ഇന്ദ്രാണി

ഒരു ഹിന്ദു ദേവതയാണ് ഇന്ദ്രാണി (സംസ്കൃതം : इन्द्राणी), അല്ലെങ്കിൽ ശചി (സംസ്കൃതം : शची). അസുരനായ പുലോമന്റെ മകളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ദ്രാണി ഇന്ദ്രന്റെ ഭാര്യയും ദേവന്മാരുടെ രാജ്ഞിയുമാണ്.

ഇന്ദ്രാണി
Queen of the Devas (Gods)
c. 1500–1600 Indrani from Nepal, depicted as consort of Indra
മറ്റ് പേരുകൾShachi, Poulomi, Aindri
പദവിDevi, Daughter of Asura; sometimes Matrika
നിവാസംഅമരാവതി, ഇന്ദ്രലോകം, സ്വർഗ്ഗം
ജീവിത പങ്കാളിഇന്ദ്രൻ
മാതാപിതാക്കൾപുലോമൻ (പിതാവ്)
മക്കൾജയന്ത, ഋഷഭ, മിധുഷ, ജയന്തി, ദേവസേന
വാഹനംഐരാവതം

സ്വർഗ്ഗീയ സൗന്ദര്യവും വശ്യതയും കാരണം, ഇന്ദ്രാണിയെ ആഗ്രഹിച്ച പുരുഷന്മാരിൽ പലരും അവരെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചു. ഒരു ഐതിഹ്യം അനുസരിച്ച്, ഇന്ദ്രൻ എല്ലാവരിൽ നിന്നും ഒളിച്ചോടിയപ്പോൾ ചാന്ദ്ര രാജവംശത്തിലെ ഒരു നശ്വരനായ രാജാവ് സ്വർഗ്ഗലോകം ഭരിക്കാൻ എത്തി. അയാൾ ഇന്ദ്രാണിയെ തന്റെ രാജ്ഞിയാക്കാൻ ശ്രമിച്ചപ്പോൾ ഇന്ദ്രാണി സമർത്ഥമായി വിവിധ പദ്ധതികൾ നടപ്പിലാക്കി അയാളെ പുറത്താക്കി.

ഇന്ദ്രാണിയെ ചിലപ്പോൾ സപ്തമാതാക്കളിൽ ഒരാളായും വിശേഷിപ്പിക്കാറുണ്ട്. കൂടാതെ ഹിന്ദുമതത്തിലെ ഒരു പ്രധാന വിഭാഗമായ ശാക്തേയ മതത്തിലെ ഒരു പ്രധാന ദേവതയാണ് ഇന്ദ്രാണി. അപൂർവ്വമായിമാത്രം ഒരു സ്വതന്ത്ര ദേവതയായി ആരാധിക്കപ്പെടുന്ന ഇന്ദ്രാണി, മിക്കപ്പോഴും ഭർത്താവ് ഇന്ദ്രനൊപ്പം ആരാധിക്കപ്പെടുന്നു. ജൈനമതം, ബുദ്ധമതം തുടങ്ങിയ മറ്റ് മതങ്ങളുടെ പാഠങ്ങളിലും ഇന്ദ്രാണിയെ പരാമർശിച്ചിട്ടുണ്ട്.

പദോൽപ്പത്തിയും വിശേഷണങ്ങളും

പല വേദകാല ദേവതകളുടെ പേരുകളിലും എന്നപോലെ ഭർത്താവിന്റെ പേരിനോട് ഒരു സ്ത്രൈണ ഭാഗം ചേർത്ത് ഭാര്യയുടെ പേര് ആക്കാറുണ്ട്. അതിന്പ്രകാരം ഇന്ദ്രാണി ഇന്ദ്രന്റെ ഭാര്യ എന്ന അർഥത്തിൽ വന്ന വാക്കാണ്. [1] [2]

ഇന്ദ്രാണിയുടെ മറ്റൊരു പ്രധാന പേരാണ് ശചി. സർ മോണിയർ മോണിയർ-വില്യംസിന്റെ അഭിപ്രായത്തിൽ, അതിന്റെ അർത്ഥം 'സംസാരം', 'സംസാരശേഷി' അല്ലെങ്കിൽ 'വാചാലത' എന്നാണ്. സംസ്കൃത പദമായ ശച് എന്നതിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്, അതിനർത്ഥം 'സംസാരിക്കുക', അല്ലെങ്കിൽ 'പറയുക' എന്നാണ്. 'ശക്തി' എന്ന വാക്കുമായി ബന്ധപ്പെട്ട ശക് എന്നതുമായും ശചി ബന്ധപ്പെട്ടിരിക്കുന്നു എന്നും അഭിപ്രായങ്ങളുണ്ട്.[3] ഹൈന്ദവ ദേവതകളെക്കുറിച്ചുള്ള ഗവേഷണത്തിന് പേരുകേട്ട ഒരു പ്രൊഫസറായ ഡേവിഡ് കിൻസ്ലി, ശക്തി എന്ന ആശയത്തെയാണ് ശചി എന്ന പദം സൂചിപ്പിക്കുന്നതെന്ന് വിശ്വസിച്ചു.[1] മറ്റ് പണ്ഡിതന്മാർ 'ദിവ്യകാരുണ്യം' എന്നത് ശചി എന്നതിന്റെ വിവർത്തനമായി ഉപയോഗിക്കുന്നു.[4] ഇന്ദ്രാണിയുടെ മറ്റ് പേരുകളിൽ ഇവ ഉൾപ്പെടുന്നു:

  • ഐന്ദ്രി - 'ഇന്ദ്രന്റെ ഭാര്യ' [5]
  • പൗലോമി - 'പുലോമാന്റെ മകൾ' [6]
  • പൗലോമുജ - 'പുലോമന്റെ മകൾ' [6]
  • ദേവറാണി - 'ദേവന്മാരുടെ രാജ്ഞി'
  • ചാരുധാര - 'സുന്ദരം' [7]
  • ശക്രാണി- 'ശക്രന്റെ ഭാര്യ' [8]
  • മഹേന്ദ്രാണി - 'മഹേന്ദ്രന്റെ (ഇന്ദ്ര) ഭാര്യ [8]

ഇന്ദ്രൻ ഭാര്യയുടെ പേരിലും അറിയപ്പെടുന്നു; അദ്ദേഹത്തെ പലപ്പോഴും ശചിപതി (ശചിയുടെ ഭർത്താവ്), ശചീന്ദ്രൻ (ശചിയുടെ ഇന്ദ്രൻ), അല്ലെങ്കിൽ ശചിവത് (ശചിയുടെ ഉടമ) എന്നിങ്ങനെ വിളിക്കാറുണ്ട്. [3] [9]

ഹിന്ദു സാഹിത്യത്തിൽ

വേദിക്

ആറാം നൂറ്റാണ്ടിലെ ഇന്ദ്രൻ, ഇന്ദ്രാണി, ഐരാവത എന്നിവരുടെ ശിൽപം കർണാടകയിലെ ബദാമിയിലെ ഒരു ഗുഹാക്ഷേത്രത്തിൽ

ബിസിഇ രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ രചിക്കപ്പെട്ട ഋഗ്വേദത്തിലാണ് ഇന്ദ്രാണി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സുബോദ് കപൂറിന്റെ അഭിപ്രായത്തിൽ, പ്രകൃതി പ്രതിഭാസങ്ങളെ അവതരിപ്പിക്കുന്ന പല വേദദേവന്മാരിൽ നിന്ന് വ്യത്യസ്തമായി, ഇന്ദ്രാണിക്ക് അവളുടെ അസ്തിത്വം വിശദീകരിക്കുന്ന പ്രകൃതി ബന്ധം ഇല്ല, ഇന്ദ്രന്റെ ഭാര്യയായി ആയിരിക്കാം ഇന്ദ്രാണി ഉത്ഭവിച്ചത്. [10] ഇൻഡോളജിസ്റ്റ് ജോൺ മുയർ പറയുന്നത്, ഋഗ്വേദത്തിൽ, ഇന്ദ്രാണിയെ ഒന്നിലധികം പ്രാവശ്യം പരാമർശിച്ചിട്ടുണ്ടെന്നും ഈ ഭാഗങ്ങളിൽ ആദ്യ മൂന്ന് ഭാഗങ്ങളിൽ മറ്റ് ദേവതകളോടൊപ്പം പരാമർശിച്ചിട്ടുണ്ടെന്നുമാണ്. മറ്റൊരിടത്ത് ഭർത്താവ് ഇന്ദ്രന് വാർദ്ധക്യം മൂലം മരിക്കാൻ കഴിയില്ല എന്നതിനാൽ അവരെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയായി കണക്കാക്കുന്നുവെന്നുമാണ്.[11] ഡേവിഡ് കിൻസ്ലി പ്രസ്താവിക്കുന്നത്, ആദ്യകാല ഗ്രന്ഥങ്ങളിലെ പല ദേവതകളും അവരുടെ ഭർത്താക്കന്മാരുടെ പേരിലായിരുന്നുവെന്നും അവർക്ക് സ്വന്തമായ ഒരു സ്വഭാവവുമില്ലെന്നുമാണ്. മറ്റേതൊരു വൈദിക ദേവതയേക്കാളും കൂടുതൽ തവണ ഇന്ദ്രാണിയെ പരാമർശിക്കുമ്പോൾ കൂടിയും അവർ ഭർത്താവിന്റെ നിഴലിലാണ് വരുന്നത്.[1]

ഇതിഹാസവും പുരാണവും

ശചിയെ (ഇന്ദ്രാണി) പല പുരുഷന്മാരും മോഹിച്ചു. ഈ രാജാ രവിവർമ ചിത്രത്തിൽ, രാവണന്റെ പുത്രൻ ഇന്ദ്രജിത്ത് ഇന്ദ്രനെ കീഴടക്കിയ ശേഷം ശചിയെ (ഇടത്) രാവണന് സമർപ്പിക്കുന്നതാണ്.

രാമായണവും മഹാഭാരതവും ഉൾപ്പടെയുള്ള ഇതിഹാസങ്ങളും അതുപോലെ പുരാണങ്ങളും ഇന്ദ്രാണിയെ സാധാരണയായി പുലോമൻ എന്ന അസുരന്റെ മകളായ ശചി എന്ന് പരാമർശിക്കുന്നു. അവർ ഇന്ദ്രനെ വിവാഹം ചെയ്ത് ദേവന്മാരുടെ രാജ്ഞിയായി. [12] ഇന്ദ്രനും ശചിക്കും ജയന്ത, ഋഷഭ, മിധുഷ എന്നീ മൂന്ന് ആൺമക്കളുണ്ടെന്ന് ഭാഗവത പുരാണത്തിൽ പരാമർശിക്കുന്നു; [4] മറ്റ് ചില ഗ്രന്ഥങ്ങളിൽ നിലമ്പരയും ഋഭസും മക്കളിൽ ഉൾപ്പെടുന്നു. [13] ഇന്ദ്രനും ശചിക്കും ജയന്തി എന്നൊരു മകളുണ്ടായിരുന്നു, അവർ ഇന്ദ്രന്റെ എതിരാളിയായ ശുക്രനെ വിവാഹം കഴിച്ചു എന്നും കഥകളുണ്ട്. ചില ഗ്രന്ഥങ്ങളിൽ ഇന്ദ്രനും ശചിയും തങ്ങളുടെ മകൾ ദേവസേനയെ കാർത്തികേയന് വിവാഹം കഴിച്ചു നൽകിയതായി പരാമർശിക്കുന്നു. [8]

രചയിതാവ് ജെയിംസ് ജി. ലോച്ച്‌ഫെൽഡ് അഭിപ്രായപ്പെടുന്നത് നഹുഷന്റെ കഥയിൽ മാത്രമാണ് ശചിക്ക് പ്രാധാന്യം ഉള്ളത് എന്നാണ്. മഹാഭാരതത്തിൽ പരാമർശിച്ച പ്രകാരം ബ്രഹ്മഹത്യ ചെയതതിനാൽ ഇന്ദ്രൻ എല്ലാവരിലും നിന്നും നിന്നും ഒളിച്ചു കഴിഞ്ഞിരുന്നു. ഈ കാലയളവിൽ, ചാന്ദ്ര രാജവംശത്തിലെ ശക്തനായ മർത്യ ഭരണാധികാരിയായ നഹുഷനെ ദേവന്മാർ സ്വർഗ്ഗത്തിലെ രാജാവായി നിയമിച്ചു. താമസിയാതെ നഹുഷൻ തന്റെ ശക്തിയിൽ അഹങ്കരിക്കുകയും ശചിയെ ആഗ്രഹിക്കുകയും ചെയ്തു, പക്ഷേ ശചി ആ അഭ്യർഥന നിരസിക്കുകയും ദേവ ഗുരു ബൃഹസ്പതിയുടെ കീഴിൽ സംരക്ഷണം തേടുകയും ചെയ്തു. നഹുഷന്റെ നിയമവിരുദ്ധ പെരുമാറ്റത്തിൽ ക്ഷുഭിതരായ ദേവന്മാർ ഇന്ദ്രനെ തിരികെ കൊണ്ടുവരാൻ ഒരു പദ്ധതി തയ്യാറാക്കി. ശേഷം ശചി നഹുഷന്റെ അടുത്തേക്ക് പോയി. അവനെ സ്വീകരിക്കുന്നതിനുമുമ്പ്, ഇന്ദ്രനെ കണ്ടെത്തുന്നതുവരെ അയാൾ കാത്തിരിക്കണമെന്ന് നഹുഷനോട് പറഞ്ഞു. ഇന്ദ്രനെ കണ്ടെത്തി പാപത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടുവെങ്കിലും, നഹുഷൻ രാജാവായിരുന്നതിനാൽ സ്വർഗ്ഗത്തേക്ക് മടങ്ങാൻ ഇന്ദ്രൻ വിസമ്മതിച്ച് ഒളിവിൽ പോയി. ഉപശ്രുതി ദേവിയുടെ സഹായത്താൽ ശചി മാനസസരോവർ തടാകത്തിൽ ഇന്ദ്രനെ കണ്ടെത്തി. ഇന്ദ്രൻ ശചിയോട് നിർദ്ദേശിച്ചത് നഹൂഷനെ നീക്കം ചെയ്യാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം എന്നാണ്. മുനിമാർ നയിച്ച ഒരു പല്ലക്കിൽ തന്റെ അടുക്കൽ വരാൻ ശചി നഹുഷനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അക്ഷമയും അഹങ്കാരവും നിമിത്തം നഹുഷൻ പല്ലങ്കിൽ കയറിയപ്പോൾ അഗസ്ത്യ മുനിയെ ചവിട്ടി. അഗസ്ത്യൻ നഹുഷനെ സ്വർഗത്തിൽ നിന്ന് വീഴാൻ ശപിക്കുകയും ശപിച്ച് അവനെ ഒരു പാമ്പാക്കി മാറ്റുകയും ചെയ്തു. ഇന്ദ്രൻ സ്വർഗ്ഗരാജാവായി വീണ്ടും വരികയും ശചിയുമായി ഒന്നിക്കുകയും ചെയ്തു.

In a folio from the Bhagavata Purana, Krishna uproots the Parijata Tree while Indra and Shachi (Indrani) apologise.

രാമായണത്തിലെ മറ്റൊരു കഥയനുസരിച്ച് , ദൈത്യ ഹിരണ്യകശിപുവിന്റെ മകൻ അനുഹ്ലാദൻ ശചിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെങ്കിലും അവൾ വിസമ്മതിച്ചു. തത്ഫലമായി, അയാൾ ശചിയെ ബലമായി തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ പുലോമന്റെ അനുമതി വാങ്ങി. തട്ടിക്കൊണ്ടുപോകുന്ന സമയത്ത്, അതു കണ്ട ഇന്ദ്രൻ അനുഹ്ളാദനേയും പുലോമാനെയും വധിച്ച് ശചിയെ രക്ഷിച്ചു. [12] [14] [i] സ്കന്ദ പുരാണ പ്രകാരം അസുരൻ ആയ ശൂരപദ്മന് ശചിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചു, ഇന്ദ്രൻ ശാസ്താവിനെ ശചിയുടെ കാവൽക്കാരനായി നിയമിച്ചു. അദ്ദേഹത്തിന്റെ അഭാവത്തിൽ, ശൂരപദ്മന്റെ സഹോദരി ശചിയുടെ അടുത്തെത്തി, അസുരനെ വിവാഹം കഴിക്കുന്നതിനായി പ്രോൽസാഹിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. [15] [16] ഇതിഹാസങ്ങളിൽ, ശചിയുടെ സൗന്ദര്യവും ഭക്തിയും രോഹിണി, അരുന്ധതി, സീത, ദ്രൗപതി തുടങ്ങിയ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു. [17] [18]

പാലാഴി മഥനത്തിൽ ഉയർന്നുവന്ന പാരിജാതം ശചി സ്വന്തമാക്കിയെന്ന് പുരാണങ്ങൾ പറയുന്നു. വിഷ്ണുപുരാണത്തിലും ഭാഗവത പുരാണത്തിലും കൃഷ്ണനും ഭാര്യ സത്യഭാമയും നരകാസുരൻ മോഷ്ടിച്ച ഇന്ദ്രന്റെ അമ്മ അദിതിയുടെ കമ്മലുകൾ തിരികെ നൽകാൻ അമരാവതി സന്ദർശിച്ച സംഭവം വിവരിക്കുന്നു. സത്യഭാമയുടെ പശ്ചാത്തലം കാരണം സചി സത്യഭാമയെ താഴ്ന്നവളായി കണക്കാക്കി അദിതിയെ പരിചയപ്പെടുത്തി. [15] പിന്നീട്, ഇന്ദ്രന്റെ പൂന്തോട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ, സത്യഭാമ പാരിജാത മരം കണ്ട് അത് ദ്വാരകയിലേക്ക് പറിച്ചുനടാൻ തീരുമാനിച്ചു. ശചിയുടെ കാവൽക്കാർ സത്യഭാമയെ താക്കീത് ചെയ്തപ്പോൾ, ആ വൃക്ഷത്തെ സംരക്ഷിക്കാൻ ഇന്ദ്രനോട് ആവശ്യപ്പെടാൻ അവൾ ശചിയെ വെല്ലുവിളിച്ചു. കാവൽക്കാരനിൽ നിന്ന് സത്യഭാമയുടെ വാക്കുകൾ കേട്ട ശചി പാരിജാതം സംരക്ഷിക്കാൻ ഇന്ദ്രനോട് ആവശ്യപ്പെട്ടു. ഇന്ദ്രനും കൃഷ്ണനും തമ്മിൽ ഒരു യുദ്ധം നടന്നു, അതിൽ കൃഷ്ണൻ വിജയിക്കുകയും ആ വൃക്ഷം കൂടെ കൊണ്ടുപോകുകയും ചെയ്തു. [19] [20]

മാതൃക്കളുമായുള്ള ബന്ധം

പതിമൂന്നാം നൂറ്റാണ്ടിലെ സപ്തമാതൃ ശിൽപ്പം, താഴെ ആനയുടെ ബിംബം ഉള്ളതാണ് ഇന്ദ്രാണി

ശാക്തേയ മതത്തിൽ സപ്തമാതാക്കളിലെ ഏഴു ദൈവിക അമ്മമാരിൽ ഒരാളാണ് ഇന്ദ്രാണി.

വിവിധ ഗ്രന്ഥങ്ങളിൽ സപ്തമാതാക്കളെ വിവരിച്ചിട്ടുണ്ട്. ദേവി മാഹാത്മ്യത്തിൽ , ശുംഭൻ നിശുംഭൻ എന്നീ ശക്തരായ അസുരന്മാരെ പരാജയപ്പെടുത്താൻ ദേവന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവരുടെ ശക്തികൾ അസുരനെ തോൽപ്പിക്കാൻ സ്വയം അവതരിച്ചു. ഇന്ദ്രനിൽ നിന്ന് ഉയർന്നുവന്ന ഇന്ദ്ര സമാന സ്വഭാവസവിശേഷതകളുള്ള ദേവിയായി ഇന്ദ്രാണിയെ വിവരിക്കുന്നു. [21] [22] ദേവി മാഹാത്മ്യത്തിലെ പിന്നീടുള്ള അധ്യായങ്ങൾ അനുസരിച്ച് , രക്തബീജനെ പരാജയപ്പെടുത്താൻ മാതാക്കൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ യുദ്ധത്തിൽ, പരമദേവതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാതൃക്കൾ ഉയർന്നുവന്നു. [23] [24]

വരാഹ പുരാണത്തിൽ സപ്ത മാതാക്കളെ ഓരോ വികാരങ്ങളുമായി ബന്ധപ്പെടുത്തുന്നു; അതിൽ ഇന്ദ്രാണി അസൂയയുമായി ബന്ധപ്പെട്ടിരിക്കുന്നു. [23] [24]

രൂപവും ആരാധനയും

ഹിന്ദു ക്ഷേത്രങ്ങളിൽ ഇന്ദ്രന്റെയും ഇന്ദ്രാണിയുടെയും ശിൽപങ്ങൾ സാധാരണമാണ്. വെളുത്ത ആനയായ ഐരാവതത്തിന്റെ പുറത്ത് ഇരിക്കുന്ന രീതിയിൽ ആണ് ശചീ ദേവിയെ സാധാരണയായി ചിത്രീകരിച്ചിരിക്കുന്നത്. പുരാവസ്തു ഗവേഷകനായ ടി എ ഗോപിനാഥ റോ എഴുതുന്നത്, വിഷ്ണുധർമ്മോത്തരയിൽ വിവരിച്ചിരിക്കുന്നത് ഇന്ദ്രാണിയെ ഭർത്താവിന്റെ മടിയിൽ ഇരിക്കുന്ന തരത്തിൽ രണ്ട് കൈകളോടെയാണ് എന്നാണ്. സ്വർണ്ണ നിറമുള്ള ദേവി നീല വസ്ത്രം ധരിച്ചിരിക്കുന്നു. ദേവിയുടെ ഒരു കൈ ഇന്ദ്രനെ ആലിംഗനം ചെയ്യുന്നു, മറ്റേ കൈ സന്താന-മഞ്ജരി വഹിക്കുന്നു. [25]

മൂന്ന് കണ്ണുകളും നാല് കൈകളുമുള്ള ചുവന്ന നിറത്തിലുള്ള രൂപമാണ് സപ്ത മാതൃക്കളിലെ ഇന്ദ്രാണിക്കെന്ന് റോവ വിവരിക്കുന്നു. അതിലെ രണ്ട് കൈകൾ വരദ അഭയ മുദ്രയിലും ആയിരിക്കണം, മറ്റ് രണ്ട് കൈകളിൽ ഒരു വജ്രായുധവും ഒരു കുന്തവും പിടിക്കുന്നു. ദേവിയുടെ വാഹനവും ചിഹ്നവും ആനയാണ്. [26] വിഷ്ണുധർമ്മോത്തര പ്രകാരം, ഇന്ദ്രനെപ്പോലെ, ഇന്ദ്രാണിയും മഞ്ഞയാണ്, ആയിരം കണ്ണുകളും ആറ് കൈകളുമുണ്ട്, അതിൽ നാലെണ്ണം ഒരു സൂത്രം, വജ്രയുധം, പാത്രങ്ങൾ എന്നിവ വഹിക്കുന്നു. ബാക്കിയുള്ള രണ്ടെണ്ണം അഭയ വരദ മുദ്രയിലുമാണ്. ശചിക്ക് രണ്ട് കൈകളുണ്ടെന്നും അങ്കുഷവും (ഗോദയും) വജ്രവും വഹിക്കുന്നുവെന്നും ദേവി ഭാഗവത പുരാണം പറയുന്നു, അതേസമയം പൂർവ കരംഗം ദേവിയെ രണ്ട് കണ്ണുകളുള്ളതായും ഒരു കൈയിൽ താമര വഹിക്കുന്നതായും ചിത്രീകരിക്കുന്നു. [26] [8] ഇന്ദ്രാണി കൽപക വൃക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു; ചിലപ്പോൾ, സിംഹത്തെ വാഹനമായി പരാമർശിക്കുന്നു. [27]

ഇന്ദ്രാണി സാധാരണയായി ഇന്ദ്രനൊപ്പം ആരാധിക്കപ്പെടുന്നു, അപൂർവ്വമായി മാത്രം ദേവി ഒരു സ്വതന്ത്ര ദൈവമായി ആരാധിക്കപ്പെടുന്നു. ഇന്ദ്രനും ഇന്ദ്രാണിയും വിദർഭ രാജകുടുംബത്തിന്റെ കുലദേവതയാണ് (കുടുംബ ദേവത) എന്ന് രചയിതാവ് റോഷൻ ദലാൽ പ്രസ്താവിക്കുന്നു. ഭാഗവത പുരാണത്തിൽ, കൃഷ്ണന്റെ പ്രധാന ഭാര്യയായ രുക്മിണി ഇന്ദ്രനും ശചിക്കും സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം സന്ദർശിച്ചതായി പരാമർശിക്കുന്നു. [28] ഹിന്ദു ജ്യോതിഷത്തിൽ ശുക്രൻ ഭരിക്കുന്നത് ഇന്ദ്രാണിയാണ്. [29] ആഷാഡ നവരാത്രിയിൽ ഇന്ദ്രാണിക്ക് ഒരു പൂജ (ആരാധന) നടത്തപ്പെടുന്നു. [30]

മറ്റ് മതങ്ങളിൽ

ഇന്ദ്രനും ഇന്ദ്രാണിയും ഐരാവത സവാരി ചെയ്യുന്നു. പഞ്ച കല്യാണക എന്ന ജൈന ഗ്രന്ഥത്തിൽ നിന്നുള്ള ഫോളിയോ, c. 1670 - സി. 1680, LACMA മ്യൂസിയത്തിലെ പെയിന്റിംഗ്, യഥാർത്ഥത്തിൽ രാജസ്ഥാനിലെ ആംബറിൽ നിന്നുള്ളത്

ചെറിയൊരു പങ്ക് മാത്രമാണ് വഹിക്കുന്നതെങ്കിലും ഇന്ദ്രാണി മറ്റ് മതങ്ങളിലും നിലനിൽക്കുന്നു. ജൈന പാരമ്പര്യത്തിൽ, ഇന്ദ്രാണി ഇന്ദ്രന്റെ പ്രതിബിംബമാണ്, ഇന്ദ്രനും ഇന്ദ്രാണിയും ഒരു അനുയോജ്യമായ ദമ്പതികളെ പ്രതിനിധീകരിക്കുന്നു. [31] ഐതിഹ്യമനുസരിച്ച്, ഒരു തീർത്ഥങ്കരൻ ജനിക്കുമ്പോൾ, ഇന്ദ്രൻ തന്റെ ഭാര്യ ഇന്ദ്രാണിയുമായി ഐരാവതപ്പുറത്ത് ആഘോഷിക്കാൻ ഇറങ്ങുന്നു. [32]

ബുദ്ധമതത്തിലെ പാലി കാനോനിൽ ഇന്ദ്രാണിയെ ശക്രന്റെ ഭാര്യ സുജ എന്നാണ് വിളിശേഷിപ്പിക്കുന്നത് . [33] [31] അസുരനായ വേമചിത്തന് ജനിച്ച സുജാ സ്വയം ശുദ്ധീകരിക്കാനും ശക്രന്റെ ഭാര്യയാകാനും ഒരു നീണ്ട പ്രക്രിയയിലൂടെ നിരവധി തവണ പുനർജനിച്ചതായി പറയുന്നു. വേമചിത്തൻ തന്റെ ശത്രുവായിരുന്നതിനാൽ, ഒരു പഴയ അസുരന്റെ വേഷം ധരിച്ച ശക്രൻ സുജയെ കൂടെ കൊണ്ടുപോയി. വേമചിത്തനെ പരാജയപ്പെടുത്തിയ ശേഷം, സുജയും ശക്രനും വിവാഹിതരായി. [34]

കുറിപ്പുകൾ

അവലംബം

ഉദ്ധരണികൾ

ഉറവിടങ്ങൾ

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്ദ്രാണി&oldid=3661317" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ