തുർഗുത് ഓസൽ

തുർക്കിയുടെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്ന രാഷ്ട്രീയനേതാവാണ് തുർഗുത് ഓസൽ (തുർക്കിഷ് ഉച്ചാരണം: [tuɾˈɡut øˈzaɫ]; 1927 ഒക്ടോബർ 13–1993 ഏപ്രിൽ 17). ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, ഉന്നതതല സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ഇദ്ദേഹം 1983 മുതൽ 1989 വരെയുള്ള കാലയളവിൽ തുർക്കിയുടെ പ്രധാനമന്ത്രിയായും 1989 മുതൽ 1993 വരെയുള്ള കാലത്ത് രാജ്യത്തിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു.

തുർഗുത് ഓസൽ
തുർഗുത് ഓസൽ


തുർക്കിയുടെ എട്ടാമത്തെ പ്രസിഡണ്ട്
പദവിയിൽ
1989 നവംബർ 9 – 1993 ഏപ്രിൽ 17
മുൻഗാമികെനാൻ എവ്രൻ
പിൻഗാമിസുലെയ്മാൻ ദെമിറേൽ

തുർക്കിയുടെ പ്രധാനമന്ത്രി
പദവിയിൽ
1983 ഡിസംബർ 13 – 1989 ഒക്ടോബർ 31
പ്രസിഡന്റ്കെനാൻ എവ്രൻ
മുൻഗാമിബുലന്ദ് ഉലുസു
പിൻഗാമിയിൽദിരിം അക്ബുലുറ്റ്

ജനനം(1927-10-13)ഒക്ടോബർ 13, 1927
മലാത്യ, തുർക്കി
മരണംഏപ്രിൽ 17, 1993(1993-04-17) (പ്രായം 65)
അങ്കാറ, തുർക്കി
രാഷ്ട്രീയകക്ഷിമദർലാൻഡ് പാർട്ടി
ജീവിതപങ്കാളിഅയ്ഹാൻ ഇനാൽ (വിവാഹം. 1952, മോചനം. 1952)
സെമ്ര ഓസൽ (വിവാഹം. 1954)
മതംഇസ്ലാം
ഒപ്പ്

1980-ലെ സൈനിക അട്ടിമറിയെത്തുടർന്ന് ജനറൽ കെനാൻ എവ്രൻ നേതൃത്വം നൽകിയ സൈനികഭരണകൂടത്തിൽ സാമ്പത്തികകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയായായിരുന്നു ഓസലിന്റെ രാഷ്ട്രീയപ്രവേശം. 1983-ൽ മദർലാൻഡ് കക്ഷി രൂപീകരിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയാകുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി സർക്കാർ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച് തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയിൽ വൻപരിവർത്തനത്തിന് വഴിയൊരുക്കി.[1][2] തികഞ്ഞ മതവിശ്വാസിയായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തുർക്കി, കമാലിസത്തിൽ നിന്നും വ്യതിചലിച്ച് ഇസ്ലാമികപാതയിലേക്ക് മാറി.

ഓസൽ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് കക്ഷിരാഷ്ട്രീയത്തിൽ നിർജ്ജീവമായതോടെ, മികച്ച നേതൃത്വത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ മദർലാൻഡ് കക്ഷിക്ക് ജനപിന്തുണ കുറയുകയും 1991-ൽ അത് അധികാരത്തിൽ നിന്നും പുറത്താകുകയും ചെയ്തു.

ജീവചരിത്രം

തുർക്കിയിലെ മലാത്യ പ്രവിശ്യയിൽ ജനിച്ച ഓസൽ, ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറീങ് ബിരുദധാരിയായിരുന്നു. 1950കളുടെ തുടക്കത്തിൽ യു.എസിൽ. ബിരുദാനന്തരപഠനം നടത്തി. ഇതിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതിനു സർക്കാരിന്റെ വൈദ്യുതീകരണപദ്ധതികളിൽ പ്രവൃത്തിയെടുത്തു. പിന്നീട്‌ ആസൂത്രണവകുപ്പിലേക്ക് മാറി. ഇതിനു ശേഷം അങ്കാറയിലെ മിഡിൽ ഈസ്റ്റ് സാങ്കേതികസർവ്വകലാശാലയിൽ അദ്ധ്യാപകായി.[3]

രാഷ്ട്രീയത്തിൽ

ഓസൽ (വലത്) ഒരു തദ്ദേശഗവർണ്ണറുടെ കാര്യാലയത്തിൽ പരിശോധന നടത്തുന്നു

ഓസലിന്റെ രാഷ്ട്രീയ അരങ്ങേറ്റം പരാജയത്തോടെയായിരുന്നു. എർബകാന്റെ നാഷണൽ സാൽവേഷൻ പാർട്ടിയുടെ പിന്തുണയിൽ ഒരു സ്വതന്ത്രനായി 1977-ൽ ഓസൽ പാർലമെന്റിലേക്ക് മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

1979-ൽ പ്രധാനമന്ത്രി ദെമിറേൽ അദ്ദേഹത്തിന്റെ അണ്ടർസെക്രട്ടറിയായി ഓസലിനെ നിയമിച്ചു. 1980-ലെ സൈനിക അട്ടിമറിക്കു ശേഷം, കെനാൻ എവ്രന്റെ നേതൃത്വത്തിലുള്ള സൈനികഭരണകൂടം, അദ്ദേഹത്തെ സാമ്പത്തികകാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയാക്കി.

എവ്രൻ പ്രസിഡണ്ട് സ്ഥാനത്തെത്തിയതിനു ശേഷം, രാഷ്ട്രീയകക്ഷികൾക്കുള്ള നിരോധനം നീക്കിയെങ്കിലും സൈന്യം അഗീകരിച്ച രാഷ്ട്രീയകക്ഷികൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. ഇക്കാലത്ത് മദ്ധ്യവലതുപക്ഷ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി, 1983-ൽ മദർലാൻഡ് പാർട്ടി എന്ന ഒരു രാഷ്ട്രീയകക്ഷി തുർഗുത് ഓസൽ സ്ഥാപിച്ചു. 1982-ന്റെ അവസാനം തീവ്ര വലതുപക്ഷ കക്ഷികളായിരുന്ന എൻ.എസ്.പി. (എർബകാന്റെ കക്ഷി), എൻ.എ.പി. തുടങ്ങിയ കക്ഷികളിലെ പ്രവർത്തകരെ തടവിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിലും ഈ കക്ഷികൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. ഈ കക്ഷികളിലെ താഴേത്തട്ടിലേയും ഇടത്തട്ടിലേയും പ്രവർത്തകർ മദർലാൻഡ് കക്ഷിയിൽ ചേർന്നു.

1983 നവംബറീലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മദർലാൻഡ് പാർട്ടി ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയായാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും 40 ശതമാനം ജനപിന്തുണനേടി, മദർലാൻഡ് മികച്ച പ്രകടനം കാഴ്ച വച്ചു. മദർലാൻഡ് കക്ഷി, 1991 വരെ അധികാരത്തിൽ തുടർന്നു.

ഓസലിന്റെ കാലത്ത് രാജ്യത്തെ ഇസ്ലാമികവൽക്കരണം പൂർവാധികം ശക്തിപ്പെടുകയും, സാമ്പത്തികപരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു. 1987-ൽ തുർക്കി, യൂറോപ്യൻ കമ്മ്യൂണിറ്റിയിൽ പൂർണ്ണാംഗത്വത്തിനായി അപേക്ഷ നൽകി. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും നാറ്റോയിലെ അംഗത്വവുമുണ്ടായിരുന്നെങ്കിലും ഇസ്രായേലുമായുള്ള ബന്ധം കുറക്കാനും, പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെൻ അംഗീകരിക്കാനുമുള്ള ഓസലിന്റെ തീരുമാനങ്ങൾ ശ്രദ്ധേയമായിരുന്നു.[3]

പ്രസിഡണ്ട് കെനാൻ എവ്രന്റെ കാലാവധി 1989 നവംബറീൽ അവസാനിച്ചതിനെത്തുടർന്ന് ഓസൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മതവിശ്വാസം

അടിയുറച്ച ഇസ്ലാമികവിശ്വാസിയായിരുന്ന ഓസലിനെ തന്റെ ജപമാലയില്ലാതെ കാണുന്നത് അപൂർവ്വമായിരുന്നു. ഓസലിന്റെ ഭരണകാലത്ത് തുർക്കിയിലെ ഇസ്ലാമികവൽക്കരണം വർദ്ധിച്ചു. ഒരു ലഹരിവിരുദ്ധനും യാഥാസ്ഥിതികരാഷ്ട്രീയക്കാരനും ആയിരുന്ന ഓസൽ, സൂഫികളടക്കമുള്ള ഇസ്ലാമികപ്രസ്ഥാനങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടിലായിരുന്നു. നക്ഷ്ബന്ദി, നൂർജു, സുലൈമാൻജി തുടങ്ങിയ സൂഫി പ്രസ്ഥാനങ്ങൾ ഇക്കാലത്ത് തുർക്കിയിൽ കൂടുതൽ ജനകീയമായി.

1988 ജൂലൈയിൽ ഓസൽ മെക്കയിലേക്ക് തീർത്ഥാടനം നടത്തി. തുർക്കി റിപ്പബ്ലിക്കിന്റെ അന്നു വരെയുള്ള 65 വർഷത്തെ ചരിത്രത്തിൽ ഒരു ഉന്നത രാഷ്ട്രീയനേതാവിന്റെ ഈ നടപടി ആദ്യമായായിരുന്നു.

സ്ത്രീകൾക്ക് പൊതുകാര്യാലയങ്ങളിൽ തട്ടം ധരിച്ചെത്തുന്നതിലുള്ള വിലക്കിനെ സംബന്ധിച്ച് തുർക്കിയിൽ ദശാബ്ദങ്ങളായി തുടരുന്ന വിവാദങ്ങൾ ഓസൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ആരംഭിച്ചത്. ഈ വിലക്ക് നീക്കുന്നതിനായി 1989-ൽ തുർഗുത് ഓസൽ പാർലമെന്റിൽ ഒരു നിയമം പാസാക്കിയെങ്കിലും പ്രസിഡണ്ടായിരുന്ന കെനാൻ എവ്രനും, ഭരണഘടനാകോടതിയും ഇടപെട്ട് ഈ നിയമം റദ്ദാക്കുകയായിരുന്നു. കമാലിസ്റ്റ് നയങ്ങൾക്ക് വിരുദ്ധമായി, ഇസ്ലാമികധനകാര്യസ്ഥാപനങ്ങൾക്കും ഓസലിന്റെ സർക്കാർ അനുമതി നൽകി.

ഓസലിന്റെ കാലത്തെ സാമ്പത്തിക ഉദാരവൽക്കരണം മൂലം ജനങ്ങളുടെ ജീവിതസൗകര്യങ്ങളിലുണ്ടായ പുരോഗതി, കമാലിസത്തിന്റെ പ്രസക്തി കുറക്കുന്നതിൽ നിർണ്ണായകഘടകമായി. എന്നാൽ മതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തീരുമാനങ്ങൾ, രാജ്യത്ത് മതമൗലികവാദം വ്യാപിക്കാൻ കാരണമായി. 1990 ഫെബ്രുവരിയിൽ ഇസ്ലാമികമൗലികവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 40 ഉദ്യോഗസ്ഥരെ വിദ്യാഭ്യാസമന്ത്രാലയത്തിൽ നിന്നും 15 വ്യോമസേന ഉദ്യോഗസ്ഥരേയും സർക്കാർ പുറത്താക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി.[3]

അസ്തമയം

തുർഗുത് ഓസലും ജോർജ്ജ് ബുഷും

ഗൾഫ് യുദ്ധം നടന്ന 1991 കാലത്തെ ദയനീയമായ സാമ്പത്തികവളർച്ചയും (1.9 ശതമാനം), ഓസൽ പ്രസിഡണ്ടായി സജീവരാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നതു മൂലമുള്ള നേതൃത്വത്തിന്റെ അഭാവവും മൂലം മദർലാൻഡ്‌ കക്ഷി തിരിച്ചടികൾ നേരിടാൻ തുടങ്ങി. 1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടൂപ്പിൽ മദർലാൻഡ് കക്ഷി, 115 സീറ്റിലേക്കൊതുങ്ങി. ദെമിറേലിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരാണ്‌ ഇതിനെത്തുടർന്ന് അധികാരത്തിലെത്തിയത്. 1993-ൽ തന്റെ മരണം വരെ ഓസൽ പ്രസിഡണ്ട് പദവിയിൽ തുടർന്നു.

അസർബൈജാനും അർമേനിയയും തമ്മിലുണ്ടായ അതിർത്തിത്തർക്കത്തെത്തുടർന്ന് സൈനികമായി അസർബൈജാനെ സഹായിക്കാൻ തുർക്കിയിൽ ജനവികാരമുയർന്നു. ഓസൽ ഇതിനനുകൂലമായിരുന്നെങ്കിലും, മറ്റു നാറ്റോ അംഗരാഷ്ട്രങ്ങളുടെ വികാരം കണക്കിലെടുത്ത് പ്രധാനമന്ത്രി ദെമിറേൽ ഇതിനെ എതിർത്തു. 1993 ഏപ്രിലിൽ ബാകുവിലേക്കുള്ള ഒരു സന്ദർശനത്തിനിടെ, അസർബൈജാനുമായി ഒരു പ്രതിരോധക്കരാറിന് ഓസൽ സമ്മതമറിയിച്ചു. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അധികാരപരിധിക്കു പുറത്തായിരുന്നതിനാൽ നടപ്പായിരുന്നില്ല. എങ്കിലും ഈ നടപടി, തുർക്കിയിലെ ജനങ്ങൾ സ്വാഗതം ചെയ്തു. ഇത് ശരിവക്കും വിധം 1993 ഏപ്രിൽ 17-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞ ഓസലിന്റെ ശവമടക്ക് ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കുകൊണ്ടൂ. പതിനായിരക്കണക്കിന് വെൽഫെയർ പാർട്ടി പ്രവർത്തകർ വരെ ഇതിൽ പങ്കുകൊണ്ടൂ.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തുർഗുത്_ഓസൽ&oldid=3975928" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ