അശോകസ്തംഭം


ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം (ഇംഗ്ലീഷ്: The Lion capital of Ashoka). ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. നാല്സിം ഹങ്ങൾ നാല്ദി ക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല്‌ ആരക്കാലുകളുള്ള ചക്രമാണ്‌ ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

അശോകസ്തംഭത്തിന്റെ മുകൾഭാഗത്തെ ശില്പം. സാരാനാഥിലെ മ്യൂസിയത്തിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന് മുൻപ് ഇരുനൂറ്റമ്പതാമാണ്ടിൽ സാരാനാഥിൽ സ്ഥാപിച്ചതാണിത്. സ്വതന്ത്രഭാരതത്തിൽ ഇറക്കിയ രണ്ടാമത്തെ സ്റ്റാമ്പിൽ ഈ ചിത്രം വരുകയുണ്ടായി. നാട്ടിലെ ഉപയോഗത്തിനായി ഇറക്കിയ ആദ്യ സ്റ്റാമ്പായിരുന്നു ഇത്. [1][2]
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാകത്രിവർണം
ചിഹ്നംസാരനാഥിലെ അശോകസ്തംഭം
ഗാനംജന ഗണ മന
ഗീതംവന്ദേ മാതരം
മൃഗംരാജകീയ ബംഗാൾ കടുവ
പക്ഷിമയിൽ
പുഷ്പംതാമര
ജലജീവിസുസു
വൃക്ഷംപേരാൽ[3]
ഫലംമാങ്ങ
കളിഹോക്കി
ദിനദർശികശകവർഷം

അശോകന്റെ കാലത്തെ കല

അശോകന്റെ ഭരണകാലത്തെ കലാപ്രസ്ഥാനം നല്കിയിട്ടുള്ള ആറ് പ്രധാന സംഭാവനകളിൽ ഒന്നാണ് അശോകസ്തംഭം; ശാസനങ്ങൾ ആലേഖനം ചെയ്ത ശിലകൾ, സ്തൂപങ്ങൾ, ആരാധനാമന്ദിരങ്ങളോട് അനുബന്ധിച്ചുള്ള ഒറ്റക്കൽ പണികൾ, കൊട്ടാരങ്ങൾ, പാറകൊത്തി പണിതിട്ടുള്ള ചൈത്യങ്ങൾ എന്നിവയാണ് മറ്റുള്ളവ. ഘടനാപരമായ ഔന്നത്യത്തിൽ സ്തൂപങ്ങളും, കലാപരമായ മേന്മകൊണ്ട് സ്തംഭങ്ങളും, വാസ്തുവിദ്യാപരമായ പ്രാധാന്യത്തിൽ കൊട്ടാരങ്ങളും മികച്ചു നില്ക്കുന്നു. സ്തംഭങ്ങളിലും ശിലകളിലും ബൗദ്ധധർമശാസനങ്ങൾ ഇദ്ദേഹം കൊത്തിവയ്പിച്ചിരുന്നു.

ഈജിപ്തിലെ ഫറവോൻമാർ ദൈവത്തിനുവേണ്ടി അനശ്വരങ്ങളായ ശിലാസ്മാരകങ്ങൾ സ്ഥാപിച്ചതിൽനിന്നു പ്രചോദനം ഉൾ​ക്കൊണ്ടിട്ടാവണം ബുദ്ധധർമശാസനങ്ങളും ബുദ്ധമതവും എക്കാലവും നിലനില്ക്കണം എന്ന ഉദ്ദേശ്യത്തോടെ അശോക ചക്രവർത്തി ഇവ നിർമിച്ചതെന്നു ചരിത്രകാരന്മാർ ഊഹിക്കുന്നു. ഇഷ്ടിക ഉപയോഗിച്ചായിരുന്നു ആദ്യകാലത്തു സ്തൂപങ്ങൾ നിർമിച്ചിരുന്നത്. എന്നാൽ അവ അനശ്വരങ്ങളല്ല എന്നു മനസ്സിലാക്കിയ ചക്രവർത്തി പില്ക്കാലത്ത് ശിലകൾ ഉപയോഗിച്ച് ഉത്തുംഗങ്ങളായ ഒറ്റക്കൽ സ്തംഭങ്ങൾ സ്ഥാപിച്ചു. ബുദ്ധന്റെ ജന്മംകൊണ്ടോ മറ്റു ജീവിതകാലസംഭവങ്ങൾകൊണ്ടോ പരിപാവനമാക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇവ ഏറിയകൂറും സ്ഥാപിച്ചിരുന്നത്. 15 മീറ്ററോളം ഉയരമുള്ള ഇത്തരം സ്തംഭങ്ങളുടെ മുകളിൽ ബുദ്ധചിഹ്നങ്ങൾ സ്ഥാപിച്ചിരിക്കും; ചില സ്തംഭങ്ങളിൽ ശിലാഫലകങ്ങൾ പതിച്ച് അവയിൽ ശാസനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ആദ്യകാലത്ത് 30 സ്തംഭങ്ങൾ ഉണ്ടായിരുന്നതായി കരുതപ്പെട്ടുവരുന്നു. എന്നാൽ ഇന്ന് ഇവയിൽ 10 എണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളു. ഇവയിൽത്തന്നെ മിക്കതും കേടുപറ്റിയ നിലയിലാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. മുകളിൽ സിംഹപ്രതിമകളുള്ള രണ്ടു സ്തംഭങ്ങൾ സിതുവിൽ കാണാം. ബിഹാറിലെ ചമ്പാരൻ ജില്ലയിലുള്ള കൊല്ഹുവായിലും ലൗര്യാനന്ദൻഗാറിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇതിനു വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

ചമ്പാരൻ, മുസഫർപൂർ എന്നീ ജില്ലകളിലെ റാംപൂർവ്, ലൗര്യാ അരാരജ്, ലൗര്യാനന്ദഗർ, കൊൽഹുവാ എന്നിവിടങ്ങളിൽ ഇടവിട്ടിടവിട്ട് സ്ഥാപിച്ചിട്ടുള്ള സ്തംഭങ്ങൾ പാടലീപുത്രം മുതൽ നേപ്പാൾ അതിർത്തിവരെയുള്ള അശോകന്റെ രാജമാർഗ്ഗത്തെ സൂചിപ്പിക്കുന്നു. സാഞ്ചിയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സ്തംഭം പടിഞ്ഞാറോട്ടുള്ള സ്തംഭങ്ങളുടെ നിരയിൽ​പ്പെട്ടതാണെന്ന് കരുതപ്പെടുന്നു.

അശോകസ്തംഭം

അസ്തിവാരമുണ്ടെന്ന സൂചനയില്ലാതെ ഭൂമിയിൽ നിന്നും നേരെ പൊന്തി പനയുടെ ആകൃതിയിൽ ക്രമേണ കൂർത്തുവരുന്ന ഒരു ഉരുണ്ട തൂണാണ് അശോകസ്തംഭം. സാധാരണയായി ഇതിന് 9 മീ. മുതൽ 12 മീ. വരെ ഉയരം ഉണ്ടായിരിക്കും. യാതൊരു അലങ്കാരപ്പണികളുമില്ലാതെ മിനുസമായിട്ടാണ് സ്തംഭം പണി ചെയ്തിരിക്കുന്നത്. ഈ സ്തംഭത്തിന്റെ അഗ്രഭാഗത്തിനു മണിയുടെ ആകൃതിയും .056 ച.മീ. വിസ്താരവുമുണ്ട്. ഇവിടെയാണ് ബൗദ്ധചിഹ്നം സ്ഥാപിച്ചിട്ടുള്ളത്. സിംഹപ്രതിമകളോ വൃഷഭപ്രതിമകളോ താങ്ങിനില്ക്കുന്ന അശോകചക്രം ഇവിടെ കാണാം. സ്തംഭാഗ്രത്തിനു ചുറ്റും നീണ്ട ഇതളുകൾപോലുള്ള ചിത്രപ്പണികളുണ്ട്. സ്തംഭത്തിന് 15 മീറ്ററോളം ഉയരവും 50 മെ. ടൺ തൂക്കവും വരും.

സ്തംഭം ഒറ്റക്കല്ലിലും സ്തംഭശീർഷം മറ്റൊരു കല്ലിലുമായി പണിതു ചേർത്തിരിക്കുന്നു. ചെമ്പുകൊണ്ടുള്ള ഒരു അച്ചാണി സ്ഥൂണാഗ്രത്തിലൂടെ പ്രത്യേക സമ്പ്രദായത്തിൽ തുളച്ചു കടത്തിയാണ് രണ്ടു ഭാഗവും തമ്മിൽ ചേർത്തുവച്ചിരിക്കുന്നത്. റാംപൂർവിലുണ്ടായിരുന്ന സ്തംഭത്തിൽനിന്നും കിട്ടിയിട്ടുള്ള ഒരു അച്ചാണി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 60 സെ.മീ. നീളമുള്ള ഇതിനു ദീർഘഗോളാകൃതിയാണ്. ഇരുമ്പോ മറ്റു ലോഹങ്ങളോ ഉപയോഗിച്ചാലുണ്ടാകുന്ന നാശത്തെപ്പറ്റി ബോധവാൻമാരായിരുന്നു അന്നത്തെ വാസ്തുവിദ്യാവിദഗ്ദ്ധർ എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. നന്ദൻഗാറിലെ അശോകസ്തംഭത്തിന്റെ മുകൾഭാഗം ഒഴികെ മിക്കവാറും എല്ലാംതന്നെ ഒരേ രീതിയിലാണ് നിർമിച്ചിട്ടുള്ളത്; നന്ദൻനഗറിലെ സ്തംഭാഗ്രം അല്പം കുറുകിയ രീതിയിലാണ്. തന്നെയുമല്ല അതിന്റെ ശീർഷശില്പവും മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്. പരീക്ഷണാർഥം ആദ്യം നിർമിച്ചതായിരിക്കണം ഇതെന്ന് അനുമാനിക്കാം. മണിയുടെ ആകൃതിയിലുള്ള സ്തംഭാഗ്രം പ്രതിരൂപാത്മകമാണ്. ഹൈന്ദവക്ഷേത്രങ്ങളിലെ അലങ്കാരപ്പണികളിൽ ഈ ആകൃതി ധാരാളമായി ഉപയോഗിച്ചുകാണുന്നുണ്ട്. പക്ഷേ, മണിയുടെ പുറമേയുള്ള ചാലിട്ടപണി പേർഷ്യൻ രീതിയുടെയോ ഗ്രീക് രീതിയുടെയോ അനുകരണമായിരിക്കണം. അർടാക്സെർക്സസ് II-ആമന്റെ (ബി.സി. 404-358) കൊട്ടാരത്തിലെ പണികളിലും മറ്റും ഇതു ധാരാളം കാണുന്നുണ്ട്. സ്തംഭാഗ്രത്തിന്റെ മുകളിൽ വൃത്താകൃതിയിലുള്ള പണിയുടെ വീതിയുള്ള ചുറ്റുവശങ്ങളിൽ പ്രത്യേക രീതിയിലുള്ള അലങ്കാരപ്പണികൾകൊണ്ടു നിറച്ചിരിക്കയാണ്. ഹംസം, ലതകൾ, പന മുതലായവയാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. അശോകസ്തംഭത്തിന്റെ കലാപരമായ മേന്മ മുഴുവൻ പ്രദർശിപ്പിച്ചിട്ടുള്ളത് സ്തംഭാഗ്രത്തിൻമേലും അതിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമയിലുമാണ്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോടു ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു. ആന കിഴക്കു ദിക്കിന്റെയും കുതിര തെക്കേ ദിക്കിന്റെയും വൃഷഭം (റാംപൂർവസ്തംഭം) പടിഞ്ഞാറേ ദിക്കിന്റെയും സിംഹം (നന്ദൻഗാറിലെ സ്തംഭം) വടക്കു ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. സാരനാഥിലുള്ള സ്തംഭത്തിന്റെ അബാക്കസ്പണിയിൽ ഈ നാലു മൃഗങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള നാലു സിംഹപ്രതിമകൾ ലോഹംകൊണ്ടു തീർത്ത വലിയ അശോകചക്രത്തെ ചുമലിൽ ഏറ്റിയ നിലയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഈ അശോകചക്രം ഇപ്പോൾ എടുത്തു മാറ്റപ്പെട്ടതുകൊണ്ട് സിംഹങ്ങളുടെ രൂപഭദ്രതയ്ക്ക് അല്പം ഉടവുപറ്റിയിട്ടുണ്ട്. സാരനാഥിലുള്ള ഈ സ്തംഭമാണ് ഏറ്റവും വലുതും മനോഹരവും. ഇത് ബി.സി. 250-ലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ അശോകചക്രം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ സ്തംഭാഗ്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചിരിക്കുന്നു.

അശോകസ്തംഭങ്ങളിൽ കൊത്തിവച്ചിട്ടുള്ള രൂപങ്ങൾ യഥാതഥങ്ങളാണ്. സാരനാഥിലെ സ്തംഭത്തിലെ സിംഹങ്ങളും റാംപൂർവസ്തംഭത്തിലെ വൃഷഭവും അതിമനോഹരങ്ങളാണ്. യഥാതഥ സങ്കേതമുപയോഗിക്കുന്ന കലയുടെ ഉത്തമമാതൃകകളായി ഇവ കണക്കാക്കപ്പെടുന്നു. അശോകസ്തംഭങ്ങളുടെ തിളക്കംമൂലം അവ ലോഹനിർമിതങ്ങളായിട്ടാണ് തോന്നുന്നത്. കൊത്തുപണി, അലങ്കാരപ്പണി, രൂപമാതൃകകൾ എന്നിവയുടെ സൗന്ദര്യപൂർണത അശോകസ്തംഭങ്ങളിൽ കാണാവുന്നതാണ്.


അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അശോകസ്തംഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=അശോകസ്തംഭം&oldid=3757284" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ