ധമനികൾ

മനുഷ്യന്റെ ഹൃദയത്തിൽനിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ. രക്തചംക്രമണ വ്യൂഹ(Circulatory system)ത്തിൽ[1] ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികൾ. മഹാധമനി, പൾമൊണറി ധമനി എന്നിവയാണ് പ്രധാന ധമനികൾ. ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയത് മഹാധമനി(Aorta)യാണ്.[2] ഹൃദയത്തിന്റെ കീഴറകൾ വെൻട്രിക്കിളുകളും മേലറകൾ ഓറിക്കിളു കളുമാണ്. ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെൻട്രിക്കിളിൽ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെൻട്രിക്കിളിൽനിന്നും. വെൻട്രിക്കിളിൽനിന്ന് പൾമൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളിൽ അർധചന്ദ്രാകാര വാൽവുകളുണ്ട്.

ധമനികൾ
The human main arteries, part of the circulatory system.
ലാറ്റിൻarteries

മഹാധമനി

ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടുതൽ മഹാധമനിക്കാണ്. ഹൃദയത്തിന്റെ ഇടതു വെൻട്രിക്കിളിൽനിന്ന്[3] ഉദ്ഭവിക്കുന്ന ഇവ ഓക്സിജൻ കലർന്ന രക്തത്തെ വഹിക്കുന്നു. ഇവ ചെറിയ ശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്നു.

ഹൃദയപേശികൾക്കു രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ് കൊറോണറി ധമനി.[4] മഹാധമനിയുടെ വളവിൽ[5] (arch of aorta)നിന്നാണ് തലയിലേക്കും കഴുത്തിലേക്കും കൈയിലേക്കുമുള്ള പ്രധാന ശാഖകൾ രൂപംകൊള്ളുന്നത്. കോമൺ കരോട്ടിഡ് ധമനി എന്നും സബ്ക്ലേവിയൻ ധമനി[6] എന്നും ഇവ അറിയപ്പെടുന്നു. കോമൺ കരോട്ടിഡിൽനിന്നുള്ള ശാഖകളും സബ്ക്ലേവിയന്റെ ശാഖയായ വെർട്ടിബ്രൽ ധമനിയും[7] ചേർന്നാണ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്നത്. ഇതിനുശേഷം മഹാധമനി നെഞ്ചിൽക്കൂടി താഴേക്കു പോകുന്നു. നെഞ്ചിലെ അവയവങ്ങൾക്കും പേശികൾക്കും രക്തം നൽകുന്ന മഹാധമനിയാണ് തൊറാസിക് അയോർട്ട.[8] ഡയഫ്രത്തെ ഒരു പ്രത്യേക ഭാഗത്തുകൂടി തുളച്ചുകൊണ്ട് വയറിലേക്ക് പ്രവേശിക്കുന്ന മഹാധമനിയാണ് അബ്ഡൊമിനൽ അയോർട്ട.[9] വൃക്കകൾക്ക് രക്തം നൽകുന്നവയാണ് റീനൽ ആർട്ടറി. ഉദരത്തിൽവച്ച് അബ്ഡൊമിനൽ അയോർട്ട രണ്ട് ശാഖകളായി പിരിയുന്നു. ഇവയാണ് കോമൺ ഇലിയക് ധമനികൾ. ഓരോ കോമൺ ഇലിയക് ധമനിയും രണ്ടായി വിഭജിക്കുന്നു. ഇന്റേണൽ (ആന്തരികം) എന്നും എക്സ്റ്റേണൽ (ബാഹ്യം) എന്നും ഇവ അറിയപ്പെടുന്നു. ഇതിൽ പുറംഭാഗത്തുള്ള ധമനി, ഉദരത്തിൽനിന്നു പുറത്തു വരികയും ഫെമറൽ ധമനിയായി മാറുകയും ചെയ്യുന്നു. കാലിലേക്കുള്ള രക്തം നൽകുകയാണ് ഫെമറൽ ധമനിയുടെ ധർമം. ഫെമറൽ ധമനിയുടെ തുടർച്ചയായുള്ള പോപ്ലിറ്റിയൽ ധമനിയാണ് കാൽമുട്ടുകളിലെ പേശികൾക്ക് രക്തം നൽകുന്നത്. പോപ്ലിറ്റിയൽ ധമനിയുടെ ശാഖയായ പോസ്റ്റീരിയർ റ്റിബിയൽ ധമനി കാൽപ്പാദത്തിലും വിരലുകളിലുമുള്ള പേശികളിൽ രക്തമെത്തിക്കുന്നു.

ചെറുലോഹിനി

ഏറ്റവും ചെറിയ ധമനി ചെറുലോഹിനി (arterioles)[10] എന്നറിയപ്പെടുന്നു. ഇതിന്റെ തുടർച്ചയായുള്ളവയാണ് സൂക്ഷ്മധമനികൾ (capillaries).[11] സൂക്ഷ്മധമനികളാണ് ഓക്സിജനും മറ്റും ശരീരകോശങ്ങളിലെത്തിക്കുന്നത്. കാർബൺ ഡൈഓക്സൈഡും ശരീരത്തിൽനിന്നു പുറന്തള്ളേണ്ടുന്ന വസ്തുക്കളും സൂക്ഷ്മധമനികളിലെത്തി അവിടെനിന്ന് സിരകൾ[12] (veins) വഴി ഹൃദയത്തിലെത്തുന്നു. ധമനികളും സൂക്ഷ്മധമനികളും സിരകളും ഹൃദയവും ഉൾപ്പെട്ടതാണ് രക്തചംക്രമണ വ്യവസ്ഥ.

ധമനികളുടെ പേശീഘടന

ഘടനാപരമായി ഇലാസ്തികവും പേശീനിർമിതവുമായ കുഴലുകളാണ് രക്തധമനികൾ. ധമനിയുടെ ഭിത്തി മൂന്ന് പാളികളാൽ നിർമിതമാണ്. ഇതിൽ ബാഹ്യപാളി റ്റ്യൂണിക അഡ്വെൻറ്റിഷ്യ എന്നറിയപ്പെടുന്നു. റ്റ്യൂണിക മീഡിയയാണ് മധ്യപാളി. അന്തർപാളി റ്റ്യൂണിക ഇന്റിമ എന്നാണ് അറിയപ്പെടുന്നത്. അന്തർപാളിക്കുള്ളിലായി ഒരു ഇലാസ്തിക സ്തരവും മൃദുപേശീകലകളും കാണപ്പെടുന്നു. ധമനിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ് എൻഡോത്തീലിയം. വിസ്തൃതമായ ഒരു പാളി എപ്പിത്തീലിയൽ കോശങ്ങളാൽ നിർമിതമാണ് എൻഡോത്തീലിയം. എൻഡോത്തീലിയത്തിനുള്ളിലൂടെയാണ് രക്തം പ്രവഹിക്കുന്നത്.[13]

ഏകദേശം ഒരു നൂലിന്റെ കനം മാത്രമുള്ള രക്തധമനികളാണ് ചെറുലോഹിനികൾ (Arterioles).[14] ഇവയ്ക്ക് ധമനികളെപ്പോലെ പൂർണമായ ഒരു ബാഹ്യാവരണമില്ല. ഇലാസ്തിക കലകളും മൃദുപേശികളും കൊണ്ടാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും ചെറിയ രക്തകുഴലുകളാണ് സൂക്ഷ്മധമനികൾ (capillaries).[15] സൂക്ഷ്മദർശിനിയുടെ സഹായത്താൽ മാത്രമേ ഇവയെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഘടനാപരമായി ഇവയ്ക്ക് ഒരു അടിസ്ഥാന സ്തരവും അതിനുള്ളിലായി എൻഡോത്തീലിയവും മാത്രമേ ഉള്ളൂ. കാപ്പിലറികളുടെ വളരെ നേർത്ത ഭിത്തികളിലൂടെയാണ് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്.

ധമനികളെ ബാധിക്കുന്ന രോഗങ്ങൾ

ധമനികളെ അതിറോസ്ക്ലിറോസിസ് (atherosclerosis)[16] രോഗം ബാധിക്കാറുണ്ട്. കൊഴുപ്പുകണങ്ങൾ ധമനികളുടെ ഏറ്റവും ഉള്ളിലെ ഭിത്തികളിൽ നിരയായി അടിയുന്നതുമൂലമാണ് ഈ രോഗമുണ്ടാകുന്നത്. റെയ്നോഡ്സ് രോഗം (Raynaud's disease),[17] ചിൽബ്ളേയ് ൻ(Chilblain),[18] ഫ്രോസ്റ്റ് ബൈറ്റ്[19] (Frost bite) എന്നീ രോഗങ്ങളും ധമനികളെ ബാധിക്കാറുണ്ട്.

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധമനികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=ധമനികൾ&oldid=3805394" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ