അന്ധത

കാഴ്ച ഇല്ലാത്ത അവസ്ഥയാണ് അന്ധത. അന്ധത പ്രധാനമായും രണ്ടുതരത്തിലുണ്ട്: ജന്മസിദ്ധ വൈകല്യങ്ങൾ ഉളവാക്കുന്ന അന്ധതയും, ജനനാന്തരം ഉണ്ടാകുന്ന അന്ധതയും. ഗ്ലോക്കോമ, തിമിരം, ദൃഷ്ടിപടലത്തിനുണ്ടാകുന്ന (റെറ്റിന) രോഗങ്ങൾ എന്നിവയാണ് അന്ധതയുടെ പ്രധാനകാരണങ്ങൾ.

അന്ധതയെ നിർവ്വചിക്കാനും കാഴ്ച്ചനഷ്ടത്തെ വിവരിക്കാനുമായി വിവിധ അളവുകോലുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. [1] പൂർണ്ണമായ അന്ധതയെന്നാൽ പ്രകാശമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രകാശം പോലും തിരിച്ചറിയാത്ത അവസ്ഥയിൽ എൻ.എൽ.പി (നോ ലൈറ്റ് പെർസെപ്ഷൻ) എന്നാണ് കാഴ്ച രേഖപ്പെടുത്തുന്നത്.[1]

നിർവ്വചനം

അന്ധർക്കുള്ള സഹായങ്ങൾ നൽകാനായി ഭരണകൂടങ്ങൾ അന്ധത പല രീതികളിൽ നിർവചിച്ചിട്ടുണ്ട്.[2] വടക്കേ അമേരിക്കയിലും യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും 6/60 വിഷ്വൽ അക്വിറ്റി (കാഴ്ച്ചശക്തിയെ അളക്കുന്ന മാനകം) ഉള്ളവരെ നിയമപരമായി അന്ധരായാണ് കണക്കാക്കുന്നത്. സാധാരണഗതിയിൽ സാധാരണ കാഴ്ചയുള്ളയാൾക്ക് അറുപതു മീറ്റർ ദൂരെനിന്ന് കാണാവുന്ന വസ്തു കണ്ണടയുപയോഗിച്ചാൽ പോലും 6 മീറ്റർ അടുത്തുചെന്നാലേ ഒരാൾക്ക് കാണാൻ സാധിക്കൂ എങ്കിൽ അയാൾക്ക് നിയമപരമായി അന്ധതയുണ്ട് എന്നാണിതിന്റെ അർത്ഥം. സാധാരണ അക്വിറ്റി ഉണ്ടെങ്കിലും ദൃശ്യമണ്ഡലം 20 ഡിഗ്രിയിൽ കുറവാണെങ്കിൽ അതും അന്ധതയായി മിക്ക സ്ഥലങ്ങളിലും പരിഗണിക്കപ്പെടുന്നുണ്ട് (സാധാരണഗതിയിൽ 180 ഡിഗ്രിയാണ് ദൃശ്യമണ്ഡലത്തിന്റെ കോൺ).നിയമപരമായി അന്ധരാണെന്ന് കണക്കാക്കുന്ന ആൾക്കാരിൽ പത്തുശതമാനം പൂർണ്ണമായി അന്ധരാണ്. മറ്റുള്ളവർക്ക് പരിമിതമായ കാഴ്ച്ചശക്തിയുണ്ട്.[3]

ലോകാരോഗ്യസംഘടന അതിന്റെ അസുഖങ്ങളുടെ വർഗ്ഗീകരണത്തിന്റെ പത്താം റിവിഷനിൽ കാഴ്ച്ചക്കുറവിനെ നിർവ്വചിച്ചിരിക്കുന്നത് സാധ്യമായ ഏറ്റവും മികച്ച തിരുത്തലിനൊപ്പം മെച്ചപ്പെട്ട കണ്ണിൽ 6/18-ൽ താഴെയും 3/60-ന് മുകളിലുള്ളതുമായ വിഷ്വൽ അക്വിറ്റിയായാണ്. ഇരുപതു ഡിഗ്രിയിൽ താഴെയായി ദൃശ്യമണ്ഡലം കുറയുകയാണെങ്കിൽ അതും കാഴ്ച കുറവായി കണക്കാക്കുന്നു. സാധ്യമായ ഏറ്റവും മികച്ച തിരുത്തലിന് ശേഷവും മെച്ചപ്പെട്ട കണ്ണിൽ 3/60 യിലും താഴെ കാഴ്ച, അല്ലെങ്കിൽ 10 ഡിഗ്രിയിലും താഴെ ദൃശ്യ മണ്ഡലം ആണെങ്കിൽ 'അന്ധത' എന്നും വിളിക്കുന്നു.[4]

റെറ്റിനോഹൈപോത്തലാമിക് പാതയിലൂടെ കണ്ണുകൾക്ക് കുഴപ്പമില്ലാത്ത ചില അന്ധർക്ക് പ്രകാശത്തെപ്പറ്റിയുള്ള വിവരങ്ങൾ തൽച്ചോറിലെത്തുകയും ഇത് ദിന-രാത്ര ചക്രം (സിർകാഡിയൻ റിഥം) നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇവർക്ക് പ്രകാശം കാണുന്നതായി അനുഭവപ്പെടുകയില്ല. ഒപ്റ്റിക് നാഡിയുടെ തകരാറ് റെറ്റിനോഹൈപ്പോതലാമിക് പാത ഇല്ലാത്തയിടത്ത് ഉണ്ടാകുന്നതാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കുന്നത്.

ജന്മസിദ്ധവൈകല്യങ്ങൾ ഉളവാക്കുന്ന അന്ധത

ഗർഭത്തിന്റെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാതാവിനെ ബാധിക്കുന്ന ജർമൻ മീസിൽസ് അഥവാ റുബെല്ല ശിശുവിന്റെ നേത്രകാചം അതാര്യമാക്കി അന്ധതയുളവാക്കുന്നു.

വിവിധ ഉപാപചയ തകരാറുകളും നേത്രരൂപവത്കരണത്തിലെ വൈകല്യങ്ങളും ജന്മസിദ്ധ അന്ധതയ്ക്ക് കാരണമാകാറുണ്ട്.

തിമിരം

നേത്ര കാചം അതാര്യമാകുന്ന അവസ്ഥ. കൃഷ്ണമണിക്കും (pupil) നേത്രപടല(iris)ത്തിനും നേരേ പിറകിൽ സ്ഥിതിചെയ്യുന്ന സുതാര്യമായ അവയവമാണ് നേത്ര കാചം. തിമിരം മൂലം പ്രത്യേകിച്ച് വേദനയൊന്നും അനുഭവപ്പെടാതെതന്നെ കാഴ്ച അല്പാല്പമായി മങ്ങുകയാണു ചെയ്യുന്നത്.[5]പ്രമേഹരോഗികളായ ചില സ്ത്രീകളുടെ കുട്ടികളിൽ ജന്മനാ തിമിരം ഉള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള അന്ധത ശസ്ത്രക്രിയമൂലം മാറ്റാവുന്നതാണ്.

റെറ്റിനോബ്ളാസ്റ്റോമ

ക്രോമസോമൽ വൈകല്യം മൂലം ശിശുക്കളിൽ ഉണ്ടാകുന്ന എന്ന റെറ്റിനോബ്ളാസ്റ്റോമ (Retinoblastoma) രോഗത്തിനു കാരണം ദൃഷ്ടി പടലത്തിന്റെ മസ്തിഷ്കാനുബന്ധ കലകളിൽ (neurogolia) ഉണ്ടാകുന്ന ട്യൂമറാണ്. ജനിക്കുമ്പോൾതന്നെ ഈ രോഗം ഉണ്ടെങ്കിൽ പോലും രണ്ടു വയസ്സാകുന്നതോടുകൂടി മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുള്ളു. മിക്കവാറും ഒരു കണ്ണിലേ രോഗം ഉണ്ടാകാറുള്ളു. രോഗിയുടെ ശ്വേതമണ്ഡലം (കോർണിയ) വലുതായിവരികയും അത് പൂച്ചയുടെ കണ്ണുപോലെ മഞ്ഞനിറമാവുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. കണ്ണിനകത്ത് വലിവ് വർദ്ധിക്കുന്നതിന്റെ ഫലമായി കോർണിയ ഉന്തിവരുന്നതിന് ബുഫ്താൽമോസ് (Buphthalmos) എന്നു പറയുന്നു. കാളയുടെ കണ്ണുപോലെ തോന്നിക്കുന്നതിനാൽ ഇതിനെ ഓക്സ്-ഐ (Ox-Eye) എന്നും വിളിക്കാറുണ്ട്. രോഗം ബാധിച്ച കണ്ണ് ശസ്ത്രക്രിയമൂലം എടുത്തുകളഞ്ഞശേഷം എക്സ്റേ-തെറാപ്പി നടത്താവുന്നതാണ്. വ്യാധി തലച്ചോറിനകത്തേക്കു വ്യാപിക്കുന്നതിനാൽ ഒരു കണ്ണ് എടുത്തുകളഞ്ഞാലും വീണ്ടും മറ്റേ കണ്ണിൽ രോഗം ബാധിക്കാനിടയുണ്ട്. നാലുവർഷത്തിനകം ഈ രോഗം വീണ്ടും വരാതിരുന്നാൽ രോഗം മാറിയെന്ന് അനുമാനിക്കാം. ഗുരുതരമായി ഈ രോഗം ബാധിച്ചാൽ സാധാരണഗതിയിൽ ഒരു വർഷം തികയുന്നതിനുമുൻപ് രോഗി മരിക്കാനിടയുണ്ട്.

റിട്രോലെന്റൽ ഫൈബ്രോപ്ളാസിയ

Retrolental Fibroplasia

കണ്ണിനകത്തെ കാചത്തിന്റെ (lens) പിൻഭാഗത്ത് പോറലുകൾ വീണ് കാഴ്ച നഷ്ടപ്പെടുന്ന രോഗം. അകാലജനിത (premature) ശിശുക്കൾക്ക് അനിയന്ത്രിതമായി ഓക്സിജൻ കൊടുക്കുന്നതുകൊണ്ട് അവരുടെ കണ്ണുകളിൽ ഈ രോഗമുണ്ടാകുന്നു. ഇങ്ങനെയുള്ള ശിശുക്കളിൽ, ജനിച്ച് 1മാസത്തിനുള്ളിൽ കണ്ണിനകത്തെ രക്തക്കുഴലുകൾ വലുതായി വരുന്നു.

അണുബാധ

മാതാവിന് സിഫിലിസ്, ഗൊണോറിയ എന്നീ രോഗങ്ങളുണ്ടെങ്കിൽ ശിശുവിനും ഈ രോഗങ്ങൾ ഉണ്ടാകും. ജന്മനാ ഉണ്ടാകുന്ന സിഫിലിസിനോടനുബന്ധിച്ച് ശ്വേതമണ്ഡലത്തിൽ അണുബാധയുണ്ടാകും. അതു ബാധിച്ച് കണ്ണിൽ ചുവപ്പും പഴുപ്പും വരികയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഗർഭകാലത്ത് അമ്മയ്ക്ക് ഈ രോഗങ്ങൾക്കുള്ള ചികിത്സ ചെയ്താൽ ഈ അസുഖം ഒഴിവാക്കാനാവും. കുട്ടികളിലുള്ള ചികിത്സ സാധാരണ ഫലപ്രദമല്ല.

ജനനാനന്തരം ഉണ്ടാകുന്ന അന്ധത

ജന്മനാ സിഫിലിസ് ബാധിച്ചിരിക്കുന്ന ചില കുട്ടികൾക്ക് പത്തുപന്ത്രണ്ടു വയസ്സാകുമ്പോൾ കോർണിയയുടെ അകത്തു വെള്ളനിറം വരുന്നതിന് ഇന്റർസ്റ്റീഷ്യൽ കെരറ്റൈറ്റിസ് എന്നു പറയുന്നു. പെനിസിലിൻ കുത്തിവയ്ക്കുന്നതുകൊണ്ട് രോഗശാന്തിയുണ്ടാകും. കോർണിയൽ ഗ്രാഫ്റ്റിങ് ചെയ്യുന്നപക്ഷം കാഴ്ച വീണ്ടെടുക്കുകയും ചെയ്യാം.

പോഷകാഹാരങ്ങളുടെ അഭാവത്താലും അന്ധതയുണ്ടാകാറുണ്ട്. രാത്രി കാഴ്ചയുണ്ടായിരിക്കാൻ ജീവകം-എ വളരെ അത്യാവശ്യമാണ്. കണ്ണിന്റെ ശ്വേതമണ്ഡലത്തിൽ ശല്കങ്ങൾ ഉണ്ടാകുന്നതിന് കെരറ്റോ മലേഷ്യ എന്നും അതു കോർണിയയിലേക്കു വ്യാപിക്കുമ്പോൾ അവയെ ബിറ്റോട്സ് സ്പോട്സ് എന്നും പറയുന്നു. മുലകുടി മാറുന്നതോടെ മുലപ്പാലിനുപകരം ധാരാളം പശുവിൻപാൽ കൊടുക്കാതെ പകരം കപ്പ, ചോറ് മുതലായവ മാത്രം ആഹാരമായി കൊടുക്കുമ്പോൾ ജീവകം-എ വേണ്ടത്ര ലഭിക്കാതെ വരികയും തൻമൂലം കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. പാൽ, മുട്ട, മീനെണ്ണ മുതലായവ ആഹാരമായി കൊടുത്താൽ ആരംഭത്തിൽ തന്നെ ഈ രോഗം തടയാം.

മസൂരിരോഗം

ഉഷ്ണമേഖലാരാജ്യങ്ങളിൽ അന്ധതയ്ക്കുള്ള ഒരു പ്രധാനകാരണം മസൂരിരോഗമാണ്. മസൂരിരോഗം മൂലം കോർണിയയിലും കുമിളകൾ ഉണ്ടാകുന്നു. തത്ഫലമായി കോർണിയയുടെ തൊലി ഇളകിപ്പോകുന്നു; സുതാര്യത നഷ്ടപ്പെടുകയും കാഴ്ചയ്ക്ക് തകരാറു സംഭവിക്കുകയും ചെയ്യും. പകർച്ചവ്യാധി ഉണ്ടാകാതിരിക്കാനുള്ള കുത്തിവയ്പ് എടുക്കുന്നതാണിതിനുള്ള പ്രതിവിധി. മസൂരിരോഗനിർമാർജ്ജന പദ്ധതിമൂലം ഇന്ന് ഇത്തരം അന്ധത വളരെ വിരളമായിട്ടുണ്ട്.

ട്രക്കോമ

കൺപോളകൾ, ശ്വേതമണ്ഡലം, നേത്രവൃതി എന്നിവയിലുണ്ടാകുന്ന വൈറൽ ബാധ. ക്ളമീഡിയ ട്രക്കോമാറ്റിസ് (Chlamydia Trachomatis) എന്ന വൈറസാണ് രോഗകാരണം. കൺപോളയ്ക്കകത്തും നേത്രവൃതിയിലും ധാരാളം കുരുക്കളുണ്ടാകുന്നു. കണ്ണിനകത്തെ രക്തക്കുഴലുകൾ ചുവന്നു തടിച്ചുവരികയും കണ്ണിനു വലിയ വേദന അനുഭവപ്പെടുകയും ചെയ്യും. സൾഫോണാമൈഡ് ചികിത്സയാണ് പ്രതിവിധി. രോഗശുശ്രൂഷയുടെയും ചികിത്സയുടെയും അഭാവത്തിൽ ഇത് അന്ധതയ്ക്ക് കാരണമാകും. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ജലദൌർലഭ്യമുള്ളതുമായ സ്ഥലങ്ങളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നത്. നോ: ട്രക്കോമ

രക്തസമ്മർദം

അതിരക്തസമ്മർദം മൂലം ദൃഷ്ടിപടലത്തിനു ക്ഷതമേൽക്കാനും കണ്ണിനകത്തെ രക്തക്കുഴലുകൾ പൊട്ടാനും സാധ്യതയുണ്ട്. തത്ഫലമായി ചിലപ്പോൾ കാഴ്ച നിശ്ശേഷം ഇല്ലാതായിത്തീരുന്നു.

തിമിരം

നേത്രകാചം അതാര്യമാകുന്ന അവസ്ഥയാണിത്. മധ്യവയസ്സാകുന്നതോടെ കാചത്തിന്റെ സുതാര്യത പല കാരണങ്ങളാലും നഷ്ടപ്പെടാം. അതുകൊണ്ട് കാഴ്ചയ്ക്കു മാന്ദ്യം സംഭവിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം അനുസരിച്ച് കാഴ്ചക്കുറവിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നു. തിമിരം പൂർണമാകുമ്പോൾ കാചം ശസ്ത്രക്രിയമൂലം മാറ്റിയാൽ കാഴ്ചവീണ്ടും ലഭിക്കുന്നതാണ്. പ്രമേഹബാധയുള്ളവരുടെ കണ്ണുകൾക്കാണ് തിമിരം വേഗത്തിൽ ബാധിക്കുന്നത്. മദ്യം, പുകയില, ചായ, കാപ്പി എന്നീ പദാർഥങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതിന്റെ ഫലമായും കാഴ്ച നഷ്ടപ്പെടാം.

ഗ്ളോക്കോമ

അന്ധതയുടെ ഒരു പ്രധാന കാരണം ഗ്ളോക്കോമ എന്ന രോഗമാണ്. കണ്ണിനകത്തെ മർദ്ദം നിയന്ത്രിച്ചു നിർത്തുന്നത് നേത്രോദ (aqueous humour) ത്തിന്റെ മർദമാണ്. നേത്രോദത്തിലുണ്ടാകുന്ന മർദവർദ്ധനവിനനുസൃതമായി നേത്രമജ്ജ(vitreous humour)യിലും മർദ വർദ്ധനവുണ്ടാകുന്നു. തത്ഫലമായി ദൃഷ്ടി പടലത്തിനും നേത്രനാഡി (optic nerve) ക്കും ക്ഷതം ഉണ്ടാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുന്നു. തീവ്ര ഗ്ളോക്കോമ (acute glaucoma) പെട്ടെന്നുണ്ടാകുന്ന ഒരു സ്ഥിതിവിശേഷമാണ്. തീക്ഷ്ണമായ വേദനയോടൊപ്പം കാഴ്ചയ്ക്ക് മങ്ങലും അനുഭവപ്പെടുന്നു. പ്രകാശത്തെ വലയം ചെയ്ത് മഴവിൽ വർണങ്ങൾ കാണുന്നതായും തോന്നും. അടിയന്തര ചികിത്സ ലഭിക്കാതിരുന്നാൽ അന്ധത ബാധിക്കാനിടയുണ്ട്.

കാഴ്ച ക്രമേണ കുറഞ്ഞുവരുന്ന ക്രോണിക് ഗ്ളോക്കോമയ്ക്കു തുടക്കത്തിൽ വലിയ വേദന ഉണ്ടാകുകയില്ല. കണ്ണട ഉപയോഗിക്കുന്നവർക്ക് ഇടയ്ക്കിടയ്ക്കു കണ്ണട പുതുക്കേണ്ടിവരും. ക്രമേണ പാർശ്വവീക്ഷണം ഇല്ലാതായി കാഴ്ച ഒരു കുഴലിൽകൂടി നോക്കിയാലുള്ള രൂപത്തിൽ കുറയുന്നു. കണ്ണിന്റെ വലിവ് വർദ്ധിക്കുകയും കാഴ്ച വീണ്ടും കുറയുകയും ചെയ്യും. രോഗം നേരത്തെ കണ്ടുപിടിച്ചാൽ പ്രത്യേകതരം ശസ്ത്രക്രിയകൾകൊണ്ട് രോഗത്തിനു കുറെയൊക്കെ ശമനമുണ്ടാക്കാം.

ദൃഷ്ടിപടല വിയോജനം

പെട്ടെന്നുള്ള അന്ധതയ്ക്ക് മറ്റൊരു കാരണമാണിത്. കൊറോയ്ഡ് (choroid) എന്ന ആവരണത്തിൽ നിന്നു ദൃഷ്ടിപടലം വേർപ്പെട്ടു പോകുന്നു. തലയ്ക്കോ കണ്ണിനോ പെട്ടെന്നുണ്ടാകുന്ന ആഘാതം മൂലമോ ഹ്രസ്വദൃഷ്ടി മൂലമോ ഇത് സംഭവിക്കാം. ശസ്ത്രക്രിയയാണ് പ്രതിവിധി.

മെലനോമ

മെലനോമ എന്ന മാരകമായ അർബുദം കണ്ണിനകത്ത് ഉണ്ടാകാറുണ്ട്. കണ്ണിനകത്തെ വിവിധ ഭാഗങ്ങളായ കോറോയ്ഡ്, സീലിയറി ബോഡി, ഐറിസ് എന്നിവിടങ്ങളിൽ ഈ രോഗം ഉണ്ടാകാം. ഒരു മൊട്ടുപോലെ ആരംഭിക്കുന്ന അർബുദം ഒരു ചെറിയ കൂണുപോലെ വളർന്ന് ദൃഷ്ടിപടല വിയോജനം ഉണ്ടാകുന്നു.

ധമനീവൈകല്യങ്ങൾ

കണ്ണുകളിലെ രക്തക്കുഴലുകളുടെ അന്യൂറിസം, കവേർണസ് സൈനസ് ത്രോംബോസിസ് (Cavernous sinus thrombosis) എന്നീ ധമനീവൈകല്യങ്ങൾ ഉണ്ടാകുമ്പോൾ കണ്ണ് അടയ്ക്കാൻ കഴിയാത്തനിലയിൽ പുറത്തേക്കു തള്ളിനില്ക്കുന്നു. കണ്ണിനു വലിയ വേദനയും വലിവും അനുഭവപ്പെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. കണ്ണിലെ സിരകളെയോ കരോട്ടിഡ് ധമനിയേയോ കെട്ടിവയ്ക്കുന്ന ശസ്ത്രക്രിയകൊണ്ട് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാവുന്നതാണ്.

സിംപതെറ്റിക് ഒഫ്താൽമിയ

നേത്രകാചത്തിന് ക്ഷതം ഉണ്ടാകുന്നതിന്റെ ഫലമായി കാചത്തിനകത്തെ പ്രോട്ടീൻ പുറത്തുപോകുന്നു. ക്ഷതം കൊണ്ട് കാചത്തിലെ പ്രോട്ടീൻ പുറത്തുവന്നു രോഗമില്ലാത്ത കണ്ണിനകത്തു പ്രതിപ്രവർത്തനം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി രണ്ടു കണ്ണിലേയും കാഴ്ച നഷ്ടപ്പെടുന്നു. ഇതിന് സിംപതെറ്റിക് ഒഫ്താൽമിയ (Sympathetic Ophthalmia) എന്നു പറയും.

ക്ഷതം പറ്റുന്നതിന്റെ ഫലമായി കണ്ണിന്റെ അകത്തുള്ള ഭാഗങ്ങൾക്കും വിവിധ കലകൾക്കും ശോഥം സംഭവിക്കുക പതിവാണ്. തത്ഫലമായി അന്ധത ഉണ്ടാകാവുന്നതാണ്. ശസ്ത്രക്രിയവഴി ആ കണ്ണ് എടുത്തുമാറ്റാത്തപക്ഷം ഈ സ്ഥിതിവിശേഷം മറ്റേ കണ്ണിലേക്കുകൂടി പടരുവാനും കൂടുതൽ ഗുരുതരമായ ഫലങ്ങൾ ഉളവാക്കുവാനും ഇടയുണ്ട്.

അപകടങ്ങൾ മൂലമുണ്ടാകുന്ന ക്ഷതങ്ങൾ

മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് കണ്ണിന് അപകടങ്ങൾ ഉണ്ടാകാറുണ്ട്. ചില ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ മൂലം കണ്ണിനകത്ത് കുത്തി മുറിവേൽക്കാനിടയുണ്ട്. നെല്ലു കുത്തുകാർക്കിടയിൽ നെൽക്കതിർ കണ്ണിനകത്ത് തുളച്ചു കയറി അപകടം ഉണ്ടാകുന്നത് സാധാരണമാണ്. ഇങ്ങനെയുണ്ടാകുന്ന മുറിവുകളിൽ അണുബാധയുണ്ടായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ട്. ഇതിനുള്ള ചികിത്സ വൈകുന്തോറും കാഴ്ച

ഗവേഷണം

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ 2008-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ[6] ജനിതകകാരണങ്ങളാൽ അന്ധതയുള്ള (ലെബേർസ് കൺജെനിറ്റൽ അമൗറോസിസ്) ചിലരിൽ ജീൻ ചികിത്സ ഉപയോഗിച്ച് കാഴ്ച്ച തിരികെ കിട്ടുന്നതു സംബന്ധിച്ച പഠനം നടന്നു.

ജലദോഷമുണ്ടാക്കുന്ന ഒരു വൈറസിനെ ഉപയോഗിച്ച് ആർ.പി.ഇ.65 എന്ന ജീൻ രോഗികളുടെ കണ്ണിലെത്തിക്കുകയാണ് ഗവേഷകർ ചെയ്തത്. 19, 22, 25 എന്നീ പ്രായത്തിലുള്ള മൂന്നു രോഗികൾക്കും ചികിത്സയെത്തുടർന്ന് കാഴ്ച്ചശക്തി മെച്ചപ്പെട്ടു.

ഭ്രൂണത്തിന്റെ റെറ്റിനൽ കോശങ്ങൾ രോഗിയിലേയ്ക്ക് മാറ്റിവയ്ക്കുക, സൈബെർനെറ്റിക് ഉപകരണം വച്ചുപിടിപ്പിക്കുക എന്നീ മേഖലകളിൽ ഗവേഷണം നടക്കുന്നുണ്ട്.[7]

ഇതും കാണുക

മറ്റു മൃഗങ്ങളിൽ

കൺ പോളകൾ അടഞ്ഞ സ്ഥിതിയിലാണ് ചില സസ്തനികൾ ജനിക്കുന്നത്. മുയൽ ഉദാഹരണമാണ്. മോ‌ളുകൾ പോലെയുള്ള ജീവികൾക്ക് കാഴ്ച്ചശക്തിയില്ല.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അന്ധത&oldid=4078483" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ