ഇൻട്രാഒക്യുലർ ലെൻസ്

തിമിരം അല്ലെങ്കിൽ ഹ്രസ്വദൃഷ്ടി പോലെയുള്ള അപവർത്തന ദോഷങ്ങളുടെ ചികിത്സയുടെ ഭാഗമായി കണ്ണിനുള്ളിൽ ഘടിപ്പിക്കുന്ന ലെൻസാണ് ഇൻട്രാഒക്യുലർ ലെൻസ് (ഐഒഎൽ)തിമിര ശസ്ത്രക്രിയയ്ക്കിടയിൽ കണ്ണിലെ, തിമിരം ബാധിച്ച സ്വാഭാവിക ലെൻസ് നീക്കം ചെയ്തതിനുശേഷം സ്ഥാപിക്കുന്ന സ്യൂഡോഫേകിക് ഐ‌ഒ‌എല്ലാണ് ഇൻട്രാഒകുലർ ലെൻസുകളിലെ ഏറ്റവും സാധാരണമായ തരം. സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസിന്റെ അതേ ലൈറ്റ് ഫോക്കസിംഗ് പ്രവർത്തനം സ്യൂഡോഫാകിക് ഐ‌ഒഎൽ നൽകുന്നു. രണ്ടാമത്തെ തരം ഫേകിക് ഇൻട്രാഒക്യുലർ ലെൻസ് (പി‌ഒ‌എൽ) എന്നറിയപ്പെടുന്നു, ഇത് നിലവിലുള്ള പ്രകൃതിദത്ത ലെൻസ് നീക്കം ചെയ്യാതെ തന്നെ കണ്ണിൽ സ്ഥാപിക്കുന്ന ഒരു ലെൻസാണ്.  ഹ്രസ്വദൃഷ്ടി പോലെയുള്ള അപവർത്തന ദോഷങ്ങളുടെ ചികിത്സയായി കണ്ണിന്റെ ഒപ്റ്റിക്കൽ പവർ മാറ്റുന്ന റിഫ്രാക്റ്റീവ് ശസ്ത്രക്രിയയാണ് ഇത്.[1]

ഇൻട്രാഒക്യുലർ ലെൻസ്
Intervention
ഒരു പോസ്റ്റീരിയർ ചേമ്പർ ഇൻട്രാഒകുലർ ലെൻസ്
ICD-9-CM13.72
MeSHD054120
OPS-301 code:5-984

ഐ‌ഒ‌എല്ലുകളിൽ സാധാരണയായി ഒരു പ്ലാസ്റ്റിക് ലെൻസും, കണ്ണിനുള്ളിലെ ക്യാപ്‌സുലാർ ബാഗിൽ ലെൻസ് പിടിച്ചു നിർത്താൻ വശങ്ങളിൽ ഹാപ്റ്റിക് എന്ന് വിളിക്കുന്ന കാലുകളും അടങ്ങിയിരിക്കുന്നു [2] ഐ‌ഒ‌എല്ലുകൾ ആദ്യകാലങ്ങളിൽ വഴക്കമില്ലാത്ത പി‌എം‌എം‌എ മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇന്ന് സിലിക്കൺ, അക്രിലിക് ഗ്ലാസ് എന്നിവ പോലുള്ള വഴക്കമുള്ള വസ്തുക്കളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇപ്പോൾ ഉപയോഗിക്കുന്ന മിക്ക ഐ‌ഒ‌എല്ലുകളും ദൂര കാഴ്ചയ്ക്ക് വേണ്ടിയുള്ള മോണോഫോക്കൽ ലെൻസുകളാണ്. എന്നാൽ, രോഗിക്ക് ദൂരെയുള്ളതും, വായനാ ദൂരവും, അതിനിടയിലുള്ള ദൂരങ്ങളും ഒരുപോലെ കാണാൻ അനുവദിക്കുന്ന കാഴ്ച നൽകുന്ന മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലുകൾ, പരിമിതമായ അക്കൊമഡേഷൻ നൽകുന്ന അഡാപ്റ്റീവ് ഐ‌ഒ‌എൽ എന്നിവ പോലുള്ള മറ്റ് തരങ്ങളും ഇപ്പോൾ ലഭ്യമാണ്.

ശസ്ത്രക്രിയാ വിദഗ്ധർ പ്രതിവർഷം 6 ദശലക്ഷത്തിലധികം ലെൻസുകൾ ഇംപ്ലാന്റ് ചെയ്യുന്നുണ്ട്.[3] ഓപ്പറേഷനിൽ ഉടനീളം രോഗി ഉണർന്നിരിക്കുന്നതിലൂടെ ലോക്കൽ അനസ്തേഷ്യയിൽ തന്നെ ശസ്ത്രക്രിയ നടപടിക്രമങ്ങൾ നടത്താം. വളരെ ചെറിയ മുറിവുകളിലൂടെ ക്യാപ്‌സൂളിലേക്ക് ലെൻസിനെ ചുരുട്ടി കടത്തിവിടാൻ വഴക്കമുള്ള ഐ‌ഒ‌എല്ലിന്റെ ഉപയോഗം സഹായിക്കുന്നു, അങ്ങനെ തുന്നലുകളുടെ ആവശ്യകത ഒഴിവാക്കുന്നു. പരിചയസമ്പന്നനായ നേത്രരോഗവിദഗ്ദ്ധന് ഈ നടപടിക്രമങ്ങൾക്ക് സാധാരണയായി 30 മിനിറ്റിൽ താഴെ സമയമെ ആവശ്യമായി വരുന്നുള്ളൂ. വീണ്ടെടുക്കൽ കാലയളവ് ഏകദേശം 2-3 ആഴ്ചയാണ്. ശസ്ത്രക്രിയയ്ക്കുശേഷം, രോഗികൾ കഠിനമായ വ്യായാമമോ രക്തസമ്മർദ്ദം ഗണ്യമായി വർദ്ധിപ്പിക്കുന്ന മറ്റെന്തെങ്കിലുമോ ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ നേത്രരോഗവിദഗ്ദ്ധരെ സന്ദർശിക്കുകയും വേണം.

അണുബാധ, ലെൻസിന്റെ അയവ്, ലെൻസ് റൊട്ടേഷൻ, വീക്കം, രാത്രികാല ഹാലോസ് എന്നിവ പോലുള്ള നേത്ര ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അപൂർവ്വമായി ഐഒഎൽ ഇംപ്ലാൻറേഷനിൽ കാണാരുണ്ട്. പല രോഗികളെയും ദൂര കാഴ്ചയ്ക്ക് ഗ്ലാസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഐ‌ഒ‌എല്ലുകൾ പ്രാപ്‌തമാക്കുന്നുണ്ടെങ്കിലും, വായന പോലുള്ള ചില പ്രവർത്തനങ്ങൾക്കവർക്ക് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരാം.

ശസ്ത്രക്രിയയുടെ തരങ്ങൾ

സ്വാഭാവിക ലെൻസ് നീക്കംചെയ്യുകയോ അല്ലാതെയോ ഇംപ്ലാന്റുകൾ

  • ഫേകിക് ഐ‌ഒ‌എൽ (പിഐ‌ഒ‌എൽ): സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസുകളുടെ സാന്നിധ്യമാണ് ഫേകിയ. രോഗിയുടെ കണ്ണിലെ സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസ് നീക്കം ചെയ്യാതെ ഇംപ്ലാന്റ് ചെയ്ത ഒരു ഇൻട്രാക്യുലർ ലെൻസിനെ സൂചിപ്പിക്കുന്നതാണ് ഫേകിക് ഐഒഎൽ. വ്യക്തമായ ക്രിസ്റ്റലിൻ ലെൻസിന്റെ സാന്നിധ്യത്തിൽ റിഫ്രാക്റ്റീവ് പിശക് പരിഹരിക്കുന്നതിന് മാത്രമാണ് ഇത് ചെയ്യുന്നത്.
  • അഫേകിക് ഐഒഎൽ: സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസിന്റെ അഭാവമാണ് അഫേകിയ. തിമിര ശസ്ത്രക്രിയക്ക് ശേഷം ലെൻസ് നീക്കം ചെയ്യുന്നതാണ് സാധാരണയായി അഫേകിക് അവസ്ഥയ്ക്ക് കാരണം, എന്നാൽ ഇൻട്രാക്യുലർ ലെൻസുകളുടെ ഉപയോഗത്തിലൂടെ ശസ്ത്രക്രിയാനന്തര അഫാകിയ ഇപ്പോൾ അപൂർവമാണ്. അപൂർവ്വമായി, കണ്ണിനുണ്ടാകുന്ന മുറിവുകൾ മൂലം അഫേകിയ ഉണ്ടാവാം. അഫാകിക് ആയ കണ്ണിൽ പിന്നീട് ഘടിപ്പിക്കുന്ന ലെൻസിനെ അഫാകിക് ഐ‌ഒ‌എൽ സൂചിപ്പിക്കുന്നു.
  • സ്യൂഡോഫേകിക് ഐ‌ഒ‌എൽ: പ്രകൃതിദത്ത ക്രിസ്റ്റലിൻ ലെൻസിന് പകരം ഐ‌ഒ‌എൽ ഉള്ള അവസ്ഥയാണ് സ്യൂഡോഫേകിയ. തിമിര ശസ്ത്രക്രിയയ്ക്കിടെ സ്ഥാപിക്കുന്ന ലെൻസിനെ സൂചിപ്പിക്കുന്നതാണ് സ്യൂഡോഫേകിക് ഐ‌ഒ‌എൽ എന്ന പദം. ഏറ്റവും കൂടുതൽ കാണുന്ന ഐഒഎലുകൾ ഇത്തരത്തിലുള്ളവയാണ്.

ഇംപ്ലാന്റിന്റെ സ്ഥാനം

ശസ്ത്രക്രിയയ്ക്ക് മുമ്പ് (സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസ്, ഇടത്). ശസ്ത്രക്രിയയ്ക്ക് ശേഷം (ഇംപ്ലാന്റ് ചെയ്ത പിസിഐഒഎൽ, വലത്).
ഒരു ആന്റീരിയർ ചേമ്പർ IOL (ACIOL)
  • പോസ്റ്റീരിയർ‌ ചേമ്പർ‌ ഐഒഎൽ (PCIOL). ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും സാധാരണമായ തരം ഇതാണ്.
  • ആന്റീരിയർ ചേംബർ ഐഒഎൽ (ACIOL). ഇത് അത്ര സാധാരണമല്ലാത്ത ഇൻട്രാഒക്യുലർ ലെൻസ് ആണ്. പിസിഐഒഎൽ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ആണ് ഇത് ഉപയോഗിക്കുന്നത്.

സ്യൂഡോഫേകിക് ഐഒഎലുകൾ

തിമിര ശസ്ത്രക്രിയയ്ക്കിടെ, രോഗിയുടെ ക്രിസ്റ്റലിൻ ലെൻസ് നീക്കം ചെയ്തയുടനെ ഘടിപ്പിക്കുന്ന ലെൻസുകളാണ് സ്യൂഡോഫാകിക് ഐ‌ഒ‌എൽ എന്ന് അറിയപ്പെടുന്നത്.

മോണോഫോക്കൽ

തിമിര ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ലെൻസുകളാണ് മോണോഫോക്കൽ ഐ‌ഒ‌എൽ.[4] ഈ പരമ്പരാഗത ഐ‌ഒ‌എല്ലുകളുടെ ഒരു പ്രധാന പോരായ്മ, അവയ്ക്ക് ഒരു പ്രത്യേക ദൂരത്തേക്ക് മാത്രമേ ഫോക്കസ് ചെയ്യാൻ കഴിയൂ എന്നതാണ്- ഒന്നുകിൽ ഒപ്റ്റിക്കൽ അനന്തത (ദൂര കാഴ്ച), അല്ലെങ്കിൽ ഒരു നിശ്ചിത പരിധി (വായനയ്ക്ക് വേണ്ടി). ഒരു സാധാരണ ഐ‌ഒ‌എൽ ഇംപ്ലാന്റേഷന് വിധേയരായ രോഗികൾക്ക് പിന്നീട് തിമിരത്തിൽ നിന്ന് മങ്ങൽ അനുഭവപ്പെടില്ല, പക്ഷേ അവർക്ക് അടുത്തും ദൂരെയും കാണാൻ അക്കൊമഡേഷൻ (ഫോക്കസ് സമീപത്തുനിന്നും ദൂരത്തേക്കും, ദൂരത്തേക്കും, അതിനിടയിലുള്ള ദൂരത്തേക്കും മാറ്റുക) ഉപയോഗിക്കാൻ കഴിയില്ല. മിക്ക തിമിര ശസ്ത്രക്രിയകളും വെള്ളെഴുത്തുള്ള പ്രായമായവരിലാണ് നടത്തുന്നത് എന്നതിനാൽ മിക്ക തിമിര ശസ്ത്രക്രിയകൾക്കും ഇത് ഒരു ആശങ്കയല്ല. എന്നിരുന്നാലും, റിഫ്രാക്റ്റീവ് പിശകുകൾ പരിഹരിക്കുന്നതിനായി റിഫ്രാക്റ്റീവ് ലെൻസ് എക്സ്ചേഞ്ചിന് വിധേയമായി ഇതുവരെ പ്രസ്ബയോപിക് ഇല്ലാത്ത (അല്ലെങ്കിൽ പ്രെസ്ബിയോപിയയുടെ പ്രാരംഭ ഘട്ടത്തിലുള്ള) രോഗികൾക്ക് ഇത് ഒരു പ്രശ്നമാണ്. ഒരു കണ്ണ് ദൂര കാഴ്ച ശരിയായ അവസ്ഥയിൽ ആക്കിയും, മറ്റൊന്ന് അടുത്ത് കാഴ്ചയ്ക്ക് വേണ്ടി ആക്കുന്നതുമായ രീതി വഴി അക്കൊമഡേഷൻ നഷ്ടം ഭാഗികമായി നികത്താനും ഒന്നിലധികം ദൂരങ്ങളിൽ വ്യക്തമായ കാഴ്ച പ്രാപ്തമാക്കാനും കഴിയും.

മൾട്ടിഫോക്കൽ

മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലുകൾ‌ ഒരേസമയം ദൂരക്കാഴ്ച മുതൽ സമീപ കാഴ്ച വരെയുള്ള ദൂരങ്ങളിൽ കാഴ്ച നൽകുന്നു. ട്രൈഫോക്കൽ ഐ‌ഒ‌എല്ലുകൾ‌ക്ക്, ദൂര കാഴ്ചയും അടുത്തു കാഴ്ചയും കിട്ടിന്നതിനൊപ്പം ഇത് രണ്ടിനും ഇടയിലുള്ള ഒരു ദൂരത്തിൽ കൂടി കാഴ്ച നൽകാൻ കഴിയും.[5] നിരവധി മൾട്ടിഫോക്കൽ ഐ‌ഒ‌എൽ ഡിസൈനുകൾ കേന്ദ്രീകൃത റിംഗ് രൂപകൽപ്പന ഉപയോഗിച്ച് ഒരേസമയം പല ദൂരങ്ങളിൽ ഫോക്കസ് നേടാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇന്ന് ഉപയോഗിക്കുന്ന നിരവധി കേന്ദ്രീകൃത റിംഗ് മൾട്ടിഫോക്കൽ ലെൻസുകൾ കാഴ്ചയുടെ എല്ലാ ശ്രേണികളിലും ഗ്ലെയർ ഉണ്ടാക്കുന്നതും, ഫോക്കസിൽ നേരിയ തോതിൽ വിട്ടുവീഴ്ച ചെയ്യുന്നതുമാണ്.

തിമിരം നീക്കം ചെയ്തതിനുശേഷം മൾട്ടിഫോക്കൽ ഐ‌ഒ‌എൽ ഉള്ള ആളുകൾക്ക് സാധാരണ മോണോഫോക്കൽ ലെൻസുള്ള ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക ഗ്ലാസുകൾ ആവശ്യമായി വരില്ല. എന്നിരുന്നാലും, മൾട്ടിഫോക്കൽ ലെൻസുകൾ സ്വീകരിക്കുന്ന ആളുകൾക്ക് മോണോഫോക്കൽ ലെൻസുകളേക്കാൾ കൂടുതൽ വിഷ്വൽ പ്രശ്നങ്ങൾ അനുഭവപ്പെടാം.[6] മൾട്ടിഫോക്കൽ ഐ‌ഒ‌എല്ലുകൾ മൂലമുള്ള ഏറ്റവും സാധാരണമായ കാഴ്ച സങ്കീർണ്ണതകളിൽ ഗ്ലെയർ, ഹാലോസ് (ലൈറ്റുകൾക്ക് ചുറ്റുമുള്ള വളയങ്ങൾ), ദൃശ്യ തീവ്രത നഷ്ടപ്പെടുന്നത് എന്നിവ ഉൾപ്പെടുന്നു.[7]

അക്കൊമഡേറ്റിങ്

ചില പുതിയ ലെൻസ് ഡിസൈനുകൾ,‌ ഫോക്കസ് ദൂരത്തുനിന്ന് സമീപത്തേക്ക് മാറ്റുന്നതിനായി (അക്കൊമഡേഷൻ) ഭാഗിക ഫോക്കസിംഗ് കഴിവ് വീണ്ടെടുക്കാൻ കണ്ണിനെ അനുവദിക്കുന്നു. എന്നിരുന്നാലും, ഇന്ന് ഉപയോഗിക്കുന്ന പല ഐ‌ഒ‌എല്ലുകളും സമീപ കാഴ്ചയിൽ വളരെ പരിമിതമായ മെച്ചപ്പെടുത്തലുകൾ മാത്രമേ നേടുന്നുള്ളൂ, അത് കാലക്രമേണ കുറഞ്ഞുവരുന്നതായും തെളിഞ്ഞിട്ടുണ്ട്. അക്കൊമഡേറ്റിങ് ഇൻട്രാക്യുലർ ലെൻസുകൾക്ക് പോസ്റ്റീരിയർ കാപ്സ്യൂൾ ഒപാസിഫിക്കേഷൻ (പി‌സി‌ഒ) ഉണ്ടാകാനുള്ള സാധ്യത അൽപ്പം കൂടുതലാണ്.[8] പല തിമിര ശസ്ത്രക്രിയകളുടെയും ഒരു സാധാരണ പാർശ്വഫലമാണ് പി‌സി‌ഒ, ഒറ്റത്തവണ ലേസർ ക്യാപ്‌സുലോടോമി നടപടിക്രമത്തിലൂടെ ഇത് എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും (ചുവടെ കാണുക).

അക്കൊമഡേറ്റിങ് ഐ‌ഒ‌എല്ലുകൾ സിലിയറി പേശികളുമായും സോണുലുകളുമായും സംവദിക്കുന്നു, ഈ ലെന്സുകളിൽ ഇരുവശത്തുമുള്ള ഹിംഗുകൾ ഉപയോഗിച്ച് കണ്ണിനുള്ളിൽ മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു, ഇത് അക്കൊമഡേഷന് സമാനമായ അവസ്ഥ കണ്ണിൽ ഉണ്ടാക്കുന്നു. ഈ ഐ‌ഒ‌എല്ലുകൾ‌ക്ക് 4.5-മില്ലീമീറ്റർ‌ ചതുരാകൃതിയിലുള്ള ഒപ്റ്റിക് ഭാഗവും, ഹാപ്‌റ്റിക്‌സിന്റെ അവസാനത്തിൽ പോളിമൈഡ് ലൂപ്പുകളുള്ള നീളമുള്ള ഹിംഗഡ് പ്ലേറ്റ് ഡിസൈനും ഉണ്ട്. കണ്ണിൽ പരിധിയില്ലാത്ത ഫ്ലെക്സിംഗിന് കഴിവുണ്ടെന്ന് ഉറപ്പുവരുത്താൻ നന്നായി പരീക്ഷിച്ച ബയോസിൽ എന്ന നൂതന സിലിക്കൺ ഉപയോഗിച്ചാണ് ഹിംഗുകൾ നിർമ്മിച്ചിരിക്കുന്നത്.[9]

ടോറിക്

തിമിര ശസ്ത്രക്രിയ സമയത്ത് നിലവിലുള്ള കോർണിയൽ അസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ ഉപയോഗിക്കുന്ന ഒരു തരം ടോറിക് ലെൻസാണ് ടോറിക് ഐ‌ഒ‌എൽ. ലിംബൽ റിലാക്സിംഗ് മുറിവുകൾ അല്ലെങ്കിൽ എക്സൈമർ ലേസർ നടപടിക്രമങ്ങൾ ഉപയോഗിച്ചും അസ്റ്റിഗ്മാറ്റിസത്തെ ചികിത്സിക്കാം.[10] [11] ഒരു ടോറിക് ഐ‌ഒ‌എൽ ഘടിപ്പിക്കുന്ന തിമിര ശസ്ത്രക്രിയ ഒരു പരമ്പരാഗത തിമിര ശസ്ത്രക്രിയയ്ക്ക് തുല്യമാണ്. ടോറിക് കോൺടാക്റ്റ് ലെൻസുകൾ പോലെ, ലെനിന്റെ വ്യത്യസ്ത മെറിഡിയനുകളിൽ ടോറിക് ഐ‌ഒ‌എല്ലുകൾ‌ക്ക് വ്യത്യസ്ത ശക്തികളുണ്ട്, മാത്രമല്ല അവ കൃത്യമായ മെറിഡിയനിൽ‌ സ്ഥാനം പിടിക്കുകയും വേണം. ടോറിക് ഐ‌ഒ‌എൽ ശരിയായ മെറിഡിയനിൽ‌ ഇല്ലെങ്കിൽ‌, രണ്ടാമത് ശസ്ത്രക്രിയ നടത്തി അത് പുനസ്ഥാപിക്കേണ്ടതുണ്ട്.

മൾട്ടിഫോക്കൽ ടോറിക്

സ്റ്റാൻഡേർഡ് ടോറിക് ഐ‌ഒ‌എല്ലുകൾ മോണോഫോക്കൽ ആണ്, അവ ദൂര കാഴ്ചയ്ക്ക് മാത്രമുള്ളതാണ്. ഇന്ന് മൾട്ടിഫോക്കൽ ടോറിക് ഐ‌ഒ‌എല്ലുകളും ലഭ്യമാണ്. ഈ ലെൻസുകൾ രോഗിക്ക് ആസ്റ്റിഗ്മാറ്റിസത്തിന്റെ തിരുത്തലിനോടൊപ്പം, ദൂരത്തും വായനാ ദൂരത്തിലും അല്ലാതെ, ഇടയിലുള്ള ദൂരങ്ങളിൽ കൂടി വ്യക്തമായ കാഴ്ച നൽകുന്നു.[12]

ഫേകിക് ഐ‌ഒ‌എല്ലുകൾ

സ്വാഭാവിക മനുഷ്യ ക്രിസ്റ്റലിൻ ലെൻസ് എടുത്ത് മാറ്റാതെ തന്നെ കണ്ണിൽ സ്ഥാപിക്കുന്ന ഇൻട്രാക്യുലർ ലെൻസുകളാണ് ഫാകിക് ഐ‌ഒ‌എൽ (പിഐ‌ഒ‌എൽ). പിഐഒഎലുകൾ ചിലപ്പോൾ 'ഇംപ്ലാന്റബിൾ കോൺടാക്റ്റ് ലെൻസുകൾ' (ഐസിഎൽ) എന്ന് വിളിക്കപ്പെടുന്നു. മറ്റ് ഐഒഎലുകളിലെന്നപോലെ, പിഐഒഎലുകളും ഗോളാകൃതി അല്ലെങ്കിൽ ടോറിക് ആകൃതി ഉള്ളവ ആകാം. ടോറിക് പിഐഒഎലുകൾ ആസ്റ്റിഗ്മാറ്റിസത്തിന്റെ മെറിഡിയനുമായി ഒത്തുവരുന്ന രീതിയിൽ വിന്യസിക്കണം; ടോറിക് ഐ‌ഒ‌എലുകളുടെ തെറ്റായ വിന്യാസം അല്ലെങ്കിൽ ശസ്ത്രക്രിയാനന്തരം ഉണ്ടാവുന്ന ലെൻസിൻ്റെ ഭ്രമണം ശസ്ത്രക്രിയക്ക് മുമ്പ് ഉണ്ടായിരുന്നതിലും വലിയ അസ്റ്റിഗ്മാറ്റിസത്തിലേക്ക് നയിച്ചേക്കാം.[13]

കണ്ണിലേക്കുള്ള അറ്റാച്ചുമെന്റ് സൈറ്റിനെ ആശ്രയിച്ച്, പിഐഒഎലുകൾ മൂന്ന് വിഭാഗങ്ങളായി തിരിക്കാം:[14]

  • ആംഗിൾ സപ്പോർട്ടഡ് പിഐഒഎൽ: കണ്ണിലെ മുൻ അറയിൽ സ്ഥാപിക്കുന്നവയാണിത്. ഈ ലെൻസുകൾ കോർണിയൽ എൻ‌ഡോതെലിയൽ ലൈനിംഗിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കരുതപ്പെടുന്നു.
  • ഐറിസ് സപ്പോർട്ടഡ് പിഐഒഎൽ: ഇവ ക്ലോസ് ഉപയോഗിച്ച് മിഡ്-പെരിഫറൽ ഐറിസിലേക്ക് ഘടിപ്പിക്കുന്നു. കോർണിയൽ എൻ‌ഡോതീലിയത്തിൽ ഇത് കുറഞ്ഞ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ തരത്തിലുള്ള ലെന്സുകളുടെ പ്രധാന പ്രശ്നം എന്റോതെലിയൽ സെൽ കുറയ്ക്കുന്നതിനുള്ള പ്രവണതയാണ്.
  • സൾക്കസ് സപ്പോർട്ടഡ് പിഐഒഎല്: ഇവ സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസിന് മുന്നിൽ, പിൻഭാഗത്തെ അറയിൽ സ്ഥാപിക്കുന്നവയാണ്. ഇത്തരത്തിലുള്ള പിഐഒഎലുകൾ കൂടുതൽ കൂടുതൽ ജനപ്രീതി ഉള്ളവയാണ്. സാധാരണ ലെൻസുമായി സമ്പർക്കം പുലർത്താതിരിക്കാൻ അവർക്ക് പ്രത്യേക വോൾട്ടിംഗ് ഉണ്ട്. തിമിരം രൂപപ്പെടാനുള്ള ഒരു ചെറിയ സാധ്യതയായിരുന്നു ഇത്തരം ലെൻസുകളുടെ പഴയ പതിപ്പുകളിലെ പ്രധാന പ്രശ്നം.

ഫേകിക് ഐഒഎൽ- മെഡിക്കൽഉപയോഗങ്ങൾ

ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിവയിലെ വലിയ പിശകുകൾ പരിഹരിക്കുന്നതിന് 1999 മുതൽ ഇൻട്രാഒക്യുലർ ലെൻസുകൾ ഉപയോഗിക്കുന്നു. രോഗിയുടെ സ്വാഭാവിക ക്രിസ്റ്റലിൻ ലെൻസ് നീക്കം ചെയ്യാതെ ഇംപ്ലാന്റ് ചെയ്യുന്നതിനാൽ ഇത്തരത്തിലുള്ള ഐ‌ഒ‌എലിനെ ഫേകിക് ഇൻട്രാക്യുലർ ലെൻസ് (പി‌ഒ‌എൽ) എന്നും വിളിക്കുന്നു.

കാര്യമായ ഹ്രസ്വദൃഷ്ടിയുള്ളവരിൽ എക്‌സൈമർ ലേസർ സർജറിയേക്കാൾ (ലാസിക്ക്) അപകടസാധ്യത കുറവാണ് ഫാക്കിക് ഐഒഎൽ ശസ്ത്രക്രിയയ്ക്ക്.[15]

ക്ലിയർ ലെൻസ് എക്സ്ട്രാക്ഷൻ ആൻഡ് റീപ്ലേസ്‌മെന്റ് (CLEAR) ശസ്ത്രക്രിയയിലൂടെ ഐ‌ഒ‌എൽ‌ സ്ഥാപിക്കുന്നത് മറ്റൊരു രീതിയാണ്. CLEAR ൽ, കണ്ണിൽ ചെറിയ മുറിവുണ്ടാക്കി തിമിര ശസ്ത്രക്രിയയ്ക്ക് സമാനമായ ഒരു പ്രക്രിയയിൽ സ്ഫടിക ലെൻസ് എടുത്ത് പകരം ഐ‌ഒ‌എൽ സ്ഥാപിക്കുന്നു. ഇതിന് ഏകദേശം 30 മിനിറ്റ് സമയം മാത്രമേ ആവശ്യമുള്ളൂ. ശസ്ത്രക്രിയ കഴിഞ്ഞ് 1–7 ദിവസത്തിനുശേഷം സാധാരണ നിലയിലാകും. ഈ സമയത്ത്, കഠിനമായ വ്യായാമമോ രക്തസമ്മർദ്ദത്തെ ഗണ്യമായി ഉയർത്തുന്ന മറ്റെന്തെങ്കിലുമോ അവർ ഒഴിവാക്കണം.

CLEAR ന് 90% വിജയ നിരക്ക് ഉണ്ട് (അപകടസാധ്യതകളിൽ മുറിവ് ചോർച്ച, അണുബാധ, വീക്കം, അസ്റ്റിഗ്മാറ്റിസം എന്നിവ ഉൾപ്പെടുന്നു). 40 വയസും അതിൽ കൂടുതലുമുള്ള രോഗികളിൽ മാത്രമേ ക്ലിയർ ചെയ്യാറുള്ളൂ. ഐ‌ഒ‌എൽ ലെൻസുകളെ തടസ്സപ്പെടുത്തുന്ന കണ്ണിന്റെ വളർച്ച ശസ്ത്രക്രിയാനന്തരം സംഭവിക്കില്ലെന്ന് ഉറപ്പാക്കാനാണിത്.

ഇംപ്ലാന്റ് ചെയ്തുകഴിഞ്ഞാൽ, ഐ‌ഒ‌എൽ ലെൻസുകൾക്ക് മൂന്ന് പ്രധാന നേട്ടങ്ങളുണ്ട്. ആദ്യം, അവ വലിയ തോതിലുള്ള കാഴ്ച പ്രശ്‌നങ്ങളുള്ള ആളുകൾക്ക് നേത്ര ശസ്ത്രക്രിയയുടെ ഒരു രൂപമായ എക്‌സൈമർ ലേസർ നടപടിക്രമത്തിന് (ലാസിക്) ഒരു ബദലാണ്. ഫലപ്രദമായ ഐ‌ഒ‌എൽ ഇംപ്ലാന്റുകൾ മിക്ക രോഗികൾക്കും ശസ്ത്രക്രിയയ്ക്കു ശേഷം ഗ്ലാസുകളുടെയോ കോൺടാക്റ്റ് ലെൻസുകളുടെയോ ആവശ്യകതയെ പൂർണ്ണമായും ഇല്ലാതാക്കുന്നു.[16] ലെൻസ് നീക്കം ചെയ്തതിനാൽ തിമിരം വരില്ല. ഇംപ്ലാന്റ് ചെയ്ത ലെൻസിനെ ആശ്രയിച്ച്, ഫോക്കസ് മാറ്റാനുള്ള (അക്കൊമഡേഷൻ) കണ്ണിന്റെ കഴിവ് സാധാരണയായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു എന്നതാണ് ഇതിൻറെ പ്രധാന പോരായ്മ.

മൂന്ന് വർഷത്തെ പഠനത്തിനിടെ എഫ്ഡി‌എ ഇതുവരെ കണ്ടെത്തിയ ചില അപകടസാധ്യതകൾ ഇവയാണ്:

  • എൻ‌ഡോതീലിയൽ സെല്ലുകളുടെ 1.8% വാർ‌ഷിക നഷ്ടം,
  • റെറ്റിന ഡിറ്റാച്ച്മെൻറ് 0.6% അപകടസാധ്യത,
  • തിമിരത്തിന്റെ 0.6% അപകടസാധ്യത (മറ്റ് പഠനങ്ങൾ 0.5 - 1.0% വരെ അപകടസാധ്യത കാണിക്കുന്നു), കൂടാതെ
  • കോർണിയ വീക്കത്തിന്റെ 0.4% അപകടസാധ്യത.

മറ്റ് അപകടസാധ്യതകളിൽ ഇവ ഉൾപ്പെടുന്നു:

  • 0.03–0.05% നേത്ര അണുബാധ സാധ്യത, ഇത് ഏറ്റവും മോശം അവസ്ഥയിൽ അന്ധതയ്ക്ക് കാരണമാകും. ഇത് ഐ‌ഒ‌എല്ലുകൾ‌ക്ക് മാത്രമുള്ളതല്ല, എല്ലാ നേത്ര ശസ്ത്രക്രിയാ രീതികളിലും ഈ അപകടസാധ്യത നിലനിൽക്കുന്നു.
  • ഗ്ലോക്കോമ ,
  • അസ്റ്റിഗ്മാറ്റിസം,
  • അവശേഷിക്കുന്ന ഹ്രസ്വദൃഷ്ടിയോ ദീർഘദൃഷ്ടിയോ,
  • ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കണ്ണിനുള്ളിലെ ലെൻസിന്റെ ഭ്രമണം.

ഐഒഎൽ വളരെ ചെറുതാണെങ്കിൽ, കണ്ണ് തെറ്റായി അളന്നിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ സൾക്കസിന് അല്പം ഓവൽ ആകൃതി ഉള്ളതിനാൽ (ഉയരം വീതിയെക്കാൾ അല്പം ചെറുതാണ്) ലെൻസിന് കണ്ണിനുള്ളിൽ കറങ്ങാൻ കഴിയും എന്നതാണ് മുകളിലുള്ള അപകടസാധ്യതകളുടെ ഒരു കാരണം. അതുപോലെ അസ്റ്റിഗ്മാറ്റിസമുള്ളവരിൽ, രോഗിയുടെ അസ്റ്റിഗ്‌മാറ്റിസത്തെ ശരിയാക്കുന്ന ഒരു മെറിഡിയനിൽ എത്തുന്ന രീതിയിൽ ടോറിക് ഐ‌ഒ‌എല്ലുകൾ തിരിച്ച്, കണ്ണിനുള്ളിൽ വിന്യസിക്കണം. ഈ ലെൻസുകൾ ശസ്ത്രക്രിയാനന്തരം കണ്ണിനുള്ളിൽ കറങ്ങാം, അല്ലെങ്കിൽ ഓപ്പറേറ്റിംഗ് സർജൻ തെറ്റായി സ്ഥാപിക്കാം. ഇങ്ങനെ സംഭവിച്ചാൽ രോഗിയുടെ മുന്നേയുള്ള അസ്റ്റിഗ്മാറ്റിസം പൂർണ്ണമായും ശരിയാകാതിരിക്കുകയോ വർദ്ധിക്കുകയോചെയ്യാം.

രോഗിയുടെ ലെൻസിന് പകരമായി സ്റ്റാൻ‌ഡേർഡ് ഐ‌ഒ‌എല്ലുകൾ‌ സ്ഥാപിക്കുമ്പോൾ‌, അസ്റ്റിഗ്മാറ്റിസം സാധാരണയായി ശരിയാകില്ല, കാരണം പ്രധാനമായും കോർണിയയുടെ രൂപഭേദം കാരണം ആണ് അസ്റ്റിഗ്മാറ്റിസം ഉണ്ടാവുന്നത്. ആസ്റ്റിഗ്മാറ്റിസം ശരിയാക്കാൻ ക്ലിയർ നടപടിക്രമത്തിൽ ടോറിക് ഐ‌ഒ‌എല്ലുകൾ ഉപയോഗിക്കാം.

ബ്ലൂ-ലൈറ്റ് ഫിൽട്ടറിംഗ് ഐഒഎലുകൾ

ബ്ലൂ ലൈറ്റ് ഫിൽ‌ട്ടറിംഗ് ഐ‌ഒ‌എല്ലുകൾ‌ അൾട്രാവയലറ്റ്, ഉയർന്ന ഊർജ്ജമുള്ള നീല വെളിച്ചം എന്നിവ‌ ഫിൽ‌റ്റർ‌ ചെയ്യുന്നു, ഇവ രണ്ടും കാഴ്ച പ്രശ്‌നങ്ങൾ‌ക്ക് കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്; എന്നിരുന്നാലും നീല വെളിച്ചം വളരെയധികം ഫിൽട്ടർ ചെയ്യുന്നത് വിഷാദം വർദ്ധിപ്പിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത് (എസ്എഡി). വ്യാപാരമുദ്രയുള്ള "നാച്ചുറൽ യെല്ലോ" മെറ്റീരിയൽ മൂന്ന് ഹൈഡ്രോഫിലിക് ഐ‌ഒ‌എല്ലുകളിൽ ലഭ്യമാണ്. പ്രകൃതിദത്തമായ തിമിരം വേർതിരിച്ചെടുത്ത ശേഷം റെറ്റിനയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനായി, ബെൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റിലെ ഡോ. പാട്രിക് എച്ച്. ബെൻസ്, മനുഷ്യ ക്രിസ്റ്റൽ ലെൻസിൽ അടങ്ങിയിരിക്കുന്ന അതേ യുവി-എ തടയലും വയലറ്റ് ലൈറ്റ് ഫിൽട്ടറിംഗ് ക്രോമോഫോറും സംയോജിപ്പിച്ച് ലെൻസ് മെറ്റീരിയൽ നിർമ്മിച്ചു.

പോസ്റ്റീരിയർ കാപ്‌സ്യൂൾ അതാര്യത

ഒരു പിൻ‌ ചേമ്പർ‌ ഐഒഎലിന് ചുറ്റുമുള്ള ഒരു പോസ്റ്റീരിയർ ക്യാപ്‌സുലാർ അതാര്യത (പി‌സി‌ഒ) (ഒരു സ്ലിറ്റ് ലാമ്പിൽ റിട്രോയിലുമിനേഷനിൽ കാണുന്നത്).

തിമിര ശസ്ത്രക്രിയയുടെ ഏറ്റവും സാധാരണമായ സങ്കീർണതയാണ് പോസ്റ്റീരിയർ കാപ്സ്യൂൾ ഒപാസിഫിക്കേഷൻ (പി‌സി‌ഒ).[17]

ഒരു ചെറിയ ശതമാനം രോഗികളിൽ, ഇംപ്ലാന്റേഷൻ കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം പോസ്റ്റീരിയർ ചേമ്പർ ഇൻട്രാക്യുലർ ലെൻസുകളിൽ പി‌സി‌ഒ ഉണ്ടാകാം. പിസിഒ ക്യാപ്‌സുലോടോമി നടപടിക്രമം (യാഗ് ലേസർ ഉപയോഗിച്ച്) എളുപ്പത്തിൽ ചികിത്സിക്കാവുന്നവയാണ്. ഒരിക്കൽ ലേസർ ഉപയോഗിച്ച് നീക്കം ചെയ്ത പിസിഒ പിന്നീട് ഉണ്ടാവുകയില്ല.

ലെൻസ് മെറ്റീരിയലുകൾ

അക്രിലിക് എമൈസിഎസ്-ഐഒഎൽ, ഒരു ഹോൾഡറിൽ

ഇൻട്രാഒക്യുലർ ലെൻസ് ഇംപ്ലാന്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ പോളിമെഥൈൽമെത്തക്രൈലേറ്റ് (പിഎംഎംഎ), സിലിക്കൺ, ഹൈഡ്രോഫോബിക് അക്രിലേറ്റ്, ഹൈഡ്രോഫിലിക് അക്രിലേറ്റ്, കൊളാമർ എന്നിവ ഉൾപ്പെടുന്നു.[18] ഇൻട്രാക്യുലർ ലെൻസുകളിൽ വിജയകരമായി ഉപയോഗിച്ച ആദ്യത്തെ മെറ്റീരിയലാണ് പോളി മീഥൈൽ മീഥാക്രിലേറ്റ് (പിഎംഎംഎ). രണ്ടാം ലോകമഹായുദ്ധസമയത്ത് പി‌എം‌എം‌എ വിൻഡ്‌ഷീൽഡ് മെറ്റീരിയലുകൾ കണ്ണിൽ തറച്ച റോയൽ എയർഫോഴ്‌സ് പൈലറ്റുമാരുടെ കണ്ണുകളിൽ, ആ വസ്തുക്കൾ നിരസിക്കുകയോ വിദേശ ശരീര പ്രതികരണം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ബ്രിട്ടീഷ് നേത്രരോഗവിദഗ്ദ്ധൻ സർ ഹരോൾഡ് റിഡ്‌ലി നിരീക്ഷിച്ചു. സുതാര്യമായ മെറ്റീരിയൽ നിഷ്ക്രിയവും കണ്ണിൽ ഇംപ്ലാന്റേഷന് ഉപയോഗപ്രദവുമാണെന്ന് മനസ്സിലാക്കിയ റിഡ്‌ലി മനുഷ്യന്റെ കണ്ണിൽ ആദ്യത്തെ ഇൻട്രാക്യുലർ ലെൻസ് രൂപകൽപ്പന ചെയ്യുകയും സ്ഥാപിക്കുകയും ചെയ്തു.

സാങ്കേതികവിദ്യയിലെ പുരോഗതി സിലിക്കൺ, അക്രിലിക് ഗ്ലാസ് എന്നിവയുടെ ഉപയോഗം കൊണ്ടുവന്നു, ഇവ രണ്ടും മൃദുവായ മടക്കാവുന്ന നിഷ്ക്രിയ വസ്തുക്കളാണ്. ചെറിയ മുറിവുകളിലൂടെ ലെൻസ് മടക്കി കണ്ണിലേക്ക് തിരുകാൻ ഇത് അനുവദിക്കുന്നു. പ്രത്യേകിച്ചും, യുവിയൈറ്റിസിന്റെ ചരിത്രമുള്ള അല്ലെങ്കിൽ റെറ്റിന ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ സാധ്യതയുള്ള ആളുകളിൽ അക്രിലിക് ലെൻസുകൾ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. സിലിക്കൺ ഓയിൽ ഉപയോഗിച്ച് വിട്രെക്ടമി ആവശ്യമായവരിൽ അതായത് ഉള്ളവർ അല്ലെങ്കിൽ റെറ്റിന ഡിറ്റാച്ച്മെന്റ് അപകടസാധ്യതയുള്ളവർ, ഉയർന്ന മയോപിയ ഉള്ളവർ എന്നിവർക്കും ഈ ലെൻസാണ് കൂടുതൽ അഭികാമ്യം. യുവിയൈറ്റിസിന്റെ ചരിത്രമുള്ള ആളുകളിൽ, ഹൈഡ്രോഫോബിക് അക്രിലിക് ഐ‌ഒ‌എല്ലുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന കണ്ണുകൾക്ക് സിലിക്കൺ ഐ‌ഒ‌എല്ലുകളുള്ള കണ്ണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 6/12 അല്ലെങ്കിൽ അതിൽ കൂടുതൽ മെച്ചപ്പെട്ട കാഴ്ചശക്തി ഉണ്ടാകാനുള്ള സാധ്യത 2 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[19] [20]

ചരിത്രം

സ്ഥിരമായി ഉൾപ്പെടുത്തുന്ന ഇൻട്രാഒക്യുലർ ലെൻസ് ഉപയോഗിച്ച് ആദ്യമായി ശസ്ത്രക്രിയ നടത്തിയ സെൻറ് തോമസ് ഹോസ്പിറ്റലിലെ ഫലകം, 1950 ഫെബ്രുവരി 8

1949 നവംബർ 29 ന് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ, സർ ഹരോൾഡ് റിഡ്‌ലിയാണ് ആദ്യമായി ഇൻട്രാഒക്യുലർ ലെൻസ് ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ നടത്തിയത്.[21] ഐസിഐ (ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ്) നിർമ്മിച്ച പെർസ്‌പെക്‌സ് സിക്യു പോളി മീഥൈൽ മീഥാക്രിലേറ്റ് (പിഎംഎംഎ) എന്ന മെറ്റീരിയൽ ഉപയോഗിച്ച്, ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ റെയ്‌നർ കമ്പനിയാണ് ആ ലെൻസ് നിർമ്മിച്ചത്. തിമിര ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത ലെൻസിന് പകരം വയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു ഇന്റേൺ ചോദിച്ചതിന് ശേഷമാണ് ഇൻട്രാക്യുലർ ലെൻസ് സ്ഥാപിക്കാനുള്ള ആശയം അദ്ദേഹത്തിന് വന്നതെന്ന് പറയപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ റോയൽ എയർഫോഴ്സ് പൈലറ്റുമാരുടെ കണ്ണുകളിൽ തറച്ച തകർന്ന കനോപ്പികളുള്ള കഷ്ണങ്ങൾ ഒരുപാട് നാൾ നിരീക്ഷിച്ച് അത് നിഷ്ക്രിയമാണെന്ന് ശ്രദ്ധിച്ചതിനാലാണ്, ലെൻസ് ഉണ്ടാക്കുന്നതിന് അക്രിലിക് പ്ലാസ്റ്റിക് വസ്തുക്കൾ തിരഞ്ഞെടുത്തത് (ഈ അക്രിലിക് റെസിൻ ലൂസൈറ്റ്, പ്ലെക്സിഗ്ലാസ് എന്നിവയുൾപ്പെടെ നിരവധി വ്യാപാര നാമങ്ങളാൽ അറിയപ്പെടുന്നു).

1970 കൾ വരെ ഇൻട്രാഒക്യുലർ ലെൻസിന് തിമിര ശസ്ത്രക്രിയയിൽ വ്യാപകമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനുശേഷം ലെൻസ് രൂപകൽപ്പനയിലും ശസ്ത്രക്രിയാ രീതികളിലും കൂടുതൽ വികാസങ്ങൾ ഉണ്ടായി.

2010ൽ ലോകവ്യാപകമായി 20 ദശലക്ഷം ഇൻട്രാഒകുലർ ലെൻസ് ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്, 2020 ഓടെ ഐ‌ഒ‌എൽ ശസ്ത്രക്രിയകൾ ലോകമെമ്പാടും 32 ദശലക്ഷത്തിലെത്തുമെന്ന് പ്രവചിക്കുന്നു.[22]

ഇതും കാണുക

പരാമർശങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ