ജാരവൃത്തി

വിവാഹിതരായ സ്ത്രീയോ, പുരുഷനോ തങ്ങളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു പുരുഷനും സ്ത്രീയുമായി വിവാഹേതരമായി പ്രണയമോ ലൈംഗികബന്ധമോ ചിലപ്പോൾ രണ്ടും കൂടിയോ നടത്തുന്നതിനെയാണ് വിവാഹേതരബന്ധം (Adultery) എന്ന് പറയുന്നത്. ഇത്തരം ബന്ധങ്ങളിൽ പലപ്പോഴും മാനസികമായ അടുപ്പവും തീവ്രമായ സ്നേഹവും ഒക്കെ കാണപ്പെടാറുണ്ട്. ജാരവൃത്തി എന്ന വാക്ക് മിക്കപ്പോഴും പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ വിവാഹേതരബന്ധം കുറിക്കാൻ ആണ്‌ ഉപയോഗിക്കുക. 'ജാരൻ' എന്നത് അന്യപുരുഷനെ കുറിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്. സ്ത്രീകളുമായി ബന്ധമുള്ള പരപുരുഷന് മാത്രമേ ജാരൻ എന്ന വാക്ക് ബാധകം ആകുന്നുള്ളു എന്ന്‌‌ പുരുഷ മേൽക്കോയ്മയുള്ള ചില സമൂഹങ്ങളിൽ (സ്ത്രീകളെ താഴ്ത്തി കാണിക്കാൻ) ഉപയോഗിച്ചിരുന്നു. പുരുഷന്മാരുടെ വിവാഹേതരബന്ധം സൂചിപ്പിക്കാൻ 'പരസ്ത്രീബന്ധം' എന്നൊരു വാക്ക് നിലവിലുണ്ട്. എന്നാൽ വിവാഹേതരബന്ധം എന്ന വാക്കാണ് ഇന്ന് കൂടുതലായി ഉപയോഗിച്ച് കാണുന്നത്. സ്ത്രീയുടെ വിവാഹേതരബന്ധത്തെ മിക്ക മതങ്ങളും യാഥാസ്ഥിക സമൂഹങ്ങളും ഒരു പാപമായി പരിചയപ്പെടുത്തുന്നത് കാണാം. എന്നാൽ പുരുഷന്മാർക്ക് സാമൂഹികമായ ഇത്തരം നിയന്ത്രണങ്ങൾ കുറവാണ്. പുരുഷൻ നടത്തുന്ന പരസ്ത്രീ ബന്ധങ്ങൾ ഒരു വലിയ കഴിവായി കാണുകയും അതേസമയം സ്‌ത്രീകളെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത പല പുരുഷാധിപത്യ സമൂഹങ്ങളിലും കാണപ്പെടാറുണ്ട്. അതിന്റെ ഭാഗമായി പലപ്പോഴും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് നിയമവിരുദ്ധമായ അതിക്രമങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇതുമായി ബന്ധപെട്ടു 'സദാചാര പോലീസ്' എന്നൊരു പദപ്രയോഗവും ഉപയോഗിച്ച് കാണാറുണ്ട്. മതപരവും സദാചാരപരവുമായ വിശ്വാസങ്ങൾ കണക്കിലെടുത്ത് പല രാജ്യങ്ങളിലും വിവാഹേതരബന്ധത്തെ ക്രിമിനൽ കുറ്റമായും കണക്കാക്കുന്നുണ്ട്, പ്രത്യേകിച്ചും മതനിയമങ്ങൾ അടിസ്ഥാനമാക്കിയ ചില രാഷ്ട്രങ്ങളിൽ. എന്നിരുന്നാലും എല്ലാ സമൂഹങ്ങളിലും രഹസ്യ സ്വഭാവത്തോടെ വിവാഹേതര ബന്ധങ്ങൾ നടക്കാറുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു[1].

പലവിധ കാരണങ്ങൾ കൊണ്ട് ആളുകൾ ഒന്നിലധികം ബന്ധങ്ങൾ തെരെഞ്ഞെടുക്കാറുണ്ട്. വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരും, കുടുംബ പ്രശ്നങ്ങൾ ഉള്ളവരും, ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെ സ്നേഹവും പരിഗണനയും വേണ്ടത്ര ലഭിക്കാത്തവരും, ലൈംഗിക അസംതൃപ്തി ഉള്ളവരും, പങ്കാളിക്ക് ലൈംഗികശേഷി കുറഞ്ഞവരും, വിവാഹബന്ധം വേർപെടുത്താൻ സാധിക്കാത്തവരും, ദാരിദ്ര്യം, കട ബാധ്യതകൾ, പങ്കാളിയുടെ മാനസിക പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സുരക്ഷിതത്വം ഇല്ലായ്മ, സാഹചര്യങ്ങൾ മൂലം താല്പര്യമില്ലാത്ത വിവാഹം കഴിക്കേണ്ടി വന്നവർ, പങ്കാളിയോടുള്ള വെറുപ്പ് അല്ലെങ്കിൽ താല്പര്യക്കുറവ് തുടങ്ങിയ പലവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ മറ്റ് ബന്ധങ്ങൾ തേടിപ്പോകാൻ സാധ്യതയുള്ളവരാണ്. ജന്മനാ തന്നെ ബഹുപങ്കാളികളിൽ ആകർഷകത്വമുള്ള (‘പോളിഅമോറസ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന) ആളുകൾ വിവാഹേതര ബന്ധങ്ങളിൽ കൂടുതലായി താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇക്കൂട്ടർക്ക് ഏക പങ്കാളിയുമൊത്തുള്ള ജീവിതം പെട്ടന്ന് തന്നെ മടുക്കുകയും മറ്റു ബന്ധങ്ങളിലേക്ക് കടക്കുകയും ചെയ്തേക്കാം. ഇത്തരം ചില വ്യക്തികൾ ഓപ്പൺ മാര്യേജ് അല്ലെങ്കിൽ തുറന്ന വിവാഹം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. മാനസികമായ ചില രോഗങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ, അമിതലൈംഗിക താല്പര്യം തുടങ്ങിയവ മൂലവും വിവാഹേതര ബന്ധങ്ങളിലേക്ക് ചിലർ ആകർഷിക്കപ്പെട്ടേക്കാം. സാമൂഹികമായ നിയന്ത്രണങ്ങൾ ഭയന്ന് പലരും ഇത്തരം ബന്ധങ്ങളിൽ രഹസ്യ സ്വഭാവം വച്ചു പുലർത്താറുണ്ട്. ഏകപങ്കാളികളിൽ തൃപ്തിപ്പെടുന്ന (മോണോഗാമസ്) ആളുകളിൽ ഇത്തരം ബന്ധങ്ങൾ പൊതുവെ കുറവായി കാണപ്പെടുന്നു[2].

വിവാഹേതരബന്ധം സംബന്ധിച്ച് പല സമൂഹത്തിലും നിയമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വ്യത്യാസമുണ്ട്. സ്വകാര്യ സ്വത്തിന്റെ ആവിര്ഭാവത്തോടു കൂടിയാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഏകപങ്കാളിയോട് കൂടിയുള്ള ബന്ധത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഇത് പാരമ്പര്യ സ്വത്തുക്കളുടെ കൈമാറ്റത്തിന് അനിവാര്യമായിരുന്നുവെന്നു പറയപ്പെടുന്നു. മനുഷ്യർ കൃഷി ആരംഭിക്കുന്നതിന് മുൻപ് ബഹുപങ്കാളികളുമായി ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. പുരുഷൻ ബീജാവാപം നടത്താൻ പരമാവധി സ്‌ത്രീകളെ തേടുമ്പോൾ സ്ത്രീയാകട്ടെ ഗുണവാനായ പുരുഷനെ കണ്ടെത്താൻ ശ്രമിക്കുന്നു. അതിന്റെ ഫലമായി പരസ്പര ആകർഷണം ഉടലെടുക്കുന്നു. ഇതാണ് പല ബന്ധങ്ങൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം. ഇന്ത്യയിലും പല സമൂഹങ്ങളിലും വിവാഹേതര ബന്ധങ്ങൾ സർവ സാധാരണമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു നിലവിൽ വന്ന വിക്ടോറിയൻ സദാചാരം അത് മാറ്റിമറിക്കാൻ പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂർത്തിയായ വ്യക്തികൾ നടത്തുന്ന ലൈംഗികബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ല. നേരത്തേ, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞു കൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമില്ലാതെ, ബലാൽസംഗമാകാത്ത ലൈംഗികവേഴ്ച നടത്തുന്ന പുരുഷൻ ഇന്ത്യൻ ശിക്ഷാ നിയമം 497-ാം വകുപ്പ് [3] പ്രകാരം അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷക്കോ അർഹനാണ് എന്ന നിയമം ഉണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ വകുപ്പ് ഭരണഘടനാവിരുദ്ധം ആയതിനാൽ ഇന്ത്യൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബർ 27 ന് റദ്ദാക്കി. ഈ വകുപ്പിൽ തുല്യപങ്കാളിയായ സ്ത്രീയെ ഇക്കാര്യത്തിൽ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ലായിരുന്നു. മാത്രമല്ല ഭാര്യക്ക് ഭർത്താവിന്റെ വിവാഹേതരബന്ധത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ വ്യക്തമായ വ്യവസ്ഥയും ഇല്ലായിരുന്നു. ഇത് സ്ത്രീയുടെ തുല്യപദവിയെ ചോദ്യം ചെയ്യുന്ന ഒരു കാലഹരണപ്പെട്ട നിയമമായി കോടതി വിലയിരുത്തി. ആയതിനാൽ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ഈ നിയമം ഭേദഗതി ചെയ്തു. വിവാഹേതരബന്ധം വിവാഹബന്ധം തകർന്നതിന്റെ സൂചന അല്ലേയെന്ന് കോടതി ചോദിച്ചു, അതിനാൽ പങ്കാളിക്ക് ഇത്തരം ബന്ധം ഉണ്ടെന്ന് തെളിഞ്ഞാൽ വിവാഹമോചനം തേടാൻ മതിയായ കാരണമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, ഇന്ത്യയിൽ ഇന്നിതൊരു സിവിൽ കുറ്റമായി നിലനിർത്തിയിട്ടുമുണ്ട്.

വിവാഹമോചനത്തിന് മിക്ക നിയമ വ്യവസ്ഥയിലും പ്രധാന കാരണമായി വിവാഹേതരബന്ധം പരിഗണിക്കുന്നു.[4] ലൈംഗികാസ്വാദനം പ്രായപൂർത്തിയായ പൗരന്റെ സ്വകാര്യതയായോ മൗലികാവകാശമായോ അംഗീകരിച്ചിട്ടുള്ള പല രാജ്യങ്ങളിലും ചില ആദിവാസി ഗോത്രങ്ങളിലും പരസ്പര സമ്മതപ്രകാരമുള്ള ബന്ധങ്ങൾ കുറ്റകരമല്ല. ലിവിംഗ് ടുഗെതർ പോലെയുള്ള സംവിധാനങ്ങളിൽ ജീവിക്കുന്ന വ്യക്തികൾക്ക് ആവശ്യമെങ്കിൽ ബന്ധം അവസാനിപ്പിക്കാനും മറ്റൊരു പങ്കാളിയെ കണ്ടുപിടിക്കാനും കുറേക്കൂടി എളുപ്പമാണ്.

വിവാഹേതരബന്ധത്തെ വ്യഭിചാരം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതൊരു വൻപാപമായാണ് മിക്ക മതങ്ങളും പ്രത്യേകിച്ച് അബ്രഹാമിക സെമിറ്റിക്ക് മതങ്ങൾ(യഹൂദ, ക്രൈസ്തവ, ഇസ്ലാം) പഠിപ്പിക്കുന്നത്. വ്യഭിചാരം എന്നതിനെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി പറയുക സാധാരണമാണ്. ആൺ ലൈംഗികത്തൊഴിലാളിയെ ഇംഗ്ലീഷിൽ ജിഗൊളോ(gigolo) എന്ന് വിളിക്കാറുണ്ട്. എന്നാൽ ലൈംഗികത്തൊഴിൽ ഒരു വിവാഹേതര ബന്ധമായി കണക്കാക്കപ്പെടുന്നില്ല. പണത്തിന് വേണ്ടി ലൈംഗിക സേവനങ്ങൾ നൽകുന്ന ലൈംഗികത്തൊഴിലാളിയും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയും തമ്മിൽ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.

വിവാഹേതരബന്ധങ്ങൾ തികച്ചും സ്വാഭാവികമാണെന്നും അതിൽ തെറ്റില്ലെന്നും വാദിക്കുന്ന ധാരാളം ആളുകളുമുണ്ട്. പലപ്പോഴും ഇത്തരം ബന്ധങ്ങൾ ഭാര്യ അല്ലെങ്കിൽ ഭർത്താവിൽ നിന്നും മതിയായ പരിഗണന ലഭിക്കാത്തത് കൊണ്ടാണ് ഉടലെടുക്കുന്നതെന്നും മനസ്സിനിണങ്ങിയ ഇണയെ തിരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശമുണ്ടെന്നും ഇക്കൂട്ടർ വാദിക്കാറുണ്ട്. ഡോ എകെ ജയശ്രീയുടെ അഭിപ്രായത്തിൽ "ഒരാളെ വിൽക്കുകയാണെങ്കിൽ അതിന് വ്യഭിചാരം എന്ന് പറയാം. അങ്ങനെ നോക്കിയാൽ വിവാഹവും വ്യഭിചാരമാണെന്ന് പറയേണ്ടി വരും. നമ്മൾ കച്ചവടം നടത്തുകയല്ലേ? അതാണ് വ്യഭിചാരം. രണ്ട് പേർ, അവരുടെ തിരെഞ്ഞെടുപ്പ് എന്താണെന്നൊക്കെയുള്ള പ്രശ്‌നം അവിടെ വരുന്നുണ്ട്. തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരാണോ എന്നത് പ്രധാനമാണ്. തീരുമാനമെടുക്കാൻ പ്രാപ്തിയില്ലാത്ത ചെറിയ കുട്ടികളെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ഒക്കെ ലൈംഗികാതിക്രമം നടത്തിയാൽ അതൊക്കെ വ്യഭിചാരമാണ്. ഒന്ന്, വ്യഭിചാരത്തെ കൃത്യമായി നിർവ്വചിക്കുക എന്നതാണ്. രണ്ട്, പൂർണ സ്വതന്ത്രരായ വ്യക്തികൾ അവരുടെ സ്വബോധത്തോടുകൂടി അവരിഷ്ടപ്പെട്ട ആളുകളുമായി ബന്ധപ്പെടുന്നത് വ്യഭിചാരമല്ല. ഇതിപ്പോൾ അങ്ങനെയല്ല, വിവാഹത്തിന് പുറത്തുള്ളതും വിവാഹത്തിന് മുമ്പുള്ളതും എല്ലാം വ്യഭിചാരമായാണ് കാണുന്നത്. ആ നിർവ്വചനത്തെ പാടേ മാറ്റണം."[5][6][7]

അവലംബം

ഇതും കാണുക

വേശ്യ

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജാരവൃത്തി&oldid=4079915" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ