ജോഷ്വയുടെ പുസ്തകം

എബ്രായബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന ലിഖിതസമുച്ചയത്തിലേയും ആറാമത്തെ ഗ്രന്ഥമാണ് ജോഷ്വയുടെ പുസ്തകം. എബ്രായബൈബിളിലെ ചെറിയപ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. ഈജിപ്തിൽ നിന്നുള്ള വിമോചനത്തിലും മരുഭൂമിയിൽ നാല്പതു വർഷം നീണ്ട അലച്ചിലിലും നേതൃത്വം വഹിച്ച മോശെയുടെ മരണത്തിനും അദ്ദേഹത്തിന്റെ പിൻഗാമിയായ ജോഷ്വയുടെ മരണത്തിനും ഇടയ്ക്കുള്ള കാലസന്ധിയിൽ, 'വാഗ്ദത്തഭൂമി'-യായ കാനാൻ ദേശത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തുന്ന ശ്രമത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം.

കർതൃത്ത്വം

ബാബിലോണിയൻ താൽമൂദിൽ രേഖപ്പെടുത്തിയിട്ടുള്ളതും ക്രി.വ. മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ളതുമായ ഒരു പാരമ്പര്യം അനുസരിച്ച്, ജോഷ്വയുടെ പുസ്തകത്തിന്റെ കർത്താവ് ജോഷ്വ തന്നെ ആണെങ്കിലും ആവഴിക്കുള്ള സൂചനയൊന്നും ഗ്രന്ഥത്തിൽ കാണുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ മിക്കവാറും പണ്ഡിതന്മാർ ഇതിനെ കണക്കാക്കുന്നത്, നിയമാവർത്തനപ്പുസ്തകം, ന്യായാധിപന്മാരുടെ പുസ്തകം, സാമുവേൽ ഒന്നും രണ്ടും പുസ്തകങ്ങൾ, രാജാക്കന്മാർ ഒന്നും രണ്ടും പുസ്തകങ്ങൾ എന്നിവ അടങ്ങുന്ന "നിയമാവർത്തകചരിത്ര" പരമ്പരയിലെ (Deuteronomistic History) രണ്ടാം ഗ്രന്ഥമായാണ്. [1] "നിയമാവർത്തകചരിത്ര" സിദ്ധാന്തം 1943-ൽ മുന്നോട്ടു വച്ച മാർട്ടിൻ നോർത്തിന്റെ അഭിപ്രായത്തിൽ, ആ ചരിത്രപരമ്പരയെ ജോഷ്വയുടെ പുസ്തകം പോലുള്ള ഗ്രന്ഥങ്ങളായി തിരിച്ചത് പിന്നീടാണ്.[1]നിയമാവർത്തക ചരിത്രത്തിന്റെ കർത്താവോ കർത്താക്കളോ, ബാബിലോണിലെ പ്രവാസത്തിനു മുൻപ് ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ യെരുശലേമിൽ രാജാവായിരുന്ന ജോസിയായുടെ കാലത്തോ, പ്രവാസകാലത്തോ, രണ്ടുകാലങ്ങളിലുമായോ രചന നിർവഹിച്ചിരിക്കാമെന്ന അഭിപ്രായമാണ് ഇപ്പോൾ പൊതുവേ നിലവിലുള്ളത്.[2] അതേസമയം ജോഷ്വയുടെ പുസ്തകം പലയിടങ്ങളിലും നിയമാവർത്തകചരിത്ര സിദ്ധാന്തവുമായി ചേർന്നുപോകാത്തതിനാൽ അതിന്റെ ഗണ്യമായ ഭാഗങ്ങൾ ബാബിലോണിലെ പ്രവാസത്തിനു ശേഷമുള്ള പൗരോഹിത്യസംശോധയിൽ രൂപപ്പെട്ടതായും കരുതപ്പെടുന്നു.[2] നിയമാവർത്തകചരിത്ര പരമ്പരയിലെ ഗ്രന്ഥങ്ങൾ സ്വതന്ത്രമായി രൂപപ്പെട്ടതാണെന്നും ആ പരമ്പരയുടേതിൽ നിന്നു ഭിന്നമായ നിലപാടുകളും വ്യഗ്രതകളും ഉള്ള ഒരു സ്വതന്ത്ര ജോഷ്വ പാരമ്പര്യം പിന്നീട് നിയമാവർത്തക ചരിത്രപാരമ്പര്യത്തിന്റെ ഭാഗം ആയിത്തീരുകയാണുണ്ടായതെന്നുമുള്ള വാദവും നിലവിലുണ്ട്.[3].

ഘടന

ഈ പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം:

  • വഗ്ദത്തെദേശത്തെ പ്രവേശനം (1:1-5:12)
  • ദേശം ആക്രമിച്ചു കീഴടക്കുന്നത് (5:13-12:24)
  • ഗോത്രങ്ങൾക്കിടയിൽ ദേശത്തെ വിഭജിക്കുന്നത് (13:1-21:45)
  • ദേശാധിപത്യവും യഹോവയോടുള്ള വിശ്വസ്തതയും ആയുള്ള ബന്ധം (22:1-24:33)[4]

സാഹിത്യരൂപങ്ങളും വിഷയങ്ങളും

ജോഷ്വയിൽ പ്രധാനമായി പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ ഇവയാണ്:

  • ഒരു കേന്ദ്രദേവാലയത്തെ ആശ്രയിച്ച് യഹോവയ്ക്കു മാത്രമുള്ള ആരാധന - ഇതിലെ ആരാധനാലയം സീലോയിലാണ്;
  • വിശുദ്ധയുദ്ധം - ഇസ്രായേല്യർ ആല്ലാത്തവരുടെ ഉന്മൂലനാശം യഹോവയുടെ കല്പനയായി ചിത്രീകരിച്ചിരിക്കുന്നു;
  • വിശുദ്ധ ഭൂമി - യഹോവയുടെ ദാനമായ കാനാൻ ദേശം യഹോവ തനിക്കിഷ്ടമുള്ളവർക്കു നൽകുന്നു.
  • പുറപ്പാട് - ചെങ്കടൽ കടന്നുപോന്നതിനെ അനുസ്മരിപ്പിക്കുന്ന വിധം യോർദ്ദാൻ നദി കടന്ന ജോഷ്വ, പുറപ്പാടിനെ അനുകരിക്കുന്നു: ഇസ്രായേലിനുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണം ജോഷ്വയിലാണ് സംഭവിച്ചത്.
  • യഹോവയോടുള്ള വിശ്വസ്തത - ദേശത്തിനുള്ള അവകാശം, വിശ്വസ്തത പുലർത്താമെന്ന വ്യവസ്ഥയിലാണ്.[2]

ദേശത്തിന്മേൽ ഇസ്രായേൽ ജനത്തിനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ യഹോവ നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ജോഷ്വ.[5] ഇസ്രായേൽ ജനം വാഗ്ദത്ത ദേശത്ത് എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ ചിത്രവും അതിൽകാണാം: നിയമാവർത്തനത്തിൽ മോശെ വഴി ലഭിച്ച കല്പനകൾ പിന്തുടർന്ന് ഏകദേവാലയത്തിലെ ദേവാരാധനയിലും ഒരുമയോടെയുള്ള യുദ്ധത്തിലും ഉടമ്പടിപ്രകാരം ഏകനേതാവിന്റെ കീഴിൽ ഒന്നിച്ചുനിൽക്കുന്ന 12 ഗോത്രങ്ങളാണവർ. ”മുന്നേ ഒരു പക്ഷേ കല്പിതകഥകളായി വേറിട്ടു നിന്നിരുന്ന ഖണ്ഡങ്ങൾ സംയോജിച്ച്, നിയമാവർത്തക രചയിതാക്കളുടെ ദൈവശാസ്ത്രമുദ്ര പതിഞ്ഞ ഏകരൂപമായ ആഖ്യാനമായി മാറിയ ഈ കൃതിയുടെ" മുഖ്യ വിഷയങ്ങളിൽ ഒന്ന് കല്പനകളോടുള്ള വിശ്വസ്തതയാണ്. [6].[7]

'ജോഷ്വ'-യുടെ നിയമാവർത്തക രചയിതാക്കൾ അവരുടെ ദൈവശാസ്ത്രലക്ഷ്യങ്ങൾ സാധിക്കാൻ വിശദീകരണകഥകൾ (etiological narratives) ലോഭമില്ലാതെ ഉപയോഗിക്കുന്നു. ഇത്തരം കഥകൾ ബൈബിളിലെ മറ്റേതൊരു പുസ്തകത്തിലും ഉള്ളതിനേക്കാൾ ഏറെ ജോഷ്വയിലുണ്ട്. അവയിൽ പന്ത്രണ്ടെണ്ണം, കഥയിൽ പറഞ്ഞ കാര്യം "ഇന്നേവരെ" (to this day) നിലനിൽക്കുന്നു എന്ന അവകാശവാദത്തിലാണ് സമാപിക്കുന്നത്.[8]. ജെറീക്കോയിലെ യുദ്ധത്തിന്റെ കഥ തന്നെ ആ നഗരത്തിലെ നഷ്ടശിഷ്ടങ്ങളുടേയും ദൈവത്തിന് അവകാശപ്പെട്ടതായി പറയപ്പെട്ട ആ സ്ഥലത്ത് നിർമ്മാണപ്രവർത്തനം നടത്തുന്നതിനുണ്ടായിരുന്ന വിലക്കിന്റേയും വിശദീകരണമായി മാറുന്നു. അതുപോലെ കാനാനിയ വേശ്യയായ റേഹാബിന്റെയും (ജോഷ്വ 6:25) ഇസ്രായേൽക്കാരെ കബളിപ്പിച്ച് ജീവൻ രക്ഷിച്ച ഗിബയോണികളുടേയും മറ്റും കഥകൾ, ദേശത്ത് ഇസ്രായേല്യരല്ലാതെ ഉണ്ടായിരുന്നവരെയെല്ലാം ഉന്മൂലനം ചെയ്യണം എന്ന കല്പന ഉണ്ടായിരിക്കെ, യഹോവയെ ആരാധിക്കുന്ന ഒട്ടേറെ അന്യജാതിക്കാർ നിലനിന്നതെങ്ങനെ എന്നതിന്റെ വിശദീകരണമായി കണക്കാക്കാം.[9]. 'അയി' നഗരത്തിന് 'നാശനഷ്ടങ്ങൾ' എന്നു ഹീബ്രൂവിൽ അർത്ഥമുള്ള ആ പേരു കിട്ടിയതെങ്ങനെ; ജോർദ്ദാൻ നദിക്കരെ ഗിൽഗാലിൽ 12 കല്ലുകൾ വന്നതെങ്ങനെ (ജോഷ്വ 4); ഒരു ഗുഹയുടെ മുഖം വൻപാറകൾ ചേർന്നു മറഞ്ഞതെങ്ങനെ(ജോഷ്വ 10); എന്നൊക്കെയുള്ളതിന്റെ വിശദീകരണങ്ങളാണ് മറ്റു ചില കഥകൾ.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോഷ്വയുടെ_പുസ്തകം&oldid=3386290" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ