വേ ലിറ്റററി ഫെസ്റ്റിവലിന്റെ റൈറ്റർ ഓഫ് ദ ഇയർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തിനു കിട്ടിയ പുരസ്കാരങ്ങളിൽ പെടുന്നു. 'ചണ്ഡാളജീവിതത്തിന്റെ' പ്രസിദ്ധീകരണത്തെ തുടർന്ന്, ജെയ്പൂർ ലിറ്റററി ഫെസ്റ്റിവൽ പോലുള്ള സാഹിത്യോത്സവങ്ങളിൽ അദ്ദേഹം ക്ഷണിതാവാകാനും തുടങ്ങി. എന്നാൽ ഈ ബഹുമതികളും പുരസ്കാരങ്ങളുമൊന്നും തന്റെ ജീവിതസ്ഥിതിയെ കാര്യമായി മാറ്റിയിട്ടില്ലെന്നും, സാമൂഹ്യസാമ്പത്തികനിലകളിൽ താൻ പഴയ അവസ്ഥയിൽ തന്നെയാണെന്നും ബ്യാപാരി പരാതിപ്പെട്ടിട്ടുണ്ട്.[3]

കുറിപ്പുകൾ

^ മനോരഞ്ജൻ ബ്യാപാരിയുടെ ജനന-തിയതി നിശ്ചയമില്ല. ജനനം രേഖപ്പെടുത്തപ്പെടാത്ത ഒരു ജനതയാണ് തന്റേതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാരിസാളിലെ ചതുപ്പിൽ ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിനു ഏതാനും വർഷങ്ങൾക്കു ശേഷം താൻ ജനിച്ച ദിവസം 'കാലബൈശാഖി' കോരിച്ചൊരിഞ്ഞിരുന്ന ഒരു ദിവസമായിരുന്നു എന്ന് അമ്മ പറഞ്ഞത് അദ്ദേഹം ഓർമ്മിച്ചിട്ടുണ്ട്.[6][5]

^ പുതുതായി പല്ലുമുളച്ച കുട്ടിയെപ്പോലെ, കിട്ടുന്നതെല്ലാം കടിച്ചുനോക്കുന്ന സ്വഭാവമായിരുന്നു തന്റേതെന്നാണ് അക്കാലത്തെ സ്വന്തം വായനാശീലത്തെ മനോരഞ്ജൻ ബ്യാപാരി ഓർക്കുന്നത്.[12]

^ "ചീനർ ചെയർമാൻ അമദർ ചെയർമാൻ" (চীনের চেয়ারম্যান আমাদের চেয়ারম্যান) 1970-കളിൽ പശ്ചിമ ബംഗാളിലെ നക്സലൈറ്റുകൾ വിളിച്ചിരുന്ന ഒരു മുദ്രാവാക്യം.[6]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മനോരഞ്ജൻ_ബ്യാപാരി&oldid=3971885" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ